UDF

Oommen Chandy

Peopels OC

Oommen Chandy

With Prince Charles

Oommen Chandy

CM's Mass Contact Program

Friday, October 10, 2014

കാന്‍സര്‍ സുരക്ഷ പരമാവധി പേര്‍ക്ക് പ്രയോജനപ്രദമാവണം

കാന്‍സര്‍ സുരക്ഷ പരമാവധി പേര്‍ക്ക് പ്രയോജനപ്രദമാവണം - മുഖ്യമന്ത്രി

 

തിരുവനന്തപുരം: സുകൃതം കാന്‍സര്‍ സുരക്ഷാ പദ്ധതിയുടെ പ്രയോജനം സമൂഹത്തിലെ പരമാവധിപേര്‍ക്ക് ലഭിക്കണമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ആവശ്യപ്പെട്ടു.

ഇതു സംബന്ധിച്ച യോഗത്തില്‍ അധ്യക്ഷതവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബിപി.എല്‍ കാര്‍ഡുള്ളവര്‍, ആര്‍.എസ്.ബി.വൈ ചിസ് പദ്ധതിയിലുള്‍പ്പെട്ടവര്‍, സംസ്ഥാനത്തെ അഞ്ച് മെഡിക്കല്‍ കോളേജുകളിലും കാന്‍സര്‍ സെന്ററുകളിലും എത്തുന്നവര്‍ എന്നീ വിഭാഗങ്ങള്‍ക്ക് പ്രയോജനം ലഭിക്കുന്ന വിധത്തിലാണ് സുകൃതം പദ്ധതി തയ്യാറാക്കിയിരിക്കുന്നതെന്ന് ആരോഗ്യവകുപ്പ് സെക്രട്ടറി യോഗത്തില്‍ അറിയിച്ചു. 

അതേ സമയം കാര്‍ഡില്ലാത്തവരുള്‍പ്പെടെ ബി.പി.എല്‍. പട്ടികയിലുള്‍പ്പെട്ട മുഴുവന്‍ പേര്‍ക്കും പദ്ധതിയുടെ പ്രയോജനം ലഭിക്കണമെന്ന് മുഖ്യമന്ത്രി നിര്‍ദേശിച്ചു.
എറണാകുളം ജനറല്‍ ആശുപത്രിയും പദ്ധതിയുടെ പരിധിയിലുള്‍പ്പെടും. തിരുവനന്തപുരം റീജിയണല്‍ കാന്‍സര്‍ സെന്റര്‍, മലബാര്‍ കാന്‍സര്‍ സെന്റര്‍ എന്നിവയാണ് പദ്ധതിയുടെ പരിധിയില്‍പ്പെടുന്ന കാന്‍സര്‍ സെന്ററുകള്‍.

സംസ്ഥാനത്തെ ജനസംഖ്യയുടെ 47 ശതമാനത്തോളം പേര്‍ക്ക് ഇത്തരത്തില്‍ പദ്ധതി പ്രയോജനം ചെയ്യുമെന്നും യോഗം അഭിപ്രായപ്പെട്ടു. ആരോഗ്യവകുപ്പ് മന്ത്രി വി.എസ്.ശിവകുമാര്‍, ഉന്നതോദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. 

പാചകവാതകം: മിന്നല്‍ സമരങ്ങള്‍ നിര്‍ത്തണം

പാചകവാതകം: മിന്നല്‍ സമരങ്ങള്‍ നിര്‍ത്തണം-മുഖ്യമന്ത്രി

തിരുവനന്തപുരം: പാചകവാതകത്തിന്റെ ഉത്പാദന-വിതരണ രംഗങ്ങളിലെ മിന്നല്‍ സമരങ്ങള്‍ അവസാനിപ്പിക്കണമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ആവശ്യപ്പെട്ടു.ഇതൊഴിവാക്കാന്‍ മാനേജ്‌മെന്റുകളും തൊഴിലാളികളും നടപടി കൈക്കൊള്ളണമെന്ന് മന്ത്രിസഭാ യോഗത്തിനുശേഷം അദ്ദേഹം ആവശ്യപ്പെട്ടു.
പാചകവാതകം ഉപയോഗിക്കാത്ത വീടുകള്‍ ഇപ്പോള്‍ കുറവാണ്. അതുകൊണ്ട് ഇത്തരം സമരങ്ങള്‍ എല്ലാവരെയും ബാധിക്കുന്നു. ഈ രംഗത്ത് ഇടയ്ക്കിടെ സമരമെന്ന സ്ഥിതിയാണുള്ളത്. അത് ഒഴിവാക്കുക തന്നെ വേണം-അദ്ദേഹംപറഞ്ഞു.

