UDF

Oommen Chandy

With Former President of India Shri.Pranab Kumar Mukherjee

Oommen Chandy

With Former Prime Minister Shri.Manmohan Sing

Oommen Chandy

Mass Contact Program

Oommen Chandy

Peoples OC

Oommen Chandy

Peoples OC....

2014, ഓഗസ്റ്റ് 31, ഞായറാഴ്‌ച

ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിക്കസേരയില്‍ അഞ്ചുവര്‍ഷം പിന്നിട്ടു

ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിക്കസേരയില്‍ അഞ്ചുവര്‍ഷം പിന്നിട്ടു
 
 
തിരുവനന്തപുരം: മുഖ്യമന്ത്രിക്കസേരയില്‍ ഉമ്മന്‍ ചാണ്ടി അഞ്ചുവര്‍ഷം പിന്നിട്ടു. രണ്ട് തവണയായാണ് അദ്ദേഹം അഞ്ചുവര്‍ഷം തികച്ചത്. 
2004-ല്‍ എ.കെ ആന്റണി രാജിവെച്ചതിനെത്തുടര്‍ന്ന് ആഗസ്ത് 31 നാണ് ആദ്യം അദ്ദേഹം മുഖ്യമന്ത്രിയായത്. 2006 മെയ് 12 വരെ തല്‍സ്ഥാനത്ത് തുടര്‍ന്ന അദ്ദേഹം ഇടതുവിജയത്തെത്തുടര്‍ന്ന് സ്ഥാനമൊഴിഞ്ഞു. ആകെ 626 ദിവസമായിരുന്നു അന്ന് മുഖ്യമന്ത്രി സ്ഥാനം.

ഇത്തവണ 2011 മെയ് 18 ന് വീണ്ടും അധികാരത്തിലെത്തിയ അദ്ദേഹം ഈ മാസം 1200 ദിവസം പൂര്‍ത്തിയായതോടെയാണ് അഞ്ചുവര്‍ഷം തികച്ച മുഖ്യമന്ത്രിമാരുടെ പട്ടികയിലേക്ക് ഉയര്‍ന്നത്. 

ഇ.കെ. നായനാരാണ് കേരളത്തില്‍ ഏറ്റവും കൂടുതല്‍ ദിവസം മുഖ്യമന്ത്രിയായിരുന്നത്. മൂന്നുതവണയായി 3999 ദിവസം അദ്ദേഹം ആ കസേരയില്‍ ഇരുന്നു. 3240 ദിവസം മുഖ്യമന്ത്രിയായിരുന്ന കെ. കരുണാകരനാണ് തൊട്ടുപിന്നില്‍. 

രണ്ടുതവണയായി ഇ.എം.എസ്. നമ്പൂതിരിപ്പാട് 1820 ദിവസവും എ.കെ. ആന്റണി 2166 ദിവസവും മുഖ്യമന്ത്രിയായിട്ടുണ്ട്. വി.എസ്. അച്യുതാനന്ദനും മുഖ്യമന്ത്രിയായി ആയിരം ദിവസം കടന്നു. 1822 ദിവസം അദ്ദേഹം മുഖ്യമന്ത്രിയായിരുന്നു. 

രണ്ടുതവണയായി 2638 ദിവസം മുഖ്യമന്ത്രിയായിരുന്ന സി. അച്യുതമേനോന്‍ ഒറ്റത്തവണ ഏറ്റവും കൂടുതല്‍ ദിവസം മുഖ്യമന്ത്രിയായിരുന്ന ആളാണ്. 51 ദിവസം മാത്രം മുഖ്യമന്ത്രിയായിരുന്ന സി.എച്ച്. മുഹമ്മദ് കോയയാണ് ഏറ്റവും കുറഞ്ഞ കാലയളവില്‍ ആ സ്ഥാനത്തിരുന്നത്. 

ടൈറ്റാനിയം കേസ്: രാജിയില്ല, ഏത് അന്വേഷണവും നേരിടാം

ടൈറ്റാനിയം കേസ്: രാജിയില്ല, ഏത് അന്വേഷണവും നേരിടാം-മുഖ്യമന്ത്രി

 

കൊച്ചി: ടൈറ്റാനിയം കേസില്‍ ഏത് അന്വേഷണവും നേരിടാന്‍ തയ്യാറാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. രാജിവെക്കില്ല. പാമോയില്‍ കേസും സോളാറും വന്നപ്പോള്‍ രാജി ആവശ്യമുയര്‍ന്നിരുന്നു. പാമോയില്‍ കേസില്‍ താന്‍ തെറ്റുകാരനല്ലെന്ന് കോടതി വ്യക്തമാക്കി. ഓരോ ആരോപണങ്ങള്‍ വരുമ്പോഴും രാജിവെക്കാനിരുന്നാല്‍ താന്‍ മണ്ടനാവില്ലേ എന്നും കൊച്ചിയില്‍ വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യമന്ത്രി ചോദിച്ചു.

പ്രതിപ്പട്ടികയില്‍ ഉള്‍പ്പെട്ട രമേശ് ചെന്നിത്തല വിജിലന്‍സ് വകുപ്പ് ഒഴിയേണ്ട കാര്യമില്ല. കാരണം രമേശിന് ഇതില്‍ പങ്കില്ല. അന്ന് മന്ത്രിയോ എം.എല്‍.എ.യോ അല്ലായിരുന്നു രമേശ്. പദ്ധതിക്കായി താന്‍ ഇടപെട്ടിട്ടുണ്ട്. അത് സമ്മതിക്കുന്നു - ഉമ്മന്‍ചാണ്ടി പറഞ്ഞു.

പ്ലാന്റ് നിര്‍മിക്കാന്‍ തീരുമാനിച്ചതില്‍ അപാകമുണ്ടെങ്കില്‍ പിന്നീട് വന്ന സര്‍ക്കാര്‍ എന്തിനാണ് വലിയ ആഘോഷത്തോടെ ഉദ്ഘാടനം നടത്തിയതെന്നും ഉമ്മന്‍ചാണ്ടി ചോദിച്ചു. 2006-ലാണ് ആദ്യ കേസുണ്ടായത്. അന്ന് താനടക്കമുള്ള ആരുടേയും പേരുണ്ടായിരുന്നില്ല. 2011- ലാണ് തങ്ങളുടെ പേരുകള്‍ ഉള്‍പ്പെടുത്തിയത്. അതിനുശേഷം അഞ്ചുവര്‍ഷം ഇടതുസര്‍ക്കാര്‍ ഭരിച്ചിട്ടും ഒരു നടപടിയും എടുത്തില്ല. ഇനിയും സംശയുണ്ടെങ്കില്‍ അന്വേഷണം നടക്കട്ടെ-മുഖ്യമന്ത്രി പറഞ്ഞു.

ടൈറ്റാനിയം ഫാക്ടറിയില്‍ മലിനീകരണ നിയന്ത്രണ പ്ലാന്റ് സ്ഥാപിച്ചത് സുപ്രീം കോടതി കമ്മിറ്റിയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ്. മലിനീകരണമുണ്ടാക്കുന്ന ഫാക്ടറികളെക്കുറിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സുപ്രീംകോടതി നിയോഗിച്ച ത്യാഗരാജന്‍ കമ്മിറ്റി സംസ്ഥാനത്ത് 198 ഫാക്ടറികള്‍ അടച്ചുപൂട്ടണമെന്ന് നിര്‍ദേശിച്ചു. തൊഴിലാളി സംഘടനാ പ്രതിനിധികള്‍ മുഖ്യമന്ത്രിയായിരുന്ന തന്നെ വന്നുകണ്ട് ഇടപെടണമെന്ന് ആവശ്യപ്പെട്ടു. തുടര്‍ന്ന് ത്യാഗരാജനോട് നിയമത്തില്‍ മാറ്റം വരുത്തണമെന്ന് താന്‍ ആവശ്യപ്പെട്ടു. 

ത്യാഗരാജന്റെ നിര്‍ദേശപ്രകാരമാണ് മലിനീകരണ നിയന്ത്രണ പ്ലാന്റുകള്‍ നിര്‍മിക്കാന്‍ തീരുമാനിച്ചത്. അതുമൂലം ഫാക്ടറികള്‍ അടച്ചുപൂട്ടുന്നത് ഒഴിവായി. എറണാകുളത്തെ എല്ലാ ഫാക്ടറികള്‍ക്കും കൂടി ഏലൂരില്‍ ഒരു പ്ലാന്റും ടൈറ്റാനിയത്തിനു വേണ്ടി ഒരു പ്ലാന്റും സ്ഥാപിക്കാനാണ് തീരുമാനിച്ചത്. ഇതില്‍ എറണാകുളത്തെ പ്ലാന്റ് പൂര്‍ണമായും പ്രവര്‍ത്തനക്ഷമമായി. 

