UDF

2014, മേയ് 29, വ്യാഴാഴ്‌ച

വിദ്യാര്‍ത്ഥികള്‍ ഭാവിയിലെ തൊഴില്‍ ദാതാക്കളാകണം: മുഖ്യമന്ത്രി

വിദ്യാര്‍ത്ഥികള്‍ ഭാവിയിലെ തൊഴില്‍ ദാതാക്കളാകണം: മുഖ്യമന്ത്രി

 

കൊച്ചി: വിദ്യാര്‍ത്ഥികള്‍ ഭാവിയിലെ തൊഴില്‍ ദാതാക്കളായി മാറണമെന്നും ഇതിനുള്ള എല്ലാ പ്രോത്സാഹനവും സര്‍ക്കാര്‍ നല്‍കുമെന്നും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി . കെ. എം. ഇ. എ എഞ്ചിനീയറിംഗ് കോളേജിന്റെ എടത്തല കാമ്പസില്‍ പുതുതായി നിര്‍മിച്ച പോസ്റ്റ് ഗ്രാജ്വേറ്റ് ബ്ലോക്കിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. ഇന്നത്തെ തലമുറ തൊഴില്‍ അന്വേഷകരല്ല, തൊഴില്‍ ദാതാക്കളാണ്. ഇതിനായി സമൂഹവും സര്‍ക്കാരും അവസരങ്ങള്‍ തുറന്ന് തന്നിരിക്കുകയാണ്. ഇത് പരമാവധി പ്രയോജനപ്പെടുത്തണം. സര്‍ക്കാരിന്റെ വിദ്യാര്‍ത്ഥി സംരംഭകത്വനയപ്രകാരം സ്റ്റാര്‍ട്ട് അപ്പ് വില്ലേജുകളിലൂടെ പുതിയ സംരംഭകരെ സഹായിച്ചുകൊണ്ടിരിക്കുയാണ്. ആയിരത്തിലധികം പുതിയ ആശയങ്ങള്‍ പുതുതലമുറയില്‍നിന്ന് സംഭരിച്ചത് പരിഗണനയിലുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. സാമൂഹിക പ്രതിബദ്ധതയോടെ പ്രവര്‍ത്തിക്കുന്ന സാങ്കേതിക സ്ഥാപനമാണ് കെ. എം. ഇ. എ എഞ്ചിനീയറിംഗ് കോളേജെന്നും മുഖ്യമന്ത്രി എടുത്തു പറഞ്ഞു. 

ചടങ്ങില്‍ പൊതുമരാമത്ത് മന്ത്രി വി. കെ. ഇബ്രാഹിംകുഞ്ഞ് അധ്യക്ഷത വഹിച്ചു. മികവിന്റെ കേന്ദ്രമായി ഉയര്‍ത്തിക്കൊണ്ടുവരുന്ന കെ. എം. ഇ. എ എഞ്ചിനീയറിംഗ് കോളേജില്‍ സ്റ്റാര്‍ട്ട് അപ്പ് വില്ലേജ് പോലുള്ള നൂതന സംരംഭങ്ങള്‍ കൊണ്ടുവരുമെന്ന് കെ. എം. ഇ. എ എഞ്ചിനീയറിംഗ് കോളേജ് മാനേജ്‌മെന്റ് കമ്മിറ്റി ചെയര്‍മാന്‍ കൂടിയായ വി. കെ. ഇബ്രാഹിംകുഞ്ഞ് അറിയിച്ചു.