UDF

2013, ഏപ്രിൽ 15, തിങ്കളാഴ്‌ച

പാമ്പാടി ആശുപത്രിയില്‍ പുതിയ തസ്തികകള്‍:

പാമ്പാടി ആശുപത്രിയില്‍ പുതിയ തസ്തികകള്‍: 

പാമ്പാടി * ഗവ. താലൂക്ക് ആശുപത്രിയെ മികച്ച നിലവാരമുള്ള ആശുപത്രിയാക്കി ഉയര്‍ത്താന്‍ ശ്രമിക്കുമെന്നു മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. നാലുകോടി രൂപ ചെലവില്‍ നിര്‍മിച്ച താലൂക്ക് ആശുപത്രിയുടെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മുഖ്യമന്ത്രി. രോഗികളുടെ എണ്ണം വര്‍ധിക്കുന്നതനുസരിച്ചു കൂടുതല്‍ തസ്തിക അനുവദിക്കുന്ന കാര്യം പരിഗണിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. മന്ത്രി വി.എസ്. ശിവകുമാര്‍ അധ്യക്ഷത വഹിച്ചു. 

 

സൂപ്പര്‍ സ്‌പെഷ്യല്‍റ്റി നിലവാരമുള്ള ആശുപത്രികളായി കേരളത്തിലെ സര്‍ക്കാര്‍ ആശുപത്രികളെ മാറ്റിക്കൊണ്ടു വരികയാണെന്നു മന്ത്രി പറഞ്ഞു. കാഷ്വല്‍റ്റി ബ്ലോക്ക് ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാധാ വി. നായര്‍ നിര്‍വഹിച്ചു. സമഗ്ര ആരോഗ്യ ഇന്‍ഷുറന്‍സ് ഉദ്ഘാടനം എന്‍ആര്‍എച്ച്എം പ്രോഗ്രാം മാനേജര്‍ ഡോ. എ. നിസാര്‍ നിര്‍വഹിച്ചു. ഡിഎംഒ ഡോ. ഐഷാഭായ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. 

 

താലൂക്ക് ആശുപത്രിയെ ദേശീയ നിലവാരമുള്ള ആശുപത്രി ആക്കണമെന്നാവശ്യപ്പെട്ടുള്ള നിവേദനം ആശുപത്രി വികസന സമിതി അംഗം മാത്തച്ചന്‍ പാമ്പാടി മുഖ്യമന്ത്രിക്കു കൈമാറി. കലക്ടര്‍ മിനി ആന്റണി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സിന്ധു വിശ്വന്‍, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബാബു ചെറിയാന്‍, പഞ്ചായത്ത് പ്രസിഡന്റുമാരായ അന്നമ്മ ചെറിയാന്‍, പി.എം. സ്‌കറിയ, സന്ധ്യ സുരേഷ്, ജില്ലാ പഞ്ചായത്ത് അംഗം ഫില്‍സണ്‍ മാത്യൂസ്, 

 

ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്മാരായ കുഞ്ഞ് പുതുശേരി, ബെറ്റി റോയി, സിന്ധുമോള്‍, ആശുപത്രി സൂപ്രണ്ട് ഡോ. കെ.എ. മനോജ്, മുന്‍ പഞ്ചായത്ത് പ്രസിഡന്റ് സി.കെ. ജേക്കബ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് സിജു കെ. ഐസക്ക്, ബ്ലോക്ക് പഞ്ചായത്ത് അംഗം സൂസമ്മ കുര്യന്‍, പഞ്ചായത്ത് അംഗം പി.എം. മാണി, ആശുപത്രി വികസന സമിതി അംഗങ്ങളായ ടി.ടി. തോമസ്, ഒ.സി. ജേക്കബ്, ജയിംസ് തോമസ്, സുനില്‍കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. 

 

നാലു കോടി രൂപ ചെലവില്‍ പൂര്‍ത്തിയാക്കിയ 150 കിടക്കകളുള്ള ആശുപത്രിയാണു പൂര്‍ത്തിയായത്. നാലു ശസ്ത്രക്രിയാ തിയറ്ററുകള്‍ ഉള്‍പ്പെടെ ആധുനിക സൗകര്യങ്ങളെല്ലാം ആശുപത്രിയിലുണ്ട്. ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ശസ്ത്രക്രിയാ തിയറ്ററുകളുള്‍പ്പെടെ സൗകര്യങ്ങള്‍ പൂര്‍ണതോതില്‍ പ്രവര്‍ത്തന സജ്ജമാകും. 17 ഡോക്ടര്‍മാരുടെ സേവനമാണ് ആശുപത്രിയില്‍ ലഭിക്കുക.  താലൂക്ക് ആശുപത്രിയെ കേന്ദ്ര ഫണ്ട് ലഭിക്കുന്ന എന്‍എബിഎച്ച് അക്രഡിറ്റേഷനില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി വി.എസ്. ശിവകുമാര്‍ പറഞ്ഞു. 

 

എല്ലാ ജില്ലകളിലേയും ഒരു ആശുപത്രിയെ എന്‍എബിഎച്ച് അക്രഡിറ്റേഷന്‍ ലഭിക്കുന്നതിനുള്ള സര്‍ക്കാരിന്റെ കാഷ് എന്ന പദ്ധതിയില്‍ പെടുത്തിയിട്ടുണ്ട്. കുട്ടികള്‍ക്കും സ്ത്രീകള്‍ക്കുമുള്ള പ്രത്യേക വാര്‍ഡ് നിര്‍മിക്കണമെന്നുള്ള ആവശ്യം പരിഗണിക്കുമെന്നും താലൂക്ക് ആശുപത്രിയുടെ ഉദ്ഘാടന സമ്മേളനത്തില്‍ അധ്യക്ഷത വഹിച്ചു മന്ത്രി പറഞ്ഞു. കേരളത്തില്‍ ആരോഗ്യനയം പ്രഖ്യാപിക്കുന്നതിനുള്ള കരട് തയാറായിട്ടുണ്ട്. ഇതു പൊതു സമൂഹത്തിനു ചര്‍ച്ചയ്ക്കു വിടുകയാണെന്നും മന്ത്രി പറഞ്ഞു. 

 

ഫണ്ട് പാഴായില്ല: മുഖ്യമന്ത്രി  

പാമ്പാടി * താലൂക്ക് ആശുപത്രിയുടെ വികസനത്തിനുള്ള മൂന്നു കോടി രൂപയുടെ ഫണ്ട് പാഴായെന്ന ആരോപണം അടിസ്ഥാന രഹിതമാണെന്നു മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. കേന്ദ്രസര്‍ക്കാരിന്റെ അധിക കേന്ദ്ര വിഹിതത്തില്‍നിന്നും മാറ്റിവയ്ക്കുന്ന തുകയായിരുന്നു ഇത്. ആസൂത്രണ കമ്മിഷന്‍ മുഖേനയാണ് ഈ തുക നല്‍കുന്നത്. എത്രകാലം കിടന്നാലും ഈ തുക പാഴാകുന്നതല്ല. എട്ടു വര്‍ഷം മുന്‍പ് അനുവദിച്ച ഇത്തരം ഫണ്ടുകള്‍വരെ ചെലവഴിക്കാതെ കിടപ്പുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.