UDF

2015, ജനുവരി 11, ഞായറാഴ്‌ച

എയര്‍കേരള പദ്ധതി ഉപേക്ഷിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി



ഗാന്ധിനഗര്‍: എയര്‍ കേരള വിമാനക്കമ്പനി കേരളത്തില്‍ ആഭ്യന്തര സര്‍വീസ് തുടങ്ങുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. എയര്‍കേരളപദ്ധതി സര്‍ക്കാര്‍ ഉപേക്ഷിച്ചിട്ടില്ലെന്ന് മലയാളി പ്രവാസികളുമായി നടത്തിയ ചര്‍ച്ചയില്‍ ഉമ്മന്‍ചാണ്ടി വ്യക്തമാക്കി. 20 വിമാനങ്ങള്‍ വേണമെന്നും അഞ്ചുവര്‍ഷം ആഭ്യന്തര സര്‍വീസുകള്‍ നടത്തണമെന്നുമുള്ള നിബന്ധനകളില്‍ ഇളവ് ആവശ്യപ്പെട്ടിട്ടുണ്ട്. 

ഇരുപത് വിമാനങ്ങളുമായി അഞ്ച് വര്‍ഷം സര്‍വീസ് നടത്തിയാല്‍ മാത്രമേ എയര്‍ കേരളക്ക് അന്താരാഷ്ട്ര സര്‍വീസ് സാധ്യമാകൂ. ഇക്കാരണത്താലാണ് എയര്‍ കേരളയുടെ ആഭ്യന്തര സര്‍വീസ് എന്ന സാഹസത്തിന് കേരളം മുതിരുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. എയര്‍ ഇന്ത്യ യാത്രാ നിരക്ക് കുറയ്ക്കണമെന്ന് ദീര്‍ഘനാളായി കേരളം ആവശ്യം ഉന്നയിക്കുന്നുണ്ടെങ്കിലും നിരക്ക് കൂടുകയാണ്. കേന്ദ്ര സര്‍ക്കാര്‍ ഗുണനിലവാരം ഉയര്‍ത്താനായി തിരഞ്ഞെടുത്ത രാജ്യത്തെ അഞ്ച് അന്താരാഷ്ട്ര വിമാനത്താവളങ്ങളില്‍ കേരളത്തില്‍ നിന്ന് ഒന്നുപോലും ഉള്‍പ്പെട്ടിട്ടില്ല. ഇത് പുനഃപരിശോധിക്കണമെന്ന് കേന്ദ്രത്തോടാവശ്യപ്പെട്ടിട്ടുണ്ട്. ഇന്ത്യന്‍ കമ്മ്യൂണിറ്റി ക്ഷേമനിധി സംബന്ധിച്ച് അംബാസഡര്‍മാരുമായി ചര്‍ച്ച നടത്തിയിട്ടുണ്ട്. കേന്ദ്ര സര്‍ക്കാറിനോടും ഈ ആവശ്യമുന്നയിക്കും. നിക്ഷേപവുമായി പ്രവാസികള്‍ മുന്നോട്ടുവന്നാല്‍ സംസ്ഥാനത്തിന് സ്വന്തമായി കണ്‍വെന്‍ഷന്‍ സെന്റര്‍ വേണമെന്ന ആവശ്യം പരിഗണിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ക്യാന്‍സര്‍ കെയര്‍ സെന്ററിനായി പ്രവാസികള്‍ സഹായം ചെയ്യണമെന്നും സംസ്ഥാനത്തിന്റെ സമഗ്ര വികസനത്തിനായി പ്രവാസികളുടെ സഹകരണം പ്രതീക്ഷിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

നോര്‍ക്ക റൂട്ട്‌സ് ഡയറക്ടര്‍ ബോര്‍ഡില്‍ പ്രവാസി പ്രതിനിധികളെപ്പോലെ സാധാരണക്കാരായ തൊഴിലാളികളുടെ പ്രതിനിധികളെയും ഉള്‍പ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. ഗാന്ധിനഗര്‍ മഹാത്മാ മന്ദിറില്‍ നടക്കുന്ന പ്രവാസി ഭാരതീയ ദിവസിലെ കേരള സെഷനില്‍ പ്രവാസികളുയര്‍ത്തിയ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം. നോര്‍ക്ക മന്ത്രി കെ സി ജോസഫ് അധ്യക്ഷത വഹിച്ചു. 

പ്രവാസിതൊഴിലാളികള്‍ക്കായി ഒരു ദിവസത്തെ പ്രത്യേക സെഷന്‍ വേണമെന്ന് സംസ്ഥാനങ്ങളിലെ നിക്ഷേപ സാധ്യതകള്‍ സംബന്ധിച്ച് രാവിലെ പ്രധാന വേദിയില്‍ നടന്ന മുഖ്യമന്ത്രിമാരുടെ സെഷനില്‍ ഉമ്മന്‍ ചാണ്ടി ആവശ്യപ്പെട്ടിരുന്നു. പ്രവാസി ഭാരതീയ ദിവസില്‍ സാധാരണക്കാരെ പ്രതിനിധാനം ചെയ്യാന്‍ ആരുംതന്നെ ഇല്ലെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. സംസ്ഥാന സെഷനിലെ തുറന്ന ചര്‍ച്ചാവേളയില്‍ നോര്‍ക്കാ റൂട്ട്‌സ് ഡയറക്ടര്‍ ബോര്‍ഡില്‍ തങ്ങളെയും ഉള്‍പ്പെടുത്തണമെന്ന് സാധാരണ തൊഴിലാളികള്‍ ആവശ്യമുന്നയിച്ചു. ഓരോ രാജ്യത്തുനിന്നും പ്രതിനിധികളെ മാറിമാറി ഉള്‍പ്പെടുത്തുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കി.