UDF

2012, ഒക്‌ടോബർ 8, തിങ്കളാഴ്‌ച

കൊച്ചി മെട്രോ നിര്‍മാണച്ചുമതല: മുഖ്യമന്ത്രി കേന്ദ്രമന്ത്രിക്കു കത്തയച്ചു

കൊച്ചി മെട്രോ നിര്‍മാണച്ചുമതല: മുഖ്യമന്ത്രി കേന്ദ്രമന്ത്രിക്കു കത്തയച്ചു

 

കോട്ടയം* കൊച്ചി മെട്രോ റയിലിന്റെ നിര്‍മാണച്ചുമതല നല്‍കുന്നത് വൈകിപ്പിക്കാന്‍ കേന്ദ്ര നഗരകാര്യ വികസന വകുപ്പില്‍ ഉദ്യോഗസ്ഥതല അണിയറ നീക്കം ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കേന്ദ്രനഗരകാര്യ മന്ത്രി കമല്‍നാഥിന് കത്തയച്ചു.    കൊച്ചി മെട്രോ റയില്‍ നിര്‍മാണച്ചുമതല ഡിഎംആര്‍സിക്ക് കൈമാറുന്നതിന് കേന്ദ്ര നഗരവികസനകാര്യ മന്ത്രാലയത്തിലെ അനുമതിക്കുള്ള ഫയല്‍ കേന്ദ്രനഗരവികസനവകുപ്പ് സെക്രട്ടറിയുടെ അടുക്കലെത്തിയിട്ട് ഒരു മാസത്തിലധികമായി. 

ഡല്‍ഹി മെട്രോ റെയിലിന്റെയും കൊച്ചി മെട്രോ റെയിലിന്റെയും ചെയര്‍മാന്‍ കൂടിയാണ് നഗരകാര്യ സെക്രട്ടറി. സാങ്കേിതക കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് അനുമതി വൈകിപ്പിക്കുന്നത്. ഇതിന് പിന്നില്‍ ചില സംശയങ്ങളും കത്തില്‍ സൂചിപ്പിച്ചിട്ടുണ്ട്.    രൂപയുടെ വില വ്യത്യാസവും സാധനങ്ങളുടെ ചെലവു വര്‍ധിക്കുന്നതും മൂലം ദിവസം 40 ലക്ഷത്തിലധികം രൂപയുടെ അധികച്ചെലവ് നിര്‍മാണത്തിലുണ്ടാകുമെന്നും  മുഖ്യമന്ത്രി കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. 

കൊച്ചി മെട്രോ റെയില്‍ നിര്‍മാണം ഡിഎംആര്‍സിയെ ചുമതലപ്പെടുത്താന്‍ കൊച്ചി മെട്രോ റയില്‍ ബോര്‍ഡും സര്‍ക്കാരും തീരുമാനിച്ചിരുന്നു. ഡിഎംആര്‍സിയുടെ പ്രവര്‍ത്തന പശ്ചാത്തലം കണക്കിലെടുത്താണ് അവരെ ചുമതലയേല്‍പിക്കാന്‍ തീരുമാനിച്ചതെന്നും വിശദമായ പദ്ധതി റിപ്പോര്‍ട്ട് തയാറാക്കിയതും ഡിഎംആര്‍സിയാണെന്നും കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. 

മെട്രോ റയില്‍ നിര്‍മാണത്തിന് എല്ലാം സജ്ജമായിരിക്കെ നിര്‍മാണച്ചുമതല സംബന്ധിച്ച കേന്ദ്രാനുമതി മാത്രമാണ് ഇനി ആവശ്യമെന്നും ചെറിയ സാങ്കേതിക കാരണങ്ങള്‍ ചൂണ്ടിക്കാട്ടി പദ്ധതി വൈകിപ്പിക്കരുതെന്നും  മുഖ്യമന്ത്രി ഇന്നലെ കമല്‍നാഥിന് അയച്ച കത്തില്‍ ആവശ്യപ്പെട്ടു.