ഇടതുസര്‍ക്കാരാണ് ടൈറ്റാനിയത്തിലെ പ്ലാന്റിന്റെ നിര്‍മാണോദ്ഘാടനം നടത്തിയത്. ഇടയ്ക്കുവെച്ച് കരാറുകാരന്‍ പണി നിര്‍ത്തിയതോടെയാണ് വലിയ നഷ്ടമുണ്ടായത്. അഴിമതി കേസില്‍ അന്വേഷണം നടത്തണമെന്ന് കോടതി പറഞ്ഞതില്‍ ഒരു തെറ്റുമില്ലെന്നും അത് കോടതിയുടെ കടമയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

2014, ഓഗസ്റ്റ് 28, വ്യാഴാഴ്‌ച

ഇടുക്കിയിലെ കര്‍ഷകര്‍ക്ക് ഉപാധിരഹിത പട്ടയം നല്‍കും

ഇടുക്കിയിലെ കര്‍ഷകര്‍ക്ക് ഉപാധിരഹിത പട്ടയം നല്‍കും -മുഖ്യമന്ത്രി

 

 

ചെറുതോണി: ജില്ലയിലെ പട്ടയത്തിനുള്ള അപേക്ഷ നല്‍കിയ മുഴുവന്‍ പേര്‍ക്കും ഉപാധിരഹിത പട്ടയം നല്‍കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. ഇടുക്കിയിലെ കര്‍ഷകരുടെ പ്രധാന പ്രശ്‌നം കൈവശഭൂമിക്ക് പട്ടയം ഇല്ലെന്നതാണ്. നെടുംകണ്ടത്തുവച്ച് വിതരണം ചെയ്ത പട്ടയത്തിന്റെ ബാക്കി 6000 അപേക്ഷകരുടെ പട്ടയത്തിനുള്ള നടപടി പൂര്‍ത്തീകരിച്ചതാണ്.

എന്നാല്‍, കര്‍ഷകരുടെ ഭാഗത്തുനിന്ന് ചില മാറ്റങ്ങള്‍ വേണമെന്ന ആവശ്യം വന്നപ്പോള്‍ പട്ടയവിതരണ നടപടി മാറ്റിവച്ചു. പുതിയ മാറ്റംകൂടി ഉള്‍പ്പെടുത്തി എത്രയും വേഗം ഈ പട്ടയങ്ങള്‍ വിതരണം ചെയ്യുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

2014, ഓഗസ്റ്റ് 26, ചൊവ്വാഴ്ച

ഷെഫീക്കിനെ കാണാന്‍ മുഖ്യമന്ത്രി എത്തി

ഷെഫീക്കിനെ കാണാന്‍ മുഖ്യമന്ത്രി എത്തി

 


തൊടുപുഴ: പിതാവിന്റെയും രണ്ടാനമ്മയുടെയും ക്രൂരപീഡനത്തിനിരയായി ഏഴല്ലൂരിലെ സ്വകാര്യ മെഡിക്കല്‍ കോളജില്‍ കഴിയുന്ന ഷെഫീക്കിനെ കാണാന്‍ തിങ്കളാഴ്ച ഉച്ചയ്ക്ക് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെത്തി. വാത്സല്യത്തോടെ ഷെഫീക്കിനെ തഴുകിയ മുഖ്യമന്ത്രി ബിസ്‌കറ്റ് വച്ചുനീട്ടി. എന്നാല്‍, അതുവാങ്ങാതെ അവന്‍ ബിസ്‌കറ്റ് പാത്രത്തിലേക്ക് കൈയിട്ടപ്പോള്‍ കൂട്ടച്ചിരിയുയര്‍ന്നു. ആയ രാഗിണി, ചികിത്സ നടത്തുന്ന ഡോ.കെ.പി. ഷിയാസ് എന്നിവരോട് അദ്ദേഹം വിവരങ്ങള്‍ ചോദിച്ചറിഞ്ഞു. പത്തു മിനുട്ടോളം അവിടെ ചെലവഴിച്ചാണ് മുഖ്യമന്ത്രി മടങ്ങിയത്.

ഇടുക്കിയില്‍ കുട്ടികളുടെ സംരക്ഷണ ത്തിനായി ചില്‍ഡ്രന്‍സ് ഹോം സ്ഥാപിക്കുന്നത് പരിഗണനയിലാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ജില്ലാ ശിശുക്ഷേമ സമിതി ചെയര്‍മാന്‍ പി.ജി. ഗോപാലകൃഷ്ണനാണ് ജില്ലയില്‍ ചില്‍ഡ്രന്‍സ് ഹോം ഇല്ലാത്തത് മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടു ത്തിയത്.രാഗിണിക്ക് സ്ഥിരംജോലി നല്‍കണമെന്ന ആവശ്യം അനുഭാവപൂര്‍വം പരിഗണിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
 

2014, ഓഗസ്റ്റ് 24, ഞായറാഴ്‌ച

മദ്യനിയന്ത്രണം: പൊലീസിന്റെ ജോലിഭാരം കൂടുമെന്നു മുഖ്യമന്ത്രി

മദ്യനിയന്ത്രണം: പൊലീസിന്റെ ജോലിഭാരം കൂടുമെന്നു മുഖ്യമന്ത്രി  

 

തിരുവനന്തപുരം* മദ്യനിയന്ത്രണം വരുന്നതോടെ പൊലീസിന്റെ ജോലിഭാരം വര്‍ധിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. കേരള പൊലീസ് ഓഫിസേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.  

 

ജോലിഭാരമടക്കമുള്ള പ്രശ്‌നങ്ങളില്‍ വര്‍ഷത്തിലൊരിക്കല്‍ ചര്‍ച്ച വേണമെന്ന പൊലീസ് സംഘടനകളുടെ ആവശ്യം പരിഗണിക്കുമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. ഡിജിപി: കെ.എസ്. ബാലസുബ്രഹ്മണ്യം, കെപിഎ സംസ്ഥാനപ്രസിഡന്റ് കെ.പി. ഉണ്ണി, കെപിഒഎ ജനറല്‍ സെക്രട്ടറി കെ. മണികണ്ഠന്‍നായര്‍  എന്നിവര്‍ പ്രസംഗിച്ചു.   സമാപന സമ്മേളനം മന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു. പൊലീസ് സേനയിലെ എല്ലാ ഒഴിവുകളും മൂന്നു മാസത്തിനുള്ളില്‍ നികത്തുമെന്ന് അദ്ദേഹം പറഞ്ഞു. 

 

മൂന്നു വര്‍ഷത്തിനകം സമ്പൂര്‍ണ ഡിജിറ്റല്‍ സാക്ഷരത

മൂന്നു വര്‍ഷത്തിനകം സമ്പൂര്‍ണ ഡിജിറ്റല്‍ സാക്ഷരത

 

കേരള പൊലീസ് കൊച്ചിയില്‍ സംഘടിപ്പിച്ച സൈബര്‍ സെക്യൂരിറ്റി സംബന്ധിച്ച രാജ്യാന്തര സമ്മേളനത്തിന്റെ

സമാപന ചടങ്ങില്‍ സൊസൈറ്റി ഫോര്‍ പൊലീസിങ് സൈബര്‍ സ്‌പേസ് എക്‌സിക്യുട്ടീവ് ഡയറക്ടര്‍ ബെസി പാങ്,

മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് ഉപഹാരം നല്‍കുന്നു.

കൊച്ചി: സൈബര്‍ ലോകത്തെ സ്ത്രീ സുരക്ഷ എന്ന വിഷയത്തില്‍ കേരള പൊലീസ് സംഘടിപ്പിച്ച രാജ്യാന്തര സൈബര്‍ സെക്യൂരിറ്റി ആന്‍ഡ് പൊലീസിങ് കോണ്‍ഫറന്‍സ്-കൊക്കോണ്‍ 2014- സമാപിച്ചു. സമാപന സമ്മേളനം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്തു. മൂന്നു വര്‍ഷത്തിനകം കേരളത്തെ സമ്പൂര്‍ണ ഡിജിറ്റല്‍ സാക്ഷര സംസ്ഥാനമാക്കുമെന്ന് അദ്ദേഹം പറഞ്ഞു. 

 

ഓരോ വീട്ടിലും ഒരാളെയെങ്കിലും ഇന്റര്‍നെറ്റ് ഉപയോഗിക്കാന്‍ പര്യാപ്തമാക്കുകയാണു ലക്ഷ്യം. മന്ത്രി കെ. ബാബു അധ്യക്ഷത വഹിച്ചു. ഡിജിപി കെ.എസ്. ബാലസുബ്രഹ്മണ്യം, എംഎല്‍എമാരായ ബെന്നി ബഹനാന്‍, ഡൊമിനിക് പ്രസന്റേഷന്‍, എഡിജിപി കെ. പത്മകുമാര്‍, ഐജി മനോജ് ഏബ്രഹാം എന്നിവര്‍ പ്രസംഗിച്ചു. 20 വിദേശ രാജ്യങ്ങളില്‍നിന്നുള്‍പ്പെടെ മൊത്തം 375 പ്രതിനിധികളാണ് കോണ്‍ഫറന്‍സില്‍ പങ്കെടുത്തത്. 17 വിദേശികളുള്‍പ്പെടെയുള്ള ഐടി വിദഗ്ധര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു.  

 

രണ്ടു പശുക്കളെ വളര്‍ത്തുന്ന ക്ഷീരകര്‍ഷകരെ തൊഴിലുറപ്പു പദ്ധതിയില്‍ ഉള്‍പ്പെടുത്താന്‍ ശ്രമിക്കും

രണ്ടു പശുക്കളെ വളര്‍ത്തുന്ന ക്ഷീരകര്‍ഷകരെ തൊഴിലുറപ്പു പദ്ധതിയില്‍ ഉള്‍പ്പെടുത്താന്‍ ശ്രമിക്കും

 കൊല്ലം: വീട്ടില്‍ രണ്ടു പശുക്കളെ വളര്‍ത്തുന്ന ക്ഷീരകര്‍ഷകരെ കൂടി തൊഴിലുറപ്പു പദ്ധതിയുടെ പരിധിയില്‍ ഉള്‍പ്പെടുത്താന്‍ ശ്രമിക്കുമെന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. കേരള ക്ഷീരകര്‍ഷക കോണ്‍ഗ്രസ് പ്രതിനിധി സമ്മേളനവും അവകാശ പത്രിക സമര്‍പ്പണവും ഉദ്ഘാടനം ചെയ്യുകയായിരുന്നു. 