മദ്യം: ഓര്‍ഡിനന്‍സിന്റെ കരട് ഗവര്‍ണര്‍ക്കയച്ചു
മദ്യത്തിന്റെ നികുതി കൂട്ടിക്കൊണ്ടുള്ള ഓര്‍ഡിനന്‍സിന്റെ കരട് ചൊവ്വാഴ്ച ഗവര്‍ണര്‍ക്ക് അയച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
മദ്യരഹിത ഞായറാഴ്ചകള്‍ വിനോദസഞ്ചാരമേഖലയെ ബാധിക്കുന്നുവെന്ന അഭിപ്രായങ്ങളിലേക്ക് ശ്രദ്ധ ക്ഷണിച്ചപ്പോള്‍ കോടതിവിധി വരട്ടെയെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.

ആരോഗ്യരംഗത്തെ നിരക്ക് വര്‍ധന പരിശോധിക്കും
ആശുപത്രികളിലെ ഫീസ് വര്‍ധന ഒഴിവാക്കണമെന്ന ആരോഗ്യവകുപ്പിന്റെ നിര്‍ദേശം പരിശോധിക്കാമെന്ന് മുഖ്യമന്ത്രി പറഞ്ഞു. എന്നാല്‍, ഈ വര്‍ധന വേണ്ടെന്നുെവയ്ക്കാന്‍ തീരുമാനമെടുത്തിട്ടില്ല.
 

പോലീസ് സര്‍വകലാശാല: ബില്‍ കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി

പോലീസ് സര്‍വകലാശാല: ബില്‍ കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: നാഷണല്‍ യൂണിവേഴ്‌സിറ്റി ഫോര്‍ പോലീസ് സയന്‍സസ് ആന്‍ഡ് സെക്യൂരിറ്റി സര്‍വീസസ് സംബന്ധിച്ച ബില്‍ അടുത്ത നിയമസഭാ സമ്മേളനത്തില്‍ അവതരിപ്പിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. നുപ്‌സാസിന്റെ റിപ്പോര്‍ട്ട് ഏറ്റുവാങ്ങി സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. സുരക്ഷ സംബന്ധിച്ചുള്ള കാര്യങ്ങള്‍ക്ക് ഏറെ പ്രാധാന്യവുമുണ്ട് - മുഖ്യമന്ത്രി പറഞ്ഞു.

മന്ത്രിമാരായ രമേശ് ചെന്നിത്തല, കെ.സി.ജോസഫ്, കെ.ബാബു, ആര്യാടന്‍ മുഹമ്മദ്, കെ.എം.മാണി, പി.കെ.കുഞ്ഞാലിക്കുട്ടി, അടൂര്‍പ്രകാശ്, മഞ്ഞളാംകുഴി അലി, എ.പി.അനില്‍കുമാര്‍, പി.കെ.ജയലക്ഷ്മി, വി.കെ.ഇബ്രാഹിം കുഞ്ഞ്, പി.ജെ.ജോസഫ് എന്നിവരും കെ.എസ്.എച്ച്.ഇ.സി. വൈസ്‌ചെയര്‍മാന്‍ ടി.പി.ശ്രീനിവാസന്‍, പ്രൊഫ.എന്‍.ആര്‍.മാധവമേനോന്‍, ഉന്നതവിദ്യാഭ്യാസ കൗണ്‍സില്‍ അംഗം ഡോ.പി.അന്‍വര്‍ എന്നിവരും പങ്കെടുത്തു.
 

മാര്‍ച്ചോടെ എല്ലാ പഞ്ചായത്തിലും ബ്രോഡ്ബാന്‍ഡ് കണക്ടിവിറ്റി

മാര്‍ച്ചോടെ എല്ലാ പഞ്ചായത്തിലും ബ്രോഡ്ബാന്‍ഡ് കണക്ടിവിറ്റി

 
 
 
 
 
 
 
 
 
 
 
 
 
തിരുവനന്തപുരം: എല്ലാ ഗ്രാമപ്പഞ്ചായത്തുകളിലും ബ്രോഡ്ബാന്‍ഡ് കണക്ടിവിറ്റിയുള്ള രാജ്യത്തെ ആദ്യ സംസ്ഥാനമായി കേരളം മാറും. മാര്‍ച്ചോടെ ഈ പദവി കൈവരിക്കാനാകുമെന്ന് മന്ത്രിസഭായോഗത്തിനുശേഷം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു.

