UDF

2012, ഡിസംബർ 8, ശനിയാഴ്‌ച

സൈനികര്‍ക്കുള്ള ആനൂകൂല്യം ഉയര്‍ത്തും

സൈനികര്‍ക്കുള്ള ആനൂകൂല്യം ഉയര്‍ത്തും - മുഖ്യമന്ത്രി 


 



തിരുവനന്തപുരം: വിശിഷ്ടസേവനത്തിന് സൈനികര്‍ക്ക് നല്‍കുന്ന പുരസ്‌കാരത്തിന്റെ ആനുകൂല്യങ്ങള്‍ 25 ലക്ഷം രൂപവരെയായി ഉയര്‍ത്തുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. ഇതിന് മുന്‍കാല പ്രാബല്യം നല്‍കും. മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് സൈനികര്‍ക്ക് പാരിതോഷികം നല്‍കുന്നതില്‍ സംസ്ഥാനം പിന്നിലാണെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് തുക ഉയര്‍ത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.

സൈനികക്ഷേമവകുപ്പ് സംഘടിപ്പിച്ച സായുധസേന പതാകദിനാഘോഷവും വിമുക്തഭടന്മാരെ ആദരിക്കല്‍ ചടങ്ങും ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.

വിമുക്തഭടന്മാര്‍ക്കായി എല്ലാ ജില്ലകളിലും റസ്റ്റ്ഹൗസുകള്‍ സ്ഥാപിക്കും. സൈനികരുടെ ആശ്രിതര്‍ക്ക് നിയമനം നല്‍കുന്നതിനുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിച്ചുവരികയാണ്.

രാജ്യത്തെ മികച്ച ടെറിട്ടോറിയല്‍ ആര്‍മിയായി തിരഞ്ഞെടുത്ത കണ്ണൂര്‍ ടെറിട്ടോറിയല്‍ ആര്‍മി യൂണിറ്റിന് സംസ്ഥാന സര്‍ക്കാരിന്റെ പാരിതോഷികമായി മിനിബസ് വാങ്ങുന്നതിന് 13 ലക്ഷം അനുവദിച്ചിട്ടുണ്ട്. അവയവമാറ്റശസ്ത്രക്രിയ വേണ്ടിവരുന്നവര്‍ക്കും പ്രായംചെന്ന, സ്ഥിരംചികിത്സ ആവശ്യമായവര്‍ക്കും സാമ്പത്തികസഹായം നല്‍കും. ബ്രൈറ്റ് സ്റ്റുഡന്റ് സ്‌കോളര്‍ഷിപ്പിനുള്ള പരിധി ഉയര്‍ത്തുന്നതടക്കമുള്ള കാര്യങ്ങള്‍ക്ക് പരിഹാരമുണ്ടാകും-മുഖ്യമന്ത്രി അറിയിച്ചു.

ടെറിട്ടോറിയല്‍ ആര്‍മി ഗുഡ്‌വില്‍ അംബാസഡറായ നടന്‍ മോഹന്‍ലാലിനെ ചടങ്ങില്‍ മുഖ്യമന്ത്രി ഉപഹാരം നല്‍കി ആദരിച്ചു. രാജ്യത്ത് സമാധാനമാണ് ഉണ്ടാകാണ്ടേതെന്നും യുദ്ധങ്ങള്‍ ഒഴിവാക്കേണ്ടതാണെന്നും മോഹന്‍ലാല്‍ പറഞ്ഞു.