UDF

2012, സെപ്റ്റംബർ 20, വ്യാഴാഴ്‌ച

എമര്‍ജിങ് കേരള പദ്ധതികള്‍ നടപ്പിലാക്കാന്‍ നിയമഭേദഗതി


എമര്‍ജിങ് കേരള പദ്ധതികള്‍ നടപ്പിലാക്കാന്‍ നിയമഭേദഗതി 



തിരുവനന്തപുരം: എമര്‍ജിങ് കേരളയിലെ പദ്ധതികള്‍ നടപ്പിലാക്കാന്‍, ആവശ്യമെങ്കില്‍ നിയമങ്ങളിലും ചട്ടങ്ങളിലും ഭേദഗതി വരുത്താന്‍ മന്ത്രിസഭ തീരുമാനിച്ചു. എമര്‍ജിങ് കേരളയുടെ തുടര്‍ നടപടികള്‍ക്കായി മൂന്നുസമിതികള്‍ രൂപവത്കരിക്കാനും മന്ത്രിസഭ അനുമതി നല്‍കിയിട്ടുണ്ട്.

പദ്ധതികളുമായി മുന്നോട്ടുനീങ്ങാന്‍ നിലവിലെ പല നിയമങ്ങളിലും സങ്കീര്‍ണതകളുണ്ടെന്ന് എമര്‍ജിങ് കേരളയ്ക്ക് വന്ന വ്യവസായികള്‍ ചൂണ്ടിക്കാട്ടിയതായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. അനുമതിക്കുള്ള നടപടികള്‍ ലളിതമാക്കാനാണ് നിയമങ്ങളിലും ചട്ടങ്ങളിലും ഭേദഗതി വരുത്തുന്നത്. ഏതൊക്കെ നിയമങ്ങളാണ് ഭേദഗതി ചെയ്യേണ്ടതെന്ന് നിശ്ചയിക്കാന്‍ ധന-നിയമമന്ത്രി കെ.എം.മാണി അധ്യക്ഷനായി 'കമ്മിറ്റി ഫോര്‍ പോളിസി ഇനിഷ്യേറ്റീവ് ആന്‍ഡ് ലീഗല്‍ ചേയ്ഞ്ചസ്' രൂപവത്കരിക്കും.

പദ്ധതികള്‍ അവലോകനം നടത്താനും ആവശ്യമായവയ്ക്ക് സാധുത നല്‍കാനും ചീഫ് സെക്രട്ടറി ചെയര്‍മാനായി രൂപവത്കരിക്കുന്ന 'ഇന്‍വെസ്റ്റ്‌മെന്റ് ക്ലിയറന്‍സ് ബോര്‍ഡ്' ആണ് രണ്ടാമത്തെ സമിതി. വ്യവസായ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയാണ് ബോര്‍ഡിന്റെ കണ്‍വീനര്‍. ധനകാര്യ പ്രിന്‍സിപ്പല്‍ സെക്രട്ടറി, നിയമ, റവന്യൂ, പരിസ്ഥിതി സെക്രട്ടറിമാര്‍, കെ.എസ്.ഐ.ഡി.സി എം.ഡി എന്നിവര്‍ ബോര്‍ഡില്‍ അംഗങ്ങളായിരിക്കും. എമര്‍ജിങ് കേരള പദ്ധതികളുടെ തുടര്‍നടപടികള്‍ വിലയിരുത്താന്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ രൂപവത്കരിക്കുന്ന 'ഇന്‍വെസ്റ്റ്‌മെന്റ് പ്രൊമോഷന്‍ കൗണ്‍സില്‍' ആണ് മൂന്നാമത്തെ സമിതി.

