UDF

Oommen Chandy

Peopels OC

Oommen Chandy

With Prince Charles

Oommen Chandy

CM's Mass Contact Program

Tuesday, May 28, 2013

ഇച്ഛാശക്തിയും യോജിപ്പുമില്ലാത്തത് വികസനത്തിന് പ്രതിബന്ധം

ഇച്ഛാശക്തിയും യോജിപ്പുമില്ലാത്തത് വികസനത്തിന് പ്രതിബന്ധം 

 

ഇച്ഛാശക്തിയും യോജിപ്പുമില്ലാത്തത് വികസനത്തിന് പ്രതിബന്ധം -മുഖ്യമന്ത്രി

 ഇച്ഛാശക്തിയില്ലായ്മയും യോജിപ്പില്ലായ്മയുമാണ് സംസ്ഥാന വികസനത്തിന് പ്രതിബന്ധമാകുന്നതെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. തൊഴില്‍ പ്രശ്നമോ പണത്തിന്‍െറ കുറവോ ഇപ്പോഴില്ല. വികസന കാര്യങ്ങളില്‍ പാര്‍ട്ടികള്‍ക്ക് ഭരണത്തിലിരിക്കുമ്പോഴത്തെ നിലപാടല്ല പ്രതിപക്ഷത്തിരിക്കുമ്പോള്‍. വികസനത്തില്‍ സ്ഥിരം നിലപാട് രാഷ്ട്രീയ കക്ഷികള്‍ സ്വീകരിക്കാത്തതാണ് പല പ്രശ്നങ്ങള്‍ക്കും കാരണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

പ്രസ്ക്ളബ് സംഘടിപ്പിക്കുന്ന ‘സമകാലിക രാഷ്ട്രീയവും കേരള വികസനവു’മെന്ന ചര്‍ച്ചാ പരമ്പര ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സര്‍ക്കാറുകള്‍ മാറിമാറി വരുമെന്നിരിക്കെ വികസന രംഗത്ത് പ്രായോഗിക സമീപനം സ്വീകരിക്കുകയാണ് വേണ്ടത്. ദുബൈ സര്‍ക്കാറിന്‍െറ വിദേശ രാജ്യത്തുള്ള ആദ്യ സംരംഭം എന്ന നിലയ്ക്കാണ് സ്മാര്‍ട്ട്സിറ്റി കൊണ്ടുവരാന്‍ യു.ഡി.എഫ് സര്‍ക്കാര്‍ ശ്രമിച്ചത്. അത് യാഥാര്‍ഥ്യമായെങ്കില്‍ ലോകത്തെ എല്ലാ കമ്പനികളും കൊച്ചിയിലേക്ക് വരുമായിരുന്നു. സ്മാര്‍ട്ട്സിറ്റിക്ക് നഷ്ടപ്പെട്ട ആറേഴ് വര്‍ഷങ്ങള്‍ താങ്ങാനാകാത്ത നഷ്ടമാണ് ഉണ്ടാക്കിയത്.

സുതാര്യമായാണ് കടല്‍ വിമാന പദ്ധതി തുടങ്ങിയത്. ഇപ്പോള്‍ അതിന്‍െറ പേരിലും തര്‍ക്കമായി. മത്സ്യത്തൊഴിലാളികള്‍ക്ക് ഒരുവിധ പ്രയാസവുമുണ്ടാക്കാന്‍ സര്‍ക്കാര്‍ തയാറാകില്ല. ടൂറിസം രംഗത്ത് ഗുണമുണ്ടാകുന്ന പദ്ധതിയാണിത്. പരീക്ഷണാടിസ്ഥാനത്തില്‍ ഇത് നടപ്പാക്കി ദോഷകരമാകുമെങ്കില്‍ പുനരാലോചിക്കാം. പദ്ധതിയെ മുന്‍വിധിയോടെ കാണുന്നത് ഗുണമാകില്ല. എല്ലാ പദ്ധതികളും സുതാര്യവും പ്രായോഗികവും പരിസ്ഥിതിക്കിണങ്ങുന്നതുമാകണം.

