UDF

2014, മാർച്ച് 2, ഞായറാഴ്‌ച

നെല്ലിന്റെ സംഭരണവില 20 രൂപ പരിഗണനയില്‍

നെല്ലിന്റെ സംഭരണവില 20 രൂപ പരിഗണനയില്‍- മുഖ്യമന്ത്രി



തൃശ്ശൂര്‍: പൊന്നാനിയും തൃശ്ശൂരും അതിരിടുന്ന കോള്‍പ്പാടങ്ങളില്‍ നെല്‍ക്കൃഷിയുടെ സമൃദ്ധി ലക്ഷ്യമാക്കിക്കൊണ്ടുള്ള 425 കോടിയുടെ സമഗ്ര കോള്‍വികസനപദ്ധതിക്ക് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി തുടക്കമിട്ടു. ഏനാമ്മാവ് ബണ്ടിന്റെ പരിസരത്ത് നടന്ന ഉദ്ഘാടനച്ചടങ്ങില്‍ ജനപ്രതിനിധികളുടെയും കര്‍ഷകരുടെയും നിറഞ്ഞ സാന്നിധ്യമുണ്ടായി.

നെല്ലിന്റെ സംഭരണവില 20 രൂപയാക്കണമെന്ന സര്‍ക്കാരിന്റെ അഭ്യര്‍ഥന കേന്ദ്രസര്‍ക്കാരിന്റെ പരിഗണനയിലാണെന്നും ശനിയാഴ്ച രാത്രിതന്നെ ഇതുസംബന്ധിച്ച് ഡല്‍ഹിയുമായി ബന്ധപ്പെടുമെന്നും ഉദ്ഘാടനപ്രസംഗത്തില്‍ മുഖ്യമന്ത്രി പറഞ്ഞു. നെല്‍ക്കൃഷി സര്‍ക്കാരിന് മുന്തിയ പരിഗണനാവിഷയമാണ്. ഒരു കിലോ നെല്ലിന് 13.10 രൂപ കേന്ദ്രസര്‍ക്കാര്‍ നല്‍കുമ്പോള്‍ 5.90 രൂപ സംസ്ഥാന സര്‍ക്കാര്‍ സബ്‌സിഡി നല്‍കുന്നു. 295 കോടിയാണ് ഈയിനത്തില്‍ സര്‍ക്കാരിന്റെ ബാധ്യത.

പദ്ധതിയും പണവും ഉണ്ടെങ്കിലും പല പദ്ധതികളും തൃപ്തികരമായി പൂര്‍ത്തീകരിക്കാന്‍ കഴിയാത്ത അവസ്ഥയാണ്. കുട്ടനാടന്‍ പാക്കേജും ഇടുക്കി പദ്ധതിയുമൊക്കെ ഇതിനുള്ള ഉദാഹരണങ്ങളാണ്. അതിനാല്‍ തൃശ്ശൂര്‍-പൊന്നാനി കോള്‍നില വികസനപദ്ധതി പൂര്‍ത്തിയാക്കുന്നത് വെല്ലുവിളിയായി ഏറ്റെടുക്കണമെന്ന് മുഖ്യമന്ത്രി ജനപ്രതിനിധികളോട് അഭ്യര്‍ഥിച്ചു. കോള്‍ബണ്ടിന്റെ നിര്‍മാണത്തിന് മണ്ണെടുക്കുന്ന കാര്യത്തിലുള്ള സാങ്കേതികപ്രശ്‌നം തിരുവനന്തപുരത്ത് ചെന്നാലുടന്‍ പരിഹരിക്കുമെന്നും മുഖ്യമന്ത്രി ഉറപ്പുനല്‍കി. 425 കോടിയുടെ അടിസ്ഥാനസൗകര്യവികസന പദ്ധതികളുടെയും മറ്റ് കാര്‍ഷികവികസന പദ്ധതികളുടെയും പ്രവര്‍ത്തനങ്ങളുടെ സമാരംഭച്ചടങ്ങിന് പി.സി. ചാക്കോ എം.പി. ആധ്യക്ഷ്യം വഹിച്ചു.



നന്ദി, പി.സി. ചാക്കോയ്ക്ക്- മുഖ്യമന്ത്രി


തൃശ്ശൂര്‍: 425 കോടിയുടെ സമഗ്ര കോള്‍വികസനപദ്ധതി അംഗീകരിച്ച് പണം അനുവദിച്ചതിന് തന്റെയും സര്‍ക്കാരിന്റെയും നന്ദി പി.സി. ചാക്കോയ്ക്കാണെന്ന് മുഖ്യമന്ത്രി. പദ്ധതിയുടെ അംഗീകാരത്തിനുള്ള നന്ദി കേന്ദ്ര കൃഷിമന്ത്രി ശരത്പവാറിനാണെന്ന് അധ്യക്ഷപ്രസംഗത്തില്‍ പി.സി. ചാക്കോ പറഞ്ഞു. അതിനുള്ള മറുപടിയിലാണ് 'ചാക്കോയുടെ നന്ദി ശരത്പവാറിനാണെങ്കില്‍ എന്റെയും സര്‍ക്കാരിന്റെയും നന്ദി പി.സി. ചാക്കോയ്ക്കാണെന്ന്' മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി തിരിച്ചടിച്ചത്. തനിക്കോ മന്ത്രിസഭാ അംഗങ്ങള്‍ക്കോ കോള്‍കൃഷിപദ്ധതിയുമായി ഡല്‍ഹിയില്‍ ഒരുതവണപോലും പോകേണ്ടിവന്നിട്ടില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.