UDF

Oommen Chandy

With Former President of India Shri.Pranab Kumar Mukherjee

Oommen Chandy

With Former Prime Minister Shri.Manmohan Sing

Oommen Chandy

Mass Contact Program

Oommen Chandy

Peoples OC

Oommen Chandy

Peoples OC....

2014, ജനുവരി 24, വെള്ളിയാഴ്‌ച

വീഴ്ചയില്‍ മുഖ്യമന്ത്രിക്ക് നേരിയ പരിക്ക്

 വീഴ്ചയില്‍ മുഖ്യമന്ത്രിക്ക് നേരിയ പരിക്ക് 
തിരുവനന്തപുരം: സുതാര്യ കേരളം പരിപാടിയില്‍ പങ്കെടുക്കാനെത്തിയ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കേബിള്‍ വയറില്‍ തട്ടിവീണ് നെറ്റിക്ക് നേരിയ പരിക്കേറ്റു. വ്യാഴാഴ്ച രാത്രി 9 മണിയോടെ സെക്രട്ടേറിയറ്റ് വളപ്പില്‍ നടന്ന ഷൂട്ടിങ്ങിനിടെയായിരുന്നു സംഭവം.

സൂതാര്യ കേരളത്തിന്റെ നൂറാം എപ്പിസോഡ് പരിപാടിക്ക് എത്തിയതായിരുന്നു മുഖ്യമന്ത്രി. ഒപ്പം മന്ത്രി കെ.സി.ജോസഫും ഉണ്ടായിരുന്നു. പരിപാടി കഴിഞ്ഞ ശേഷം ഇറങ്ങാനായി ചുവടുവെച്ചപ്പോള്‍ കേബിള്‍ കാലില്‍ കുരുങ്ങുകയായിരുന്നു. തെന്നിവീണ് ഇദ്ദേഹത്തിന്റെ നെറ്റിക്ക് പ്ലൈവുഡില്‍ തട്ടി നേരിയ പരിക്കുപറ്റി.

ഉടന്‍ ഒപ്പമുണ്ടായിരുന്നവരും പോലീസും ചേര്‍ന്ന് മുഖ്യമന്ത്രിയെ താങ്ങിയെടുത്തു. ക്ലിഫ് ഹൗസിലെത്തിയ ഇദ്ദേഹത്തെ ഡോക്ടര്‍മാര്‍ പരിശോധിച്ചു. മറ്റ് കുഴപ്പങ്ങളൊന്നുമില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

2014, ജനുവരി 22, ബുധനാഴ്‌ച

ജനാധിപത്യ ശാക്തീകരണത്തില്‍ വെല്ലുവിളികള്‍

ജനാധിപത്യ ശാക്തീകരണത്തില്‍ വെല്ലുവിളികള്‍-മുഖ്യമന്ത്രി



കോവളം: ജനാധിപത്യ സംവിധാനത്തിന്റെ ഉപയോഗസാധ്യത സംബന്ധിച്ച് വെല്ലുവിളി നിലനില്‍ക്കുന്നതായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. 'ജനാധിപത്യ ശാക്തീകരണം' എന്ന വിഷയത്തില്‍ തദ്ദേശവകുപ്പ് കോവളത്ത് സംഘടിപ്പിച്ച രാജ്യാന്തര സെമിനാറിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സര്‍ക്കാറിനെ തിരഞ്ഞെടുക്കാനുള്ള സംവിധാനം മാത്രമല്ല ജനാധിപത്യം. വൈവിദ്ധ്യത്തിന്റെ മൂല്യമുള്‍ക്കൊള്ളുന്ന ജീവിതശൈലികൂടിയാണത്. കേരളത്തിലെ മികച്ച ജനാധിപത്യ സംവിധാനംമൂലം ഫ്യൂഡലിസത്തെ ഒഴിവാക്കാന്‍ കഴിഞ്ഞു. ത്രിതല പഞ്ചായത്ത് സംവിധാനത്തില്‍ അധികാരവികേന്ദ്രീകരണം ഫലപ്രദമായി നടപ്പാക്കാന്‍ കഴിഞ്ഞത് കേരളത്തിന്റെ മാത്രം ഒറ്റപ്പെട്ട നേട്ടമാണ്. അതിന്റെ പൂര്‍ണവിജയത്തില്‍ നാം ഇപ്പോഴും തൃപ്തരല്ല. ജനങ്ങളെ ഒന്നിച്ചുനിര്‍ത്താനുള്ള പുനരുജ്ജീവനം ജനാധിപത്യത്തിന് ഉണ്ടാകണം. അതിന് ജനങ്ങളുടെ പിന്തുണയും വേണം. അധികാരവികേന്ദ്രീകരണം നടപ്പാക്കുമ്പോള്‍ വിഭവചൂഷണം ഉണ്ടാകാതെ ശ്രദ്ധിക്കേണ്ടതുണ്ട്. ജനസമ്പര്‍ക്ക പരിപാടിയിലൂടെ സമൂഹത്തിന്റെ പൊതുപ്രശ്‌നങ്ങള്‍ കണ്ടെത്താന്‍ സഹായിച്ചുവെന്ന് മുഖ്യമന്ത്രി പറഞ്ഞു.

രാഷ്ട്രീയം, സാമൂഹികം, സാമ്പത്തികം, പുനരാവിഷ്‌കരണം എന്നീ തലങ്ങളില്‍ ഇന്ത്യന്‍ ജനാധിപത്യം പൂര്‍ണതോതില്‍ വിജയിച്ചിട്ടില്ലെന്ന് മുഖ്യപ്രസംഗം നടത്തിയ കേന്ദ്രമന്ത്രി ജയറാം രമേഷ് പറഞ്ഞു. രാഷ്ട്രീയ നേതാക്കള്‍ നന്നായി പ്രസംഗിക്കുമെങ്കിലും ഒന്നിലും കാര്യമായ ശ്രദ്ധചെലുത്തുന്നില്ല. പാര്‍ലമെന്റില്‍പോലും ജനാധിപത്യം സംബന്ധിച്ച കാര്യമായ ചര്‍ച്ച ഉണ്ടാകുന്നില്ല. പോഷകാഹാരക്കുറവ്, ശുചീകരണം തുടങ്ങിയ ദൈനംദിന അത്യാഹിതങ്ങളില്‍ സാമൂഹികശ്രദ്ധ പതിയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. 

പാമോയില്‍ കേസില്‍ തന്നെ സഹായിച്ചത് ഇടതുമുന്നണി മാത്രം

പാമോയില്‍ കേസില്‍ തന്നെ സഹായിച്ചത് ഇടതുമുന്നണി മാത്രം-മുഖ്യമന്ത്രി

 പാമോയില്‍ കേസില്‍ തന്നെ ആരെങ്കിലും രക്ഷിച്ചിട്ടുണ്ടെങ്കില്‍ അത് മാറിമാറി വന്ന ഇടതുമുന്നണി സര്‍ക്കാരുകളാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. മൂന്നുപ്രാവശ്യം അധികാരത്തില്‍ വന്നപ്പോഴും സാക്ഷി സ്ഥാനത്തുനിന്ന് തന്നെ പ്രതിയാക്കാന്‍ അവര്‍ക്ക് കഴിഞ്ഞില്ല. കേസ് പിന്‍വലിക്കേണ്ടതാണെന്നത് തന്റെ മനഃസാക്ഷിയുടെ തീരുമാനമാണ്. നാളെയും അതുതന്നെയാണ് നിലപാട്.