800 കിലോമീറ്റര്‍ ദൂരത്തില്‍ ഇതിനായി കേബിളിടണം. 150 കിലോമിറ്ററില്‍ പണി പൂര്‍ത്തിയായിട്ടുണ്ട്.
പണികഴിയുമ്പോള്‍ കേരളം ദേശീയ ഒപ്റ്റിക്കല്‍ ഫൈബര്‍ നെറ്റ്വര്‍ക്കിന്റെ ഭാഗമാകും.

എല്ലാ ഗ്രാമപ്പഞ്ചായത്ത് ഓഫീസുകളിലും അമ്പത് ചതുരശ്ര അടി സ്ഥലം പദ്ധതിയുമായി ബന്ധപ്പെട്ട് ലഭ്യമാക്കും. കേബിള്‍ ഇടുന്നതിനാവശ്യമായ സ്ഥലവും നല്‍കും.

പദ്ധതി സംബന്ധിച്ച് വിശദാംശങ്ങള്‍ ചീഫ് സെക്രട്ടറി ഇ.കെ. ഭരത്ഭൂഷണും ഐ.ടി. സെക്രട്ടറി പി.എച്ച്. കുര്യനും മന്ത്രിസഭായോഗത്തില്‍ അവതരിപ്പിച്ചു.
 

പെന്‍ഷന്‍ പ്രായം കൂട്ടില്ല; യുവാക്കളുടെ വികാരം ഉള്‍ക്കൊള്ളുന്നു

പെന്‍ഷന്‍ പ്രായം കൂട്ടില്ല; യുവാക്കളുടെ വികാരം ഉള്‍ക്കൊള്ളുന്നു-മുഖ്യമന്ത്രി

 

തിരുവനന്തപുരം: പെന്‍ഷന്‍പ്രായം കൂട്ടേണ്ടെന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ നിലപാടെന്ന് മന്ത്രിസഭാ യോഗത്തിനുശേഷം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. തൊഴില്‍രഹിതരായ യുവാക്കളുടെ വികാരം ഉള്‍ക്കൊണ്ടാണ് ഈ നയം.

25,000 മുതല്‍ 35,000 വരെ ഒഴിവുകള്‍ മാത്രമാണ് ഒരുവര്‍ഷം കേരളത്തിലുണ്ടാകുന്നത്. പക്ഷേ, പി.എസ്.സി. വഴിമാത്രം 25 ലക്ഷത്തോളം പേരാണ് ജോലിക്ക് അപേക്ഷിക്കുന്നത്. ഇത് കേരളത്തിലെ പ്രത്യേക സാഹചര്യമാണ്. ഇത് ഉള്‍ക്കൊള്ളാതിരിക്കാനാകില്ല. ഇതിന് മുമ്പ് പെന്‍ഷന്‍ പ്രായം കൂട്ടിയത് ധനമന്ത്രി ഡോ. തോമസ് ഐസക്കാണ്.

പക്ഷേ, ആയുര്‍ദൈര്‍ഘ്യം കൂടിയ സാഹചര്യത്തില്‍ പെന്‍ഷന്‍പ്രായം കൂട്ടണമെന്ന ആവശ്യം ന്യായമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സ്വന്തം ഭരണകാലത്ത് വെള്ളക്കരം ഇരട്ടിയാക്കിയ ഇടതുമുന്നണിക്ക് സര്‍ക്കാരിനെതിരെ സമരം ചെയ്യാന്‍ എന്തവകാശമാണുള്ളതെന്ന് അദ്ദേഹം ചോദിച്ചു.

എന്നാല്‍, ഇടതുമുന്നണി ശുചിത്വത്തിനായി തുടങ്ങുന്ന പ്രവര്‍ത്തനങ്ങളെ സ്വാഗതം ചെയ്യുമെന്നും മുഖ്യമന്ത്രി പറഞ്ഞു. നല്ലകാര്യം ആര് ചെയ്താലും അതിനെ സ്വാഗതം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

കാന്‍സര്‍ ചികിത്സ സൗജന്യമാക്കി; സുകൃതം പദ്ധതി പ്രഖ്യാപനം ഇന്ന്

കാന്‍സര്‍ ചികിത്സ സൗജന്യമാക്കി; സുകൃതം പദ്ധതി പ്രഖ്യാപനം ഇന്ന്
 
 
തിരുവനന്തപുരം: കാന്‍സര്‍ സെന്ററുകളിലും മെഡിക്കല്‍ കോളേജുകള്‍ അടക്കമുള്ള സര്‍ക്കാര്‍ ആശുപത്രികളിലും കാന്‍സര്‍ ചികിത്സ സൗജന്യമാക്കി. സൗജന്യ കാന്‍സര്‍ ചികിത്സാ പദ്ധതിയായ സുകൃതത്തിന്റെ ഉദ്ഘാടനം വെള്ളിയാഴ്ച മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നിര്‍വഹിക്കും.

