UDF

2012, നവംബർ 7, ബുധനാഴ്‌ച

ഒരുവര്‍ഷ കര്‍മപരിപാടി വിജയമെന്ന് മുഖ്യമന്ത്രി


ഒരുവര്‍ഷ കര്‍മപരിപാടി വിജയമെന്ന് മുഖ്യമന്ത്രി; നേട്ടം 91.71 ശതമാനം



* പ്രഖ്യാപിച്ച പദ്ധതികള്‍ 664. നടപ്പാക്കിയത് 374. നടപ്പാക്കിവരുന്നത് - 235
* അതിവേഗ റെയില്‍ ഇടനാഴി ജനത്തിന്റെ സമ്മതത്തോടെ മാത്രം
* കാര്‍ഷിക പാക്കേജുകളിലും കൊപ്രാസംഭരണത്തിലും പുരോഗതിയില്ല
* രണ്ടാംവര്‍ഷം പ്രത്യേക പരിപാടിയില്ല, ഇനി വിഷന്‍ -2030


തിരുവനന്തപുരം: യു.ഡി.എഫ് സര്‍ക്കാരിന്റെ ഒരുവര്‍ഷത്തെ കര്‍മപരിപാടി വിജയമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ഏഴിനങ്ങളിലായി പ്രഖ്യാപിച്ച 664 പദ്ധതികളില്‍ 374 എണ്ണം പൂര്‍ണമായി നടപ്പാക്കി. 235 എണ്ണം നടപ്പാക്കിവരുന്നു. 91.71 ശതമാനം നേട്ടമുണ്ടാക്കാനായെന്നും അദ്ദേഹം പറഞ്ഞു.

രണ്ടാംവര്‍ഷത്തേക്ക് പ്രത്യേക പരിപാടികള്‍ പ്രഖ്യാപിക്കുന്നില്ല. വിഷന്‍- 2030, പ്രകടനപത്രിക, ബജറ്റ്, ഗവര്‍ണറുടെ നയപ്രഖ്യാപനം എന്നിവയിലെ പരിപാടികള്‍ നടപ്പാക്കാനാണ് ഇനി ഊന്നല്‍ നല്‍കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

സേവനാവകാശനിയമം, എമര്‍ജിങ് കേരള, കൊച്ചി മെട്രോയുടെ തറക്കല്ലിടല്‍, സര്‍ക്കാര്‍ ആസ്​പത്രിയിലെ സൗജന്യ ജനറിക് മരുന്നുവിതരണം, ടെക്‌നോപാര്‍ക്ക്, ഇന്‍ഫോ പാര്‍ക്ക് വികസനം, മലയാളം സര്‍വകലാശാല, മാലിന്യ സംസ്‌കരണത്തിന് സിയാല്‍ മാതൃകയിലുള്ള കമ്പനികളുടെ രൂപവത്കരണം എന്നിവയാണ് നടപ്പാക്കിയവയില്‍ പ്രമുഖം.

പ്രഖ്യാപിച്ചതില്‍ അതിവേഗ റെയില്‍പ്പാത, ഭൂരഹിതരില്ലാത്ത കേരളം എന്നീ പദ്ധതികള്‍ പൂര്‍ത്തിയാക്കാനായില്ല. അതിവേഗ റെയില്‍പ്പാതയ്ക്ക് സ്ഥലം ഏറ്റെടുക്കുന്നതില്‍ വ്യാപകമായ എതിര്‍പ്പുള്ളതിനാല്‍ നടപടികള്‍ മന്ദഗതിയിലാണ്. ജനങ്ങളെ വിശ്വാസത്തിലെടുത്തുമാത്രം ഈ പദ്ധതിയുമായി മുന്നോട്ടുപോയാല്‍ മതിയെന്നാണ് തീരുമാനം.

ഭൂരഹിതര്‍ക്കെല്ലാം ഭൂമി നല്‍കാനുള്ള പദ്ധതിക്ക് അപേക്ഷകള്‍ സ്വീകരിച്ചിട്ടുണ്ട്. എന്നാല്‍ ചില വില്ലേജുകളില്‍ ഇവര്‍ക്കുള്ള ഭൂമി കണ്ടെത്തുന്നതിന് ബുദ്ധിമുട്ടുണ്ട്. ഇക്കാര്യത്തില്‍ ഇനിയും തീരുമാനമെടുക്കേണ്ടതുണ്ട്.

കൊച്ചി മെട്രോയുടെ ജോലി ഏറ്റെടുക്കുന്ന പ്രശ്‌നത്തില്‍ ഡി.എം.ആര്‍.സി യുടെ ഡയറക്ടര്‍ ബോര്‍ഡ് ഉടന്‍യോഗം ചേര്‍ന്ന് തീരുമാനമെടുക്കും. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം, കണ്ണൂര്‍ വിമാനത്താവളം എന്നീ പദ്ധതികളുടെ പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി മുന്നേറുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