നിയമസഭയില്‍ പാമോയില്‍ കേസ് പിന്‍വലിച്ചതിനെതിരെ പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തരപ്രമേയത്തിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. ഈ കേസില്‍ ഉമ്മന്‍ചാണ്ടിയെപ്പെടുത്താന്‍ ആരുനോക്കിയാലും നടക്കില്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും പറഞ്ഞു. കേസ് പിന്‍വലിക്കാനുള്ള അപേക്ഷ തള്ളിയ വിജിലന്‍സ് കോടതിയുടെ തീരുമാനത്തിനെതിരെ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കുമെന്നും രമേശ് പറഞ്ഞു. സര്‍ക്കാരിന്റെ നിലപാടില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയില്‍ നിന്ന് ഇറങ്ങിപ്പോയി.

പാമോയില്‍ ഇടപാട് നടക്കുമ്പോള്‍ ധനമന്ത്രിയായിരുന്ന തനിക്ക് എ തൊട്ട് ഇസഡ് വരെ അറിയാം. സംസ്ഥാനത്തിന് എട്ടുകോടി രൂപ ഈയിടപാടില്‍ ലാഭമാണുണ്ടായത്. മറ്റൊരുതരത്തില്‍ ചെയ്തിരുന്നെങ്കില്‍ 2.42 കോടി രൂപ കൂടുതല്‍ ലാഭം കിട്ടുമായിരുന്നുവെന്നാണ് അക്കൗണ്ടന്റ് ജനറല്‍ അഭിപ്രായപ്പെട്ടത്. എന്നാല്‍ അങ്ങനെ വാങ്ങിയിരുന്നെങ്കില്‍ ഈ കരാര്‍ കേരളത്തിന് ലഭിക്കില്ലായിരുന്നു. അഞ്ചു സംസ്ഥാനങ്ങള്‍ക്ക് കരാര്‍ ലഭിച്ചതില്‍ നാലുസംസ്ഥാനങ്ങള്‍ക്ക് കരാര്‍ കിട്ടിയിരുന്നു. അവസാന സാധ്യതയായിരുന്നു കേരളത്തിന്‍േറത്.

പ്രതിപക്ഷം ഈ വിഷയം നിയമസഭയില്‍ 91-96 കാലത്താണ് ആദ്യം ഉന്നയിക്കുന്നത്. അന്ന് മറുപടി പറഞ്ഞത് താനാണ്. തനിക്കെതിരെ ഒരു ആരോപണവും പ്രതിപക്ഷം അന്ന് പറഞ്ഞില്ല. അന്ന് കരുണാകരനായിരുന്നു ലക്ഷ്യം. പിന്നീട് നായനാര്‍ സര്‍ക്കാര്‍ അഞ്ചുകൊല്ലം അന്വേഷിച്ചിട്ടും തന്നെ സാക്ഷിയാക്കിയതല്ലാതെ പ്രതിയാക്കിയില്ല. 2005-ല്‍ തന്റെ സര്‍ക്കാര്‍ വന്നപ്പോള്‍ കേസ് പിന്‍വലിക്കാന്‍ തീരുമാനിച്ചു. അത് വേണമെങ്കില്‍ പ്രകോപനമായി കരുതാം. തുടര്‍ന്നുവന്ന എല്‍.ഡി.എഫ് സര്‍ക്കാര്‍ കേസ് പിന്‍വലിക്കാനുള്ള തീരുമാനം റദ്ദാക്കി. വീണ്ടും അന്വേഷിച്ചെങ്കിലും തന്നെ പ്രതിയാക്കാന്‍ കഴിഞ്ഞില്ല.

തന്നെ പ്രതിയാക്കണോയെന്ന കാര്യം സി.പി.എം. പാര്‍ട്ടി തലത്തില്‍ ചര്‍ച്ച ചെയ്തുവെന്നും തനിക്കറിയാം. കരുണാകരനായിരുന്നു അന്നത്തെ ലക്ഷ്യമെന്നതിനാല്‍ അത് വേണ്ടെന്നുവെച്ചു. ഈയവസരത്തിലൊന്നും തന്നെ പ്രതിയാക്കാതെ ഇപ്പോള്‍ ആക്ഷേപം ഉന്നയിക്കുന്നതിന്റെ രാഷ്ട്രീയം അറിയാം. ഈയിടപാടില്‍ അഴിമതി നടന്നിട്ടുണ്ടെങ്കില്‍ എന്തുകൊണ്ട് പ്രതിസ്ഥാനത്തുള്ള പി.ജെ. തോമസിനെ വി.എസ്. അച്യുതാനന്ദന്‍ ചീഫ് സെക്രട്ടറിയാക്കിയതെന്നും മുഖ്യമന്ത്രി ചോദിച്ചു. ഈയാരോപണത്തില്‍ രാഷ്ട്രീയം മാത്രമേയുള്ളൂവെന്നതിനാല്‍ മനഃസാക്ഷി അനുസരിച്ചുതന്നെ തുടര്‍ന്നും പ്രവര്‍ത്തിക്കും-മുഖ്യമന്ത്രി പറഞ്ഞു.

കേസ് പിന്‍വലിക്കണമെന്ന സര്‍ക്കാരിന്റെ അപേക്ഷ തള്ളിയ തൃശ്ശൂര്‍ കോടതിയുടെ രണ്ടുകാരണങ്ങള്‍ അംഗീകരിക്കാന്‍ കഴിയില്ല. കേസില്‍ ഹാജരായ സി.സി. അഗസ്റ്റിന് അതിനുള്ള അധികാരം ഇല്ലെന്ന നിരീക്ഷണം ശരിയല്ല. കേസ് പിന്‍വലിക്കാനുള്ള അപേക്ഷ കോടതിയില്‍ സമര്‍പ്പിച്ചത് അഗസ്റ്റിനാണ്. തുടര്‍ന്ന് അദ്ദേഹത്തിന് അസൗകര്യമായതിനാലാണ് നിയമോപദേഷ്ടാവായ ബിജു മനോഹര്‍ ഹാജരായത്.

കേസില്‍ കഴമ്പില്ലെന്ന് കേന്ദ്രവിജിലന്‍സ് കമ്മീഷന്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. പിന്‍വലിക്കാന്‍ അപേക്ഷ നല്‍കാവുന്നതാണെന്ന് സുപ്രീംകോടതിയും പറഞ്ഞു. പൊതുതാല്‍പ്പര്യത്തിന് വിരുദ്ധമാണ് കേസ് പിന്‍വലിക്കുന്നതെന്ന കോടതിയുടെ നിരീക്ഷണവും ശരിയല്ല. 

കെജ്രിവാളിന് ഉമ്മന്‍ചാണ്ടിയുടെ കത്ത്‌

കെജ്രിവാളിന് ഉമ്മന്‍ചാണ്ടിയുടെ കത്ത്‌ 




മലയാളി നഴ്സുമാര്‍ക്കെതിരെ ആം ആദ്മി നേതാവ്‌ കുമാര്‍ വിശ്വാസ് നടത്തിയ പരാമര്‍ശമത്തില്‍ നടപടിയെടുക്കണമെന്നാവശ്യപെട്ട് കെജ്രിവാളിന് ഉമ്മന്‍ചാണ്ടിയുടെ കത്ത്‌ പ്രസ്താവന പരിഷ്കൃത സമൂഹത്തിന് അപമാനമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി കത്തില്‍ പറയുന്നു.

വംശീയവും ലൈംഗികച്ചുവയുള്ളതുമായ രീതിയില്‍ മലയാളി നഴ്‌സുമാരെ അവഹേളിച്ചതിനോട് ആം ആദ്മി പാര്‍ട്ടി നേതൃത്വം മൗനം പാലിക്കുന്നത് നിര്‍ഭാഗ്യകരമാണ്. മലയാളി നഴ്‌സുമാരുടെ സേവന സന്നദ്ധതയും ആത്മാര്‍ത്ഥതയും ലോകത്തെവിടെയും പ്രശംസിക്കപ്പെടുന്നതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
മലയാളി നഴ്‌സുമാര്‍ക്കെതിരെ ആം ആദ്മി പാര്‍ട്ടി നേതാവ് കുമാര്‍ ബിശ്വാസ് നടത്തിയ വംശീയ അധിക്ഷേപം പിന്‍വലിച്ച് മാപ്പുപറയണമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ആവശ്യപ്പെട്ടു.