ചലച്ചിത്രതാരം മമ്മൂട്ടി പദ്ധതിസമര്‍പ്പണം നിര്‍വഹിക്കും. ആരോഗ്യമന്ത്രി വി.എസ്. ശിവകുമാര്‍ അധ്യക്ഷത വഹിക്കും. മന്ത്രിമാരായ പി.കെ. കുഞ്ഞാലിക്കുട്ടി, കെ.എം. മാണി, രമേശ് ചെന്നിത്തല, ഷിബുബേബി ജോണ്‍, കെ.പി. മോഹനന്‍, അനൂപ് ജേക്കബ് തുടങ്ങിയവരും പങ്കെടുക്കും. സുകൃതം പദ്ധതി നടപ്പിലാക്കുന്നതോടെ, ഇന്ത്യയില്‍ കാന്‍സര്‍ ചികിത്സ സൗജന്യമാക്കുന്ന ആദ്യ സംസ്ഥാനമായി കേരളം മാറും. ആദ്യഘട്ടത്തില്‍ തിരുവനന്തപുരം സംസ്ഥാന കാന്‍സര്‍ ഇന്‍സ്റ്റിറ്റിയൂട്ട്, മലബാര്‍ കാന്‍സര്‍ സെന്റര്‍, തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം, കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജുകള്‍, എറണാകുളം ജനറല്‍ ആശുപത്രി എന്നിവിടങ്ങളിലാണ് കാന്‍സറിന് സൗജന്യ ചികിത്സ ഏര്‍പ്പെടുത്തുന്നതെന്ന് ആരോഗ്യമന്ത്രി അറിയിച്ചു. 

വര്‍ഷം 300 കോടിയോളം രൂപ ചെലവുവരുന്ന സുകൃതം പദ്ധതി സ്വാതന്ത്ര്യദിനത്തിലാണ് മുഖ്യമന്ത്രി പ്രഖ്യാപിച്ചത്. ആരോഗ്യ ഇന്‍ഷുറന്‍സ്, കാരുണ്യ ബനവലന്റ് ഫണ്ട്്, കാന്‍സര്‍ സുരക്ഷാ പദ്ധതി, താലോലം, ആരോഗ്യകിരണം തുടങ്ങിയ പദ്ധതികളുടെ പരിധിയില്‍ വരാത്തവര്‍ക്കും സുകൃതത്തിന്റെ പ്രയോജനം ലഭിക്കും. 

മുഖ്യമന്ത്രി ചെയര്‍മാനും ആരോഗ്യമന്ത്രി വൈസ് ചെയര്‍മാനുമായുള്ള കേരള കാന്‍സര്‍ കെയര്‍ സൊസൈറ്റിയുടെ കീഴിലാണ് ഇതിന്റെ പ്രവര്‍ത്തനം. സംസ്ഥാനത്ത് ഒന്നരലക്ഷത്തോളം കാന്‍സര്‍ രോഗികളുണ്ടെന്നാണ് കണക്കാക്കിയിട്ടുള്ളത്. വര്‍ഷം അമ്പതിനായിരത്തിലധികം കാന്‍സര്‍ രോഗികള്‍ ഓരോ വര്‍ഷവും പുതുതായി രജിസ്റ്റര്‍ ചെയ്യുന്നുമുണ്ട്. 
 

Wednesday, October 8, 2014

വ്യവസായത്തിന് പുതുജീവന്‍ നല്‍കാന്‍ യുവസംരംഭകത്വനയം വരുന്നു

വ്യവസായത്തിന് പുതുജീവന്‍ നല്‍കാന്‍ യുവസംരംഭകത്വനയം വരുന്നു 

*മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ സബ്കമ്മിറ്റി

*ചുവപ്പുനാടകള്‍ ഒഴിവാക്കാന്‍ പ്രത്യേക കമ്പനി

കോട്ടയം: സംസ്ഥാനത്തെ 40 ലക്ഷം വരുന്ന തൊഴില്‍രഹിതര്‍ക്ക് പുതിയ സംരംഭങ്ങള്‍ തുടങ്ങാനും അഭ്യസ്തവിദ്യരായ യുവജനതയെ ഇവിടെ പിടിച്ചുനിര്‍ത്താനും ലക്ഷ്യമിട്ട് യുവസംരംഭകത്വ നയം വരുന്നു.

