UDF

2015, ഫെബ്രുവരി 3, ചൊവ്വാഴ്ച

അര്‍ഹരായ എല്ലാവര്‍ക്കും പട്ടയം നല്‍കും


ഇടുക്കിക്ക് ആവേശമായി പട്ടയവിതരണം
പട്ടയത്തിനുള്ള വരുമാനപരിധി ഉയര്‍ത്തും:
വിതരണംചെയ്തത് 2383 പട്ടയം;
പത്തുചെയിന്‍ മേഖലയിലുള്ളവര്‍ക്കും പട്ടയം നല്‍കും


രാജാക്കാട്: സാങ്കേതിക-നിയമക്കുരുക്കില്‍പ്പെട്ട് പതിറ്റാണ്ടുകളായി കിടക്കുന്ന പട്ടയവിതരണം എത്രയും പെട്ടെന്ന് പൂര്‍ത്തിയാക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. രാജാക്കാട്ട് പട്ടയമേള ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. അര്‍ഹരായ എല്ലാവര്‍ക്കും പട്ടയം നല്‍കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം. ഇതിനായുള്ള തടസ്സങ്ങള്‍ ഘട്ടങ്ങളായി പരിഹരിക്കും -മുഖ്യമന്ത്രി പറഞ്ഞു.

ഇരട്ടയാര്‍, അയ്യപ്പന്‍കോവില്‍, ഉപ്പുതറ, കാഞ്ചിയാര്‍ മേഖലകളിലെ പത്തുചെയിനില്‍ ഉള്‍പ്പെട്ടവര്‍ക്കും ഉടന്‍ പട്ടയം നല്‍കുന്നതിന് നടപടിയെടുക്കും-അദ്ദേഹം പറഞ്ഞു.

പട്ടയത്തിനുള്ള വരുമാനപരിധി ഉയര്‍ത്തുന്ന കാര്യം സര്‍ക്കാരിന്റെ സജീവ പരിഗണനയിലാണെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച റവന്യുമന്ത്രി അടൂര്‍ പ്രകാശ് പറഞ്ഞു. ആദ്യം 30,000 രൂപ പരിധിയുണ്ടായിരുന്നത് ഒരു ലക്ഷമാക്കി. ഇത് വീണ്ടും ഉയര്‍ത്തിയാല്‍ മാത്രമേ അര്‍ഹരായ എല്ലാവര്‍ക്കും പട്ടയം നല്‍കാനാവൂ. ഇതിനുള്ള നടപടികള്‍ ഉടന്‍ ആരംഭിക്കും. കര്‍ഷകര്‍ക്ക് അവരുടെ കൈവശഭൂമിക്കെന്നപോലെ വ്യാപാരസ്ഥാപനങ്ങള്‍ക്കും പട്ടയം അനുവദിക്കുന്നതിന് നടപടിയെടുക്കും. അടത്തുതന്നെ മറ്റു പഞ്ചായത്തുകളിലും സര്‍വ്വേനടത്തി പട്ടയവിതരണം തുടര്‍പരിപാടിയാക്കുമെന്നും മന്ത്രി വ്യക്തമാക്കി.

ജലവിഭവ മന്ത്രി പി.ജെ.ജോസഫ് മുഖ്യപ്രഭാഷണം നടത്തി. പെരിഞ്ചാംകുട്ടി ഉള്‍പ്പെടെ ഉപേക്ഷിക്കപ്പെട്ട പദ്ധതിപ്രദേശങ്ങളിലെ 2016 പേര്‍ക്കും മറ്റു വിഭാഗങ്ങളിലായി 367 പേര്‍ക്കുമാണ് പട്ടയങ്ങള്‍ വിതരണം ചെയ്തത്. കഴിഞ്ഞവര്‍ഷം നടന്ന മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്കപരിപാടിയില്‍ പ്രഖ്യാപിച്ച ചികിത്സാസഹായങ്ങളും ചടങ്ങില്‍ വിതരണം ചെയ്തു.