UDF

2014, മാർച്ച് 1, ശനിയാഴ്‌ച

കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടില്‍ കേന്ദ്രം മാറ്റംവരുത്തിയേ മതിയാകൂ

കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടില്‍ കേന്ദ്രം മാറ്റംവരുത്തിയേ മതിയാകൂ -മുഖ്യമന്ത്രി





തൃശ്ശൂര്‍: കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിലും തീരദേശനിയന്ത്രണം സംബന്ധിച്ച റിപ്പോര്‍ട്ടിലും കേന്ദ്രം മാറ്റങ്ങള്‍ വരുത്തിയേ മതിയാകൂവെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. തൃശ്ശൂര്‍ ഡി.സി.സി. പ്രസിഡന്റ് ഒ. അബ്ദുറഹിമാന്‍കുട്ടി നയിക്കുന്ന ജനപക്ഷയാത്ര ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.

കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട്, തീരദേശനിയന്ത്രണം എന്നിവയില്‍ കേരളം കേന്ദ്രസര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. ഇവയില്‍ അന്തിമതീരുമാനം പെട്ടെന്നുണ്ടാകണം. മറ്റു സംസ്ഥാനങ്ങള്‍ റിപ്പോര്‍ട്ട് നല്‍കിയില്ല എന്ന കാരണം പറഞ്ഞ് ഇതു വൈകിക്കരുത്. മറ്റു സംസ്ഥാനങ്ങളുടെ വീഴ്ചയ്ക്ക് കേരളംകൂടി ശിക്ഷ അനുഭവിക്കുന്ന സ്ഥിതി വരരുത്. പരിസ്ഥിതിസംരക്ഷണം ജനകീയപങ്കാളിത്തത്തോടെ വേണം എന്നതാണ് കേരളത്തിന്റെ അഭിപ്രായം. കര്‍ഷകര്‍ക്കും മത്സ്യത്തൊഴിലാളികള്‍ക്കും എല്ലാം ഇതില്‍ പങ്കാളിത്തം വേണം.

രക്ഷായാത്ര നടത്തിയതുകൊണ്ട് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി രക്ഷപ്പെടില്ല. സി.പി.എമ്മിന്റെ അന്ധമായ കോണ്‍ഗ്രസ് വിരോധം ഫലത്തില്‍ ബി.ജെ.പി.യെ സഹായിക്കുകയാണ് ചെയ്യുന്നത്. സി.പി.എമ്മിന്റെ ശക്തിക്ഷയത്തിനു കാരണം ഈ വിരോധമാണ്. സ്വന്തം ശക്തിയില്‍ വിശ്വാസമില്ലാത്തതുകൊണ്ടാണ് യു.ഡി.എഫില്‍നിന്ന് പലരെയും പ്രതീക്ഷിക്കുന്നത്.

ബി.ജെ.പി.ക്ക് കോണ്‍ഗ്രസ്സിനെ രാഷ്ട്രീയമായി നേരിടാന്‍ സാധിക്കില്ല. അതുകൊണ്ട് വര്‍ഗ്ഗീയത കരുവായി ഉപയോഗിക്കുകയാണ് അവര്‍ ചെയ്യുന്നത്. ഇന്ത്യ എന്നും ഉയര്‍ത്തിപ്പിടിച്ച മതേതരത്വം എന്ന മൂല്യം വിജയിക്കുന്ന അവസ്ഥ ഉണ്ടാക്കണം - മുഖ്യമന്ത്രി പറഞ്ഞു.

തേറമ്പില്‍ രാമകൃഷ്ണന്‍ എം.എല്‍.എ. അധ്യക്ഷനായി. മന്ത്രി സി.എന്‍. ബാലകൃഷ്ണന്‍. എം.പി.മാരായ പി.സി. ചാക്കോ, കെ.പി. ധനപാലന്‍, കെ.പി.സി.സി. ജനറല്‍ സെക്രട്ടറിരായ ശൂരനാട് രാജശേഖരന്‍, സി. ചന്ദ്രന്‍, വി. ബാലറാം, എം.പി. ജാക്‌സണ്‍, എം.എല്‍.എ.മാരായ പി.എ. മാധവന്‍, എം.പി. വിന്‍സെന്റ്, ഗുരുവായൂര്‍ ദേവസ്വം ചെയര്‍മാന്‍ ടി.വി. ചന്ദ്രമോഹന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.