വ്യവസായവകുപ്പ് തയ്യാറാക്കിയ പുതിയ നയം സംബന്ധിച്ച വിശദ റിപ്പോര്‍ട്ട് മന്ത്രിസഭയുടെ പരിഗണനയ്ക്ക് അയച്ചിരിക്കുകയാണ്. തൊഴില്‍സ്ഥാപനത്തിനും തൊഴില്‍സൃഷ്ടിക്കും മിഷന്‍ ഫോര്‍ എന്റര്‍പ്രൈസസ് ആന്റ് എംപ്ലോയ്‌മെന്റ് ജനറേഷന്‍ എന്ന പ്രത്യേക കമ്പനി തുടങ്ങണമെന്നാണ് യുവസംരംഭകത്വ നയത്തിലെ പ്രധാന ശുപാര്‍ശ. സംസ്ഥാന ആസൂത്രണ ബോര്‍ഡിന്റെ സബ് കമ്മിറ്റി തയ്യാറാക്കി വ്യവസായ വകുപ്പ് അംഗീകരിച്ച നയത്തില്‍ 27ഓളം നിര്‍ദ്ദേശങ്ങളാണ് ഉള്ളത്. മന്ത്രിസഭ അംഗീകരിച്ചാല്‍ നയം ഉടന്‍ പ്രാബല്യത്തില്‍ വരും.

അങ്കമാലിയില്‍ നടന്ന യുവസംരംഭക സംഗമ(യെസ്)ത്തിന്റെ അടിസ്ഥാനത്തിലാണ് നയം തയ്യാറാക്കിയിരിക്കുന്നത്. തൊഴിലിനും ബിസിനസ്സിനുമായി അന്യരാജ്യങ്ങളിലേക്കും മറ്റ് സംസ്ഥാനങ്ങളിലേക്കും അഭ്യസ്തവിദ്യരായ മലയാളിയുവാക്കള്‍ പോകുന്നത് തടയാനും കേരളത്തില്‍ പുതുസംരംഭങ്ങള്‍ക്ക് പരാമാവധി സഹായങ്ങള്‍ ചെയ്യുന്നതിനുമാണ് പുതിയ നയം ഊന്നല്‍ നല്‍കുന്നത്. 

രണ്ടുവര്‍ഷം മുമ്പ് വിദ്യാര്‍ഥിസംരംഭകത്വനയം പ്രഖ്യാപിച്ചത്. ഐ.ടി. മേഖലയെ അടിസ്ഥാനമാക്കിയായിരുന്നു. ഇതിന്റെ ഭാഗമായാണ് സ്റ്റാര്‍ട്ട് അപ്പുകള്‍ രൂപംകൊണ്ടത്. യുവസംരംഭകത്വ നയത്തില്‍ ടൂറിസം, ഇലക്ട്രോണിക്‌സ്, ബിസിനസ്, കൃഷി, ആരോഗ്യസംരക്ഷണം, നിര്‍മ്മാണമേഖല എന്നിവയുള്‍പ്പെടെ ഏഴ് വിഭാഗങ്ങള്‍ക്ക് തുല്യപ്രാധാന്യം നല്‍കിയിട്ടുണ്ട്. പുതിയ സംരംഭങ്ങള്‍ക്ക് അടിസ്ഥാനസൗകര്യങ്ങള്‍ ഒരുക്കിക്കൊടുക്കല്‍, അടിസ്ഥാനമൂലധനം ലഭ്യമാക്കല്‍, സാങ്കേതികവിദ്യ നല്‍കല്‍, വിപണിസൗകര്യങ്ങള്‍ ഒരുക്കല്‍ എന്നിവ പ്രത്യേക കമ്പനി വഴി ലഭ്യമാക്കും.

വ്യവസായ യൂണിറ്റുകള്‍ക്ക് ഗ്രാന്റുകളും സബ്‌സിഡികളും നല്‍കല്‍ മാത്രമാണ് നിലവില്‍ സര്‍ക്കാര്‍ ചെയ്യുന്നത്. ഇതിന് മാറ്റംവരുത്തി മികവുള്ള സംരംഭങ്ങള്‍ വിജയത്തിലെത്തിക്കുകയെന്നതായിരിക്കും സര്‍ക്കാരിന്റെ പുതിയ നയം. ചുവപ്പുനാടകള്‍ ഒഴിവാക്കി ഏകജാലക സംവിധാനങ്ങള്‍ വഴി സംരംഭങ്ങള്‍ക്ക് അനുമതി കൊടുക്കുന്നതിന് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ മന്ത്രിസഭാ ഉപസമിതിയുണ്ടാകും. ഉപസമിതിയുടെ തീരുമാനങ്ങള്‍ക്ക് മന്ത്രിസഭയുടെ അനുമതിയുണ്ടാവും.

