UDF

2014, മാർച്ച് 5, ബുധനാഴ്‌ച

നാല്‌പതോളം സ്‌പെഷ്യല്‍ സ്‌കൂളുകള്‍ എയ്ഡഡ് ആക്കും -

നാല്‌പതോളം സ്‌പെഷ്യല്‍ സ്‌കൂളുകള്‍ എയ്ഡഡ് ആക്കും - മുഖ്യമന്ത്രി



തിരുവനന്തപുരം: സംസ്ഥാനത്തെ മാനസികവെല്ലുവിളി നേരിടുന്ന കുട്ടികള്‍ക്കുള്ള 278 അംഗീകൃത സ്‌പെഷ്യല്‍ സ്‌കൂളുകളില്‍, 100 കുട്ടികളില്‍ കൂടുതലുള്ള നാല്പതോളം സ്‌പെഷ്യല്‍ സ്‌കൂളുകള്‍ എയ്ഡഡ് ആക്കാന്‍ തീരുമാനിച്ചതായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. ഇത്തവണ ബജറ്റിന്റെ മറുപടി പ്രസംഗത്തില്‍ ധനകാര്യമന്ത്രി ഇക്കാര്യം പ്രഖ്യാപിച്ചിരുന്നതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

278 സ്‌പെഷ്യല്‍ സ്‌കൂളുകളില്‍ ഒരെണ്ണം മാത്രമാണ് പൊതുമേഖലയിലുള്ളത്. ബാക്കി 277-ഉം സ്വകാര്യ മേഖലയിലുള്ളവയാണ്. എയ്ഡഡ് ആക്കാന്‍ സാധിക്കാത്ത സ്‌കൂളുകളിലെ അധ്യാപകര്‍ക്കും അനധ്യാപകര്‍ക്കും പ്രതിമാസം 1600 രൂപ അലവന്‍സായി നല്‍കാനും മന്ത്രിസഭ തീരുമാനിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.

സാമൂഹ്യനീതിവകുപ്പ് നടത്തുന്ന ബഡ്‌സ് സ്‌കൂളുകളിലും ഇതുപോലെ നൂറുകുട്ടികളില്‍ കൂടുതലുള്ള സ്‌കൂളുകള്‍ സര്‍ക്കാര്‍ പൂര്‍ണശമ്പളം നല്‍കുന്ന നിലയിലേക്ക് ഉയര്‍ത്തും-അദ്ദേഹം അറിയിച്ചു.

സാധാരണ കുട്ടികളുടെ വിദ്യാഭ്യാസം ഹയര്‍ സെക്കന്‍ഡറിതലം വരെ പൂര്‍ണമായും സൗജന്യമാണ്. എന്നാല്‍, മാനസികവെല്ലുവിളി നേരിടുന്ന കുട്ടികളുടെ വിദ്യാഭ്യാസം സൗജന്യമാക്കാന്‍ ഇതുവരെ സാധിച്ചിട്ടില്ല. അത് വിദ്യാഭ്യാസരംഗത്തെ വീഴ്ചയാണ്. ആ കുറവ് പരിഹരിക്കണമെന്ന ലക്ഷ്യം മുന്‍നിര്‍ത്തിയാണ് ഈ തീരുമാനം.

സമയബന്ധിതമായി ഇതിനാവശ്യമായ നടപടികള്‍ മുന്നോട്ടുകൊണ്ടുപോകും. വരുംവര്‍ഷങ്ങളില്‍ 100 കുട്ടികള്‍ എന്നത് കുറയ്ക്കുന്നത് പരിഗണിക്കും. അപ്പോള്‍ കൂടുതല്‍ സ്‌കൂളുകള്‍ എയ്ഡഡ് ആക്കും. നിലവില്‍ ഈ സ്‌കൂളുകളിലെ നിയമനത്തിന് ചില മാനദണ്ഡങ്ങളുണ്ട്. എങ്കിലും മറ്റ് കുട്ടികളുടേതുപോലെയല്ലാത്തതുകൊണ്ട് കൂടുതല്‍ അധ്യാപകരും അനധ്യാപകരും ആവശ്യമാണ്. ഇക്കാര്യത്തില്‍ അഖിലേന്ത്യാതലത്തിലുള്ള സ്റ്റാഫ് പാറ്റേണ്‍കൂടി പരിഗണിക്കും-മുഖ്യമന്ത്രി പറഞ്ഞു.

സര്‍ക്കാരിനുണ്ടാകുന്ന സാമ്പത്തിക ബാധ്യതയുടെ കണക്കെടുത്തിട്ടില്ലെന്നും ഈ സ്‌കൂളുകള്‍ക്ക് പണം മാത്രമല്ല ആവശ്യമെന്നും കരുതലും സ്‌നേഹവും ക്ഷമയും നല്‍കാന്‍ കഴിയുന്ന സേവനസന്നദ്ധരെയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.