വ്യവസായ ആവശ്യത്തിനായി വിവിധ കമ്പനികള്‍ക്ക് പാട്ടത്തിന് നല്‍കിയ ഭൂമിയില്‍ ഇതുവരെ നിര്‍മാണ പ്രവര്‍ത്തനം തുടങ്ങാത്തവ കണ്ടുപിടിക്കും. ആറുമാസത്തിനകം നിര്‍മാണം തുടങ്ങിയില്ലെങ്കില്‍ അവ തിരിച്ചുപിടിക്കാനുള്ള നടപടികള്‍ ആരംഭിക്കും.എമര്‍ജിങ് കേരളയില്‍ ഏറ്റവുമധികം പേര്‍ താത്പര്യം പ്രകടിപ്പിച്ച 'സീ പ്ലെയിന്‍' പദ്ധതിയുടെ മേല്‍നോട്ടത്തിനായി ടൂറിസം മന്ത്രി എ.പി.അനില്‍കുമാറിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. 58 പേരാണ് സീ പ്ലെയിനില്‍ താത്പര്യം പ്രകടിപ്പിച്ചത്. അടുത്ത ജനവരിക്ക് മുമ്പ് പദ്ധതി തുടങ്ങാനാണ് നിര്‍ദേശിച്ചിട്ടുള്ളതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ഫോക്‌സ്‌വാഗണ്‍ അസംബ്ലി യൂണിറ്റ് തുടങ്ങുന്നതിനെക്കുറിച്ചുള്ള വിവാദങ്ങള്‍ക്ക് അടിസ്ഥാനമില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. കേരള സര്‍ക്കാര്‍ ഫോക്‌സ്‌വാഗണിന്‍േറതെന്ന മട്ടില്‍ പ്രസിദ്ധീകരിച്ച പദ്ധതിയെക്കുറിച്ച് കമ്പനി അറിഞ്ഞിട്ടില്ലെന്നായിരുന്നു ആരോപണം. ''എമര്‍ജിങ് കേരളയ്ക്ക് മുമ്പുതന്നെ ഫോക്‌സ്‌വാഗണ്‍ പ്രതിനിധികള്‍ എന്നേയും വ്യവസായ മന്ത്രിയേയും കണ്ടിരുന്നു. വിശദമായ ചര്‍ച്ചകള്‍ക്ക് അവരെ കെ.എസ്.ഐ.ഡി.സിയിലേക്ക് അയച്ചു. 2000 കോടി രൂപ മുടക്കി അസംബ്ലിങ് യൂണിറ്റ് തുടങ്ങാന്‍ അവര്‍ക്ക് പദ്ധതിയുണ്ടെന്ന് അറിയിക്കുകയും ചെയ്തു. ഇതുസംബന്ധിച്ച താത്പര്യപത്രം വെബ്‌സൈറ്റില്‍ ഇട്ടത് പിശകായി''-മുഖ്യമന്ത്രി പറഞ്ഞു.

കേരളത്തിന്റെ വികസനക്കുതിപ്പില്‍ എമര്‍ജിങ് കേരള നാഴികക്കല്ലായി മാറിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. ''ഭൂമി കച്ചവടം നടത്താനാണ് ഇത്തരമൊരു പരിപാടി നടത്തുന്നതെന്ന് കോടിയേരി ബാലകൃഷ്ണന്‍ ഉള്‍പ്പെടെയുള്ളവര്‍ പറഞ്ഞിരുന്നു. എന്നാല്‍ എമര്‍ജിങ് കേരളയില്‍ ഒന്നും നടന്നിട്ടില്ലെന്ന് ഇപ്പോള്‍ പറയുന്നു. എമര്‍ജിങ് കേരളയ്ക്ക് പ്രതിപക്ഷം നല്‍കിയ സര്‍ട്ടിഫിക്കറ്റാണത്''-മുഖ്യമന്ത്രി പറഞ്ഞു.

എമര്‍ജിങ് കേരള പദ്ധതിക്കിടെ തന്നെക്കുറിച്ച് മോശം പരാമര്‍ശം നടത്തിയ പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന് താന്‍ മറുപടി നല്‍കുന്നില്ലെന്നും ഓരോരുത്തരുടെ സംസ്‌ക്കാരത്തിനനുസരിച്ചുള്ള അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കുമ്പോള്‍ വിഷമിക്കേണ്ട കാര്യമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. എമര്‍ജിങ് കേരള ഭൂമിക്കച്ചവടമാണെന്ന എന്‍.എസ്.എസ്സിന്‍േറയും എസ്.എന്‍.ഡി.പി.യുടേയും അഭിപ്രായങ്ങള്‍ തെറ്റിദ്ധാരണയില്‍ നിന്നുണ്ടായതാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.