UDF

2014, മാർച്ച് 1, ശനിയാഴ്‌ച

നിയമ വാഴ്ച ഉറപ്പു വരുത്തുക എന്നതാണ് സര്‍ക്കാരിന്റെ കടമ : മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി

നിയമ വാഴ്ച ഉറപ്പു വരുത്തുക എന്നതാണ് സര്‍ക്കാരിന്റെ കടമ : മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി



കൊച്ചി : നിയമ വാഴ്ച ഉറപ്പു വരുത്തുക എന്നതാണ് സര്‍ക്കാരിന്റെ കടമ. അക്കാര്യത്തില്‍ ജുഡീഷ്യറിയുടെ പങ്ക് വളരെ വലുതാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. കൊച്ചിയില്‍ അഡ്വക്കേറ്റ് ജനറല്‍ മന്ദിരം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനാധിപത്യ വ്യവസ്ഥയുടെ ഏറ്റവും വലിയ ശക്തി ജനങ്ങളുടെ വിശ്വാസമാണ്. എക്‌സിക്യൂട്ടീവ്, ജുഡീഷ്യറി, ലെജിസ്ലേറ്റീവ് എന്നിവ മൂന്നും ഒരേ പോലെ മുന്നോട്ടു പോയാല്‍ മാത്രമേ രാജ്യത്ത് നിയമ സംവിധാനം ക്രമപ്പെടുത്താന്‍ സാധിക്കൂ. നിയമ വാഴ്ച ഉറപ്പു വരുത്തുന്നതിന് ആവശ്യമായ ഏതു സമീപനവും സര്‍ക്കാര്‍ സ്വീകരിക്കും. ഹൈക്കോടതി കോണ്‍ഫറന്‍സ് ഹാള്‍ എസി- സൗണ്ട് പ്രൂഫ് ആക്കാനുള്ള അപേക്ഷ ചൊവ്വാഴ്ച ചേരുന്ന ക്യാബിനറ്റില്‍ പാസ്സാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഹൈക്കോടതിക്ക് അടിസ്ഥാന സൗകര്യവികസനത്തിനാവശ്യമായ ഇംപ്രസ്സ്ഡ് എമൗണ്ട് നല്‍കുമെന്നും മുഖ്യപ്രഭാഷണം നടത്തിയ ധനമന്ത്രി കെ.എം മാണി പറഞ്ഞു.

നൂറു ശതമാനം സാമ്പത്തിക സ്വയംഭരണ അവകാശം ഹൈക്കോടതിക്ക് നല്‍കാനാവില്ലെങ്കിലും ഹൈക്കോടതിയെ സര്‍ക്കാര്‍ സഹായിക്കും. സര്‍ക്കാരിന് സാമ്പത്തിക പരിമിതികളുണ്ടെങ്കിലും അതൊന്നും ഹൈക്കോടതിയെ ബാധിക്കില്ലെന്നു അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കേസുകളുടെ എണ്ണം കൂടിവരുന്ന സാഹചര്യത്തില്‍ അദാലത്ത് നടത്തി പരമാവധി കേസുകള്‍ കുറയ്ക്കാനുള്ള ശ്രമം സര്‍ക്കാരിന്റെ ഭാഗത്തു നിന്നുണ്ടാകണമെന്ന് ചീഫ് ജസ്റ്റിസ് മഞ്ജുള ചെല്ലൂര്‍ ആവശ്യപ്പെട്ടു. ഭരണഘടനാ സ്ഥാപനങ്ങളെ ദുര്‍ബലപ്പെടുത്തുന്ന നീക്കങ്ങള്‍ നടത്തുന്നുണ്ടെന്നു ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. രാജ്യത്തെ ജനാധിപത്യ സംവിധാനം കൂടുതല്‍ ശക്തിപ്പെടുത്തണം. പരമോന്നത നീതിപീഠങ്ങളോടുളള ബഹുമാനമാണ് ഇന്ത്യയുടെ ഏറ്റവും വലിയ പ്രത്യേകതയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മന്ത്രിമാരായ ഇബ്രാഹിംകുഞ്ഞ്, അനൂപ് ജേക്കബ്, കെ.ബാബു, ഹൈബ്ി ഈഡന്‍ എംഎല്‍എ, അഡ്വക്കേറ്റ് ജനറല്‍ കെ.പി ദണ്ഡപാണി എന്നിവരും ചടങ്ങില്‍ സംസാരിച്ചു.