"നമ്മളൊക്കെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുമ്പോള്‍ കേരളത്തില്‍ നിന്നുള്ള നേഴ്സുമാരാണ് ശ്രുശ്രൂഷിക്കാന്‍ വരാറുള്ളത്. അവര്‍ കറുത്ത് പെടച്ചവരാണ്. അതുകൊണ്ട് ചികിത്സയില്‍ കഴിയുമ്പോള്‍ അവരെ കണ്ടാല്‍ മറ്റ് വികാരങ്ങള്‍ തോന്നില്ല. അതുകൊണ്ട് നമ്മള്‍ അവരെ 'സിസ്റ്റേഴ്സ്' എന്ന് വിളിക്കുന്നു. ഉത്തരേന്ത്യന്‍ സ്ത്രീകള്‍ കാണാന്‍ സുന്ദരികളാണെന്നും അതിനാല്‍ അവരെ കണ്ടാല്‍ ചില വികാരങ്ങളൊക്കെ തോന്നുമെന്നുമായിരുന്നു കുമാര്‍ വിശ്വാസ് പറഞ്ഞത്." 2008 ല്‍ റാഞ്ചിയിലെ നാഷ്ണല്‍ ഇന്‍സ്റിറ്റൂട്ട് ഓഫ് ഫൌണ്ടറി ആന്റ് ഫോര്‍ത്ത് ടെക്നോളജി സംഘടിപ്പിച്ച കാവ്യ സന്ധ്യയിലായിരുന്നു കുമാര്‍ വിശ്വാസിന്റെ വിവാദ പരാമര്‍ശം. ഈ വീഡിയോ കഴിഞ്ഞദിവസം സോഷ്യല്‍ നെറ്റ്‌വര്‍ക്കുകളില്‍ വൈറലായിരുന്നു. കുമാര്‍ വിശ്വാസിനെതിരെ സോഷ്യല്‍ മീഡിയകളില്‍ വ്യാപക പ്രതിഷേധമാണുയര്‍ന്നത്. സംഭവം വിവാദമായതോടെ യുണൈറ്റഡ് നഴ്സസ് അസോസിയേഷനും രംഗത്തെത്തിയിരുന്നു.

2014, ജനുവരി 21, ചൊവ്വാഴ്ച

ആധാര്‍ സത്യവാങ്മൂലം: മന്ത്രിസഭ ചര്‍ച്ച ചെയ്യുമെന്ന് മുഖ്യമന്ത്രി

ആധാര്‍ സത്യവാങ്മൂലം: മന്ത്രിസഭ ചര്‍ച്ച ചെയ്യുമെന്ന് മുഖ്യമന്ത്രി



ആധാര്‍ സത്യവാങ്മൂലത്തിന്‍െറ വിഷയം മന്ത്രിസഭ ചര്‍ച്ച ചെയ്യുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. നേരത്തെ തയാറാക്കിയ സത്യവാങ്മൂലം സര്‍ക്കാറില്‍ വന്നിരുന്നില്ളെന്നും ഇത് സംബന്ധിച്ച ചോദ്യത്തിന് അദ്ദേഹം മറുപടി നല്‍കി.


തുടര്‍ന്ന് സത്യവാങ്മൂലം സമര്‍പ്പിക്കേണ്ടെന്നും മന്ത്രിസഭയില്‍ ചര്‍ച്ച ചെയ്ത ശേഷം തീരുമാനമെടുക്കാനും തീരുമാനിക്കുകയായിരുന്നു. ആധാര്‍കൊണ്ട് ഒരു പൗരനും അസൗകര്യം പാടില്ളെന്ന് മുഖ്യമന്ത്രി പറഞ്ഞു. പാചകവാതക സബ്സിഡിക്ക് ആധാര്‍ ബന്ധിപ്പിക്കാന്‍ തീരുമാനിച്ചെങ്കിലും എല്ലാവരുടെയും അക്കൗണ്ടുകള്‍ അങ്ങനെ ബന്ധിപ്പിച്ചിട്ടില്ല.


രണ്ട് മാസത്തെ സമയം കൂടിയാണ് ഇപ്പോള്‍ തന്നത്. അത് പര്യാപ്തമാകില്ളെന്നാണ് സര്‍ക്കാര്‍ നിലപാടെന്നും മുഖ്യമന്ത്രി പറഞ്ഞു.

ആളില്ലാത്തതുകൊണ്ടാണ് സി.പി.എം സമരങ്ങള്‍ പൊളിഞ്ഞത്

ആളില്ലാത്തതുകൊണ്ടാണ് സി.പി.എം സമരങ്ങള്‍ പൊളിഞ്ഞത് 


 പാര്‍ട്ടിയുടെയോ ജനങ്ങളുടെയോ പിന്തുണയില്ലാതെ സമരപ്പന്തല്‍ ശുഷ്കമായ പശ്ചാത്തലത്തിലാണ് വിലക്കയറ്റത്തിനെതിരായ സമരവും ഡി.വൈ.എഫ്.ഐയുടെ സമരവും പൊളിഞ്ഞതെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. സമരത്തിന് വേണ്ടി നടത്തുന്ന സമരങ്ങള്‍ക്ക് ജനപിന്തുണ ലഭിക്കില്ല. രാഷ്ട്രീയ ലക്ഷ്യം വെച്ച് പ്രവര്‍ത്തിച്ചതുകൊണ്ടാണ് രണ്ട് സമരത്തിനും ഈ ഗതി വന്നതെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ കുറ്റപ്പെടുത്തി. സബ്സിഡിയോടു കൂടിയ സിലിണ്ടറുകളുടെ എണ്ണം 12 ആക്കിയെന്ന പിടിവള്ളിയിലാണ്് സമരത്തില്‍ നിന്ന് സി.പി.എം ഊരിയത്. സിലിണ്ടറുകളുടെ എണ്ണം കൂട്ടിയതും സിപിഎം സമരവും തമ്മില്‍ ഒരു ബന്ധവുമില്ല. സംസ്ഥാനത്ത് 77.21 ലക്ഷം കുടുംബങ്ങള്‍ ഗ്യാസ് ഉപയോഗിക്കുന്നതില്‍ 96.95 ശതമാനവും ഒമ്പത് സിലിണ്ടറിനു താഴെ മാത്രം ഉപയോഗിക്കുന്നവരാണ്. എങ്കിലും 12 സിലിണ്ടറായി ഉയര്‍ത്തണമെന്ന് കോണ്‍ഗ്രസ് മുഖ്യമന്ത്രിമാരുടെ യോഗത്തില്‍ താനുള്‍പ്പെടെ എല്ലാവരും ആവശ്യപ്പെട്ടിരുന്നു. പ്രധാനമന്ത്രി ജനുവരി മൂന്നു മുതല്‍ അഞ്ചുവരെ കേരളത്തില്‍ ഉണ്ടായിരുന്നപ്പോള്‍ സംസ്ഥാന സര്‍ക്കാറും കെ.പി.സി.സിയും ഈ ആവശ്യം ഉന്നയിച്ചു. അതാണ് കേന്ദ്രസര്‍ക്കാര്‍ ഇപ്പോള്‍ അംഗീകരിച്ചത്. ഇത് സി.പി.എം സമരം മൂലമാണെന്ന് അവകാശപ്പെടുന്നത് ബാലിശമാണെന്ന് മുഖ്യമന്ത്രി ആരോപിച്ചു.
ആധാര്‍ ബന്ധിപ്പിക്കല്‍ രണ്ട് മാസം കൂടി നീട്ടിയിട്ടുണ്ട്. ആവശ്യമെങ്കില്‍ കൂടുതല്‍ സമയം നല്‍കാമെന്ന് കേന്ദ്രമന്ത്രി വീരപ്പ മൊയ്ലി വ്യക്തമാക്കിയിട്ടുണ്ട്. ഇതും സി.പി.എം സമരത്തിനു മുമ്പാണു നടന്നത്.

