UDF

2012, സെപ്റ്റംബർ 15, ശനിയാഴ്‌ച

എയര്‍കേരള ഒരു വര്‍ഷത്തിനകം

എയര്‍കേരള ഒരു വര്‍ഷത്തിനകം


എയര്‍കേരള വിമാന കമ്പനി യാഥാര്‍ഥ്യമാക്കാന്‍ പ്രവാസികളില്‍ നിന്ന് 10,000 രൂപ വീതമുള്ള ഷെയറുകള്‍ പിരിക്കാന്‍ എമര്‍ജിങ് കേരളയോടനുബന്ധിച്ച് ലെമെറിഡിയനില്‍ വെള്ളിയാഴ്ച ചേര്‍ന്ന എയര്‍കേരള ഡയരക്ടര്‍ ബോര്‍ഡ് യോഗം തീരുമനിച്ചു. പദ്ധതി ഒരുവര്‍ഷത്തിനകം പൂര്‍ത്തിയാക്കുമെന്നും നിബന്ധനകളില്‍ ഇളവ് വരുത്തുന്നതിന് കേന്ദ്ര സര്‍ക്കാറിനോട് ആവശ്യപ്പെടുമെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു.


പദ്ധതിയുടെ സാധ്യതാ പഠനം എത്രയും വേഗം സമര്‍പ്പിക്കാന്‍ എയര്‍ കേരള മാനേജിങ് ഡയരക്ടര്‍ കൂടിയായ സിയാല്‍ എം.ഡി വി.ജെ കുര്യനെയും ആവശ്യമായ ഫണ്ട് കണ്ടെത്തുന്നതിന് ഡയരക്ടര്‍ ബോര്‍ഡ് അംഗങ്ങളെയും ചുമതലപ്പെടുത്തി. എയര്‍ കേരളക്ക് അനുമതി നേടിക്കൊടുക്കുന്നതിനായി പ്രധാനമന്ത്രിയെയും വ്യോമയാന മന്ത്രിയെയും കാണാന്‍ എയര്‍കേരള ചെയര്‍മാന്‍ കൂടിയായ മുഖ്യമന്ത്രി യോഗം ഉമ്മന്‍ചാണ്ടിയെ ചുമതലപ്പെടുത്തി.


അഞ്ച് വിമാനങ്ങളോടെ തുടക്കത്തില്‍ 200 കോടി രൂപ മുതല്‍ മുടക്കിയാവും എയര്‍കേരള നിലവില്‍ വരിക. ബജറ്റ് എയര്‍ലൈന്‍ ആയിട്ടാവും എയര്‍കേരള സര്‍വീസ് നടത്തുക. പ്രവാസികള്‍ക്കിടയില്‍ സ്വന്തം വിമാനകമ്പനി എന്ന വികാരം ഉണ്ടാക്കിയെടുക്കുന്നതിനാണ് എല്ലാവര്‍ക്കും പങ്കാളിത്തം ഉറപ്പുവരുത്താന്‍ സാധിക്കുന്ന വിധത്തില്‍ ഓഹരി വില ഒന്നിന് 10,000 രൂപയാക്കാന്‍ തീരുമാനിച്ചത്.


അന്താരാഷ്ട്ര സര്‍വീസ് നടത്തുന്നതിന് അഞ്ചു വര്‍ഷം ആഭ്യന്തര സര്‍വീസ് നടത്തിയിരിക്കണമെന്നും തുടക്കത്തില്‍ 20 വിമാനങ്ങള്‍ സ്വന്തമായുണ്ടായിരിക്കണമെന്നും ആണ് വ്യോമയാന വ്യവസ്ഥ. എന്നാല്‍ ഈ രണ്ട് വ്യവസ്ഥകളും എയര്‍കേരളക്ക് വേണ്ടി ഒഴിവാക്കണമെന്ന് പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടതായും ഇക്കാര്യം പരിഗണിക്കാമെന്ന്അദ്ദേഹം വ്യക്തമാക്കിയതാണെന്നും മുഖ്യമന്ത്രി പറഞ്ഞു. എയര്‍ ഇന്ത്യ എക്സ്പ്രസിന് നല്‍കിയ എല്ലാ ആനുകൂല്യങ്ങളും എയര്‍ കേരളക്കും ലഭ്യമാക്കണമെന്ന് ഡയരക്ടര്‍ ബോര്‍ഡ് യോഗം ആവശ്യപ്പെട്ടു.


പ്രവാസി സംഗമത്തിലെ പ്രധാന വിഷയവും എയര്‍കേരള തന്നെയായിരുന്നു. ഇത് സംബന്ധിച്ച മുഖ്യമന്ത്രിയുടെ പ്രഖ്യാപനം നീണ്ട കരഘോഷത്തോടെയാണ് സദസ്സ് എതിരേറ്റത്.


ഡയരക്ടര്‍ എം.എ. യൂസഫലി, ഡയറക്ടര്‍ ബോര്‍ഡംഗങ്ങളും മന്ത്രിമാരുമായ കെ.എം. മാണി, പി.കെ. കുഞ്ഞാലിക്കുട്ടി, കെ.സി. ജോസഫ്എന്നിവരും എന്നിവരും യോഗത്തില്‍ പങ്കെടുത്തു.