UDF

2013, മേയ് 14, ചൊവ്വാഴ്ച

മികച്ച ചികിത്സാസൗകര്യത്തിന് കൂട്ടായ യത്നം വേണം

 

മികച്ച ചികിത്സാസൗകര്യത്തിന് കൂട്ടായ യത്നം വേണം

മികച്ച ചികിത്സാസൗകര്യത്തിന് കൂട്ടായ യത്നം വേണം -മുഖ്യമന്ത്രി

തിരുവനന്തപുരം: എല്ലാവര്‍ക്കും മികച്ച ചികിത്സാസൗകര്യമൊരുക്കാനുള്ള സര്‍ക്കാറിന്‍െറ ശ്രമങ്ങള്‍ക്ക് സന്നദ്ധസംഘടനകളുടെ സഹായം വേണമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. മെഡിക്കല്‍ കോളജിന് സമീപം ചാലക്കുഴി റോഡില്‍ കേദാരം നഗറില്‍ പണിത അഭയകേന്ദ്രം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സര്‍ക്കാറിന്‍െറ ശ്രമങ്ങള്‍ക്കുള്ള വിലമതിക്കാനാവാത്ത പിന്തുണയും സഹായവുമാണ് അഭയകേന്ദ്രം. അര്‍ഹിക്കുന്നവരെ സഹായിക്കുന്നത് സര്‍ക്കാര്‍ തലത്തില്‍ മാത്രം ഒതുക്കേണ്ടതല്ല. നിര്‍ധന രോഗികള്‍ക്ക് തലചായ്ക്കാനൊരിടം എന്നത് വലിയ സേവനമാണെന്നും അദ്ദേഹം പറഞ്ഞു.
ആരോഗ്യമേഖലയിലെ പുതിയ കണ്ടുപിടുത്തങ്ങള്‍ സാധാരണക്കാരനില്‍നിന്ന് ചികിത്സ അകറ്റുന്ന സാഹചര്യമുണ്ടാക്കിയെന്ന് അധ്യക്ഷതവഹിച്ച ജമാഅത്തെ ഇസ്ലാമി കേരള അമീര്‍ ടി. ആരിഫലി പറഞ്ഞു. സാധാരണക്കാരന് താങ്ങാനാവാത്തവിധം ചികിത്സാ ചെലവ് വര്‍ധിക്കുന്ന സാഹചര്യം മാറണമെന്നും അദ്ദേഹം പറഞ്ഞു. ആരോഗ്യരംഗത്തുയരുന്ന പുതിയ വെല്ലുവിളിയാണ് ജീവിതശൈലീ രോഗങ്ങളെന്ന് ആരോഗ്യമന്ത്രി വി.എസ്. ശിവകുമാര്‍ പറഞ്ഞു. 18 വയസ്സില്‍ താഴെയുള്ളവര്‍ക്ക് 30 ഓളം രോഗങ്ങള്‍ക്ക് സൗജന്യ ചികിത്സക്ക് കേന്ദ്രസര്‍ക്കാറിന് പദ്ധതിയുള്ളതായി മന്ത്രി എം.കെ. മുനീര്‍ പറഞ്ഞു. 18 വയസ്സില്‍ താഴെയുള്ള കാന്‍സര്‍ രോഗികള്‍ക്ക് ചികിത്സാചെലവ് ആര്‍.സി.സിയില്‍ സര്‍ക്കാര്‍ കെട്ടിവെക്കുന്നുണ്ട്. ഈ പദ്ധതികള്‍ വിപുലീകരിക്കുന്നത് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ആലോചിക്കുകയാണെന്നും മുനീര്‍ പറഞ്ഞു.