UDF

2012, നവംബർ 18, ഞായറാഴ്‌ച

ചില്ലറവ്യാപാരമേഖലയില്‍ വിദേശനിക്ഷേപം സംസ്ഥാനത്ത് അനുവദിക്കില്ല

ചില്ലറവ്യാപാരമേഖലയില്‍ വിദേശനിക്ഷേപം സംസ്ഥാനത്ത് അനുവദിക്കില്ല

 



കണ്ണൂര്‍:സംസ്ഥാനത്ത് ചില്ലറവ്യാപാരമേഖലയില്‍ ഒരുകാരണവശാലും വിദേശനിക്ഷേപം അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. വ്യാപാരികള്‍ക്ക് ഇക്കാര്യത്തില്‍ ആശങ്കവേണ്ട. ഇതു വെറും കൈയടിക്ക് വേണ്ടിയുള്ളതല്ല. സത്യസന്ധമായിത്തന്നെ പറയുന്നതാണ് -അദ്ദേഹം പറഞ്ഞു

കേരള വ്യാപാരി വ്യവസായി ഏകോപനസമിതി കണ്ണൂര്‍ ജില്ലാക്കമ്മിറ്റി പുതുതായി നിര്‍മിച്ച ഓഡിറ്റോറിയം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. ലക്ഷക്കണക്കിന് കച്ചവടക്കാരെ ബാധിക്കുന്നതാണ് ചില്ലറവ്യാപാരമേഖലയിലെ പ്രശ്‌നം. ചെറുകിട മേഖലയില്‍ വിദേശനിക്ഷേപം വേണമോ എന്ന് അതത് സംസ്ഥാനസര്‍ക്കാരുകള്‍ക്ക് സ്വയം തീരുമാനമെടുക്കാമെന്ന് കേന്ദ്രസര്‍ക്കാര്‍ പറഞ്ഞിട്ടുണ്ട്. അത് പ്രകാരമാണ് കേരളം തീരുമാനമെടുക്കുക. പല സംസ്ഥാനങ്ങളും അനുകൂലമായ തീരുമാനം എടുത്തിട്ടുണ്ട്. നിങ്ങള്‍ സമ്മതിക്കാതെ ഇക്കാര്യത്തില്‍ ഒരുതീരുമാനവും ഞങ്ങള്‍ എടുക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

ചാല ദുരന്തത്തില്‍ ഐ.ഒ.സി. കാണിച്ച സമീപനം വളരെ മോശമായിപ്പോയെന്ന് അദ്ദേഹം പറഞ്ഞു. വീട്ടില്‍ ഉറങ്ങുന്നവരാണ് വെന്തുമരിച്ചത്. കുറ്റക്കാര്‍ ഐ.ഒ.സി. തന്നെയാണ്. അതേസമയം, അവര്‍ പണം കൊടുത്തില്ലെങ്കില്‍ സര്‍ക്കാര്‍ കൊടുക്കും. ചാലയില്‍ സര്‍ക്കാര്‍ വാഗ്ദാനം പൂര്‍ണമാക്കാന്‍ ഇനി എത്ര തുക വേണമെന്ന് കളക്ടറോട് ചോദിച്ചു. ഒരുകോടി വേണം എന്ന് കളക്ടര്‍ പറഞ്ഞ ഉടനെ അത് നല്‍കി. ഐ.ഒ.സി.യെ കാത്തുനിന്നില്ല. ഏതായാലും ഐ.ഒ.സി.യില്‍ നിന്ന് ലഭിക്കാനുള്ള നഷ്ടപരിഹാരം സര്‍ക്കാര്‍ വാങ്ങിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഉത്തരമലബാറിന്റെ വികസനത്തിന് സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് അദ്ദേഹം പറഞ്ഞു. കണ്ണൂര്‍വിമാനത്താവളത്തിന്റെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയായി. ഡിസംബര്‍ 6ന് മട്ടന്നൂരില്‍ ഓഫീസ് തുടങ്ങും-അദ്ദേഹം പറഞ്ഞു