 

യുപിഎ സര്‍ക്കാരിനു മുന്നില്‍ സംസ്ഥാനം ഈ നിര്‍ദേശം സമര്‍പ്പിച്ചിരുന്നതാണ്. എന്നാല്‍ അത് അംഗീകരിച്ചില്ല. ഈ സര്‍ക്കാര്‍ അതേക്കുറിച്ച് ഒന്നും പറഞ്ഞിട്ടില്ല. ഈ നിര്‍ദേശവുമായി വീണ്ടും കേന്ദ്രസര്‍ക്കാരിനെ സമീപിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. പാല്‍വില കൂട്ടുന്നതിന്റെ ഫലം ഇനിയും ക്ഷീരകര്‍ഷകര്‍ക്കു ലഭിച്ചിട്ടില്ലെന്നു മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. മൂന്നു വര്‍ഷത്തിനിടെ രണ്ടു തവണയായി എട്ടു രൂപയുടെ വര്‍ധനയാണു വരുത്തിയത്. കര്‍ഷകരെ സഹായിക്കുകയായിരുന്നു സര്‍ക്കാരിന്റെ ലക്ഷ്യം. എന്നാല്‍ കാലിത്തീറ്റയ്ക്കും മറ്റ് അനുബന്ധ വസ്തുക്കള്‍ക്കും കൂടി വില വര്‍ധിച്ചതോടെ ഈ ലക്ഷ്യം നടപ്പായില്ലെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

 

2014, ഓഗസ്റ്റ് 20, ബുധനാഴ്‌ച

മുഖ്യമന്ത്രിയുടെ സുതാര്യ കേരളത്തിന് രാഷ്ട്രീയ ബ്രേക്ക്

മുഖ്യമന്ത്രിയുടെ സുതാര്യ കേരളത്തിന് രാഷ്ട്രീയ ബ്രേക്ക്

 

 

പത്തു വര്‍ഷമായി നടന്നുവന്ന മുഖ്യമന്ത്രിയുടെ സുതാര്യ കേരളം ദൂര്‍ദര്‍ശന്‍ പരിപാടിക്കു രാഷ്ട്രീയ ബ്രേക്ക്. കേന്ദ്ര സര്‍ക്കാര്‍ ഇടപെട്ടു പരിപാടി തുടരാനുള്ള അനുമതി തടഞ്ഞു. ഇതു യുഡിഎഫ് സര്‍ക്കാരിനു വലിയ മേല്‍ക്കൈ നല്‍കുന്ന രാഷ്ട്രീയ പരിപാടിയാണെന്നു കണ്ടെത്തിയാണു കേന്ദ്രം ഇടപെട്ടതത്രേ. 

കോണ്‍ഗ്രസ് കേന്ദ്രം ഭരിച്ചിരുന്ന കാലത്ത് ഇടതു വലതു സര്‍ക്കാരുകള്‍ സംസ്ഥാനം ഭരിച്ചിരുന്നപ്പോഴെല്ലാം തടസ്സം കൂടതെ നടന്നിരുന്ന പരിപാടിയാണിത്.   ഉദ്യോഗസ്ഥരുമൊത്തിരുന്നു ജനങ്ങളുടെ പ്രശ്‌നങ്ങള്‍ മുഖ്യമന്ത്രി കേള്‍ക്കുകയും ഉദ്യോഗസ്ഥരുമായി അപ്പോള്‍ത്തന്നെ സംസാരിച്ചു പരിഹാരം നിര്‍ദേശിക്കുകയും അതു ലൈവായി ടിവിയില്‍ കാണിക്കുകയും ചെയ്യുന്ന പരിപാടി സാധാരണക്കാരായ ജനങ്ങള്‍ക്കു വലിയ പ്രയോജനം ചെയ്തിരുന്നു. 

ലോക്‌സഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി നിര്‍ത്തിവച്ച പരിപാടി   തുടരാന്‍ തിരുവനന്തപുരം ദൂരദര്‍ശനു ബിജെപി സര്‍ക്കാര്‍ വന്നു മൂന്നു മാസം കഴിഞ്ഞിട്ടും അനുമതി ലഭിച്ചില്ല. എന്നാല്‍ പരിപാടി നിര്‍ത്തിയതല്ലെന്നും ഭരണപരമായ കാലതാമസം മാത്രമാണെന്നുമാണു ദൂരദര്‍ശന്‍ അധികൃതരുടെ വിശദീകരണം.

 

2014, ഓഗസ്റ്റ് 17, ഞായറാഴ്‌ച

അന്തര്‍ദേശീയ സാധ്യതകള്‍ പ്രയോജനപ്പെടുത്താന്‍ ആഗോള അഗ്രോമീറ്റ് നടത്തും

അന്തര്‍ദേശീയ സാധ്യതകള്‍ പ്രയോജനപ്പെടുത്താന്‍ ആഗോള അഗ്രോമീറ്റ് നടത്തും : മുഖ്യമന്ത്രി

 

കോഴിക്കോട്: കേരളത്തെ 2016ഓടെ സമ്പൂര്‍ണ ജൈവകാര്‍ഷിക സംസ്ഥാനമാക്കി മാറ്റിയെടുക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. സംസ്ഥാനതല കര്‍ഷക ദിനാഘോഷവും കര്‍ഷക അവാര്‍ഡ് വിതരണവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.കര്‍ഷകര്‍ക്ക് കൂടുതല്‍ വരുമാനം ലഭ്യമാക്കാനും ഉത്പാദനം വര്‍ധിപ്പിക്കുന്നതിനുമായി നൂതനസാധ്യതകള്‍ പഠിക്കാനും അത് കര്‍ഷകരെ ബോധ്യപ്പെടുത്തി പ്രയോജനപ്പെടുത്താനും പദ്ധതി ആസൂത്രണം ചെയ്തിട്ടുണ്ട്. ഇതിനായി നവംബറില്‍ ആഗോള അഗ്രോമീറ്റ് സംഘടിപ്പിക്കും. 

നാളികേര, നെല്‍കൃഷി മേഖല ഉണര്‍ന്നാല്‍ മാത്രമേ കേരളം അഭിവൃദ്ധിപ്പെടുകയുള്ളൂവെന്ന് മുഖ്യമന്ത്രി പറഞ്ഞു. നീര ഉടന്‍ വിപണിയിലെത്തിക്കുമെന്ന പ്രഖ്യാപനം സര്‍ക്കാര്‍ യാഥാര്‍ഥ്യമാക്കിക്കഴിഞ്ഞു. നെല്‍ക്കര്‍ഷകരുടെ പ്രതിസന്ധിക്ക് പരിഹാരം കാണാന്‍ നെല്ലിന്റെ സംഭരണവില സര്‍ക്കാര്‍ കിലോയ്ക്ക് 19 രൂപയാക്കി. ഇത് 20 രൂപ ആക്കാന്‍ ആലോചനയുണ്ട്. ഇപ്പോള്‍ 19 രൂപയ്ക്ക് സംഭരിക്കുന്ന നെല്ലിന് 13.20 രൂപയാണ് കേന്ദ്രം നല്‍കുന്നത്. ഓരോ കിലോയ്ക്കും സംസ്ഥാനസര്‍ക്കാര്‍ 5.80 രൂപ സബ്‌സിഡി നല്‍കുന്നുണ്ട്. 

ചടങ്ങില്‍ കൃഷിമന്ത്രി കെ.പി. മോഹനന്‍ അധ്യക്ഷനായി. കുടുംബശ്രീയുടെ ബ്രാന്‍ഡ് അംബാസഡര്‍ നടി മഞ്ജു വാര്യര്‍ മുഖ്യാതിഥിയായിരുന്നു. നീരയുടെ വിപണനോദ്ഘാടനവും 'കേരകര്‍ഷക'ന്റെ 60ാം വാര്‍ഷികപതിപ്പിന്റെ പ്രകാശനവും മുഖ്യമന്ത്രി നിര്‍വഹിച്ചു. കൃഷിവകുപ്പ് മുന്‍ ഡയറക്ടര്‍ ആര്‍. ഹേലി ആദ്യപ്രതി ഏറ്റുവാങ്ങി. പത്മശ്രീ ഡോ. വിശ്വനാഥന്‍ മെമ്മോറിയല്‍ നെല്‍ക്കതിര്‍ അവാര്‍ഡ് പാലക്കാട് കിണാശ്ശേരി പാടശേഖരക്കമ്മിറ്റിക്ക് മുഖ്യമന്ത്രി സമ്മാനിച്ചു. രണ്ടുലക്ഷം രൂപയാണ് അവാര്‍ഡ് തുക .
 
സ്വാഗതസംഘം ചെയര്‍മാന്‍ മന്ത്രി എം.കെ. മുനീര്‍ സ്വാഗതവും കൃഷി ഡയറക്ടര്‍ ആര്‍. അജിത്കുമാര്‍ നന്ദിയും പറഞ്ഞു. നേരത്തേ ക്രിസ്ത്യന്‍കോളേജ് ഗ്രൗണ്ടില്‍നിന്നാരംഭിച്ച ഘോഷയാത്രയില്‍ കാര്‍ഷികമേഖലയുടെ സവിശേഷത വിളംബരംചെയ്യുന്ന നിശ്ചല ദൃശ്യങ്ങളും സാംസ്‌കാരിക കലാരൂപങ്ങളും അണിനിരന്നു.

