UDF

2012, നവംബർ 13, ചൊവ്വാഴ്ച

ഇടമലക്കുടിക്കായി 10 കോടിരൂപയുടെ പാക്കേജ്

ഇടമലക്കുടിക്കായി 10 കോടിരൂപയുടെ പാക്കേജ്-മുഖ്യമന്ത്രി

 


തിരുവനന്തപുരം: സംസ്ഥാനത്തെ ഏക ആദിവാസി പഞ്ചായത്തായ ഇടമലക്കുടിയുടെ സമഗ്രവികസനത്തിനായി 10 കോടി രൂപയുടെ പ്രത്യേക പാക്കേജ് നടപ്പാക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. കാടിനുള്ളില്‍ കഴിയുന്നവരെ പുറത്തെത്തിച്ച് 10 ലക്ഷം രൂപ വീതം നല്‍കി പുനരധിവാസം ഉറപ്പാക്കുന്ന 80 കോടി രൂപയുടെ കേന്ദ്രപദ്ധതിക്ക് അംഗീകാരം ലഭിച്ചതായും മുഖ്യമന്ത്രി അറിയിച്ചു. പട്ടിക വിഭാഗത്തില്‍പ്പെടുന്ന സമുദായങ്ങളെ സംബന്ധിച്ച മികച്ച റിപ്പോര്‍ട്ടുകള്‍ക്കും ഫീച്ചറുകള്‍ക്കും ഏര്‍പ്പെടുത്തിയിട്ടുള്ള ഡോ.ബി.ആര്‍.അംബേദ്കര്‍ മാധ്യമ അവാര്‍ഡുകള്‍ വിതരണം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

പദ്ധതികളോ, പണമോ ഇല്ലാഞ്ഞിട്ടല്ല. അവ കാര്യക്ഷമമായി നടപ്പിലാക്കുന്നതിലുണ്ടാകുന്ന അലംഭാവമോ, അശ്രദ്ധയോ ആണ് ഗുണഫലങ്ങള്‍ എത്തേണ്ടിടത്ത് എത്താതെ പോകുന്നതിന് കാരണം. ഇത്തരം പ്രശ്‌നങ്ങള്‍ ജനശ്രദ്ധയിലെത്തിക്കുന്നതില്‍ മാധ്യമങ്ങള്‍ ശ്രദ്ധേയമായ പ്രവര്‍ത്തനമാണ് കാഴ്ചവയ്ക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. സര്‍ക്കാര്‍ നല്‍കുന്ന ഒരുരൂപയുടെ അരി അവിടെ ലഭിക്കുന്നതിന് 9 രൂപയാണ് ഇപ്പോള്‍ ചെലവ് വരുന്നത്. റോഡ്, വീട്, ചികിത്സ, മറ്റ് അടിസ്ഥാനസൗകര്യങ്ങള്‍ എന്നീ കാര്യങ്ങളിലെല്ലാം നിരവധി ബുദ്ധിമുട്ടുകള്‍ ഇടമലക്കുടി നിവാസികള്‍ നേരിടുന്നുണ്ട്. ഇവയ്‌ക്കെല്ലാം പരിഹാരം കാണാന്‍ കഴിയുന്ന വിധത്തിലുള്ള പ്രത്യേക പാക്കേജാണ് 10 കോടി രൂപ ചെലവഴിച്ച് നടപ്പാക്കാനുദ്ദേശിക്കുന്നത്.