UDF

2014, നവംബർ 10, തിങ്കളാഴ്‌ച

ചാവറയച്ചന്റെ ചിന്തകള്‍ എന്നും പ്രസക്തം

ചാവറയച്ചന്റെ ചിന്തകള്‍ എന്നും പ്രസക്തം -മുഖ്യമന്ത്രി

 

കോട്ടയം: ചാവറ കുര്യാക്കോസ് ഏലിയാസ് അച്ചന്റെ ചിന്തകള്‍ക്ക് എന്നും പ്രസക്തിയുണ്ടാകുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. അദ്ദേഹത്തിന്റെ ദര്‍ശനങ്ങള്‍ പ്രചരിപ്പിക്കാനുള്ള ചാവറ സ്‌കൂള്‍ ഓഫ് തോട്ടിന്റെ ഉദ്ഘാടനം കോട്ടയത്തെ ദര്‍ശന കള്‍ച്ചറല്‍ സെന്ററില്‍ നിര്‍വഹിക്കുകയായിരുന്നു മുഖ്യമന്ത്രി.

 

ആരാധനാലയങ്ങളോടു ചേര്‍ന്ന് വിദ്യാലയങ്ങളും കലാകേന്ദ്രങ്ങളും വേണമെന്ന ആശയം ചാവറയച്ചന്‍ മുന്നോട്ടുവച്ചു. അദ്ദേഹത്തിന്റെ ആഗ്രഹമനുസരിച്ച് സ്ഥാപിതമായ വിദ്യാലയങ്ങള്‍ പതിനായിരങ്ങള്‍ക്ക് അറിവിന്റെ വെളിച്ചം നല്‍കുന്നു. സമുദായത്തിനു മാത്രമല്ല സമൂഹത്തിനാകെ പ്രയോജനപ്പെട്ട സേവനമായിരുന്നു അദ്ദേഹത്തിേന്റതെന്ന് ഉമ്മന്‍ചാണ്ടി അനുസ്മരിച്ചു.

 

സി.എം.ഐ. പ്രിയോര്‍ ജനറല്‍ ഫാ. പോള്‍ അച്ചാണ്ടി അധ്യക്ഷത വഹിച്ചു. ഫാ. സെഡ്.എം. മൂഴൂര്‍ ചാവറയച്ചനെക്കുറിച്ച് രചിച്ച പുസ്തകങ്ങള്‍ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പ്രകാശനം ചെയ്തു. സി.എം.ഐ. പ്രൊവിന്‍ഷ്യല്‍ ഫാ. ജോര്‍ജ്ജ് ഇടയാടിയില്‍ ആമുഖപ്രഭാഷണം നടത്തി. ജോസ് കെ.മാണി എം.പി. അവാര്‍ഡ് ദാനം നിര്‍വഹിച്ചു.

 

പി.എസ്.സി. ചെയര്‍മാന്‍ ഡോ. കെ.എസ്.രാധാകൃഷ്ണന്‍ ചാവറ അനുസ്മരണ പ്രഭാഷണവും സംസ്ഥാന വിവരാവകാശ കമ്മീഷണര്‍ ഡോ. കുര്യാസ് കുമ്പളക്കുഴി ഫാ. സെഡ്.എം.മൂഴൂര്‍ അനുസ്മരണപ്രഭാഷണവും നിര്‍വഹിച്ചു. മുനിസിപ്പല്‍ ചെയര്‍മാന്‍ എം.പി.സന്തോഷ് കുമാര്‍ ആശംസ നേര്‍ന്നു.