ഗാന്ധിജിയെ വിലയിരുത്തുമ്പോള്‍ മിതത്വം പുലര്‍ത്തണം -മുഖ്യമന്ത്രി

ഗാന്ധിജിയെ വിലയിരുത്തുമ്പോള്‍ മിതത്വം പുലര്‍ത്തണം -മുഖ്യമന്ത്രി

 

തിരുവനന്തപുരം: ഗാന്ധിജിയെ വിലയിരുത്തുമ്പോള്‍ മിതത്വവും മര്യാദയും പുലര്‍ത്തണമെന്ന് മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. ഗാന്ധിഭവനില്‍ പ്രൊഫ. എന്‍. രാധാകൃഷ്ണന്‍ നടത്തിയ 'ഗാന്ധിവിമര്‍ശനങ്ങളുടെ വിലയിരുത്തലുകളുടെ 120 വര്‍ഷങ്ങള്‍' ചര്‍ച്ചാപരമ്പരയുടെ സമാപന പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം.

2014, ഓഗസ്റ്റ് 15, വെള്ളിയാഴ്‌ച

മുഖ്യമന്ത്രിയുടെ സ്വാതന്ത്ര്യദിന സന്ദേശം

മുഖ്യമന്ത്രിയുടെ സ്വാതന്ത്ര്യദിന സന്ദേശം (video)

           15 August 2014


ക്യാന്‍സര്‍ ചികിത്സ സൗജന്യമാക്കും

 

 

 

സംസ്ഥാനത്ത് സര്‍ക്കാര്‍ ആശുപത്രികളില്‍ ക്യാന്‍സര്‍ ചികിത്സ സൗജന്യമാക്കുമെന്നും പാവപ്പെട്ടവര്‍ക്ക് അടുത്ത രണ്ടു വര്‍ഷംകൊണ്ട് 25,000 വീടുകള്‍ നിര്‍മിച്ചു നല്‍കുമെന്നും പ്രഖ്യാപിച്ച് സ്വാതന്ത്ര്യ ദിനാഘോഷ പരിപാടിയില്‍ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി 

അഞ്ചു ക്ഷേമ പദ്ധതികള്‍ സ്വാതന്ത്ര്യ ദിന സന്ദേശത്തില്‍ മുഖ്യമന്ത്രി പ്രഖ്യാപിച്ചു. സര്‍ക്കാര്‍ ആശുപത്രികളില്‍ കാന്‍സറിനുള്ള ചികിത്സ സൗജന്യമാക്കുമെന്നും കൂടുതല്‍ സ്ഥലങ്ങളിലേക്കു വ്യാപിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. എല്ലാ ജില്ലാ ആശുപത്രികളിലും കാന്‍സര്‍ ചികിത്സയ്ക്ക് പ്രത്യേക വിഭാഗം രൂപീകരിക്കും. സംസ്ഥാന കാന്‍സര്‍ സുരക്ഷാദൗത്യം- സുകൃതം എന്ന പേരില്‍ ഇതു നടപ്പാക്കും. പൊതു- സ്വകാര്യ പങ്കാളിത്തത്തോടെയാകും ഫണ്ട് സമാഹരണം. പാവപ്പെട്ടവര്‍ക്ക് അടുത്ത രണ്ടു വര്‍ഷം കൊണ്ട് 25,000 വീട് നിര്‍മിച്ചു നല്‍കും. വന്‍കിട സ്ഥാപനങ്ങളുടെ സാമൂഹിക ഉത്തരവാദിത്വ ഫണ്ടും സംസ്ഥാന സര്‍ക്കാരിന്റെ സബ്‌സിഡിയും വിനിയോഗിച്ചാകും വീടുകള്‍ നിര്‍മിക്കുക. ഒരു വീടിന് മൂന്നു ലക്ഷം രൂപയാണു ചെലവു പ്രതീക്ഷിക്കുന്നത്.

കാഴ്ചവൈകല്യമുള്ള കോളജ് വിദ്യാര്‍ഥികള്‍ക്കു ലാപ് ടോപ്പുകള്‍, മൊബൈല്‍ ആപ്ലിക്കേഷനുകള്‍ എന്നിവയടക്കം ആധുനിക സാങ്കേതികവിദ്യകള്‍ സൗജന്യമായി നല്‍കും. കാഴ്ചവൈകല്യമുള്ള എല്ലാവര്‍ക്കും ഉപയോഗിക്കാവുന്ന രീതിയില്‍ ഇന്ററാക്ടിവ് വെബ് പോര്‍ട്ടലുകള്‍ തുടങ്ങും. സര്‍ക്കാര്‍ വെബ് പോര്‍ലുകള്‍ ഇവര്‍ക്ക് ഉപയോഗിക്കാവുന്ന രീതിയില്‍ പരിഷ്‌കരിക്കും. കാഴ്ച വൈകല്യമുള്ളവര്‍ക്കുവേണ്ടിയുള്ള അസിസ്റ്റിവ് സാങ്കേതികവിദ്യ വികസിപ്പിക്കാന്‍ പ്രോത്സാഹനം നല്‍കും.

മൂന്നു വര്‍ഷത്തിനകം സംസ്ഥാനത്തെ മുഴുവന്‍ പേരെയും ഇ-സാക്ഷരരാക്കുന്ന പദ്ധതി തുടങ്ങും. അക്ഷയ വഴിയാകും ഇതു നടപ്പാക്കുന്നത്. ഗുണമേന്മയിലും വിലക്കുറവിലും ഉച്ചഭക്ഷണം നല്‍കുന്ന പദ്ധതിക്കു തുടക്കംകുറിക്കും. ആദ്യ ഘട്ടത്തില്‍ തിരുവനന്തപുരത്താകും ഇത്. പിന്നീടു മറ്റു സ്ഥലങ്ങളിലേക്കു വ്യാപിപ്പിക്കും. ഒക്ടോബര്‍ രണ്ടിനു മുന്‍പ് ഈ പദ്ധതികള്‍ നടപ്പാക്കുമെന്നും മുഖ്യമന്ത്രി 

2014, ഓഗസ്റ്റ് 13, ബുധനാഴ്‌ച

കുടുംബശ്രീയുടെ നേട്ടം ചരിത്രത്തിലെ നാഴികക്കല്ല് –മുഖ്യമന്ത്രി

കുടുംബശ്രീയുടെ നേട്ടം ചരിത്രത്തിലെ നാഴികക്കല്ല് 

തിരുവനന്തപുരം: കുടുംബശ്രീയുടെ നേട്ടം കേരളചരിത്രത്തിലെ നാഴികക്കല്ലാണെന്നും സ്ത്രീശാക്തീകരണത്തിന്‍െറ പര്യായമായി അതിന് വളരാന്‍ സാധിച്ചത് അഭിമാനകരമാണെന്നും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി.

കുടുംബശ്രീയുടെ 16ാം സംസ്ഥാന വാര്‍ഷിക സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്തിന്‍െറ സ്വപ്നപദ്ധതിയായ ‘ആശ്രയ’ ലക്ഷ്യപ്രാപ്തിയിലത്തെിക്കാന്‍ കഴിഞ്ഞത് കുടുംബശ്രീ പ്രവര്‍ത്തകരുടെ സഹകരണം കൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു.

കുടുംബശ്രീക്ക് സാങ്കേതികവിദ്യയുടെ സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്താന്‍ ഐ.ടി വകുപ്പിന്‍െറ സാഹായം ലഭ്യമാക്കുമെന്ന് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു. ലോകത്തിന് മാതൃകയായ കേരള മോഡല്‍ പ്രാവര്‍ത്തികമാക്കാന്‍ കുടുംബശ്രീ നിസ്തുലസംഭാവനകളാണ് നല്‍കിയതെന്ന് മന്ത്രി കെ.എം. മാണി പറഞ്ഞു. സ്ത്രീ സുരക്ഷക്കായി ആഭ്യന്തരവകുപ്പ് ആവിഷ്കരിക്കുന്ന ‘നിര്‍ഭയ’ പദ്ധതിയില്‍ കുടുംബശ്രീയെ പങ്കാളിയാക്കുമെന്ന് മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. അധികാരവികേന്ദ്രീകരണം എന്നാല്‍ എന്തെന്ന് ജനം അറിഞ്ഞത് കുടുംബശ്രീയിലൂടെയാണെന്ന് മന്ത്രി എം.കെ. മുനീര്‍ അഭിപ്രായപ്പെട്ടു.

