UDF

2014, സെപ്റ്റംബർ 17, ബുധനാഴ്‌ച

കൂടുതല്‍ കോളജുകള്‍ക്കു സ്വയംഭരണാവകാശം നല്‍കും

കൂടുതല്‍ കോളജുകള്‍ക്കു സ്വയംഭരണാവകാശം നല്‍കും: ഉമ്മന്‍ചാണ്ടി



സംസ്ഥാനത്തു കൂടുതല്‍ കോളജുകള്‍ക്കു സ്വയംഭരണാവകാശം നല്‍കുമെന്നു മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. സെന്റ് തോമസ് കോളജിനു സ്വയംഭരണാവകാശം നല്‍കികൊണ്ടുള്ള പ്രഖ്യാപനം നടത്തുകയായിരുന്നു. കോളജുകളെ കൂട്ടിലിട്ട കിളികളുടെ അവസ്ഥയിലാക്കാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ല. സര്‍ക്കാര്‍ ചട്ടക്കൂടിനുള്ളില്‍ നിന്നാല്‍ കോളജുകള്‍ക്കു വളരാന്‍ കഴിയില്ല. നിയന്ത്രണങ്ങള്‍ ആവശ്യമാണ്. പക്ഷേ, സ്വന്തം കഴിവ് ഉപയോഗിക്കാന്‍ കോളജുകള്‍ക്കു കഴിയണം.

ഉന്നത വിദ്യാഭ്യാസരംഗത്തു തുടര്‍ച്ചയായി തിരിച്ചടികള്‍ നേരിട്ടുകൊണ്ടിരിക്കുകയാണ്. ഈ സ്ഥിതി മാറണം. കേരളത്തെ ആഗോള വിദ്യാഭ്യാസ കേന്ദ്രമാക്കി മാറ്റുകയാണു സര്‍ക്കാരിന്റെ ലക്ഷ്യം. പൊതുവിദ്യാഭ്യാസ രംഗത്തു കേരളം മുന്നിലാണെങ്കിലും ഉന്നത വിദ്യാഭ്യാസ രംഗത്ത് ഈ നേട്ടം കൈവരിക്കാന്‍ കഴിയുന്നില്ല. സ്വാശ്രയ മേഖലയില്‍ പ്രഫഷനല്‍ കോളജുകള്‍ അനുവദിച്ചതാണ് ഈ രംഗത്ത് ഉണ്ടായ ഏക നേട്ടം. ഇന്ത്യയില്‍ 507 കോളജുകള്‍ക്കു സ്വയംഭരണാവകാശം ഉണ്ട്. കേരളത്തില്‍ മാത്രം ഒറ്റ കോളജിനും ഇതില്ല. 

ഇതിനു മാറ്റംവരണമെന്ന ആഗ്രഹത്തിലും നിരന്തര ചര്‍ച്ചകളുടെയും പഠനത്തിന്റെയും അടിസ്ഥാനത്തിലുമാണു സ്വയംഭരണാധികാരം നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. ഏതെങ്കിലും ആശയങ്ങളുടെ പേരില്‍ ഇതു വേണ്ടെന്നു പറഞ്ഞാല്‍ അംഗീകരിക്കില്ല. മറിച്ചു തെറ്റ് സംഭവിച്ചിട്ടുണ്ടെങ്കില്‍ അതു തിരുത്താന്‍ സര്‍ക്കാര്‍ തയാറാണ്. ഏതു മാറ്റം വന്നാലും എതിര്‍ക്കുന്നതു പുതുതലമുറയോടു ചെയ്യുന്ന ക്രൂരതയാണ്. 

മദ്യനിരോധനം നടപ്പാക്കുമ്പോള്‍ സര്‍ക്കാരിനു വരുമാന ഇനത്തില്‍ വന്‍ നഷ്ടം സംഭവിക്കും. എന്നാല്‍ യുവാക്കളെയാണു സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. അവരിലൂടെ ഈ നഷ്ടം നികത്താന്‍ കഴിയുമെന്നാണു വിശ്വാസം. ബജറ്റില്‍ യുവാക്കള്‍ക്കായി തുക മാറ്റിവയ്ക്കുമെന്നും ഉമ്മന്‍ചാണ്ടി അറിയിച്ചു. ആര്‍ച്ച് ബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് അധ്യക്ഷത വഹിച്ചു.