UDF

2013, സെപ്റ്റംബർ 12, വ്യാഴാഴ്‌ച

യുവസംരംഭകര്‍ക്കായി ബജറ്റിന്റെ ഒരു ശതമാനം നീക്കിവെക്കും

യുവസംരംഭകര്‍ക്കായി ബജറ്റിന്റെ ഒരു ശതമാനം നീക്കിവെക്കും

തിരുവനന്തപുരം: യുവസംരംഭകര്‍ക്കായി വാര്‍ഷിക ബജറ്റിന്റെ ഒരു ശതമാനം തുക നീക്കിവെക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അറിയിച്ചു. സംസ്ഥാനത്തെ യുവജനങ്ങളെയും വിദ്യാര്‍ഥികളെയും തൊഴില്‍ അന്വേഷകരില്‍ നിന്ന് തൊഴില്‍ദാതാക്കളാക്കി മാറ്റുന്ന സര്‍ക്കാരിന്റെ സ്വയംസംരംഭകത്വ പരിപാടിയുടെ ഭാഗമായാണ് വര്‍ഷം തോറും 500 കോടിക്ക് മുകളിലുള്ള തുക ഇങ്ങനെ നീക്കിവെക്കുന്നത്. സ്വയംസംരംഭകത്വ പരിപാടിയുടെ പ്രചാരണത്തിന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വ്യാഴാഴ്ച സ്‌കൂള്‍/കോളേജ് വിദ്യാര്‍ഥികളെ ഗൂഗ്ള്‍ ഹാങ്ഔട്ടിലൂടെ അഭിസംബോധന ചെയ്യുമ്പോഴാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. 

ഇന്ത്യയില്‍ ആദ്യമായാണ് ഇപ്രകാരം ബജറ്റിന്റെ ഗണ്യമായൊരു വിഹിതം യുവസംരംഭകര്‍ക്കായി നീക്കിവെക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഓണം ഉപഹാരമായിട്ടാണ് ഇത് യുവാക്കള്‍ക്ക് വേണ്ടി അവതരിപ്പിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഐ.ടി, ടെലിഫോണ്‍ മേഖലകളിലാണ് നൂതന ആശയങ്ങളുമായി യുവാക്കള്‍ എത്തിയത്. ഇത് കൃഷി, ആരോഗ്യം, സിനിമ, ടൂറിസം ഇങ്ങനെ എല്ലാ മേഖലകളിലേക്കും വ്യാപിപ്പിക്കും. യുവസംരംഭകര്‍ക്ക് ആശങ്ങള്‍ പങ്കുവെക്കാനായി സംസ്ഥാനത്തെ എല്ലാ കോളജുകളിലും എന്റര്‍പ്രണര്‍ഷിപ്പ് ഡെവലപ്‌മെന്റ് ക്ലബ്ബുകള്‍ തുടങ്ങും. 

കളമശ്ശേരിയില്‍ തുടങ്ങിയ സ്റ്റാര്‍ട്ട്അപ്പ് വില്ലേജില്‍ മാത്രം ഐ.ടി/ടെലികോം മേഖലയില്‍ ആയിരത്തില്പരം നൂതന ആശയങ്ങളാണ് എത്തിയത്. ഇത് കൃഷി, വിനോദസഞ്ചാരം, ക്ഷീരമേഖല, കല-സംസ്‌കാരം എന്നിങ്ങനെ കൂടുതല്‍ മേഖലകളിലേക്ക് വ്യാപിപ്പിക്കാന്‍ തീരുമാനിച്ചതിന്റെ ഭാഗമായാണ് സംരംഭകത്വദിനമായി സപ്തംബര്‍ 12 ആചരിക്കുന്നത്. ഇതോടനുബന്ധിച്ച് വ്യാഴാഴ്ച സെക്രട്ടേറിയറ്റിന് മുന്നില്‍ 150 മീറ്റര്‍ നീളത്തില്‍ സ്റ്റാര്‍ട്ട്അപ്പ് ഭിത്തി സജ്ജീകരിച്ചിരുന്നു.