UDF

2014, ഫെബ്രുവരി 16, ഞായറാഴ്‌ച

മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ജനങ്ങളുമായി ബന്ധംശക്തമാക്കാന്‍ സ്വന്തം'ആപു'മായി വരുന്നു......


കേരളത്തിലെ സാധാരണകാരായ "ആം ആദ്മിയുടെ" നേതാവായ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ജനങ്ങളുമായി ബന്ധംശക്തമാക്കാന്‍ സ്വന്തം'ആപു'മായി വരുന്നു......

ബിഹാര്‍, തമിഴ്‌നാട് മുഖ്യമന്ത്രിമാര്‍ക്ക് പിന്നാലെ ഉമ്മന്‍ചാണ്ടിയും സ്വന്തം മൊബൈല്‍ ആപ്ലിക്കേഷനുമായി എത്തുന്നു. സര്‍ക്കാറും ജനങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ ശക്തമാക്കുകയാണ് ലക്ഷ്യം.

മൊബൈല്‍ ആപ്ലിക്കേഷന്‍ നിലവില്‍ വരുന്നതോടെ, മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് പരാതി അയയ്ക്കാന്‍ കമ്പ്യൂട്ടര്‍ സെന്ററുകള്‍ തേടി നടക്കേണ്ട അവസ്ഥ ഒഴിവാക്കാം. സ്മാര്‍ട്ട് ഫോണ്‍ കൈവശമുള്ള ആര്‍ക്കും മുഖ്യമന്ത്രിയുടെ പേരിലുള്ള ആപ് സൗജന്യമായി ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കാം. മൊബൈല്‍ ഫോണില്‍ ഇന്റര്‍നെറ്റ് കണക്ഷന്‍ ഉണ്ടായാല്‍ മാത്രം മതി. ഇന്റര്‍നെറ്റുള്ള മൊബൈല്‍ ഫോണ്‍ ഉപയോക്താക്കളുടെ എണ്ണം സംസ്ഥാനത്ത് കൂടിവരുന്നതാണ് പുതിയ മൊബൈല്‍ ആപിനെപ്പറ്റി മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ചിന്തിക്കാന്‍ കാരണം.

മുഖ്യമന്ത്രിയുടെ പേരിലുള്ള http://www.keralacm.gov.in/ എന്ന വെബ് സൈറ്റില്‍ കിട്ടുന്ന എല്ലാ സേവനങ്ങളും പുതിയ ആപ്പിലും ലഭ്യമാക്കും. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന പരാതിപരിഹാരസെല്ലാണ് മറ്റൊരു പ്രത്യേകത. പരാതിയുടെ നിജസ്ഥിതി അറിയാന്‍ ട്രാക്കിങ്ങും ക്രമീകരിക്കും. മാര്‍ച്ച് 31-നകം ആപ് പ്രവര്‍ത്തനസജ്ജമാകും. ഇതിന്റെ ടെന്‍ഡര്‍ നടപടികള്‍ അവസാനഘട്ടത്തിലാണ്.

ആന്‍ഡ്രോയ്ഡ് അധിഷ്ഠിത ആപിനാണ് ഇപ്പോള്‍ നീക്കം നടത്തുന്നത്. എന്നാല്‍, വിന്‍ഡോസ് ഉള്‍പ്പെടെയുള്ള മറ്റ് ഓപ്പറേറ്റിങ് സിസ്റ്റങ്ങളിലും പ്രവര്‍ത്തിക്കുന്നതാകണം പുതിയ ആപെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് നിര്‍ദേശിച്ചിട്ടുണ്ട്.