നിയമനനിരോധം ഉണ്ടെന്ന് ആരോപിച്ച് ഡി.വൈ.എഫ്.ഐ നടത്തിയ സമരവും പൊളിഞ്ഞത് അതിന് വസ്തുതകളുമായി പുലബന്ധം പോലും ഇല്ലാത്തതുകൊണ്ടാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. പി.എസ്.സി ലിസ്റ്റ് ഉണ്ടായിട്ടും സ്ഥിരം തസ്തികകള്‍ നികത്താത്ത ഏതെങ്കിലും സംഭവം ഉണ്ടെന്ന് ചൂണ്ടിക്കാട്ടിയാല്‍ അടിയന്തര നടപടി സ്വീകരിക്കും. യു.ഡി.എഫ് അധികാരത്തില്‍ വന്നശേഷം 2013 ഡിസംബര്‍ വരെ 85,164 പേര്‍ക്ക് പി.എസ്.സി നിയമനം നല്‍കിയിട്ടുണ്ട്. അധ്യാപക പാക്കേജില്‍ 10,553 പേര്‍ക്ക് സ്ഥിരനിയമനം നല്‍കി. കെ.എസ്.ആര്‍.ടി.സി കണ്ടക്ടര്‍മാരുടെ കാര്യത്തില്‍ പി.എസ്.സിക്ക് നല്‍കിയ കണക്ക് തെറ്റി. കണക്ക് തെറ്റിയാല്‍ ഉദ്യോഗസ്ഥരില്‍ നിന്ന് വിശദീകരണം തേടുകയല്ലാതെ മറ്റെന്ത് ചെയ്യാനാണ്.ആരോഗ്യവകുപ്പില്‍ 3539 തസ്തികകള്‍ സൃഷ്ടിച്ചത് റെക്കോഡാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

യു.ഡി.എഫിലെ സീറ്റ് ചര്‍ച്ച ഉടന്‍;

യു.ഡി.എഫിലെ സീറ്റ് ചര്‍ച്ച ഉടന്‍; തര്‍ക്കമുണ്ടാകില്ളെന്ന് മുഖ്യമന്ത്രി

യു.ഡി.എഫിലെ സീറ്റ് ചര്‍ച്ച ഉടന്‍; തര്‍ക്കമുണ്ടാകില്ളെന്ന് മുഖ്യമന്ത്രി
 ലോക്സഭാ തെരഞ്ഞെടുപ്പിലെ യു.ഡി.എഫിന്‍െറ സീറ്റ് ചര്‍ച്ച ഉടന്‍ ആരംഭിക്കുമെന്നും ഇക്കാര്യത്തില്‍ യു.ഡി.എഫില്‍ തര്‍ക്കമുണ്ടാകില്ളെന്നും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. യു.ഡി.എഫിനു മുന്നില്‍ സി.എം.പി ഒന്നു മാത്രമായിരിക്കുമെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ ചോദ്യത്തോട് പ്രതികരിച്ചു.സീറ്റ് വിഭജനത്തില്‍ എല്ലാവരെയും വിശ്വാസത്തിലെടുത്ത് എല്ലാവരോടും ചര്‍ച്ച നടത്തി തീരുമാനം എടുക്കുകയെന്നാണ് യു.ഡി.എഫിന്‍െറ പാരമ്പര്യം. എല്ലാ കക്ഷികളും സഹകരണ സമീപനമാണ് എടുക്കുന്നത്. ചര്‍ച്ച നടത്തുന്ന കോണ്‍ഗ്രസും ആ സമീപനമാണ് പുലര്‍ത്തുക. യു.ഡി.എഫിലെ കക്ഷികള്‍ക്ക് സീറ്റ് ചോദിക്കാന്‍ പാടില്ളെന്ന വ്യവസ്ഥയില്ല. ഓരോ കക്ഷിയും അവരുടെ അവകാശങ്ങളും അവസരവും സാഹചര്യവും പറയുന്നത് തെറ്റായി കാണുന്നില്ല. സീറ്റിനെക്കുറിച്ച് പറഞ്ഞതും പറയാത്തതുമായ എല്ലാ വിഷയങ്ങളും ചര്‍ച്ച ചെയ്ത് എല്ലാവര്‍ക്കും സ്വീകാര്യമായ തീരുമാനമെടുക്കും. യു.ഡി.എഫില്‍ ഒരു തീരുമാനവും അടിച്ചേല്‍പ്പിക്കില്ല. ഓരോ പാര്‍ട്ടിയുടെയും സീറ്റിനുള്ള അര്‍ഹതയെക്കുറിച്ച് ചോദിച്ചപ്പോള്‍ അതിനെക്കുറിച്ച് പറയാന്‍ തനിക്ക് ഒരധികാരവുമില്ളെന്നായിരുന്നു മറുപടി. പൊതുവായെടുക്കുന്ന തീരുമാനമാകും താന്‍ പറയുക. യു.ഡി.എഫില്‍ ചര്‍ച്ച നടക്കുന്നില്ളെന്ന പരാതിയില്ല.

യു.ഡി.എഫിന് മുന്നില്‍ സി.എം.പി ഒന്നേയുള്ളൂവെന്നും അതിനപ്പുറമില്ളെന്നും ആ പാര്‍ട്ടിയിലെ ഭിന്നതയെക്കുറിച്ച ചോദ്യത്തിന് മുഖ്യമന്ത്രി മറുപടി നല്‍കി. 21ന് സി.എം.പിയെ ഒന്നിച്ചാണ് വിളിച്ചത്. അന്ന് പ്രശ്നം പരിഹരിക്കുമോയെന്ന് ചോദിച്ചപ്പോള്‍ എന്താണ് പറയുകയെന്ന് മുഖ്യമന്ത്രി തിരിച്ച് ചോദിച്ചു. ചെറിയ കക്ഷികളെ മുഖ്യമന്ത്രി ഭിന്നിപ്പിക്കുകയാണെന്ന കോടിയേരി ബാലകൃഷ്ണന്‍െറ ആരോപണം ശ്രദ്ധയില്‍പെടുത്തിയപ്പോള്‍ അത്രയും ബഹുമതി തനിക്ക് തന്ന വിവരം അറിഞ്ഞില്ളെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. അത് തനിക്കില്ലാത്ത കഴിവാണ്. പുതിയ കെ.പി.സി.സി പ്രസിഡന്‍റിന്‍െറ കാര്യത്തില്‍ ഹൈകമാന്‍ഡ് തീരുമാനമെടുക്കും. ഒരു തര്‍ക്കവും ഇക്കാര്യത്തിലില്ല. ഹൈകമാന്‍ഡ് തീരുമാനം എല്ലാവരും സ്വീകരിക്കും.