ആറന്മുള വിമാനത്താവളത്തിന്‍െറ റണ്‍വേക്ക് ഭൂമി നികത്തണമെന്നുണ്ടെങ്കില്‍ അനുവദിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. മറ്റ് കാര്യങ്ങള്‍ക്ക് നികത്താന്‍ അനുവദിക്കില്ല. പദ്ധതിയുമായി ബന്ധപ്പെട്ട തെറ്റായ വിജ്ഞാപനം റദ്ദാക്കും. പദ്ധതി പ്രദേശത്തെ മിച്ചഭൂമി സാങ്കേതികം മാത്രമാണ്. അപേക്ഷ കൊടുത്താല്‍ സര്‍ക്കാറിന് ഇളവ് നല്‍കാനാകും. സ്മാര്‍ട്ട്സിറ്റി പദ്ധതിക്കും ഇളവ് നല്‍കിയിരുന്നു. ഈ സര്‍ക്കാറിന്‍െറ കാലത്ത് ഒരിഞ്ച് ഭൂമി പോകും നികത്തിയിട്ടില്ല. ഭൂമി റിയല്‍ എസ്റ്റേറ്റിന് ഉപയോഗിക്കാമെന്ന് ആഗ്രഹമുണ്ടെങ്കില്‍ അത് നടക്കില്ല.

വികസനത്തിന് ഭൂമിയേറ്റെടുക്കാന്‍ പുതിയ തന്ത്രം ആവിഷ്കരിക്കും. സ്ഥലം വിട്ടുനല്‍കുന്ന ആളുടെ താല്‍പര്യം സംരക്ഷിക്കുന്നതിനൊപ്പം താങ്ങാനാകാത്ത ഭൂമി വില ഒഴിവാക്കുകയും വേണം. അവശേഷിക്കുന്ന ഭൂമിയുടെ വികസനത്തിനും കെട്ടിട നിര്‍മാണ ചട്ടത്തിലും ഇളവുകള്‍ നല്‍കുന്നത് പരിഗണിക്കും. വസ്തുവിലയും വികസനാവശ്യങ്ങളും സമന്വയിപ്പിക്കാന്‍ നോക്കും. വികസന കാര്യങ്ങളില്‍ ഭൂമി ലഭ്യത, പരിസ്ഥിതി സംരക്ഷണം എന്നിവ പ്രധാന വിഷയങ്ങളാണ്. കൊച്ചി തമ്മനത്ത് 14 കോടിയുടെ റോഡ് വികസന പദ്ധതിക്ക് സ്ഥലം ഏറ്റെടുക്കാന്‍ 120 കോടി നല്‍കേണ്ട സ്ഥിതിയാണ്. കൊച്ചി മെട്രോക്ക് ഭൂമി ഏറ്റെടുക്കാന്‍ സെന്‍റിന് 55 ലക്ഷം രൂപ നല്‍കേണ്ടി വന്നു.
വിവാദങ്ങള്‍ വികസനത്തിന് തടസ്സമാകരുതെന്ന് മുഖ്യമന്ത്രി പറഞ്ഞു. കേരളത്തിന്‍െറ സാധ്യത പരമാവധി ഉപയോഗപ്പെടുത്തി മുന്നോട്ട് പോകണം. വികസനത്തിന് തടസ്സം നില്‍ക്കുന്ന സമീപനം തൊഴിലാളികളോ സംഘടനാ നേതാക്കളോ സ്വീകരിക്കുന്നില്ല. നോക്കുകൂലിയെ പോലും എല്ലാവരും എതിര്‍ക്കുന്നു.

