UDF

2014, നവംബർ 7, വെള്ളിയാഴ്‌ച

തീരദേശപാത ഒന്നാംഘട്ടം ഇന്ന് മുഖ്യമന്ത്രി നാടിന് സമര്‍പ്പിക്കും

തീരദേശപാത ഒന്നാംഘട്ടം ഇന്ന് മുഖ്യമന്ത്രി നാടിന് സമര്‍പ്പിക്കും

 


തിരൂര്‍: വല്ലാര്‍പാടം മുതല്‍ കോഴിക്കോട് വരെയുള്ള തീരദേശപാതയുടെ ഒന്നാംഘട്ടമായി ആശാന്‍പടി മുതല്‍ പറവണ്ണ വരെയുള്ള 4.50 കി.മീ റോഡിന്റെ നിര്‍മാണം പൂര്‍ത്തിയായത് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വെള്ളിയാഴ്ച രാവിലെ 10.30ന് നാടിന് സമര്‍പ്പിക്കും.

മംഗലം പഞ്ചായത്തിലെ ട്രാന്‍സ്‌ഫോര്‍മര്‍ റോഡുമുതല്‍ ഒട്ടുംപുറം വരെയുള്ള 19 കി.മീ റോഡ് നിര്‍മാണത്തിന് ഇതിനകം 117 കോടി രൂപ ഭരണാനുമതി നല്‍കിയിട്ടുണ്ട്. വല്ലാര്‍പാടം മുതല്‍ കോഴിക്കോട് വരെയുള്ള തീരദേശ ഇടനാഴിയുടെ നിര്‍മാണത്തിന് 2000 കോടി രൂപയാണ് ചെലവ് കണക്കാക്കുന്നത്. തീരദേശ ഇടനാഴി പൂര്‍ണമായും യാഥാര്‍ഥ്യമാകുന്നതോടെ കൊച്ചിയില്‍നിന്ന് കോഴിക്കോട്ടേക്ക് 30 കി.മീ ദൂരം കുറയും.

നിലവില്‍ ഉദ്ഘാടനംചെയ്യുന്ന റോഡ് ഒരുവര്‍ഷവും ആറുമാസവുമെടുത്താണ് നിര്‍മിച്ചത്. റോഡ് നിര്‍മാണത്തിന് വെട്ടിമാറ്റിയ മരങ്ങള്‍ക്കുപകരം 600 മരങ്ങള്‍ വെച്ചുപിടിപ്പിച്ചിട്ടുണ്ട്. റോഡ്‌സുരക്ഷാ മാനദണ്ഡങ്ങള്‍ക്കനുസരിച്ച് റോഡ് മാര്‍ക്കിങ്ങുകള്‍, റോഡ്‌സുരക്ഷാ ഫര്‍ണിച്ചറുകള്‍, റെയ്‌സ്ഡ് സീബ്രാക്രോസിങ്, ഭാവിയില്‍ ആവശ്യമായിവരുന്ന സര്‍വീസ് ക്രോസിങ്ങിനുവേണ്ടി യൂട്ടിലിറ്റി ഡക്ടുകള്‍ എന്നിവനിര്‍മിച്ചിട്ടുണ്ട്. ഇതുകാരണം പൈപ്പുകളും കേബിളുകളും ഇടാന്‍ റോഡ് വെട്ടിപ്പൊളിക്കേണ്ടതില്ല. 10 മീറ്റര്‍ നീളത്തിലുള്ള റോഡില്‍ ടൈല്‍ വിരിച്ച നടപ്പാതകളുണ്ട്. ബസ്‌ഷെല്‍ട്ടറുകളും സ്ഥാപിച്ചിട്ടുണ്ട്.

എറണാകുളം, തൃശ്ശൂര്‍, മലപ്പുറം, കോഴിക്കോട് ജില്ലകളിലെ തീരദേശത്തെ വ്യവസായ വാണിജ്യ ടൂറിസം വികസനത്തിനും മത്സ്യബന്ധനമേഖലയുടെ സമഗ്രവികസനത്തിനും തീരദേശ ഇടനാഴി പൂര്‍ണമായും യാഥാര്‍ഥ്യമാകുന്നതോടെ ആക്കംകൂട്ടും.