പെന്‍ഷന്‍കാര്‍ക്ക് ദേശീയമാതൃകയില്‍ ആരോഗ്യപദ്ധതി പരിഗണനയില്‍

പെന്‍ഷന്‍കാര്‍ക്ക് ദേശീയമാതൃകയില്‍ ആരോഗ്യപദ്ധതി പരിഗണനയില്‍ 


പെന്‍ഷന്‍കാര്‍ക്ക് ദേശീയമാതൃകയില്‍ ആരോഗ്യപദ്ധതി പരിഗണനയില്‍ -മുഖ്യമന്ത്രി
ഗ്യാസ് പൈപ്പ് ലൈന്‍: 2016 ജൂണിനകം ഭൂമി ഏറ്റെടുക്കും
തിരുവനന്തപുരം: സംസ്ഥാന സര്‍വീസില്‍ നിന്ന് പെന്‍ഷനാകുന്ന ജീവനക്കാര്‍ക്ക് ദേശീയ പെന്‍ഷന്‍ സ്കീം മാതൃകയില്‍ പ്രത്യേക ആരോഗ്യപദ്ധതി കൊണ്ടുവരുന്നത് ആലോചിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അറിയിച്ചു. എ.ടി. ജോര്‍ജിന്‍െറ സബ്മിഷന് നിയമസഭയില്‍ മറുപടി പറയുകയായിരുന്നു അദ്ദേഹം.
ഗെയിലിന്‍െറ ഗ്യാസ് പൈപ്പ് ലൈന്‍സ് ഇടുന്നതിന് ഭൂമി ഏറ്റെടുക്കല്‍ 2016 ജൂണോടെ പൂര്‍ത്തിയാക്കുമെന്ന് എ.പി. അബ്ദുല്ലക്കുട്ടിയുടെ ശ്രദ്ധക്ഷണിക്കലിന് മുഖ്യമന്ത്രി മറുപടിനല്‍കി. എം.എല്‍.എമാര്‍, എം.പിമാര്‍ എന്നിവരുടെ സഹകരണത്തോടെ ഉടന്‍ തീരുമാനമെടുക്കും. എറണാകുളത്ത് ഗാര്‍ഹിക കണക്ഷനുകള്‍ ഉടന്‍ നല്‍കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇത് നടപ്പാകുന്നതോടെ ആശങ്ക മാറി ജനങ്ങള്‍ക്ക് വസ്തുത ബോധപ്പെടും.

സ്ഥലം വിട്ടുകൊടുക്കുന്നവരുടെ താല്‍പര്യം സംരക്ഷിക്കും. പൈപ്പ് ലൈന്‍ സംബന്ധിച്ച് തെറ്റായ പ്രചാരണം നടക്കുന്നു. രാഷ്ട്രീയ പാര്‍ട്ടികള്‍ പ്രയോഗിക വിഷയങ്ങളാണ് ഉന്നയിക്കുന്നത്. ന്യായമായവില കിട്ടുക, പ്രശ്നം പരിഹരിക്കുക തുടങ്ങിയവ. അത് പരിഹരിക്കാന്‍ തയാറാണ്. വേറെ ചിലര്‍ ഭൂമിക്കടിയിലെ ബോംബ് എന്ന നിലയില്‍ തെറ്റായ പ്രചാരണം നടത്തുന്നു. ഇതിനോട് യോജിപ്പില്ല. ജില്ലാതലത്തില്‍ യോഗം ചേര്‍ന്ന് പ്രശ്നപരിഹാരത്തിന് നേരത്തെ ധാരണക്ക് നിര്‍ദേശിച്ചിരുന്നു. അത് പൂര്‍ണമായില്ല. കൊച്ചി നഗരത്തില്‍ 42 കിലോമീറ്റര്‍ പൈപ്പിട്ടു. ചീമേനി വാതകാതിഷ്ഠിത വൈദ്യുതി പദ്ധതിക്ക് നടപടി ഉണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

2014, ജനുവരി 20, തിങ്കളാഴ്‌ച

മുഖ്യമന്ത്രി ഇന്നുമുതല്‍ പൊതുപരിപാടികളില്‍ പങ്കെടുക്കും

മുഖ്യമന്ത്രി ഇന്നുമുതല്‍ പൊതുപരിപാടികളില്‍ പങ്കെടുക്കും

മുഖ്യമന്ത്രി ഇന്നുമുതല്‍ പൊതുപരിപാടികളില്‍ പങ്കെടുക്കും
 ഒരാഴ്ചയായി വിശ്രമത്തില്‍ കഴിയുന്ന മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി തിങ്കളാഴ്ച പൊതുപരിപാടികളില്‍ പങ്കെടുക്കും. തിങ്കളാഴ്ചത്തെ നിയമസഭാ സമ്മേളനത്തിലും അദ്ദേഹം പങ്കെടുക്കും. എന്നാല്‍ ദൂരസ്ഥലങ്ങളിലേക്ക് തല്‍കാലം യാത്രയുണ്ടാകില്ല. ഡോക്ടര്‍മാര്‍ ഇത് കര്‍ശനമായി വിലക്കിയിട്ടുണ്ട്്.ഇന്നലെ ഒൗദ്യോഗികവസതിയായ ക്ളിഫ് ഹൗസില്‍ അദ്ദേഹം വാര്‍ത്താസമ്മേളനം നടത്തിയിരുന്നു. ഐ.ടി@സ്കൂളിന്‍െറ ഓഫിസിലും അദ്ദേഹം പോയി. എന്നാല്‍ മറ്റ് ചടങ്ങുകളിലൊന്നും പങ്കെടുത്തില്ല. പൊതുപരിപാടികളില്‍ എന്ന് പങ്കെടുക്കുമെന്ന് ചോദിച്ചപ്പോള്‍ അതിന്‍െറ ഭാഗമാണ് വാര്‍ത്താസമ്മേളനമെന്ന് മുഖ്യമന്ത്രി പ്രതികരിച്ചു.പാലക്കാടാരംഭിച്ച സംസ്ഥാന സ്കൂള്‍ കലോത്സവത്തിന്‍െറ ഉദ്ഘാടനത്തിനായി പോകണമെന്ന് അദ്ദേഹം ഉദ്ദേശിച്ചിരുന്നു. വിമാനത്തില്‍ കൊച്ചിയില്‍ പോയശേഷം അവിടെ നിന്ന് റോഡ് മാര്‍ഗം പാലക്കാടത്തൊമെന്ന് തീരുമാനിച്ചുവെങ്കിലും ഡോക്ടര്‍മാര്‍ യാത്ര ചെയ്യുന്നത് കര്‍ശനമായി വിലക്കി. തുടര്‍ന്നാണ് അദ്ദേഹം സാങ്കേതിക സംവിധാനത്തിലൂടെ ഉദ്ഘാടനപ്രസംഗം നിര്‍വഹിച്ചത്.

2014, ജനുവരി 14, ചൊവ്വാഴ്ച

മുഖ്യമന്ത്രിക്ക് ആന്‍ജിയോഗ്രാം നടത്തി; ആരോഗ്യനില തൃപ്തികരം

മുഖ്യമന്ത്രിക്ക് ആന്‍ജിയോഗ്രാം നടത്തി; ആരോഗ്യനില തൃപ്തികരം

 

 

കോട്ടയം: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ ദേഹാസ്വാസ്ഥ്യത്തെത്തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളേജ് ആസ്​പത്രിയില്‍ പ്രവേശിപ്പിച്ചു. ആന്‍ജിയോഗ്രാം അടക്കമുള്ള പരിശോധനകളില്‍ കാര്യമായ കുഴപ്പങ്ങള്‍ കണ്ടത്തിയില്ല. പരിശോധനകള്‍ക്കുശേഷം മുഖ്യമന്ത്രിയെ ആസ്​പത്രി കാര്‍ഡിയോളജി കാത്ത്‌ലാബ് തീവ്രപരിചരണവിഭാഗത്തില്‍ പ്രവേശിപ്പിച്ചു. ആരോഗ്യനില തൃപ്തികരമാണെന്നും ആരോഗ്യപ്രശ്‌നങ്ങള്‍ കണ്ടത്തിയിട്ടില്ലെന്നും ആസ്​പത്രി അധികൃതര്‍ പറഞ്ഞു. മുഖ്യമന്ത്രിക്ക് നാലുദിവസത്തെ പൂര്‍ണവിശ്രമം ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. 