വികസനം വരാതിരിക്കുന്നതില്‍ തൊഴിലാളികളെ കുറ്റം പറയാനാകില്ല. ശ്രേഷ്ഠഭാഷാ പദവി നേടാന്‍ ഒന്നിച്ചതിന്‍െറ നേട്ടമുണ്ടായി. നഷ്ടം വരുന്നത് സമീപനത്തിലെ വ്യത്യാസം കൊണ്ടാണ്. അത് ഇനിയും കേരളത്തിന് താങ്ങാനാകില്ല. മാധ്യമങ്ങള്‍ക്ക് വികസന രംഗത്ത് കൂടുതല്‍ പോസിറ്റീവായി ഇടപെടാന്‍ കഴിയുമെന്നും നെഗറ്റീവ് സമീപനമാണുള്ളതെന്ന് പറയുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.പ്രസ്ക്ളബ് പ്രസിഡന്‍റ് പി.പി. ജയിംസ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി ബിജു ചന്ദ്രശേഖര്‍ സ്വഗതവും ട്രഷറര്‍ ജയന്‍ മേനോന്‍ നന്ദിയും പറഞ്ഞു. മാധ്യമ പ്രവര്‍ത്തകരുടെ മക്കളില്‍ എസ്.എസ്.എല്‍.സിക്ക് എല്ലാ വിഷയത്തിലും എ പ്ളസ് നേടിയവര്‍ക്ക് മുഖ്യമന്ത്രി കാഷ് അവാര്‍ഡ് നല്‍കി.

കുട്ടിക്കൂട്ടത്തിന്റെ നിര്‍ദേശങ്ങള്‍ സര്‍ക്കാറിന് വഴികാട്ടി

കുട്ടിക്കൂട്ടത്തിന്റെ നിര്‍ദേശങ്ങള്‍ സര്‍ക്കാറിന് വഴികാട്ടി -മുഖ്യമന്ത്രി

 

തിരുവനന്തപുരം: കേരം കാക്കാന്‍ കുട്ടിക്കൂട്ടമെത്തി. അവര്‍ക്കായി പാര്‍ലമെന്റ് ഒരുങ്ങി. പാര്‍ലമെന്റില്‍ അവര്‍ മുന്നോട്ടുവച്ച നിര്‍ദേശങ്ങള്‍ കൃഷിസംരക്ഷണത്തിന് സര്‍ക്കാരിനുപോലും വഴികാട്ടിയാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി.

'മാതൃഭൂമി'യുടെ 'കേരം കാക്കാന്‍ കുട്ടിക്കൂട്ടം' പരിപാടിക്കായി വിവിധ മത്സരങ്ങളിലൂടെ തിരഞ്ഞെടുത്ത 70 മിടുക്കരാണ് പാര്‍ലമെന്റിനെത്തിയത്. വൈലോപ്പിള്ളി സംസ്‌കൃതി ഭവനിലെ കൂത്തമ്പലം, കുട്ടിപാര്‍ലമെന്റായി മാറി. സ്​പീക്കര്‍ ജി.കാര്‍ത്തികേയന്‍ പാര്‍ലമെന്റ് ഉദ്ഘാടനം ചെയ്തു. ഓരോ ജില്ലയ്ക്കും അഞ്ചുപേര്‍ വീതമുള്ള ടീമുകള്‍ പാര്‍ലമെന്റില്‍ കേരസംരക്ഷണത്തിനായി തങ്ങള്‍ നടത്തിയ പരിശ്രമങ്ങളെയും ഗവേഷണങ്ങളെയും കുറിച്ച് സംസാരിച്ചു. 

മലപ്പുറം ജില്ലയുടെ അവതരണം നടക്കവെയാണ് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെത്തിയത്. ഒരുമണിക്കൂറോളം അദ്ദേഹം കുട്ടിപാര്‍ലമെന്റില്‍ ചെലവഴിച്ചു. നിങ്ങളുടെ നിര്‍ദേശങ്ങള്‍ കൃഷിയിലേയ്ക്കുള്ള ഒരു തിരിച്ചുവരവിന് വഴിയൊരുക്കുമെന്ന് ഞാന്‍ കരുതുന്നു. 'മാതൃഭൂമി'യുടെ ഈ പദ്ധതി കുഞ്ഞുങ്ങളില്‍ കൃഷിയുടെ പ്രാധാന്യം വളര്‍ത്താന്‍ ഉപകരിക്കും'' -മുഖ്യമന്ത്രി പറഞ്ഞു. 
സ്‌കൂളുകളില്‍ പാലിനും മുട്ടയ്ക്കും പകരം ഇളനീര്‍ നല്‍കുക, നീര ബോര്‍ഡ് തുടങ്ങുക, കേര ഉത്പന്നങ്ങള്‍ വിറ്റഴിക്കാനും കര്‍ഷകരെ സഹായിക്കാനും കേരകൂടാരം തുടങ്ങുക, കേര വികസന സഹകരണസംഘം രൂപവത്കരിക്കുക, തുടങ്ങിയ നിര്‍ദേശങ്ങള്‍ മികച്ചതാണെന്ന് മുഖ്യമന്ത്രി വിലയിരുത്തി. 