എന്‍ജിനിയറിങ് പ്രവേശത്തിലെ അനിശ്ചിതത്വം അവസാനിപ്പിക്കും- മുഖ്യമന്ത്രി

എന്‍ജിനിയറിങ് പ്രവേശത്തിലെ അനിശ്ചിതത്വം അവസാനിപ്പിക്കും- മുഖ്യമന്ത്രി

 

 


വെന്നിമല (കോട്ടയം): സ്വാശ്രയ എന്‍ജിനിയറിങ് കോളേജിലെ പ്രവേശം സംബന്ധിച്ചുള്ള അനിശ്ചിതത്വം അവസാനിപ്പിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. എസ്.എന്‍.ഡി.പി.യോഗം കോട്ടയം യൂണിയന്റെ കീഴിലുള്ള വെന്നിമല ഗുരുദേവ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സയന്‍സ് ആന്‍ഡ് ടെക്‌നോളജിയിലെ പി.ജി.ബ്ലോക്കിന്റെയും എം.ടെക് കോഴ്‌സുകളുടെയും ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
 
കേരളത്തിലെ കോളേജുകളില്‍ ആവശ്യത്തിലേറെ സീറ്റുണ്ടെന്നതല്ല പ്രശ്‌നം. ഇവിടെ കുട്ടികള്‍ക്ക് പ്രവേശം കിട്ടുമോ എന്ന സംശയം രക്ഷിതാക്കളെ അലട്ടുന്നതാണ്. അതുകൊണ്ട് അന്യസംസ്ഥാനത്തെ ആശ്രയിക്കുകയാണിപ്പോഴും. ഈ വര്‍ഷത്തെകൂടി അനുഭവങ്ങള്‍ വച്ച് പ്രവേശത്തിന് സ്ഥിരം സംവിധാനം ഉണ്ടാക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. കുറഞ്ഞ കാലംകൊണ്ട് മികച്ച എന്‍ജിനിയറിങ് കോളേജായും പാരമ്പര്യമുള്ള കോളേജുകളെക്കാള്‍ വിപുലമായ സൗകര്യങ്ങളുമൊരുക്കിയ ജിസാറ്റ് എല്ലാവരും പ്രതീക്ഷയോടെ ഉറ്റുനോക്കുന്ന സ്ഥാപനമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കോളേജ് ഡയറക്ടര്‍ എ.ജി.തങ്കപ്പന്‍ അധ്യക്ഷത വഹിച്ചു. 

അഭിപ്രായവ്യത്യാസങ്ങള്‍ സ്വാഭാവികം; പാര്‍ട്ടിയും സര്‍ക്കാരും ഒറ്റക്കെട്ടെന്ന് മുഖ്യമന്ത്രി

അഭിപ്രായവ്യത്യാസങ്ങള്‍ സ്വാഭാവികം; പാര്‍ട്ടിയും സര്‍ക്കാരും ഒറ്റക്കെട്ടെന്ന് മുഖ്യമന്ത്രി

 

തിരുവനന്തപുരം : അഭിപ്രായവ്യത്യാസങ്ങളുണ്ടെങ്കിലും പാര്‍ട്ടിയും സര്‍ക്കാരും ഒരുമിച്ച് പോകുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. 

അഭിപ്രായവ്യത്യാസങ്ങള്‍ ജനാധിപത്യ വ്യവസ്ഥിതിയില്‍ സാധാരണമാണ്. എന്നാല്‍ കേരളത്തിലെ സര്‍ക്കാരും പാര്‍ട്ടിയും ഐക്യത്തില്‍ തന്നെ മുന്നോട്ടുപോകും. സോണിയാ ഗാന്ധിയെ സാക്ഷിനിര്‍ത്തി കോണ്‍ഗ്രസ് നേതൃയോഗത്തിലായിരുന്നു മുഖ്യമന്ത്രിയുടെ ഈ പ്രഖ്യാപനം. പ്രവര്‍ത്തകര്‍ ഈ വാക്കുകള്‍ കൈയടിയോടെയാണ് സ്വീകരിച്ചത്. 

തോല്‍വിയിലും ജയത്തിലും കേരളത്തിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സോണിയാഗാന്ധിക്കും ദേശീയ നേതൃത്വത്തിനുമൊപ്പം നില്‍ക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. 

കോണ്‍ഗ്രസ് സര്‍ക്കാരിന്റെ നയങ്ങളെ എതിര്‍ത്തവര്‍ ഇപ്പോള്‍ അത് പിന്തുടരുന്നു. അവരുടെ ഇരട്ടത്താപ്പാണ് ഇത് പ്രകടമാക്കുന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഏതാനും സീറ്റുകള്‍കൂടി യു.ഡി.എഫ് പ്രതീക്ഷിച്ചിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. 

2014, ഓഗസ്റ്റ് 8, വെള്ളിയാഴ്‌ച

പട്ടികജാതി-പട്ടികവര്‍ഗ പ്രത്യേക നിയമനം: നടപടികള്‍ വേഗത്തിലാക്കണം

പട്ടികജാതി-പട്ടികവര്‍ഗ പ്രത്യേക നിയമനം: നടപടികള്‍ വേഗത്തിലാക്കണം

 

തിരുവനന്തപുരം: പട്ടികജാതി-പട്ടികവര്‍ഗ വിഭാഗക്കാര്‍ക്കായി പ്രത്യേക നിയമനത്തിന് അപേക്ഷ ക്ഷണിക്കുമ്പോള്‍ അപേക്ഷകരുടെ എണ്ണം തസ്തികകളേക്കാള്‍ കുറവാണെങ്കില്‍ ഒരു മാസത്തിനുള്ളില്‍ നിയമന നടപടികള്‍ പൂര്‍ത്തിയാക്കണമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിര്‍ദ്ദേശിച്ചു. 

സര്‍ക്കാര്‍ നിയമനങ്ങളില്‍ പട്ടികജാതി-പട്ടികവര്‍ഗ വിഭാഗക്കാരുടെ കുടിശ്ശികയായ നിയമനങ്ങള്‍ നികത്തുന്നതിലെ പുരോഗതി വിലയിരുത്താന്‍ വകുപ്പുതലവന്‍മാരുടെ യോഗത്തില്‍ അധ്യക്ഷത വഹി കയായിരുന്നു അദ്ദേഹം. ഒഴിവുള്ള തസ്തികകളേക്കാള്‍ അപേക്ഷകര്‍ കൂടുതലാണെങ്കില്‍ ഒരു വര്‍ഷത്തിനകം നിയമന ഉത്തരവു നല്‍കി തസ്തിക നികത്തണമെന്നും മുഖ്യമന്ത്രി പറഞ്ഞു. 

ഏതെങ്കിലും തസ്തികയ്ക്കായി മൂന്നുതവണ അപേക്ഷ ക്ഷണിച്ചിട്ടും അപേക്ഷകര്‍ എത്തുന്നില്ലെങ്കില്‍ തസ്തിക ഡീകാറ്റഗറൈസ് ചെയ്യണം. പി.എസ്.സി. റാങ്ക് ലിസ്റ്റില്‍നിന്ന് നിയമനം നേടാതിരിക്കുന്ന തസ്തികകള്‍ സംബന്ധിച്ച വിവരവും അടിയന്തരമായി അറിയിക്കാന്‍ വകുപ്പുതലവന്‍മാര്‍ ജാഗ്രത കാട്ടണമെന്നും മുഖ്യമന്ത്രി പറഞ്ഞു. പട്ടികജാതി-പട്ടികവര്‍ഗ വിഭാഗക്കാര്‍ക്കായുള്ള പ്രത്യേക നിയമന നടപടികള്‍ വേഗത്തിലാക്കുന്നതിന് തയ്യാറാക്കുന്ന സോഫ്‌റ്റ്വെയറിന്റെ ആദ്യഘട്ടം പൂര്‍ത്തിയായതായി എന്‍.ഐ.സി. അധികൃതര്‍ മുഖ്യമന്ത്രിയെ അറിയിച്ചു. ബന്ധപ്പെട്ട എം.എല്‍.എ. മാരുടെ കൂടി അഭിപ്രായമാരാഞ്ഞശേഷം സോഫ്‌റ്റ്വെയറിന് അനുമതി നല്‍കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

2014, ഓഗസ്റ്റ് 4, തിങ്കളാഴ്‌ച

കാന്‍സര്‍ ചികിത്സ പൂര്‍ണമായും സൗജന്യമാക്കും

കാന്‍സര്‍ ചികിത്സ പൂര്‍ണമായും സൗജന്യമാക്കും- മുഖ്യമന്ത്രി
 
തിരുവനന്തപുരം: അര്‍ബുദരോഗ ചികിത്സ പൂര്‍ണമായും സൗജന്യമാക്കുന്ന കാര്യം സര്‍ക്കാരിന്റെ പരിഗണനയിലുണ്ടെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. രാജ്യാന്തരതലത്തില്‍ ലഭ്യമാകുന്ന മെച്ചപ്പെട്ട ചികിത്സ ഇപ്പോള്‍ കേരളത്തില്‍ ലഭ്യമാകുന്നുണ്ട്. ഇത് എല്ലാകുടുംബങ്ങള്‍ക്കും പ്രാപ്യമാക്കുകയെന്നതാണ് സര്‍ക്കാരിന്റെ ലക്ഷ്യം. വിദ്യാഭ്യാസ- ആരോഗ്യരംഗങ്ങളില്‍ കേരളത്തെ അന്തര്‍ദേശീയ ഡെസ്റ്റിനേഷന്‍ സെന്ററാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഇറാക്കില്‍ നിന്നെത്തിയ നഴ്‌സുമാരില്‍ 23 പേര്‍ക്ക് ജോലി നല്‍കിക്കൊണ്ടുള്ള എന്‍.എം.സി. ഹെല്‍ത്ത് കെയര്‍ ഗ്രൂപ്പിന്റെ കത്ത് കൈമാറിക്കൊണ്ട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ചടങ്ങ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു.