ഞായറാഴ്ച രാത്രി 7.30ന് കോട്ടയം മെഡിക്കല്‍ കോളേജ് സൂപ്രണ്ട് ഡോ. ടിജി ജേക്കബ്, ഹൃദ്രോഗവിഭാഗം പ്രഫസര്‍ ഡോ വി.എല്‍.ജയപ്രകാശ് എന്നിവര്‍ കോട്ടയം ടി.ബി.യിലെത്തി മുഖ്യമന്ത്രിയെ പരിശോധിച്ചിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനകളില്‍ കാര്യമായ പ്രശ്‌നങ്ങള്‍ കണ്ടെത്തിയില്ല. മെഡിക്കല്‍ വിദ്യാഭ്യാസ മുന്‍ഡയറക്ടറും ഹൃദ്രോഗചികിത്സാവിദഗ്ദ്ധനുമായ ഡോ സുദയകുമാറും എത്തി പരിശോധിച്ചു. തിങ്കളാഴ്ച രാവിലെ 7.30 ന് നടത്തിയ ഇ.സി.ജി. പരിശോധനയില്‍ ചെറിയ വ്യത്യാസംകണ്ടു. തുടര്‍ന്ന് എട്ടരയോടെ മെഡിക്കല്‍ കോളേജില്‍ എത്തിക്കുകയായിരുന്നു. 

അദ്ദേഹത്തെ പതിമൂന്നാംവാര്‍ഡിന് സമീപത്തുള്ള വി.വി.ഐ.പി. മുറിയിലാണ് പ്രവേശിപ്പിച്ചത്. ജനറല്‍ മെഡിസിന്‍ പ്രൊഫസര്‍ ഡോ. ജയകുമാര്‍, ഡോ. പ്രശാന്ത് കുമാര്‍, പകര്‍ച്ചവ്യാധിവിഭാഗം മേധാവി ഡോ. സജിത് കുമാര്‍, വൃക്കരോഗവിഭാഗം മേധാവി ഡോ. കെ.പി.ജയകുമാര്‍, കാര്‍ഡിയോതൊറാസിക് വിഭാഗം മേധാവി ഡോ. ജയകുമാര്‍, കാര്‍ഡിയോളജി വിഭാഗം പ്രൊഫസര്‍ ഡോ. രാജുജോര്‍ജ്ജ്, ഡോ. വി.എല്‍.ജയപ്രകാശ്, ഡോ. കെ.ജയപ്രകാശ്, സൂപ്രണ്ട് ഡോ. ടിജി ജേക്കബ് എന്നിവരുടെ നേതൃത്തത്തിലാണ് മുഖ്യമന്ത്രിയെ പരിശോധിച്ചത്. തുടര്‍ന്ന് വെല്ലൂര്‍ മെഡിക്കല്‍ കോളേജിലെ ഡോ. അജിത്ത് മുല്ലശ്ശേരി എത്തി പരിശോധിച്ചു. 

പരിശോധനകള്‍ അരമണിക്കുര്‍ തുടര്‍ന്നു. അദ്ദേഹത്തിന് ശസ്ത്രക്രിയയോ ആന്‍ജിയോപ്ലാസ്റ്റിയോ ആവശ്യമില്ലെന്ന് ഡോക്ടര്‍മാര്‍ വിലയിരുത്തി. ചൊവ്വാഴ്ച വൈകീട്ട് മുഖ്യമന്ത്രിക്ക് ആസ്​പത്രിവിടാമെന്നാണ് പ്രതീക്ഷ. 

2010ല്‍ മുഖ്യമന്ത്രിക്ക് ഹൃദയചികിത്സ നടത്തിയിരുന്നു. അന്ന് ഒരു ബ്ലോക്ക് കണ്ടെത്തിയിരുന്നു. ഇതിനാലാണ് ആന്‍ജിയോഗ്രാം പരിശോധനയ്ക്ക് നിര്‍ദ്ദേശിച്ചതെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. പരിശോധനയ്ക്കുശേഷം കാത്‌ലാബ് തിവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. തുടര്‍ചികിത്സ ആവശ്യമെങ്കില്‍ അത് പരിശോധനകള്‍ക്കുശേഷം നിശ്ചയിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി. മുഖ്യമന്ത്രിയുടെ മകള്‍ മറിയം, സഹോദരന്‍ അലക്‌സ് പി.ചാണ്ടി, ഭാര്യ ലൈല, മുഖ്യമന്ത്രിയുടെ സഹോദരി വത്സമ്മ എന്നിവരും ആസ്​പത്രിയെത്തിയിരുന്നു. 

സ്​പീക്കര്‍ ജി.കാര്‍ത്തികേയന്‍, ചീഫ് വിപ്പ് പി.സി.ജോര്‍ജ്, മന്ത്രിമാരായ വി.എസ്.ശിവകുമാര്‍, തിരുവഞ്ചുര്‍ രാധാകൃഷ്ണന്‍, അടൂര്‍ പ്രകാശ്, കെ.ബാബു, ജോസ് കെ.മാണി എം.പി. , സുരേഷ് കുറുപ്പ് എം.എല്‍.എ, തോമസ് ചാഴികാടന്‍, മുനിസിപ്പല്‍ ചെയര്‍മാന്‍ എം.പി.സന്തോഷ്‌കുമാര്‍, രാധാ വി. നായര്‍, കെ.ആര്‍.അരവിന്ദാക്ഷന്‍, ഫിലിപ്പ് ജോസഫ്, ജില്ലാ പോലീസ് മേധാവി എം.പി.ദിനേശ്, കളക്ടര്‍ അജിത്കുമാര്‍, വിവിധ ജനപ്രതിനിധികള്‍, നേതാക്കള്‍ എന്നിവര്‍ മുഖ്യമന്ത്രിയെ സന്ദര്‍ശിച്ചു.
 

2014, ജനുവരി 13, തിങ്കളാഴ്‌ച

യുവജനങ്ങളെ പ്രോത്സാഹിപ്പിക്കാന്‍ ബജറ്റിന്റെ ഒരുശതമാനം നീക്കിവച്ചു

യുവജനങ്ങളെ പ്രോത്സാഹിപ്പിക്കാന്‍ ബജറ്റിന്റെ ഒരുശതമാനം നീക്കിവച്ചു - മുഖ്യമന്ത്രി

 


കോട്ടയം: വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന യുവജനങ്ങളെ പ്രോത്സാഹിപ്പിക്കാന്‍ ബജറ്റിന്റെ ഒരുശതമാനം വിനിയോഗിക്കുന്നത് ഇന്ത്യയില്‍ ആദ്യമാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി.

കോട്ടയം കളക്ടറേറ്റ് ഹാളില്‍, 'സ്വാമി വിവേകാനന്ദന്‍' യുവപ്രതിഭാ പുരസ്‌കാരങ്ങള്‍ വിതരണം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. 

സംസ്ഥാനം 500 കോടി രൂപയാണ് യുവജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് വിനിയോഗിച്ചത്. കേന്ദ്രത്തിലോ മറ്റേതെങ്കിലും സംസ്ഥാനത്തോ ഇത്രയധികം തുക യുവജനങ്ങള്‍ക്ക് ബജറ്റ് വിഹിതമായി നല്‍കുന്നില്ല. പുതിയ സംരംഭങ്ങള്‍ക്കായി യുവാക്കള്‍ മുന്നോട്ടുവരണം. യുവാക്കളുടെ കഴിവനുസരിച്ചാണ് രാജ്യത്തിന് വളര്‍ച്ചയുണ്ടാകുന്നത്. സ്വാമി വിവേകാനന്ദന്‍ ഭാരതീയ സംസ്‌കാരത്തിന്റെ ഉന്നതമായ പ്രതീകമാണെന്നും വിവേകാനന്ദജയന്തി ദിനത്തില്‍ നടന്ന യോഗത്തില്‍ മുഖ്യമന്ത്രി പറഞ്ഞു. 