കുട്ടിപാര്‍ലമെന്റില്‍ ഉരുത്തിരിഞ്ഞ നിര്‍ദേശങ്ങള്‍ ക്രോഡീകരിച്ച് വേണ്ടതെല്ലാം ചെയ്യുമെന്ന് കൃഷിമന്ത്രി കെ.പി.മോഹനന്‍ പറഞ്ഞു. ചീഫ് സെക്രട്ടറി ഇ.കെ.ഭരത് ഭൂഷണ്‍, പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ എ.ഷാജഹാന്‍, കൃഷി ഡയറക്ടര്‍ ആര്‍.അജിത്കുമാര്‍, 'മാതൃഭൂമി' ബ്യൂറോ ചീഫ് ജി.ശേഖരന്‍ നായര്‍ എന്നിവര്‍ പങ്കെടുത്തു.

Tuesday, May 14, 2013

'വിഷന്‍ 2030' ലക്ഷ്യമാക്കുന്നതു കരുതലോടെയുള്ള വികസനം

 

'വിഷന്‍ 2030' ലക്ഷ്യമാക്കുന്നതു കരുതലോടെയുള്ള വികസനം

 സാമൂഹിക വികസനത്തില്‍ മുന്നേറുകയും സാമ്പത്തിക വളര്‍ച്ചയില്‍ പിന്നോട്ടാവുകയും ചെയ്ത കേരളത്തെ സാമ്പത്തിക വളര്‍ച്ചയിലും കരുതലോടെ മുന്നിലെത്തിക്കാനാണു വിഷന്‍ 2030ലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. രണ്ടാം വാര്‍ഷികത്തിനു മുന്നോടിയായി സര്‍ക്കാരിന്റെ വികസന കാഴ്ചപ്പാടിനെക്കുറിച്ചു പത്രാധിപന്മാരുമായി ആശയവിനിമയം നടത്തുകയായിരുന്നു അദ്ദേഹം. പഞ്ചവത്സര പദ്ധതികള്‍ക്കതീതമായി 20 വര്‍ഷത്തെ വികസനം ലക്ഷ്യംവച്ചുള്ളതാണു വിഷന്‍ 2030. ഇതില്‍ തുറന്ന സംവാദം നടത്തി കരട് വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കും.

പൊതു ധാരണ ഉണ്ടാക്കി ജൂണ്‍ അവസാനം വിഷന്‍ 2030 പ്രഖ്യാപിക്കും. സാമൂഹിക വികസനത്തില്‍ രാജ്യം ആഗോളതലത്തില്‍ 108-ാം സ്ഥാനത്താണെങ്കിലും കേരളം  ഫ്രാന്‍സിനൊപ്പം 40-ാം സ്ഥാനത്താണ്. എന്നാല്‍ സാമ്പത്തിക വളര്‍ച്ചയില്‍ ഗുജറാത്ത്  ഉള്‍പ്പെടെ പല സംസ്ഥാനങ്ങളെക്കാളും പിന്നിലാണു നാം. ഉല്‍പാദന ഘടന മാറ്റാനും ഉല്‍പാദനക്ഷമത വര്‍ധിപ്പിക്കാനും കഴിയാതെപോയതാണു കാരണം. പൊതു വിദ്യാഭ്യാസത്തില്‍ രാജ്യത്ത് ഒന്നാമതെത്തിയപ്പോള്‍ ഉന്നത വിദ്യാഭ്യാസത്തില്‍ പിന്നാക്കം പോയി. അതു പരിഹരിക്കാനുള്ള ആദ്യ ചുവടുവയ്പായിരുന്നു. സ്വാശ്രയ പ്രഫഷനല്‍ കോളജുകള്‍.  കോളജുകള്‍ക്കു സ്വയംഭരണാവകാശം നല്‍കാനുള്ള തീരുമാനമാണു മറ്റൊന്ന്. വിവര സാങ്കേതികവിദ്യയിലൂടെ വിവരം കൈമാറുന്നതിനു പകരം വിവരം ഉല്‍പാദിപ്പിക്കാനാണ് അടുത്തതായി ലക്ഷ്യമിടുന്നത്. നമ്മുടെ സംസ്ഥാനത്തെ മികച്ച വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തങ്ങളുടെ ഗവേഷണ വികസന വിഭാഗത്തിലൂടെ  പുതിയ കണ്ടുപിടിത്തങ്ങള്‍ നടത്തി ലോകത്തിനു കൈമാറണം.