ഇറാക്കില്‍ നിന്നെത്തിയ നഴ്‌സുമാരുടെ ബാങ്ക് വായ്പകള്‍ക്ക് പലിശയിളവ് ആവശ്യപ്പെട്ടിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് ആഗസ്ത് എട്ടിന് യോഗം വിളിച്ചിട്ടുണ്ട്. സംഘര്‍ഷബാധിതമായ ലിബിയയില്‍നിന്ന് മടങ്ങിയെത്തുന്നവര്‍ക്കും ജോലി ലഭ്യമാക്കുന്നതിനുള്ള സൗകര്യമൊരുക്കും. നോര്‍ക്കയില്‍ രജിസ്റ്റര്‍ ചെയ്യുന്നവരുടെ എണ്ണം കൂടുകയാണ്. ഇവരെയെല്ലാം പുനരധിവസിപ്പിക്കുന്നതിന് സര്‍ക്കാര്‍ മുന്‍കൈയെടുക്കും. യുക്രൈനില്‍ ഉന്നതവിദ്യാഭ്യാസത്തിന് പോയ 400 വിദ്യാര്‍ത്ഥികളെ തിരിച്ചെത്തിച്ചു. ഉന്നത വിദ്യാഭ്യാസത്തിനുള്ള സൗകര്യം കേരളത്തില്‍ തന്നെ ലഭ്യമാക്കിയിരുന്നെങ്കില്‍ ഇത്തരം സാഹചര്യങ്ങളൊഴിവാക്കാമായിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
 

യൂത്ത്‌കോണ്‍ഗ്രസ് പ്രതാപം തിരിച്ചുപിടിക്കണം

യൂത്ത്‌കോണ്‍ഗ്രസ് പ്രതാപം തിരിച്ചുപിടിക്കണം -ഉമ്മന്‍ചാണ്ടി

 

പാലാ: യൂത്ത് കോണ്‍ഗ്രസ് പഴയ പ്രതാപത്തിലേക്ക് തിരിച്ചുവരണമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. രണ്ടുദിവസമായി ഇടമറ്റം ഓശാന മൗണ്ടില്‍ നടന്നുവന്ന യൂത്ത് കോണ്‍ഗ്രസ് കോട്ടയം പാര്‍ലമെന്റ് മണ്ഡലം പഠനക്യാമ്പിന്റെ സമാപനസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 

1970കളില്‍ ദേശീയരാഷ്ട്രീയത്തെപ്പോലും സ്വാധീനിക്കാന്‍ തക്ക പ്രാധാന്യം യൂത്ത് കോണ്‍ഗ്രസ്സിനുണ്ടായിരുന്നു. ജനകീയപ്രശ്‌നങ്ങളില്‍ നിരന്തരം ഇടപെടുന്നതായിരുന്നു അന്നത്തെ പ്രവര്‍ത്തനരീതി. കോണ്‍ഗ്രസ് പാര്‍ട്ടിക്ക് തിരഞ്ഞെടുപ്പ് പരാജയം പുതുമയല്ല. പരാജയങ്ങളില്‍നിന്ന് പാഠമുള്‍ക്കൊണ്ട് വിജയത്തിലേക്ക് തിരികെവരുന്നതാണ് പാര്‍ട്ടിയുടെ പാരമ്പര്യം. 

തോല്‍വിയുടെ കാരണം കണ്ടെത്തി പരിഹരിക്കണം. ജനങ്ങളോട് തോല്‍വിയുടെ പേരില്‍ യുദ്ധം പ്രഖ്യാപിക്കരുതെന്നും അദ്ദേഹം പറഞ്ഞു. സമ്മേളനത്തില്‍ കോണ്‍ഗ്രസ് നേതാക്കളായ എം.എം.ഹസ്സന്‍, എം.എം.ജേക്കബ്, ആന്റോ ആന്റണി എം.പി., യൂത്ത് കോണ്‍ഗ്രസ് നേതാക്കളായ ഡീന്‍ കുര്യാക്കോസ്, മാത്യു, ജോബി അഗസ്റ്റ്യന്‍, ചിന്തുകുര്യന്‍ ജോയി, സിജോ ജോസഫ്, ജോബോയ് ജോര്‍ജ്, ഐ.എന്‍.ടി.യു.സി. നേതാവ് തോമസ് കല്ലാടന്‍ എന്നിവര്‍ പ്രസംഗിച്ചു. 

2014, ഓഗസ്റ്റ് 3, ഞായറാഴ്‌ച

മുഖ്യമന്ത്രി ഇടപെട്ടു; കീര്‍ത്തനയ്ക്ക് എന്‍.ഐ.ടി.യില്‍ പഠിക്കാം.

മുഖ്യമന്ത്രി ഇടപെട്ടു; കീര്‍ത്തനയ്ക്ക് എന്‍.ഐ.ടി.യില്‍ പഠിക്കാം.

തിരുവനന്തപുരം: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഇടപെട്ടു; കീര്‍ത്തന തിങ്കളാഴ്ച കോഴിക്കോട് എന്‍.ഐ.ടി. യില്‍ പഠിക്കാന്‍ ചേരും. 

തിരുവനന്തപുരം സ്വദേശിനിയായ കീര്‍ത്തന ബിരുദാനന്തര ബിരുദത്തിന് ദേശീയതലത്തില്‍ നടത്തിയ പരീക്ഷയില്‍ ആറാം റാങ്കോടെയാണ് ഒ.ബി.സി. വിഭാഗത്തില്‍ പാസായത്. തുടര്‍ന്ന് ജൂണ്‍ 25ന് പ്രവേശനത്തിന് കോഴിക്കോട് എന്‍.ഐ.ടി. യില്‍ ചെന്നു. എന്നാല്‍ ജാതി സര്‍ട്ടിഫിക്കറ്റിന്റെ ആറുമാസ കാലാവധി കഴിഞ്ഞെന്ന കാരണം പറഞ്ഞ് കോളജ് അധികൃതര്‍ പ്രവേശനം നല്‍കാതെ മടക്കി. 
അന്ന് നാലുമണിയ്ക്കകം പുതിയ ജാതി സര്‍ട്ടിഫിക്കറ്റ് തിരുവനന്തപുരത്തുനിന്ന് ഫാക്‌സ് ചെയ്ത് ഹാജരാക്കാമെന്നുപറഞ്ഞെങ്കിലും ബന്ധപ്പെട്ടവര്‍ നിരസിച്ചു. തുടര്‍ന്ന് കീര്‍ത്തന വിവരം മുഖ്യമന്ത്രിയെ അറിയിച്ചു. 

മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് കോഴിക്കോട് എന്‍.ഐ.ടി. അധികൃതരോട് ഇതേക്കുറിച്ച് സംസാരിച്ചെങ്കിലും അവര്‍ പ്രവേശനം നല്‍കാന്‍ തയാറായില്ല. ജൂലായ് 24ന് ഡല്‍ഹിയിലേക്ക് പോയ മുഖ്യമന്ത്രി കേന്ദ്ര മാനവ വിഭവ ശേഷി വകുപ്പു മന്ത്രി സ്മൃതി ഇറാനിയുമായി നടത്തിയ ചര്‍ച്ചകളില്‍ കീര്‍ത്തനയുടെ കാര്യവും അവതരിപ്പിച്ചു. 

തുടര്‍ന്ന് ആഗസ്ത് ഒന്നാം തീയതി കേന്ദ്രമന്ത്രാലയത്തില്‍ നിന്ന് എന്‍.ഐ.ടി കളുടെ കൗണ്‍സില്‍ അധ്യക്ഷന്‍ കോഴിക്കോട് എന്‍.ഐ.ടി ഡയറക്ടര്‍ക്ക് അയച്ച ഫാക്‌സ് സന്ദേശത്തില്‍ കീര്‍ത്തനയ്ക്ക് സൂപ്പര്‍ ന്യൂമററിയായി ഒരു സീറ്റ് സൃഷ്ടിച്ച് ഒ.ബി.സി. (നോണ്‍-ക്രീമിലെയര്‍) വിഭാഗത്തില്‍ എം.എസ്സി. ഫിസിക്‌സിന് പ്രവേശനം നല്‍കാന്‍ നിര്‍ദേശം നല്‍കി. 

ഇത് ഒരു ഒറ്റത്തവണ നടപടിയാണെന്നും കീഴ്വഴക്കമായി കാണരുതെന്നും നിര്‍ദേശിച്ചിട്ടുണ്ട്. 
എ.ആര്‍.ക്യാമ്പിലെ സ്വീപ്പറാണ് കീര്‍ത്തനയുടെ അമ്മ. അച്ഛന്‍ നേരത്തെ മരിച്ചു. സഹോദരന്‍ ഇപ്പോള്‍ എം.ബി.എ. പഠനം പൂര്‍ത്തിയാക്കി. 
 

കപ്പലില്‍ കുടുങ്ങിയ മലയാളികളെ ഉടന്‍ രക്ഷിക്കും

കപ്പലില്‍ കുടുങ്ങിയ മലയാളികളെ ഉടന്‍ രക്ഷിക്കും- മുഖ്യമന്ത്രി

കോഴിക്കോട്: ദുബായില്‍ നങ്കൂരമിട്ട കപ്പലില്‍ മാസങ്ങളോളമായി കുടുങ്ങിക്കിടക്കുന്ന മലയാളികളെ രക്ഷിക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചതായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അറിയിച്ചു. കെ.പി.സി.സി. സെക്രട്ടറി അഡ്വ. കെ. പ്രവീണ്‍കുമാറിനെ ശനിയാഴ്ച രാത്രി മുഖ്യമന്ത്രി അറിയിച്ചതാണിത്.