ചിരപ്രതിഷ്ഠ നേടിയ ആളുകള്‍ക്ക് തുടരെ പുരസ്‌കാരങ്ങള്‍ നല്‍കാതെ, ശ്രദ്ധേയമായ സംഭാവനകള്‍ നല്‍കുന്ന പുതുതലമുറയ്ക്ക് കൊടുക്കുന്നതാണ് ഉചിതമെന്ന് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു. 

സുരേഷ് കാളിയത്ത് (ഓട്ടന്‍തുള്ളല്‍), ദിജു വി. (ബാഡ്മിന്റണ്‍), ഡിഗോള്‍ തോമസ് (കൃഷി), വീണ ജോര്‍ജ് (മാധ്യമ പ്രവര്‍ത്തനം), വിനോദ് നമ്പ്യാര്‍ (സാമൂഹിക പ്രവര്‍ത്തനം), മുഹമ്മദ് ഗദ്ദാഫി (സംരംഭകത്വം), അര്‍ഷാദ് ബത്തേരി (സാഹിത്യം) എന്നിവര്‍ മുഖ്യമന്ത്രിയില്‍നിന്ന് പുരസ്‌കാരം ഏറ്റുവാങ്ങി. മലപ്പുറം ജില്ലയിലെ ആലുങ്ങാപ്പറമ്പ് ലക്കിസ്റ്റാര്‍ ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്, ക്ലബ്ബുകള്‍ക്കുള്ള സംസ്ഥാന തല യുവജനക്ഷേമ അവാര്‍ഡിന് അര്‍ഹമായി.

തിരുവനന്തപുരത്ത് കോണ്‍സുലേറ്റ്: യു.എ.ഇ.യിലെ പ്രവാസികള്‍ക്ക് ആഹ്ലാദം

തിരുവനന്തപുരത്ത് കോണ്‍സുലേറ്റ്: യു.എ.ഇ.യിലെ പ്രവാസികള്‍ക്ക് ആഹ്ലാദം

 

 


ദുബായ്: യു.എ.ഇ.യുടെ കോണ്‍സുലേറ്റ് ഓഫീസ് തിരുവനന്തപുരത്ത് തുറക്കാനുള്ള പ്രഖ്യാപനത്തില്‍ യു.എ.ഇ.യിലെ മലയാളി പ്രവാസികള്‍ക്ക് സന്തോഷവും സംതൃപ്തിയും. വിസസംബന്ധമായ പ്രശ്‌നങ്ങള്‍ മിക്കതും നാട്ടില്‍തന്നെ പരിഹരിക്കാം എന്നതാണ് യു.എ.ഇ. കോണ്‍സുലേറ്റുകൊണ്ട് പ്രവാസികള്‍ക്കുള്ള വലിയ നേട്ടം.

ഇപ്പോള്‍ മുംബൈയിലോ ഡല്‍ഹിയിലോ സര്‍ട്ടിഫിക്കറ്റുകള്‍ അറ്റസ്റ്റുചെയ്ത് കിട്ടാനുള്ള പ്രയാസവും കാലതാമസവും ഇതോടെ ഒഴിവാകും എന്നതാണ് പ്രധാന കാര്യം. ജോലിക്കുള്ള വിസ നേടാന്‍ സര്‍ട്ടിഫിക്കറ്റ് അറ്റസ്റ്റേഷന്‍ അനിവാര്യമാണ്. ഇതിന് മിക്കസ്ഥലത്തും ട്രാവല്‍ ഏജന്‍റുമാര്‍ കമ്മീഷന്‍ ഈടാക്കാറുമുണ്ട്. ഇതെല്ലാം ഇനി തിരുവനന്തപുരത്ത് നേരിട്ടുചെന്ന് നിര്‍വഹിക്കാം എന്ന ആശ്വാസത്തിലാണ് പ്രവാസികളും ഗള്‍ഫ്‌സ്വപ്നം കൊണ്ടുനടക്കുന്നവരും. സൗദി അറേബ്യ കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ മലയാളികളുള്ള രാജ്യമാണ് യു.എ.ഇ. ആഭ്യന്തരവകുപ്പിന്റെയും നോര്‍ക്കയുടെയും അറ്റസ്റ്റേഷന് ഒപ്പംതന്നെ കോണ്‍സുലേറ്റിലെ ജോലിയും ഒറ്റയാത്രകൊണ്ടുതന്നെ പൂര്‍ത്തിയാക്കാന്‍ ഇനി കഴിയും. 

വിനോദസഞ്ചാരികള്‍ക്കും ഇത് വലിയ അനുഗ്രഹമാകും. കോണ്‍സുലേറ്റിന്റെ വരവോടെ യു.എ.ഇ.യില്‍നിന്നുള്ള സഞ്ചാരികളുടെ ഒഴുക്കും കൂടും. വിസാ നടപടികള്‍ എളുപ്പത്തിലാവും എന്നതാണ് മറ്റൊരു നേട്ടം. ഇത് കേരളത്തിലെ വാണിജ്യ, വ്യാപാര, വിനോദസഞ്ചാര മേഖലകളിലെല്ലാം ഗുണംചെയ്യും. കേന്ദ്രമന്ത്രി ശശി തരൂരിന്റെകൂടി സ്വാധീനത്തിന്റെ പുറത്താണ് കോണ്‍സുലേറ്റ് തിരുവനന്തപുരത്ത് എത്തുന്നത്. തമിഴ്‌നാട്ടില്‍ നിന്നുള്ളവര്‍ക്കും തിരുവനന്തപുരം കേന്ദ്രം ഉപകാരപ്പെടും. 

2014, ജനുവരി 3, വെള്ളിയാഴ്‌ച

ആറന്മുള വിമാനത്താവളം: പ്രധാന തീരുമാനങ്ങളെടുത്തത് ഇടതുസര്‍ക്കാരെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്

ആറന്മുള വിമാനത്താവളം: പ്രധാന തീരുമാനങ്ങളെടുത്തത് ഇടതുസര്‍ക്കാരെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്
ആറന്മുള വിമാനത്താവളം പ്രാവര്‍ത്തികമാക്കാന്‍ തീരുമാനിച്ചത് കഴിഞ്ഞ ഇടതുസര്‍ക്കാരാണെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് പത്രക്കുറിപ്പില്‍ അറിയിച്ചു. കഴിഞ്ഞ സര്‍ക്കാരിന്റെ നാലാം വാര്‍ഷികത്തിന്റെ ഭാഗമായിട്ടായിരുന്നു ഇത്.

കെ.ജി.എസ്. കമ്പനി വാങ്ങിയ ഭൂമി രജിസ്റ്റര്‍ ചെയ്ത് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഉടന്‍ ആരംഭിക്കാന്‍ അന്നത്തെ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്‍ കത്ത് നല്‍കിയിരുന്നെന്നും പത്രക്കുറിപ്പില്‍ പറയുന്നു.

2010 ജൂലായ് 16 നാണ് കെ.ജി.എസ്. കമ്പനി വിമാനത്താവള പദ്ധതിയുടെ പ്രോജക്ട് റിപ്പോര്‍ട്ട് തയ്യാറാക്കി സംസ്ഥാന സര്‍ക്കാരിനും കേന്ദ്രസര്‍ക്കാരിന്റെ വിവിധ ഏജന്‍സികള്‍ക്കും നല്‍കിയത്. റവന്യൂ വകുപ്പിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ വിമാനത്താവളം പ്രാവര്‍ത്തികമാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു. ഒക്ടോബര്‍ 8 ന് നടന്ന മന്ത്രിസഭാ യോഗം പദ്ധതിക്ക് സമ്മതിപത്രം നല്‍കാന്‍ തീരുമാനിക്കുകയും ചെയ്തു - പത്രക്കുറിപ്പില്‍ പറയുന്നു.