വിദ്യാഭ്യാസ സ്ഥാപനങ്ങളെ ലോകോത്തര നിലവാരത്തിലേക്ക് ഉയര്‍ത്തി ഇവിടം വിജ്ഞാനകേന്ദ്രങ്ങളാക്കണം. സംസ്ഥാനത്തു നല്ല വിജ്ഞാന നഗരങ്ങള്‍ വിഭാവന ചെയ്യുന്നതുവഴി വിഷന്‍ 2030 ഇതാണു ലക്ഷ്യംവയ്ക്കുന്നതെന്നു മുഖ്യമന്ത്രി വിശദീകരിച്ചു. ഏറ്റവും വലിയ പ്രശ്‌നമായി താന്‍ കാണുന്നതു രോഗവും ചികില്‍സയുമാണ്. അതു കൊണ്ടു ജനങ്ങള്‍ക്കു പരമാവധി നല്ല ചികില്‍സ ലഭ്യമാക്കുകയും സര്‍ക്കാരിന്റെ ചുമതലയാണ്. വിവരാവകാശവും സേവനാവകാശവും പോലെ ആരോഗ്യവും ജനങ്ങളുടെ അവകാശമാകണം. ആ ലക്ഷ്യം കൈവരിക്കുന്നതു വരെ പരമാവധി നല്ല ചികില്‍സ പാവപ്പെട്ടവര്‍ക്കു കൂടി ലഭ്യമാക്കാനാണു ശ്രമം. ആ ലക്ഷ്യത്തോടെയാണ് ആരോഗ്യ ഇന്‍ഷുറന്‍സും കാരുണ്യ ചികില്‍സാസഹായ നിധിയുമൊക്കെ.  കൂടുതല്‍ പ്രഖ്യാപനങ്ങള്‍ രണ്ടാം വാര്‍ഷികത്തില്‍ ഉണ്ടാകും.

ലോകത്തെവിടെയും കിട്ടുന്ന മെച്ചപ്പെട്ട ചികില്‍സ ഇന്നു കേരളത്തിലും ലഭ്യമാണ്. പക്ഷേ ചെലവ് താങ്ങാന്‍ സാധാരണക്കാര്‍ക്കാവില്ല. ഇതിനു ശാശ്വത പരിഹാരം ഉണ്ടാവണമെങ്കില്‍ ആരോഗ്യം പൗരന്റെ അവകാശമാകണം. കേന്ദ്ര സര്‍ക്കാരാണ് അതിനു മുന്‍കയ്യെടുക്കേണ്ടത്-മുഖ്യമന്ത്രി പറഞ്ഞു. ആസൂത്രണ മന്ത്രി കെ.സി. ജോസഫ്, ആസൂത്രണ ബോര്‍ഡ് ഉപാധ്യക്ഷന്‍ കെ.എം. ചന്ദ്രശേഖരന്‍, അംഗങ്ങളായ ജി. വിജയരാഘവന്‍, സി.പി. ജോണ്‍ എന്നിവരും പങ്കെടുത്തു.

 

മികച്ച ചികിത്സാസൗകര്യത്തിന് കൂട്ടായ യത്നം വേണം

 

