UDF

2015, ജനുവരി 4, ഞായറാഴ്‌ച

റബ്ബര്‍വിലയിലും സംഭരണത്തിലും വലിയ മുന്നേറ്റം

റബ്ബര്‍വിലയിലും സംഭരണത്തിലും വലിയ മുന്നേറ്റം


തിരുവനന്തപുരം: സര്‍ക്കാരിന്റെ നിശ്ചയദാര്‍ഢ്യത്തോടെയുള്ള പ്രവര്‍ത്തനങ്ങളുടെ ഫലമായി റബ്ബര്‍വിലയിലും സംഭരണത്തിലും വലിയ നേട്ടം കൈവരിക്കാന്‍ സാധിച്ചതായി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അറിയിച്ചു. സര്‍ക്കാരും റബ്ബര്‍ കര്‍ഷകരും ടയര്‍ കമ്പനികളും റബ്ബര്‍ ബോര്‍ഡും ഒറ്റക്കെട്ടായിനിന്ന് പ്രവര്‍ത്തിച്ചതിന്റെ ഫലമാണ് ഇപ്പോള്‍ വിപണിയില്‍ കാണുന്നതെന്ന് അദ്ദേഹം പറഞ്ഞു.

വെള്ളിയാഴ്ച മാത്രം ടയര്‍ കമ്പനികള്‍ 2,400 ടണ്‍ റബ്ബര്‍ സംഭരിച്ചു. വില 130.45 രൂപയായി കുതിച്ചു കയറി. അന്താരാഷ്ട്രവിപണിയിലേതിനേക്കാള്‍ മികച്ചവിലയാണ് ഇപ്പോള്‍ റബ്ബര്‍ കര്‍ഷകര്‍ക്ക് ലഭിക്കുന്നത്. ലോകത്ത് മറ്റൊരിടത്തും ഇത്രയും വില ലഭിക്കുന്നില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. 

റബ്ബറിന്റെ വിലത്തകര്‍ച്ച മൂലം സര്‍ക്കാര്‍ ഡിസംബര്‍ 18ന് ടയര്‍ കമ്പനികളുടെയും ബന്ധപ്പെട്ടവരുടെയും യോഗം വിളിച്ചിരുന്നു. അന്നത്തെ വില 115 രൂപയായിരുന്നു. യോഗതീരുമാനങ്ങളുടെ അടിസ്ഥാനത്തില്‍ വില്പന നികുതി ഒഴിവാക്കുന്നത് ഉള്‍പ്പെടെയുള്ള തുടര്‍ നടപടികള്‍ സര്‍ക്കാര്‍ സ്വീകരിച്ചതിനെ തുടര്‍ന്നാണ് റബ്ബര്‍ സംഭരണത്തിലും വിലയിലും മുന്നേറ്റം ഉണ്ടായത്. സാധാരണഗതിയില്‍ 1000- 1500 ടണ്‍ റബ്ബര്‍ സംഭരിക്കുന്ന സ്ഥാനത്താണ് രണ്ടാം തീയതിമാത്രം 2,400 ടണ്‍ റബ്ബര്‍ 130.45 രൂപയ്ക്ക് സംഭരിച്ചത്. 

കര്‍ഷകര്‍ക്ക് കൂടുതല്‍ മെച്ചപ്പെട്ട വില ലഭിച്ചപ്പോള്‍ സംസ്ഥാന സര്‍ക്കാരിന് നികുതിയിനത്തില്‍ നഷ്ടം സംഭവിച്ചിട്ടുണ്ട്. കര്‍ഷകരുടെ താത്പര്യം സംരക്ഷിക്കാന്‍ സര്‍ക്കാര്‍ എന്തു വിട്ടുവീഴ്ചയ്ക്കും തയ്യാറാണെന്ന് മുഖ്യമന്ത്രി അറിയിച്ചു. 

സര്‍ക്കാര്‍ ഏജന്‍സികള്‍ മുഖേന കോടികള്‍ ചെലവഴിച്ച് റബ്ബര്‍ സംഭരിക്കാന്‍ ശ്രമിച്ചിട്ട് കാര്യമായ ചലനം ഉണ്ടാക്കിയിരുന്നില്ല. കേന്ദ്രസര്‍ക്കാര്‍ ഈ പ്രശ്‌നത്തില്‍ ഇടപെടാതെ മാറിനിന്നു. റബ്ബറിന്റെ വിലയിടിവ് തടയാന്‍ പ്രധാനപ്പെട്ട ഉത്പാദകരാജ്യങ്ങളെല്ലാം പലതരം നടപടികള്‍ സ്വീകരിച്ചെങ്കിലും ഫലമുണ്ടായില്ല. എന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ ഉണ്ടാക്കിയ പുതിയ റബ്ബര്‍ പാക്കേജ് വിജയിക്കുന്നതിന്റെ പ്രതിഫലനമാണ് വിപണിയില്‍ കാണുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.