എന്നാല്‍ കാര്‍ഷിക പാക്കേജുകള്‍, കൊപ്രാസംഭരണം എന്നിവയുടെ പോക്കില്‍ സര്‍ക്കാരിന് ഒട്ടും സംതൃപ്തിയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇതിനു കാരണം വകുപ്പിന്റെ വീഴ്ചയല്ല, സംവിധാനത്തിന്റെ തകരാറാണ്. കുട്ടനാട് പാക്കേജില്‍ 1841 കോടിയാണ് അനുവദിക്കുക. എന്നാല്‍ ഇതിനേക്കാള്‍ ചെലവുള്ള പദ്ധതികളാണ് തയാറാക്കിയിരിക്കുന്നത് . ഇതൊന്നും സമയത്തിനു നടക്കാത്തതുകാരണം മൂന്നിരട്ടി പണമുണ്ടെങ്കിലും തീര്‍ക്കാനാവാത്ത സ്ഥിതിയാണ്. ഇതിനുള്ള പരിഹാരത്തെപ്പറ്റി സര്‍ക്കാര്‍ ആലോചിക്കുകയാണ്. കേരകര്‍ഷകര്‍ നല്‍കുന്ന പച്ചത്തേങ്ങ കൊപ്രയാക്കാന്‍ സൗകര്യമില്ലാത്തതാണ് കൊപ്രാസംഭരണം പരാജയപ്പെടാന്‍ കാരണം. കൊപ്ര സംഭരിക്കാന്‍ സഹകരണ സംഘങ്ങളെ പ്രോത്സാഹിപ്പിച്ചിട്ടും വിചാരിച്ച ഫലമുണ്ടാവുന്നില്ല.

കഴിഞ്ഞ നവംബര്‍ 17-നാണ് സര്‍ക്കാര്‍ ഒരുവര്‍ഷ കര്‍മപരിപാടി പ്രഖ്യാപിച്ചത്. വികസനവും കരുതലും ലക്ഷ്യമാക്കിയുള്ള സപ്തധാരാപദ്ധതിയായിരുന്നു ഇത്. ഓരോ വിഭാഗത്തിന്റെയും വിലയിരുത്തല്‍ ഇങ്ങനെ :

1) സുതാര്യം-അഴിമതിരഹിതവും സുതാര്യവുമായ ഭരണം ലക്ഷ്യമിട്ടുള്ള പദ്ധതികള്‍. പ്രഖ്യാപിച്ചത് 27. പൂര്‍ണമായി നടപ്പാക്കിയത് 17. നടപ്പാക്കിവരുന്നത് ഒമ്പത്.

2) സുന്ദരം- ലക്ഷ്യം മാലിന്യ നിര്‍മാര്‍ജനവും പരിസ്ഥിതി സംരക്ഷണവും. പ്രഖ്യാപിച്ചത് 33. 12 എണ്ണം പൂര്‍ണമായി നടപ്പാക്കി. നടപ്പാക്കിവരുന്നത് 15.

3) സമൃദ്ധം-സാമ്പത്തികരംഗം അതിവേഗം വളരാനും തൊഴിലില്ലായ്മ പരിഹരിക്കാനുമുള്ള നടപടികള്‍. പ്രഖ്യാപിച്ചത്-110. നടപ്പാക്കിയത്-72. നടപ്പാക്കിവരുന്നത്-35.

4)സുദൃഢം-അടിസ്ഥാന സൗകര്യ വികസന പദ്ധതികള്‍. പ്രഖ്യാപിച്ചത്-193. നടപ്പാക്കിയത്-87. നടപ്പാക്കിവരുന്നത്-91.

5)ആരോഗ്യം-എല്ലാവര്‍ക്കും മികച്ച ചികിത്സാ സൗകര്യങ്ങള്‍. പ്രഖ്യാപിച്ചത്-36. നടപ്പാക്കിയത്-25. നടപ്പാക്കിവരുന്നത്-10

6)വിവര വിജ്ഞാനാധിഷ്ഠിതം-വിവര വിജ്ഞാനമേഖലയില്‍ കുതിപ്പിനുള്ള പദ്ധതികള്‍. പ്രഖ്യാപിച്ചത്-35. നടപ്പാക്കിയത്-26. നടപ്പാക്കിവരുന്നത്-8.

7)സംതൃപ്തം-മാനവശേഷി വികസനവും സുരക്ഷയും ക്ഷേമവും. പ്രഖ്യാപിച്ചത്-230. നടപ്പാക്കിയത്-135. നടപ്പാക്കിവരുന്നത് -70.

വിഷന്‍ 2030 നെ സംബന്ധിച്ച് പൊതുജനങ്ങളില്‍ നിന്ന് രണ്ടായിരത്തോളം നിര്‍ദേശങ്ങള്‍ കിട്ടി. ദീര്‍ഘകാല പുരോഗതിക്കുള്ള ഈ പദ്ധതികളുടെ കരട് തയാറാക്കിയശേഷം ഇന്ത്യയ്ക്കകത്തും പുറത്തുമുള്ള വിദഗ്ധരുടെ അഭിപ്രായം തേടും. എമര്‍ജിങ് കേരളയിലെ പദ്ധതികളെപ്പറ്റിയുള്ള തീരുമാനങ്ങള്‍ക്ക് അതത് വകുപ്പുകളെ ചുമതലപ്പെടുത്തിയതായും മുഖ്യമന്ത്രി പറഞ്ഞു.