UDF

2013, നവംബർ 14, വ്യാഴാഴ്‌ച

സഖ്യമുണ്ടാക്കാന്‍ സി.പി.എമ്മും ബി.ജെ.പിയും കാരണം തിരയുന്നു

സഖ്യമുണ്ടാക്കാന്‍ സി.പി.എമ്മും ബി.ജെ.പിയും കാരണം തിരയുന്നു -മുഖ്യമന്ത്രി

 

വരുന്ന പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ സഖ്യമുണ്ടാക്കാന്‍ ബി.ജെ.പിയും സി.പി.എമ്മും കാരണം തിരയുന്നതായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ആരോപിച്ചു. മന്ത്രിസഭായോഗത്തിനുശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബി.ജെ.പിയും സി.പി.എമ്മും സഖ്യത്തിലേര്‍പ്പെട്ടുവെന്ന് ഞാന്‍ ഒരിടത്തും പറഞ്ഞിട്ടില്ല. കൊല്ലത്ത് നടന്ന കെ.എസ്.യു. സമ്മേളനത്തില്‍ ചില യാഥാര്‍ത്ഥ്യങ്ങള്‍ ചൂണ്ടിക്കാണിച്ചുവെന്ന് മാത്രം. 1977-ല്‍ ഇവര്‍ യോജിച്ച് പ്രവര്‍ത്തിച്ചിട്ടുണ്ട്. അടിയന്തരാവസ്ഥയാണ് അന്ന് കാരണമായി പറഞ്ഞത്. 1989-ല്‍ അഴിമതിയുടെ പേര് പറഞ്ഞ് ഇവര്‍ ഒന്നായി. വി.പി.സിങ്ങ് പ്രധാനമന്ത്രിയാവുകയും ചെയ്തു. ഇക്കുറിയും പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ ബി.ജെ.പി. കേരളത്തില്‍ ഒരു സീറ്റും നേടില്ല. സി.പി.എമ്മിന്റെ കാര്യത്തിലും ഏറെ മെച്ചമുണ്ടാകില്ല.

ദേശീയതലത്തില്‍, കോണ്‍ഗ്രസ്സിന്റെ സീറ്റ് കുറയ്ക്കുകയാണ് ബി.ജെ.പിയുടെ ശ്രമം. ഇവിടെ അതുതന്നെയാണ് സി.പി.എമ്മിന്റേയും ലക്ഷ്യം. അതുകൊണ്ടുതന്നെ ഏത് പുതിയ കാരണത്താലാണ് യോജിപ്പിലെത്താന്‍ കഴിയുക എന്നകാര്യം ഇരുപാര്‍ട്ടികളും ആലോചിക്കുന്നുണ്ട്- ഉമ്മന്‍ചാണ്ടി പറഞ്ഞു.