മികച്ച ചികിത്സാസൗകര്യത്തിന് കൂട്ടായ യത്നം വേണം

മികച്ച ചികിത്സാസൗകര്യത്തിന് കൂട്ടായ യത്നം വേണം -മുഖ്യമന്ത്രി

തിരുവനന്തപുരം: എല്ലാവര്‍ക്കും മികച്ച ചികിത്സാസൗകര്യമൊരുക്കാനുള്ള സര്‍ക്കാറിന്‍െറ ശ്രമങ്ങള്‍ക്ക് സന്നദ്ധസംഘടനകളുടെ സഹായം വേണമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. മെഡിക്കല്‍ കോളജിന് സമീപം ചാലക്കുഴി റോഡില്‍ കേദാരം നഗറില്‍ പണിത അഭയകേന്ദ്രം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സര്‍ക്കാറിന്‍െറ ശ്രമങ്ങള്‍ക്കുള്ള വിലമതിക്കാനാവാത്ത പിന്തുണയും സഹായവുമാണ് അഭയകേന്ദ്രം. അര്‍ഹിക്കുന്നവരെ സഹായിക്കുന്നത് സര്‍ക്കാര്‍ തലത്തില്‍ മാത്രം ഒതുക്കേണ്ടതല്ല. നിര്‍ധന രോഗികള്‍ക്ക് തലചായ്ക്കാനൊരിടം എന്നത് വലിയ സേവനമാണെന്നും അദ്ദേഹം പറഞ്ഞു.
ആരോഗ്യമേഖലയിലെ പുതിയ കണ്ടുപിടുത്തങ്ങള്‍ സാധാരണക്കാരനില്‍നിന്ന് ചികിത്സ അകറ്റുന്ന സാഹചര്യമുണ്ടാക്കിയെന്ന് അധ്യക്ഷതവഹിച്ച ജമാഅത്തെ ഇസ്ലാമി കേരള അമീര്‍ ടി. ആരിഫലി പറഞ്ഞു. സാധാരണക്കാരന് താങ്ങാനാവാത്തവിധം ചികിത്സാ ചെലവ് വര്‍ധിക്കുന്ന സാഹചര്യം മാറണമെന്നും അദ്ദേഹം പറഞ്ഞു. ആരോഗ്യരംഗത്തുയരുന്ന പുതിയ വെല്ലുവിളിയാണ് ജീവിതശൈലീ രോഗങ്ങളെന്ന് ആരോഗ്യമന്ത്രി വി.എസ്. ശിവകുമാര്‍ പറഞ്ഞു. 18 വയസ്സില്‍ താഴെയുള്ളവര്‍ക്ക് 30 ഓളം രോഗങ്ങള്‍ക്ക് സൗജന്യ ചികിത്സക്ക് കേന്ദ്രസര്‍ക്കാറിന് പദ്ധതിയുള്ളതായി മന്ത്രി എം.കെ. മുനീര്‍ പറഞ്ഞു. 18 വയസ്സില്‍ താഴെയുള്ള കാന്‍സര്‍ രോഗികള്‍ക്ക് ചികിത്സാചെലവ് ആര്‍.സി.സിയില്‍ സര്‍ക്കാര്‍ കെട്ടിവെക്കുന്നുണ്ട്. ഈ പദ്ധതികള്‍ വിപുലീകരിക്കുന്നത് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ആലോചിക്കുകയാണെന്നും മുനീര്‍ പറഞ്ഞു.

നാനോ ടെക്നോളജി മേഖലയില്‍ ശ്രദ്ധപതിപ്പിക്കും

നാനോ ടെക്നോളജി മേഖലയില്‍ ശ്രദ്ധപതിപ്പിക്കും 

നാനോ ടെക്നോളജി മേഖലയില്‍ ശ്രദ്ധപതിപ്പിക്കും -മുഖ്യമന്ത്രി

തിരുവനന്തപുരം: ബയോ ടെക്നോളജി, നാനോ ടെക്നോളജി, പാരമ്പര്യേതര ഊര്‍ജ മേഖലകളില്‍ ശ്രദ്ധപതിപ്പിക്കാന്‍ സെന്‍റര്‍-സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ടെക്നോളജി ട്രാന്‍സ്ഫര്‍ സ്ഥാപിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. സംസ്ഥാന ശാസ്ത്ര- സാങ്കേതിക പരിസ്ഥിതി കൗണ്‍സിലിന്‍െറയും ശാസ്ത്ര-സാങ്കേതിക മ്യൂസിയത്തിന്‍െറയും ആഭിമുഖ്യത്തില്‍ നടന്ന ദേശീയ സാങ്കേതികവിദ്യ ദിനാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഇന്ധനക്ഷാമം, വൈദ്യുതിക്ഷാമം തുടങ്ങിയ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ കഴിയുംവിധം ആധുനിക സാങ്കേതികവിദ്യ വളരണം. ആണവവിദ്യ വികസിപ്പിക്കുന്നതിനൊപ്പം സാധാരണ ജനങ്ങള്‍ നേരിടുന്ന പ്രശ്നങ്ങള്‍ പരിഹരിക്കാനുള്ള മാര്‍ഗങ്ങളും വികസിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.ശാസ്ത്ര- സാങ്കേതിക പരിസ്ഥിതി കൗണ്‍സില്‍ എക്സിക്യൂട്ടീവ് വൈസ്പ്രസിഡന്‍റ് ഡോ. വി.എന്‍. രാജശേഖരന്‍പിള്ള അധ്യക്ഷത വഹിച്ചു.