സേവനമേഖലയില്‍ പുതിയ സ്റ്റാര്‍ട്ട് അപ്പുകള്‍ തുടങ്ങാന്‍ അഞ്ചില്‍ത്താഴെ വ്യക്തികളുള്ളവരുടെ സംരംഭമാണെങ്കില്‍ അവര്‍ സ്വയം സാക്ഷ്യപ്പെടുത്തിയ അപേക്ഷ ബന്ധപ്പെട്ട തദ്ദേശസ്ഥാപനത്തില്‍ നല്‍കിയാല്‍ മതിയെന്ന് വ്യവസായവകുപ്പ് ശുപാര്‍ശ ചെയ്തിട്ടുണ്ട്. നിലവില്‍ വിവിധ ഏജന്‍സികളുടെ അനുമതിപത്രം ലഭിക്കാന്‍ ഒട്ടേറെ കടമ്പകള്‍ കടക്കേണ്ടതുണ്ട്. 

സ്വാധീനമുള്ളവര്‍ക്ക് എളുപ്പത്തില്‍ ലൈസന്‍സ് എന്ന പതിവുരീതിക്ക് മാറ്റംവരുത്തി എല്ലാ അപേക്ഷകര്‍ക്കും തുല്യ പരിഗണനയായിരിക്കും നല്‍കുക. യുവസംരംഭകത്വനയം നടപ്പാക്കാന്‍ രൂപവത്കരിക്കുന്ന പ്രത്യേക കമ്പനി പ്ലാനിങ് ബോര്‍ഡിന്റെ കീഴിലായിരിക്കും പ്രവര്‍ത്തിക്കുക. ഇതിന് സ്വയംഭരണാധികാരം ഉണ്ടാകും. കെ.എസ്.ഐ.ഡി.സി., കെ.എഫ്.സി. എന്നിവയ്ക്ക് ഇതില്‍ പ്രാതിനിധ്യം ഉണ്ടായിരിക്കും.

 

 

Saturday, October 4, 2014

പരിയാരം മെഡിക്കല്‍ കോളേജ് സര്‍ക്കാര്‍ ഏറ്റെടുക്കും; അധിക ജീവനക്കാരെ ഒഴിവാക്കും

പരിയാരം മെഡിക്കല്‍ കോളേജ് സര്‍ക്കാര്‍ ഏറ്റെടുക്കും; അധിക ജീവനക്കാരെ ഒഴിവാക്കും-മുഖ്യമന്ത്രി

 

കണ്ണൂര്‍: പരിയാരം മെഡിക്കല്‍ കോളേജ് എറണാകുളം മെഡിക്കല്‍ കോളേജ് ഏറ്റെടുത്തതുപോലെ സര്‍ക്കാര്‍ ഏറ്റെടുക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു.

കണ്ണൂര്‍ ഗസ്റ്റ് ഹൗസില്‍ യു.ഡി.എഫ്. യോഗത്തില്‍ പങ്കെടുത്തശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പരിയാരം മെഡിക്കല്‍ കോളേജിന്റെ കടബാധ്യതയാണ് പ്രധാന പ്രശ്‌നം. ഇക്കാര്യത്തില്‍ ധനകാര്യ വകുപ്പുമായി ആലോചിച്ച് ഏറ്റെടുക്കല്‍ നടപടി വേഗത്തിലാക്കും. 

പരിയാരത്ത് ജീവനക്കാരുടെ എണ്ണവും കൂടുതലാണ് മെഡിക്കല്‍ നോംസ് പ്രകാരം വേണ്ട ജീവനക്കാരെ നിലനിര്‍ത്തി ബാക്കിയുള്ളവരെ ഒഴിവാക്കും. പയ്യന്നൂര്‍ കേന്ദ്രമായി താലൂക്ക് അനുവദിക്കുന്ന കാര്യം പരിഗണിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

പി.ആര്‍. എന്നും നാടിനൊപ്പം നടന്ന നേതാവ്

പി.ആര്‍. എന്നും നാടിനൊപ്പം നടന്ന നേതാവ് -മുഖ്യമന്ത്രി

 

പാനൂര്‍: എന്നും നാട്ടുകാരുടെ സ്‌നേഹവാത്സല്യങ്ങള്‍ ഏറ്റുവാങ്ങി നാടിനൊപ്പം നടന്നുനീങ്ങിയ നേതാവായിരുന്നു പി.ആര്‍. കുറുപ്പെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു.