സംസ്ഥാന സര്‍ക്കാരിന്റെ അനുകൂലസമീപനത്തെ തുടര്‍ന്ന് കമ്പനി, പദ്ധതി പ്രദേശത്ത് ഭൂമി വാങ്ങിത്തുടങ്ങി. എന്നാല്‍ ഭൂമി രജിസ്റ്റര്‍ ചെയ്യുന്നതിന് സാങ്കേതിക കാരണങ്ങളാല്‍ ജില്ലാ കളക്ടര്‍ തടസ്സമുന്നയിച്ചു. തുടര്‍ന്ന് 2010 നവംബര്‍ 12 ന് മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍, നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കത്തക്കവിധം ഭൂമി കൈമാറ്റം ചെയ്യുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിച്ച് വിവരം അറിയിക്കാന്‍ കളക്ടറോട് നിര്‍ദ്ദേശിച്ചു. ഇതനുസരിച്ച് കമ്പനി വാങ്ങിയ സ്ഥലം രജിസ്റ്റര്‍ ചെയ്യുന്നതിന് കളക്ടര്‍ സബ് രജിസ്ട്രാര്‍ ഓഫീസര്‍ക്ക് നിര്‍ദ്ദേശം നല്‍കി. തുടര്‍ന്ന് ഭൂമി പോക്കുവരവിന് കമ്പനി അപേക്ഷ നല്‍കി.

എല്‍.ഡി.എഫ്. മന്ത്രിസഭയുടെ അഞ്ചാം വാര്‍ഷികം പ്രമാണിച്ച് 2010 ഒക്ടോബര്‍ 9ന് ആറന്മുള വിമാനത്താവളം അടക്കം നാലു പദ്ധതികള്‍ യാഥാര്‍ത്ഥ്യമാക്കുന്നതിനെ കുറിച്ച് ചര്‍ച്ച നടത്തി തീരുമാനങ്ങളെടുത്തു. സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡും ജലസേചന വകുപ്പും പദ്ധതി പ്രദേശം സന്ദര്‍ശിച്ച് മലിനജലപ്രശ്‌നത്തിന് പരിഹാരം കണ്ടെത്താന്‍ തീരുമാനിച്ചു. 2011 ഫിബ്രവരി 22 ന് മലിനീകരണ നിയന്ത്രണ ബോര്‍ഡ് പൊതുജനാഭിപ്രായം ആരാഞ്ഞ് നോട്ടീസ് പുറപ്പെടുവിക്കുകയും ചെയ്തു.

രണ്ടു ദിവസത്തിനുശേഷം പദ്ധതിപ്രദേശമായ ആറന്മുള, കിടങ്ങന്നൂര്‍, മലപ്പുഴശ്ശേരി എന്നീ പഞ്ചായത്തുകളെ ചേര്‍ത്ത് വ്യവസായ മേഖലയായി പ്രഖ്യാപിച്ചു. വിമാനത്താവള നിര്‍മാണത്തിന് വിവിധ വകുപ്പുകളുടെ ഏകോപനത്തിന് ഏകജാലക സംവിധാനം ഏര്‍പ്പെടുത്തിക്കൊണ്ട് വിജ്ഞാപനം പുറപ്പെടുവിക്കുകയും ചെയ്തു. ഇടതുപക്ഷ സര്‍ക്കാര്‍ ഇറക്കിയ ഈ വിജ്ഞാപനത്തില്‍ പദ്ധതിപ്രദേശത്തിനു പുറത്തുള്ള സ്ഥലങ്ങളും ഉള്‍പ്പെട്ടിരുന്നു.

2011 മാര്‍ച്ച് 10 ന് നടത്തേണ്ടിയിരുന്ന പൊതുജനാഭിപ്രായമാരായല്‍ നിയമസഭാ തിരഞ്ഞെടുപ്പിനെ തുടര്‍ന്ന് മാറ്റിവെച്ചു. പിന്നീട് മെയ് 10 ന് പത്തനംതിട്ട കളക്ടറുടെ ഓഫീസില്‍ കൂടി അഭിപ്രായങ്ങള്‍ ക്രോഡീകരിച്ച് ഏകകണ്ഠമായി മിനിട്‌സ് പാസ്സാക്കി. അതിന്റെ പകര്‍പ്പ് വീഡിയോ റെക്കോഡിങ് സഹിതം കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന് സമര്‍പ്പിക്കുകയും ചെയ്തു. ഇതേ തുടര്‍ന്നാണ് 2013 നവംബര്‍ 18 ന് പദ്ധതിക്ക് പാരിസ്ഥിതികാനുമതി ലഭിച്ചത്. ഇതോടെ വിമാനത്താവള പദ്ധതിക്കാവശ്യമായ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ എല്ലാ അനുമതിയും ലഭിച്ചുവെങ്കിലും കമ്പനി ഇതുവരെ പ്രദേശത്ത് യാതൊരുവിധ നിര്‍മാണ പ്രവര്‍ത്തനങ്ങളും നടത്തിയിട്ടില്ല.

സുതാര്യമായും നിയമങ്ങള്‍ക്ക് വിധേയമായും പാരിസ്ഥിതിക അനുമതിയിലുള്ള നിര്‍ദ്ദേശങ്ങളെ പൂര്‍ണമായും പാലിച്ചുകൊണ്ടുംമാത്രം വിമാനത്താവള പദ്ധതി നടപ്പാക്കിയാല്‍ മതിയെന്നതാണ് യു.ഡി.എഫ്. സര്‍ക്കാര്‍ നിലപാടെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് പത്രക്കുറിപ്പില്‍ പറഞ്ഞു.

മുഖ്യമന്ത്രിക്ക് യു.എ.ഇ. രാജാവിന്റെ പുസ്തകോപഹാരം

മുഖ്യമന്ത്രിക്ക് യു.എ.ഇ. രാജാവിന്റെ പുസ്തകോപഹാരം

 

 

 മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് യു.എ.ഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തും നല്‍കിയ സ്‌നേഹോപഹാരം ശ്രദ്ധേയമായി.

വികസന പ്രക്രിയയിലെ പ്രായോഗികമായ ഇടപെടല്‍, വ്യക്തിപരമായ അനുഭവം, ദൈനംദിന വ്യവഹാരങ്ങള്‍ എന്നിവ ഉള്‍ക്കൊള്ളുന്ന അദ്ദേഹത്തിന്റെ പുസ്തകമാണ് മുഖ്യമന്ത്രിക്ക് സമ്മാനിച്ചത്. യു.എ.ഇ.യുടെ സവിശേഷമായ വികസന അനുഭവങ്ങള്‍ അദ്ദേഹം ഇതില്‍ വിവരിക്കുന്നു.

ഇംഗ്ലീഷില്‍ എഴുതിയിട്ടുള്ള പുസ്തകത്തിന്റെ മലയാളം പരിഭാഷ മുഖ്യമന്ത്രിക്ക് നോര്‍ക്ക റൂട്ട്‌സ് വൈസ് ചെയര്‍മാന്‍ എം.എ. യൂസഫലി കൈമാറി. ധനമന്ത്രി കെ.എം. മാണി, എകൈ്‌സസ് മന്ത്രി കെ. ബാബു, വ്യോമയാന പ്രിന്‍സിപ്പല്‍ സെക്രട്ടറി വി.ജെ. കുര്യന്‍ എന്നിവര്‍ പങ്കെടുത്തു.