ഇനി വേണ്ടത് ആരോഗ്യത്തിനുള്ള അവകാശം

 

ഇനി വേണ്ടത് ആരോഗ്യത്തിനുള്ള അവകാശം -മുഖ്യമന്ത്രി

ഇനി വേണ്ടത് ആരോഗ്യത്തിനുള്ള അവകാശം -മുഖ്യമന്ത്രി
ഡോക്ടര്‍ മിംസ് ബെസ്റ്റ് ഡോക്ടര്‍ അവാര്‍ഡ് ഡോ. രാജന്‍ ജോസഫ് മാഞ്ഞൂരാന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി സമ്മാനിക്കുന്നു.

കോഴിക്കോട്: ആരോഗ്യത്തിനുള്ള അവകാശമാണ് (റൈറ്റ് ടു ഹെല്‍ത്ത്) ഇനി നമുക്കാവശ്യമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. മിംസ് (മലബാര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ്) ആശുപത്രിയുടെ പ്രഥമ ഡോ. മിംസ് പുരസ്കാരം വിതരണം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മന്ത്രിസഭയുടെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് ഇതടക്കമുള്ള പ്രഖ്യാപനമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

ലോകത്ത് ഇന്നുകിട്ടുന്ന എല്ലാ ചികിത്സകളും കേരളത്തില്‍ ലഭ്യമാണ്. എന്നാലത് എല്ലാവര്‍ക്കും ലഭിക്കുന്നില്ല എന്നതാണ് സര്‍ക്കാറിന്‍െറ ഏറ്റവും വലിയ വെല്ലുവിളി. സംസ്ഥാനത്ത് ആധുനിക ചികിത്സ നടപ്പാക്കുന്നതിന്‍െറ ഭാഗമായാണ് കോക്ളിയര്‍ ഇംപ്ളാന്‍റ് സൗജന്യമായി ചെയ്യുന്നത്. ജനറിക് മെഡിസിന്‍ ഈ വര്‍ഷം പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലേക്ക് വ്യാപിപ്പിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ബെസ്റ്റ് ഡോക്ടര്‍ അവാര്‍ഡ് തിരുവല്ല പുഷ്പഗിരി ആശുപത്രിയിലെ ഡോ. രാജന്‍ ജോസഫ് മഞ്ഞൂരാനും ആരോഗ്യമേഖലയിലെ നൂതനാശയങ്ങള്‍ക്കുള്ള പുരസ്കാരം റേഡിയോളജിസ്റ്റ് ഡോ. ബേബി മനോജിനും (തലശ്ശേരി), അച്ചടി/ദൃശ്യമാധ്യമ പുരസ്കാരം മാതൃഭൂമി ആരാഗ്യമാസികക്കും മുഖ്യമന്ത്രി സമ്മാനിച്ചു. സര്‍ട്ടിഫിക്കറ്റ് വിതരണം മന്ത്രി ഡോ. എം.കെ. മുനീറും ഒരു ലക്ഷം രൂപയുടെ ചെക്ക് മിംസ് ചെയര്‍മാന്‍ ഡോ. ആസാദ് മൂപ്പനും നല്‍കി. ഡോ. രമേശ് ഭാസി സ്വാഗതവും മിംസ് എം.ഡി ഡോ. അബ്ദുല്ല ചെറയക്കാട്ട് നന്ദിയും പറഞ്ഞു.