അനാചാരങ്ങള്‍ക്കെതിരെ ശബ്ദിക്കുകയും ജന്മിത്തത്തിനെതിരെ പോരാടുകയുംചെയ്ത അദ്ദേഹം ഒരുകാലത്തെ കര്‍ഷക സമരങ്ങള്‍ക്ക് നേതൃത്വംനല്കുകയും ചെയ്തു. പി.ആര്‍. ജന്മശതാബ്ദിയാഘോഷത്തിന്റെഭാഗമായി പാനൂരില്‍ ജന്മശതാബ്ദിമന്ദിരം ഉദ്ഘാടനംചെയ്യുകയായിരുന്നു മുഖ്യമന്ത്രി.

കേരളരാഷ്ട്രീയത്തില്‍ എന്നും തലയുയര്‍ത്തിനിന്ന വ്യക്തിയായിരുന്നു പി.ആര്‍. അദ്ദേഹത്തിന്റെപേരിലുള്ള ഈ മന്ദിരം പി.ആറിന്റെ ഓര്‍മകളെ എന്നും നിലനിര്‍ത്തും -മുഖ്യമന്ത്രി പറഞ്ഞു. ജനാധിപത്യ സോഷ്യലിസ്റ്റ് പ്രസ്ഥാനങ്ങള്‍ക്ക് അദ്ദേഹം നല്കിയ സംഭാവന വളരെ വലുതാണ് -മുഖ്യമന്ത്രി പറഞ്ഞു.

സോഷ്യലിസ്റ്റ് ജനത സംസ്ഥാന പ്രസിഡന്റ് എം.പി.വീരേന്ദ്രകുമാര്‍ അധ്യക്ഷതവഹിച്ചു. ഏതു വെല്ലുവിളിയെയും പ്രതിസന്ധിയെയും മുഖംനോക്കാതെ നേരിട്ട നേതാവായിരുന്നു പി.ആര്‍. എന്ന് അദ്ദേഹം പറഞ്ഞു. മന്ത്രിയായിരുന്നപ്പോള്‍ പാവപ്പെട്ട ജനങ്ങളെ മുന്നില്‍ക്കണ്ടുള്ള പ്രവര്‍ത്തനങ്ങള്‍ക്കാണ് മുന്‍തൂക്കംനല്കിയത്. ചിലര്‍ ജീവിക്കുമ്പോള്‍ത്തന്നെ മരിച്ചുപോകുന്നു. പക്ഷേ, മരിച്ചാലും ഓര്‍മകള്‍ അതിശക്തമായി നിലനിര്‍ത്തിയ നേതാവാണ് പി.ആര്‍. -അദ്ദേഹം പറഞ്ഞു. രാഷ്ട്രീയക്കാരനായിരുന്നില്ലെങ്കില്‍ ചിലപ്പോള്‍ ഒരു എഴുത്തുകാരനായി പി.ആര്‍. മാറുമായിരുന്നു. അത്രമാത്രം പുസ്തകങ്ങളെ സ്‌നേഹിച്ച വ്യക്തിയായിരുന്നു പി.ആര്‍. തൊട്ടതിലെല്ലാം പി.ആര്‍. വ്യക്തിമുദ്ര പതിപ്പിച്ചു -വീരേന്ദ്രകുമാര്‍ പറഞ്ഞു.

വിമര്‍ശിക്കുന്നവര്‍പോലും വീരാരാധനയോടെ നോക്കിക്കണ്ട നേതാവായിരുന്നു പി.ആര്‍. എന്ന് മന്ത്രി കുഞ്ഞാലിക്കുട്ടി പറഞ്ഞു. മന്ത്രി കെ.എം.മാണി, പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍, മുല്ലപ്പള്ളി രാമചന്ദ്രന്‍ എം.പി., രാമചന്ദ്രന്‍ കടന്നപ്പള്ളി, മാത്യു ടി.തോമസ് എം.എല്‍.എ., ബി.ജെ.പി. സംസ്ഥാന വൈസ് പ്രസിഡന്റ് എം.ടി.രമേശ് എന്നിവര്‍ പ്രസംഗിച്ചു. എ.കെ.ശശീന്ദ്രന്‍ എം.എല്‍.എ., അഡ്വ. സണ്ണി ജോസഫ് എംഎല്‍.എ., സോഷ്യലിസ്റ്റ് ജനത സെക്രട്ടറി ജനറല്‍ വര്‍ഗീസ് ജോര്‍ജ്, ഡി.സി.സി. പ്രസിഡന്റ് കെ.സുരേന്ദ്രന്‍, സോഷ്യലിസ്റ്റ് ജനത സംസ്ഥാന സെക്രട്ടറി കെ.പി.രാമചന്ദ്രന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

