UDF

2013, ഏപ്രിൽ 9, ചൊവ്വാഴ്ച

സൗദി സ്വദേശിവത്കരണം: മുഖ്യമന്ത്രി പ്രധാനമന്ത്രിയെയും വിദേശമന്ത്രിയെയും കണ്ടു

സൗദി സ്വദേശിവത്കരണം: മുഖ്യമന്ത്രി പ്രധാനമന്ത്രിയെയും വിദേശമന്ത്രിയെയും കണ്ടു



ന്യൂഡല്‍ഹി: നിതാഖാത് നിയമത്തിന്റെ പശ്ചാത്തലത്തില്‍ മലയാളികളടക്കമുള്ള ഇന്ത്യാക്കാര്‍ സൗദിയില്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം തേടി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പ്രധാനമന്ത്രിയുമായും വിദേശകാര്യമന്ത്രിയുമായും ചര്‍ച്ച നടത്തി. 

അതിനിടെ സൗദിയിലും മറ്റ് ഗള്‍ഫ് രാജ്യങ്ങളിലും സ്വദേശിവത്കരണം ഊര്‍ജിതമാകുന്ന പശ്ചാത്തലത്തില്‍ ഇക്കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ പ്രവാസികാര്യമന്ത്രി വയലാര്‍ രവി ചൊവ്വാഴ്ച അടിയന്തര യോഗം വിളിച്ചിട്ടുണ്ട്. സംസ്ഥാനമന്ത്രിമാരും ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുക്കും. കേരളത്തെ നോര്‍ക്കാ സെക്രട്ടറി റാണിജോര്‍ജ് പ്രതിനിധാനം ചെയ്യും. സൗദിയിലെ തൊഴില്‍ മന്ത്രി ആ രാജ്യത്ത് മടങ്ങിയെത്തിയശേഷമായിരിക്കും ഇന്ത്യയില്‍നിന്നുള്ള മന്ത്രിതല സംഘം ചര്‍ച്ചയ്ക്കായി സൗദിയിലേക്ക് പോകുക എന്ന് വിദേശകാര്യ സെക്രട്ടറി രഞ്ജന്‍ മത്തായി അറിയിച്ചു.

ഡല്‍ഹിയിലെത്തിയ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പ്രധാനമന്ത്രി ഡോ, മന്‍മോഹന്‍സിങ്, പ്രതിരോധ മന്ത്രി എ.കെ. ആന്‍റണി, പ്രവാസികാര്യ മന്ത്രി വയലാര്‍ രവി, വിദേശ മന്ത്രി സല്‍മാന്‍ഖുര്‍ഷിദ് എന്നിവരുമായി ചര്‍ച്ച നടത്തി. സൗദി അറേബ്യയുടെ നിയമത്തിനുള്ളില്‍ നിന്നുകൊണ്ട് ഇന്ത്യാക്കാര്‍ക്ക് പരമാവധി സംരക്ഷണം നല്‍കുന്നതിന്നതിനായി ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് ചര്‍ച്ചയില്‍ ഉറപ്പു ലഭിച്ചതായി മുഖ്യമന്ത്രി പറഞ്ഞു. സൗദിയില്‍നിന്ന് അധികം പേര്‍ക്ക് മടങ്ങേണ്ടിവരുമെന്ന് കരുതുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

നിതാഖാത് നിയമത്തിന്റെ പശ്ചാത്തലത്തില്‍ മടങ്ങിപ്പോരുന്നവര്‍ക്ക് നിയമപരമായി സൗദിയിലേക്കും മറ്റും തിരിച്ചു പോകാന്‍ അവസരം ലഭിക്കുന്ന വിധത്തില്‍ മാത്രമേ നടപടികള്‍ സ്വീകരിക്കാവൂ, തിരിച്ചയയ്ക്കുന്നവരെ ഡീപോര്‍ട്ടേഷന്‍ ക്യാമ്പിലേക്ക് അയയ്ക്കരുത് തുടങ്ങിയ ആവശ്യങ്ങളാണ് പ്രധാനമായും സംസ്ഥാനം ഉന്നയിച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം എക്‌സിറ്റ് പാസ്സ് ലഭിക്കുന്നതിനുവേണ്ടി 1013 പേര്‍ മാത്രമാണ് ഇന്ത്യന്‍ എംബസിയില്‍ രജിസ്റ്റര്‍ ചെയ്തത്. ഇവരില്‍ 49 പേര്‍ മാത്രമാണ് മലയാളികളെന്നും മുഖ്യമന്ത്രി പറഞ്ഞു. 

ഇറ്റാലിയന്‍ നാവികരെ തിരിച്ചുകൊണ്ടുവരുന്നതിന് സ്വീകരിച്ച നടപടികള്‍ക്ക് പ്രധാനമന്ത്രിയോട് നന്ദി പറഞ്ഞതായി മുഖ്യമന്ത്രി പറഞ്ഞു. മുംബൈയില്‍ ഇന്ത്യന്‍ ജയിലില്‍ കഴിയുന്ന സൊമാലിയക്കാരെ മോചിപ്പിക്കണമെന്ന ആവശ്യം അംഗീകരിച്ചിട്ടാണെങ്കിലും സോമാലിയന്‍ കടല്‍ക്കൊള്ളക്കാരുടെ പിടിയില്‍ കഴിയുന്ന ഇന്ത്യാക്കാരെ മോചിപ്പിക്കാന്‍ നടപടിയെടുക്കണമെന്നും മുഖ്യമന്ത്രി പ്രധാനമന്ത്രി അടക്കമുള്ളവരോട് അഭ്യര്‍ഥിച്ചു
.