UDF

2014, ഫെബ്രുവരി 27, വ്യാഴാഴ്‌ച

ഇ.എഫ്.എല്‍. നിയമം അധാര്‍മികം



ഇ.എഫ്.എല്‍. നിയമം അധാര്‍മികം-മുഖ്യമന്ത്രി



തിരുവനന്തപുരം: പരിസ്ഥിതി ദുര്‍ബലപ്രദേശം സംബന്ധിച്ച നിയമം അധാര്‍മികമാണെന്നും ഈ വിഷയത്തില്‍ ആദ്യംമുതല്‍ താന്‍ ഈ നിലപാടാണെടുത്തിട്ടുള്ളതെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു.

ബുധനാഴ്ച മന്ത്രിസഭായോഗ തീരുമാനങ്ങള്‍ വിശദീകരിച്ച പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഭൂപരിഷ്‌കരണം നടപ്പിലാക്കിയകാലത്തുപോലും ഭൂമി വിലകൊടുത്താണ് എടുത്തിട്ടുള്ളത്. ഇപ്പോള്‍ പട്ടയഭൂമിപോലും വിലകൊടുക്കാതെ എടുത്തു. ചെറുകിടക്കാരില്‍ നിന്ന് അങ്ങനെ ഏറ്റെടുത്ത സാഹചര്യത്തില്‍ അവരുടെ താത്പര്യങ്ങള്‍ സംരക്ഷിക്കേണ്ട ബാധ്യത സര്‍ക്കാരിനുണ്ട്. അതേസമയം പരിസ്ഥിതി സംരക്ഷണത്തിനുള്ള പ്രാധാന്യം നഷ്ടപ്പെടാനും പാടില്ല-മുഖ്യമന്ത്രി പറഞ്ഞു.

കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിന്മേലുള്ള സംസ്ഥാന സര്‍ക്കാരിന്റെ എതിര്‍പ്പ് കേന്ദ്രത്തെ അറിയിച്ചിട്ടുണ്ട്. മാത്രമല്ല, വിദഗ്ദ്ധസമിതിയെ നിയോഗിച്ച് അവരുടെ റിപ്പോര്‍ട്ടും കേന്ദ്രത്തിന് നല്‍കി. കൂടാതെ ഗ്രൗണ്ട് ലവല്‍ സ്റ്റഡി, സര്‍വേ എന്നിവ നടത്തി അതിന്റെ റിപ്പോര്‍ട്ടും കൊടുത്തു. പശ്ചിമഘട്ടത്തില്‍പ്പെട്ട ആറു സംസ്ഥാനങ്ങളില്‍ കേരളം മാത്രമേ ഇത്രയും ചെയ്തിട്ടുള്ളൂ. അതുകൊണ്ട് കേരളത്തിന്റെ കാര്യത്തില്‍ എത്രയും പെട്ടെന്ന് കേന്ദ്രം തീരുമാനമെടുക്കണം. പ്രത്യേക ഇളവല്ല, സംസ്ഥാനത്തിന് അവകാശപ്പെട്ടതാണ് ചോദിക്കുന്നത്-മുഖ്യമന്ത്രി പറഞ്ഞു.

ദേശീയ ശരാശരിയെക്കാള്‍ കൂടുതല്‍ വനം സംസ്ഥാനത്തുണ്ട്. ജനങ്ങളുടെ സഹകരണത്തോടെ വനസംരക്ഷണം തുടരുകയും ചെയ്യും. അതിനാല്‍ മറ്റ് സംസ്ഥാനങ്ങളുടെ തീരുമാനം വരുന്നതുവരെ കാത്തിരിക്കണമെന്നത് ശരിയാണെന്ന് കരുതുന്നില്ല. ജനങ്ങളുടെ ബുദ്ധിമുട്ടുകള്‍ നേരത്തെ അറിയിച്ചതുകൊണ്ട് ശിക്ഷിക്കണോ-മുഖ്യമന്ത്രി ചോദിച്ചു.ഈ വിഷയത്തില്‍ രാഷ്ട്രീയം കലര്‍ത്തരുതെന്ന് കേന്ദ്രമന്ത്രി വീരപ്പമൊയ്‌ലി പറഞ്ഞിട്ടുള്ളത് ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ മുഖ്യമന്ത്രി ഇങ്ങനെ പ്രതികരിച്ചു.

ഇത് രാഷ്ട്രീയമല്ല. അവിടെ താമസിക്കുന്ന ജനങ്ങളുടെ ജീവിതത്തിന്റെ പ്രശ്‌നമാണ്. അവരുടെ നിലനില്പിന്റെ പ്രശ്‌നമാണ്. അതിന് പരിഹാരം കണ്ടേ മതിയാവൂ. ഇത് സംബന്ധിച്ച എല്ലാ കാര്യങ്ങള്‍ക്കും വ്യക്തമായ തീരുമാനം ഉണ്ടാകണമെന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ നിലപാട്.

വ്യാഴാഴ്ച കേന്ദ്രം വനം-പരിസ്ഥിതി മന്ത്രാലയം കേരളത്തെ ചര്‍ച്ചയ്ക്ക് വിളിച്ചിട്ടുണ്ട്. നമ്മുടെ ഉദ്യോഗസ്ഥര്‍ പങ്കെടുക്കും. കേരളത്തിന്റെ നിലപാട് കേന്ദ്രത്തിന് അറിയാം. അതനുസരിച്ചുള്ള പ്രതികരണം ഉണ്ടാവുമെന്നാണ് കരുതുന്നത്-മുഖ്യമന്ത്രി പറഞ്ഞു.

ഏതെങ്കിലും പരാതികളോ നിര്‍ദ്ദേശങ്ങളോ ശമ്പളക്കമ്മീഷന് നല്‍കാനുണ്ടെങ്കില്‍ അത് ലഭിച്ചാല്‍ കമ്മീഷന് റഫര്‍ ചെയ്യുമെന്നും മുഖ്യമന്ത്രി അറിയിച്ചു.