വൈക്കം സത്യാഗ്രഹസ്മാരക ഗാന്ധിമ്യൂസിയം ചരിത്രവിദ്യാര്‍ഥികള്‍ക്ക് വിലപ്പെട്ട സംഭാവനയാകും

വൈക്കം സത്യാഗ്രഹസ്മാരക ഗാന്ധിമ്യൂസിയം ചരിത്രവിദ്യാര്‍ഥികള്‍ക്ക് വിലപ്പെട്ട സംഭാവനയാകും- മുഖ്യമന്ത്രി

 

വൈക്കം: സാമൂഹികമാറ്റത്തിന്റെ ശക്തിസ്രോതസ്സായ വൈക്കം സത്യാഗ്രഹവും പോരാട്ടത്തിന് വീര്യം പകര്‍ന്ന മഹാത്മാഗാന്ധിയുടെ സാന്നിദ്ധ്യവും സമരചരിത്രത്തെ ലോകമെമ്പാടും ചര്‍ച്ചാവിഷയമാക്കിയെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. ഗാന്ധിജിയുടെ ദര്‍ശനങ്ങളും ലക്ഷ്യങ്ങളും പുതിയ തലമുറ സ്വായത്തമാക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.

വൈക്കം സത്യാഗ്രഹത്തിന്റെയും ഗാന്ധിജിയുടെ വൈക്കം സന്ദര്‍ശനത്തിന്റെയും സ്മരണ നിലനിര്‍ത്താന്‍ വൈക്കം സത്യാഗ്രഹസ്മാരക സമുച്ചയത്തോടു ചേര്‍ന്ന് സാംസ്‌കാരിക വകുപ്പിന്റെ നേതൃത്വത്തില്‍ സ്ഥാപിക്കുന്ന ഗാന്ധിജിയുടെ പൂര്‍ണകായ വെങ്കലപ്രതിമയുടെയും സത്യാഗ്രഹസ്മാരക ഗാന്ധിമ്യൂസിയത്തിന്റെയും നിര്‍മാണം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. ഒരു കോടി 68 ലക്ഷം രൂപയാണ് അനുവദിച്ചിരിക്കുന്നത്. ഈ തുക മതിയാകാത്ത സാഹചര്യത്തില്‍ സാംസ്‌കാരിക വകുപ്പില്‍നിന്ന് 25 ലക്ഷം രൂപകൂടി അനുവദിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഒരു വര്‍ഷംകൊണ്ട് നിര്‍മാണം പൂര്‍ത്തിയാക്കി അടുത്ത ഗാന്ധിജയന്തിദിനത്തില്‍ ഉദ്ഘാടനം ചെയ്യും.

ആദ്യഘട്ടത്തില്‍ ഗാന്ധിജിയുടെ വെങ്കലപ്രതിമയും അടുത്ത ഘട്ടത്തില്‍ മ്യൂസിയത്തിന്റെ നിര്‍മാണവും പൂര്‍ത്തിയാക്കും. ചരിത്രവിദ്യാര്‍ഥികള്‍ക്ക് വിലപ്പെട്ട സംഭാവനകള്‍ നല്‍കുന്നതാണ് ദേശീയ നിലവാരത്തിലുള്ള ആധുനിക സംവിധാനങ്ങളോടെ നിര്‍മിക്കുന്ന മ്യൂസിയം. മഹാത്മജി സത്യാഗ്രഹത്തില്‍ പങ്കെടുത്തതിന്റെ സംഭാഷണങ്ങളും ചിത്രങ്ങളും വീഡിയോദൃശ്യങ്ങളും മ്യൂസിയത്തില്‍ ഉണ്ടാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ബോട്ട്‌ജെട്ടി മൈതാനിയില്‍ നടന്ന സമ്മേളനത്തില്‍ മന്ത്രി കെ.സി.ജോസഫ് അധ്യക്ഷനായി. മഹാത്മാഗാന്ധി വൈക്കത്ത് ആദ്യം കാലുകുത്തിയ വൈക്കം ബോട്ട്‌ജെട്ടി അറ്റകുറ്റപ്പണികള്‍ നടത്തി ചരിത്രസ്മാരകമായി കാത്തുസൂക്ഷിക്കുമെന്ന് മന്ത്രി പറഞ്ഞു.