UDF

2013, ഏപ്രിൽ 17, ബുധനാഴ്‌ച

ആരോഗ്യസേവനങ്ങള്‍ മുഴുവന്‍ കുടുംബങ്ങള്‍ക്കും ലഭ്യമാക്കും

ആരോഗ്യസേവനങ്ങള്‍ മുഴുവന്‍ കുടുംബങ്ങള്‍ക്കും ലഭ്യമാക്കും-മുഖ്യമന്ത്രി

 


 


തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് ലഭ്യമാകുന്ന എല്ലാ ആരോഗ്യസേവനങ്ങളും മുഴുവന്‍ കുടുംബങ്ങള്‍ക്കും ലഭ്യമാക്കുകയെന്നതാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. ആരോഗ്യ കേരളം പുരസ്‌കാരവിതരണച്ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്ത് ആരോഗ്യമേഖലയില്‍ ഇന്ന് മികച്ച സൗകര്യങ്ങളാണുള്ളത്.

ആസ്​പത്രികളുടെ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്ന കാര്യത്തില്‍ ഒട്ടേറെ കാര്യങ്ങള്‍ നാം ചെയ്യുന്നുണ്ട്. ദേശീയതലത്തില്‍ നേട്ടമുണ്ടാക്കുന്ന പ്രവര്‍ത്തനങ്ങളാണ് നാം കാഴ്ചവയ്ക്കുന്നതെന്ന് അധ്യക്ഷപ്രസംഗത്തില്‍ ആരോഗ്യമന്ത്രി വി.എസ്. ശിവകുമാര്‍ അഭിപ്രായപ്പെട്ടു.

ആരോഗ്യ മേഖലയില്‍ 2012-13 കാലത്ത് സംസ്ഥാനത്ത് മാതൃകാപരമായ പ്രവര്‍ത്തനം കാഴ്ചവച്ച് നേട്ടം കൈവരിച്ച തദ്ദേശ സ്ഥാപനങ്ങള്‍ക്ക് ആരോഗ്യകേരളം പുരസ്‌കാരം മുഖ്യമന്ത്രി വിതരണം ചെയ്തു. 

ഗ്രാമവികസന വകുപ്പ് മന്ത്രി കെ.സി. ജോസഫ്, നഗര വികസന വകുപ്പ് മന്ത്രി മഞ്ഞളാംകുഴി അലി, പഞ്ചായത്ത് വകുപ്പ് മന്ത്രി ഡോ. എം.കെ. മുനീര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രമണി പി. നായര്‍, ആസൂത്രണ ബോര്‍ഡ് അംഗം സി.പി. ജോണ്‍, ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ഡോ. പി.കെ. ജമീല തുടങ്ങിയവര്‍ സംസാരിച്ചു. 

മികച്ച ജില്ലാ പഞ്ചായത്തിനുള്ള ഒന്നും, രണ്ടും, മൂന്നും പുരസ്‌കാരങ്ങള്‍ കൊല്ലം, തിരുവനന്തപുരം, എറണാകുളം എന്നീ ജില്ലകള്‍ക്കും, ബ്‌ളോക്ക് പഞ്ചായത്ത് തലത്തില്‍ ആലപ്പുഴ വെളിയനാട് ബ്‌ളോക്ക്, കോട്ടയം കടുത്തുരുത്തി, വയനാട് സുല്‍ത്താന്‍ ബത്തേരി എന്നീ ബ്‌ളോക്കുകള്‍ക്കും വിതരണം ചെയ്തു.

ഗ്രാമപ്പഞ്ചായത്തില്‍ തൃശൂര്‍ കാട്ടൂര്‍, എറണാകുളം മണീട്, തൃശൂര്‍ പൊയ്യ ഗ്രാമപ്പഞ്ചായത്തുകള്‍ക്കും മുനിസിപ്പാലിറ്റിയില്‍ തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിന്‍കര, നെടുമങ്ങാട്, എറണാകുളത്തെ മരട്, എന്നിവയും കോര്‍പ്പറേഷന്‍ വിഭാഗത്തില്‍ കൊച്ചി, തൃശൂര്‍ കോര്‍പ്പറേഷനുകള്‍ക്കും ആരോഗ്യകേരളം അവാര്‍ഡുകള്‍ വിതരണം ചെയ്തു.