ഇന്ത്യയില്‍ നിന്ന് ദുബായ് ഡ്രൈഡോക്കിലേക്ക് അറ്റകുറ്റപ്പണികള്‍ക്കായി കൊണ്ടുവന്ന ചരക്കുകപ്പലുകളായ മഹര്‍ഷി ദേവത്രയ, മഹര്‍ഷി ഭാവത്രയ എന്നിവയില്‍ കുടുങ്ങിപ്പോയ മലയാളികളുടെ വാര്‍ത്ത ശനിയാഴ്ച 'മാതൃഭൂമി' പ്രസിദ്ധീകരിച്ചിരുന്നു. സംഭവം അഡ്വ. പ്രവീണ്‍കുമാര്‍ ശ്രദ്ധയില്‍പ്പെടുത്തിയതിനെത്തുടര്‍ന്ന് മുഖ്യമന്ത്രി യു.എ.ഇ.യിലെ ഇന്ത്യന്‍ അംബാസഡര്‍, കേന്ദ്രവിദേശകാര്യമന്ത്രി സുഷമാ സ്വരാജ് എന്നിവരുമായി സംസാരിച്ചു. ഇതേത്തുടര്‍ന്നാണ് കപ്പലില്‍ കുടുങ്ങിപ്പോയവരെ രക്ഷിക്കാനുള്ള വഴി തുറന്നത്. ഇതുസംബന്ധിച്ച് സുഷമാസ്വരാജ് യു.എ.ഇ.യിലെ ഇന്ത്യന്‍ അംബാസഡര്‍ക്ക് നിര്‍ദേശം നല്‍കിയതായും മുഖ്യമന്ത്രി അറിയിച്ചു.

നിര്‍മാണമേഖലയിലെ സ്തംഭനാവസ്ഥ: തിങ്കളാഴ്ച പ്രത്യേകയോഗം ചേരുമെന്ന് മുഖ്യമന്ത്രി

നിര്‍മാണമേഖലയിലെ സ്തംഭനാവസ്ഥ: തിങ്കളാഴ്ച പ്രത്യേകയോഗം ചേരുമെന്ന് മുഖ്യമന്ത്രി

പാലക്കാട്: സംസ്ഥാനത്തെ നിര്‍മാണമേഖലയിലെ സ്തംഭനാവസ്ഥയെക്കുറിച്ച് പഠിക്കാനും പരിഹാരനടപടികളെക്കുറിച്ച് ആലോചിക്കാനുമായി ബന്ധപ്പെട്ടവരുടെ യോഗം തിങ്കളാഴ്ച വിളിച്ചുചേര്‍ക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. പാലക്കാട് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി ഓഫീസില്‍ ഡി.സി.സി. നിര്‍വാഹകസമിതി യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്ത് ഉദ്യോഗസ്ഥര്‍ ധൈര്യപൂര്‍വം തീരുമാനങ്ങളെടുക്കാന്‍ മടിക്കുന്ന സാഹചര്യം ഉണ്ടായിട്ടുണ്ട്. പാരിസ്ഥിതികപ്രശ്‌നങ്ങളുമായി ബന്ധപ്പെട്ടാണ് ഇത് കൂടുതല്‍. ആദിവാസിമേഖലയായ അട്ടപ്പാടിയില്‍ രണ്ട് മാസത്തിനുള്ളില്‍ പൊതുജനസമ്പര്‍ക്ക പരിപാടി നടത്തുമെന്ന് സന്ദര്‍ശിച്ച ആദിവാസിസംഘടനാപ്രതിനിധികളോട് മുഖ്യമന്ത്രി പറഞ്ഞു. 
പാര്‍ട്ടിയും ജനങ്ങളും സര്‍ക്കാരും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്താന്‍ ജില്ലാ നിര്‍വാഹകസമിതി യോഗം സഹായകമാവുന്നതായി മുഖ്യമന്ത്രി പറഞ്ഞു. അടിത്തട്ടില്‍ പാര്‍ട്ടി ജനങ്ങളുമായി അകലുന്നതാണ് തിരഞ്ഞെടുപ്പുകളിലെ മങ്ങിയ പ്രകടനങ്ങള്‍ക്ക് കാരണമെന്നും അദ്ദേഹം സൂചിപ്പിച്ചു. മറ്റ് ജില്ലകളിലും ഇത്തരം യോഗങ്ങള്‍ വിളിച്ചുചേര്‍ക്കും. ചുരുങ്ങിയത് രണ്ട് മണിക്കൂറെങ്കിലും ഇതില്‍ പങ്കെടുക്കാനാവുംവിധമാണ് തീയതി നിശ്ചയിക്കുക. ഭരണപരമായ വീഴ്ചകളും പരാതികളും മാത്രമാവും ഇത്തരം യോഗങ്ങളില്‍ ചര്‍ച്ചചെയ്യുക. പരാതികളുണ്ടെങ്കില്‍ അത് പരിഹരിക്കാന്‍ നടപടിയുണ്ടാവുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
 

പ്ലസ്ടു: ഉത്തരവാദിത്വം എനിക്കും ക്യാബിനറ്റിനും

പ്ലസ്ടു: ഉത്തരവാദിത്വം എനിക്കും ക്യാബിനറ്റിനും -മുഖ്യമന്ത്രി

ഒരു മന്ത്രിയെ മാത്രം കുറ്റപ്പെടുത്തരുത്

തൃശ്ശൂര്‍: അധിക പ്ലസ്ടു ബാച്ചുകള്‍ അനുവദിച്ചതിന്റെ പൂര്‍ണ്ണ ഉത്തരവാദിത്വം തനിക്കും ക്യാബിനറ്റിനുമാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. ഉത്തരവാദിത്വം ഏതെങ്കിലും ഒരു മന്ത്രിക്കു മാത്രമല്ലെന്നും അദ്ദേഹം വ്യക്തമാക്കി. വനഗവേഷണകേന്ദ്രത്തിലെത്തിയ അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു.

പ്ലസ്ടു വിഷയത്തില്‍ തെറ്റുകള്‍ എന്തെങ്കിലും സംഭവിച്ചിട്ടുണ്ടെങ്കില്‍ അതു ചൂണ്ടിക്കാണിക്കണം. നല്ല ഒരു പദ്ധതിയെ അട്ടിമറിക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നത്. ഇപ്പോഴത്തെ ശ്രമം വിജയിച്ചാല്‍ എല്ലാ ഹൈസ്‌കൂളുകള്‍ക്കും പ്ലസ്ടു നല്‍കുന്ന കാര്യം ആലോചിക്കും -മുഖ്യമന്ത്രി പറഞ്ഞു.
 
രാഷ്ട്രപിതാവിനെ അപമാനിക്കുന്നതോ വിലകുറച്ചുകാണുന്നതോ അംഗീകരിക്കാനാവില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. അരുന്ധതിറോയിക്കെതിരെ കേസ് എടുത്തതിനെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഇതു എതെങ്കിലും വ്യക്തിയുടേതോ രാഷ്ട്രീയ പാര്‍ട്ടിയുെടയോ പ്രശ്‌നമല്ല. രാജ്യത്തിന്റെ നിലപാടാണ്- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
 
വര്‍ഷക്കാലക്കെടുതികള്‍ നേരിടാന്‍ വേണ്ട എല്ലാ സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്. കളക്ടര്‍മാര്‍ക്ക് ജാഗ്രതാനിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ദുരിതാശ്വാസ ക്യാമ്പുകള്‍ തുറക്കേണ്ട സ്ഥിതി ഉണ്ടായിട്ടില്ല. സൗജന്യ റേഷന്‍ നല്‍കുന്നത് ആലോചിക്കും- മുഖ്യമന്ത്രി അറിയിച്ചു.
 

കുട്ടിപ്പോലീസിന് മുഖ്യന്റെ പിറന്നാള്‍മധുരം

കുട്ടിപ്പോലീസിന് മുഖ്യന്റെ പിറന്നാള്‍മധുരം

തൃശ്ശൂര്‍: കുട്ടിപ്പോലീസ് സേനയ്ക്ക് പിറന്നാള്‍മധുരം നല്‍കാന്‍ മുഖ്യമന്ത്രി തന്നെ എത്തി. തൃശ്ശൂര്‍ ജില്ലയിലെ ഏറ്റവും നല്ല സ്റ്റുഡന്റ് പോലീസ് യൂണിറ്റായ പീച്ചി ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന ചടങ്ങിലാണ് മുഖ്യമന്ത്രി പിറന്നാള്‍ കേക്ക് മുറിച്ചത്. എസ്.പി.സി. സിറ്റിയുടെ അഞ്ചാം പിറന്നാള്‍ ആഘോഷമായിരുന്നു ചടങ്ങ്.

പിറന്നാള്‍മധുരം എസ്.പി.സി. കേഡറ്റുകള്‍ക്ക് വിതരണം ചെയ്യുകയും ചെയ്തു. ബാന്‍ഡ്വാദ്യങ്ങളും മറ്റും ഒരുക്കിയായിരുന്നു വിദ്യാര്‍ത്ഥികള്‍ മുഖ്യനെ സ്വീകരിച്ചത്. മികച്ച എസ്.പി.സി. യൂണിറ്റിനുള്ള സമ്മാനദാനവും മുഖ്യമന്ത്രി നിര്‍വഹിച്ചു. കമ്മീഷണര്‍ പി. പ്രകാശ്, എസ്.പി.സി.ഐ. നോഡല്‍ ഓഫീസര്‍ ആരിഫ് മുഹമ്മദ് തുടങ്ങിയവരും പരിപാടിയില്‍ പങ്കെടുത്തു. എം.പി. വിന്‍സെന്റ് എം.എല്‍.എ. അധ്യക്ഷനായി.

