UDF

2013, സെപ്റ്റംബർ 4, ബുധനാഴ്‌ച

വനവത്കരണത്തിന് വനംവകുപ്പ് ആറു ലക്ഷം തൈകള്‍ നല്‍കും

അമൃതവര്‍ഷം 60: വനവത്കരണത്തിന് വനംവകുപ്പ് ആറു ലക്ഷം തൈകള്‍ നല്‍കും

 

 


തിരുവനന്തപുരം: മാതാ അമൃതാനന്ദമയി മഠം നടത്തുന്ന വനവത്കരണ പരിപാടിയില്‍ കേരളത്തില്‍ നട്ടുപിടിപ്പിക്കുന്നതിനുള്ള ആറു ലക്ഷം വൃക്ഷത്തൈകള്‍ വനംവകുപ്പ് നല്‍കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. 

ബഹുജനപങ്കാളിത്തത്തോടെ ഒരു വര്‍ഷംകൊണ്ട് രാജ്യത്താകമാനം നടപ്പാക്കാനുദ്ദേശിക്കുന്ന വനവത്കരണ പരിപാടിയുടെ ഉദ്ഘാടനം ക്ലിഫ്ഹൗസില്‍ വൃക്ഷത്തൈ നട്ട് മുഖ്യമന്ത്രി നിര്‍വഹിച്ചു. 

ഒരു വര്‍ഷം കൊണ്ട് രാജ്യത്താകെ 60 ലക്ഷം വൃക്ഷത്തൈകള്‍ നടാനാണ് മഠം ലക്ഷ്യമിടുന്നത്. ഇതിന്റെ പത്തിലൊന്ന് കേരളത്തില്‍ മാത്രം നട്ടുപിടിപ്പിക്കും. ഇതിനാവശ്യമായ ആദ്യത്തെ ഒന്നേമുക്കാല്‍ ലക്ഷം തൈകള്‍ എത്രയും പെട്ടെന്ന് കൈമാറുമെന്നും തുടര്‍ന്ന് ഓരോ മാസവും 50,000 തൈകള്‍ വീതം മഠത്തിനു നല്‍കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. അടുത്ത ജൂണ്‍മാസത്തോടുകൂടി മുഴുവന്‍ വൃക്ഷത്തൈകളും നല്‍കും.

പ്രകൃതിയോട് പൂര്‍ണമായും നീതിപുലര്‍ത്തി നടത്തുന്ന പ്രകൃതിസംരക്ഷണ പ്രവര്‍ത്തനമാണിത്. അതുകൊണ്ടുതന്നെ അമൃതാനന്ദമയിയുടെ അറുപതാം പിറന്നാളിനോടനുബന്ധിച്ച് മഠം നടത്തുന്ന ഈ പരിപാടി ഏറെ പ്രശംസനീയമാണ്. അമൃതാനന്ദമയി മഠം നടത്തിവരുന്ന സാമൂഹികസേവന പരിപാടികളില്‍ അവസാനത്തെ ഉദാഹരണമാണ് ഈ പദ്ധതിയെന്നും മുഖ്യമന്ത്രി പറഞ്ഞു.

സമൂഹത്തിനുവേണ്ടി പതിറ്റാണ്ടുകളായി അമ്മയുടെ ഭക്തര്‍ നടത്തുന്ന നിസ്വാര്‍ഥ സേവനത്തെപ്പറ്റി ലോകത്തെ ഓര്‍മിപ്പിക്കുന്നതിനാണ് ഇത്തരത്തില്‍ വിപുലമായ പരിപാടി സംഘടിപ്പിക്കുന്നതെന്ന് അമൃതപുരി ആശ്രമം പ്രതിനിധി സ്വാമി ജ്ഞാനാമൃതാനന്ദപുരി പറഞ്ഞു. കൈമനം ആശ്രമത്തിലെ ബ്രഹ്മചാരി ശിവാമൃത ചൈതന്യ, അമൃതപുരി ആശ്രമത്തിലെ ബ്രഹ്മചാരി തപസ്യാമൃത ചൈതന്യ, പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ് ബി.എസ്. കോറി, അസിസ്റ്റന്റ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ് ജയകുമാര്‍ ശര്‍മ എന്നിവര്‍ ഉദ്ഘാടന പരിപാടിയില്‍ പങ്കെടുത്തു.