പരിസ്ഥിതിസംരക്ഷണം മനുഷ്യത്വപരവും പ്രായോഗികവുമാകണം

പരിസ്ഥിതിസംരക്ഷണം മനുഷ്യത്വപരവും പ്രായോഗികവുമാകണം-മുഖ്യമന്ത്രി

 

 

തൃശ്ശൂര്‍: പരിസ്ഥിതിസംരക്ഷണം മനുഷ്യത്വപരവും പ്രായോഗികവുമാകണമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിലും തീരദേശനിയന്ത്രണങ്ങളിലും സര്‍ക്കാര്‍ നിലപാട് ഇതാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. പീച്ചി വനഗവേഷണകേന്ദ്രത്തില്‍ ഡിജിറ്റല്‍ ലൈബ്രറി, ഹോസ്റ്റല്‍, ക്യാറ്റ് അറ്റ് സ്‌കൂള്‍ പദ്ധതി എന്നിവയുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

തീരദേശനിയന്ത്രണങ്ങള്‍മൂലം വീടിന്റെ അറ്റകുറ്റപ്പണികള്‍പോലും നടത്താന്‍ സാധിക്കാത്ത നിലയിലാണ് തീരദേശവാസികള്‍. വനത്തോടു ചേര്‍ന്ന കൃഷിസ്ഥലങ്ങളില്‍ കാട്ടുമൃഗങ്ങളുടെ ശല്യം രൂക്ഷമായിരിക്കുകയാണിപ്പോള്‍.

തിരുവനന്തപുരത്തെ ജവാഹര്‍ലാല്‍നെഹ്‌റു ട്രോപ്പിക്കല്‍ ബൊട്ടാണിക് ഗാര്‍ഡന്‍ ആന്‍ഡ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ട് കേന്ദ്രസര്‍ക്കാരിന് കൈമാറാനുള്ള നടപടികള്‍ അവസാനഘട്ടത്തിലാണ്. 

വനഗവേഷണകേന്ദ്രത്തിന്റെ നേട്ടങ്ങള്‍ ലോകത്തെ അറിയിക്കുന്നതില്‍ വിജയിച്ചോ എന്ന കാര്യം സംശയമാണ്. ഇവിടത്തെ ഗവേഷണസൗകര്യങ്ങള്‍ വേണ്ടവിധം ഉപയോഗിക്കുന്നില്ല. ഗവേഷണത്തിനായി മറ്റുപല സ്ഥലങ്ങളിലും പോകുന്ന സ്ഥിതിയും ഉണ്ട്- മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

2014, ഓഗസ്റ്റ് 1, വെള്ളിയാഴ്‌ച

പ്ലൂസ്ടുവിന് ഇനി ബാച്ചുകള്‍ തത്കാലം ആലോചനയിലില്ല

പ്ലൂസ്ടുവിന് ഇനി ബാച്ചുകള്‍ തത്കാലം ആലോചനയിലില്ല -മുഖ്യമന്ത്രി

തിരുവനന്തപുരം: പ്ലസ് ടുവിന് ഇനിയും ബാച്ചുകള്‍ അനുവദിക്കാന്‍ തത്കാലം ആലോചനയില്ലെന്ന് മന്ത്രിസഭാ യോഗത്തിനു ശേഷം മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. അനുവദിച്ചത് കൂടുതലായെന്നതിനോടൊപ്പം ഇനിയും വേണമെന്നും അഭിപ്രായം ഉയര്‍ന്നിട്ടുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. പ്ലസ് ടു ബാച്ചുകള്‍ അനുവദിക്കുന്നതില്‍ കോഴയുണ്ടെങ്കില്‍ അതിനുള്ള തെളിവ് കൊണ്ടുവരികയാണു വേണ്ടതെന്ന് മുഖ്യമന്ത്രി പറഞ്ഞു. കോഴയ്‌ക്കെതിരെ കേസെടുക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്‍ ഡി.ജി.പിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ചൂണ്ടിക്കാണിച്ചപ്പോള്‍ അദ്ദേഹം എന്തെല്ലാമാണ് ആവശ്യപ്പെടുന്നതെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. വിവാദങ്ങള്‍ ഉണ്ടാക്കി എല്ലാം ഇല്ലാതാക്കാനാണ് ചിലര്‍ ശ്രമിക്കുന്നത്. സോളാര്‍ വിവാദം ഉണ്ടായി. പക്ഷേ ഇതിന് കമ്മീഷനെ നിയോഗിച്ചപ്പോള്‍ തെളിവ് നല്‍കാന്‍ ആരുമുണ്ടായിരുന്നില്ല. പ്ലസ്ടു കോഴ്‌സ് അനുവദിച്ചതിലും വിവാദം ഉണ്ടാക്കാനാണ് ചിലര്‍ ശ്രമിക്കുന്നത്. പക്ഷേ അഴിമതി നടത്താന്‍ ആരെങ്കിലും ആഗ്രഹിച്ചാലും അത് നടക്കില്ലെന്ന് ഉറപ്പാക്കുന്ന പാക്കേജാണ് പ്ലസ് ടുവിന് സര്‍ക്കാര്‍ കൊണ്ടുവന്നിരിക്കുന്നത്. ഗസ്റ്റ് അധ്യാപകരെ നിയോഗിച്ചും അധ്യാപക ബാങ്കില്‍ നിന്ന് അധ്യാപകരെ കണ്ടെത്തിയുമാണ് ഈ പാക്കേജ്. ഏറ്റവും ചെലവ് കുറഞ്ഞ രീതിയിലാണ് ഇത് നടപ്പിലാക്കുന്നത്-മുഖ്യമന്ത്രി പറഞ്ഞു. എസ്.എന്‍.ഡി.പി യോഗം അപേക്ഷിച്ച എല്ലാ പ്ലസ് ടു ബാച്ചുകളും അനുവദിച്ചിട്ടുണ്ടെന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ താന്‍ കൂടി പങ്കെടുത്ത ചടങ്ങില്‍െവച്ച് പരസ്യമായി പറഞ്ഞിട്ടുണ്ട്. ഇതില്‍ അഴിമതിയില്ലെന്നും അദ്ദേഹം അന്ന് പറഞ്ഞു. തിരുവനന്തപുരത്തെ പ്രശസ്തമായ പട്ടം സെന്റ് മേരീസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന്റെ അപേക്ഷ പോലും പരിഗണിച്ചില്ലെന്ന് ചൂണ്ടിക്കാണിച്ചപ്പോള്‍ അവിടെ ഇതിനകം തന്നെ 14 ബാച്ചുകള്‍ ഉണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. പത്തു കുട്ടികളില്‍ താഴെ എണ്ണം വിദ്യാര്‍ത്ഥികളുള്ള വിദ്യാലയങ്ങള്‍ അടുത്ത വര്‍ഷം മതിയാക്കണമെന്നത് ഗൗരവമായി ആലോചിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

കുടുംബശ്രീയുടെ പ്രവര്‍ത്തനം നിശബ്ദവിപ്ലവം

കുടുംബശ്രീയുടെ പ്രവര്‍ത്തനം നിശബ്ദവിപ്ലവം: മുഖ്യമന്ത്രി

തിരുവനന്തപുരം: കുടുംബശ്രീയുടെ പ്രവര്‍ത്തനം നിശബ്ദവിപ്ലവമാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. കുടുംബശ്രീയുടെ ക്രഡിറ്റ് ലിങ്ക്ഡ് ഇന്‍ഷുറന്‍സ് പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. 

സ്ത്രീകളെ സ്വയംപര്യാപ്തരാക്കുന്നതിനുള്ള സ്ഥലം കൂടിയാണ് കുടുംബശ്രീ. സ്ത്രീകള്‍ക്ക് ലഭിക്കുന്ന ഓരോ രൂപയും കുടുംബത്തിന്റെ നന്മക്കായാണ് വിനിയോഗിക്കുന്നത്. അതുകൊണ്ടാണ് സര്‍ക്കാര്‍ കുടുംബശ്രീക്ക് ഏറ്റവും വലിയ പിന്തുണ നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു. 

ചടങ്ങില്‍ കുടുംബശ്രീയുടെ പദ്ധതിയില്‍ അംഗമായിരിക്കെ മരിച്ചവര്‍ക്കുള്ള ഡെത്ത് ക്ലെയിം മന്ത്രി കെ.എം. മാണി വിതരണം ചെയ്തു. കുടുംബശ്രീ രജിസ്‌ട്രേഷന് ഈടാക്കുന്ന പിഴ ഉപേക്ഷിക്കുമെന്ന് മന്ത്രി പറഞ്ഞു. കുടുംബശ്രീയുടെ വാര്‍ഷികം നടത്തുന്നതിന് ആവശ്യമായ തുക നല്‍കും. സ്ത്രീകള്‍ പണം ചെലവഴിക്കുന്നത് ചുരുക്കാനും സമ്പാദ്യശീലം വളര്‍ത്താനും കുടുംബശ്രീ സഹായിച്ചു. കുടുംബശ്രീയുടെ ഫണ്ട് ചെലവഴിക്കുന്നതിനുള്ള തടസങ്ങള്‍ നീക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. മന്ത്രി എം.കെ. മുനീര്‍ സ്ത്രീ സുരക്ഷാ ബീമാ യോജന പദ്ധതിയില്‍ അംഗങ്ങളായിട്ടുള്ളവരുടെ മക്കള്‍ക്കുള്ള സ്‌കോളര്‍ഷിപ്പ് വിതരണം ചെയ്തു.