UDF

2012, മേയ് 25, വെള്ളിയാഴ്‌ച

കണ്ണൂരില്‍ ജനാധിപത്യ ശൈലിയില്‍ പ്രവര്‍ത്തിക്കാന്‍ സി.പി.എം സഹകരിക്കുന്നില്ല

കണ്ണൂരില്‍ ജനാധിപത്യ ശൈലിയില്‍ പ്രവര്‍ത്തിക്കാന്‍ സി.പി.എം സഹകരിക്കുന്നില്ല -മുഖ്യമന്ത്രി

കണ്ണൂരില്‍ ജനാധിപത്യ ശൈലിയില്‍ പ്രവര്‍ത്തിക്കാന്‍ സി.പി.എം സഹകരിക്കുന്നില്ല -മുഖ്യമന്ത്രി

തിരുവനന്തപുരം: ജനാധിപത്യ ശൈലിയില്‍ പ്രവര്‍ത്തിക്കുന്നതിന് സി.പി.എം സഹകരിക്കാത്ത നിര്‍ഭാഗ്യകരമായ സാഹചര്യം കണ്ണൂരില്‍ ചിലയിടത്തുണ്ടെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ഇതില്‍ എന്ത് നടപടി വേണമെന്ന് ആലോചിച്ച് തീരുമാനിക്കുമെന്നും മന്ത്രിസഭായോഗശേഷം മുഖ്യമന്ത്രി പറഞ്ഞു. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ സി.പി.എം ബ്ലോക്കിന്റെ പ്രവര്‍ത്തനം തടയാന്‍ നടപടിയെടുക്കും. പാര്‍ട്ടി ഗ്രാമങ്ങള്‍ നേരത്തെ തന്നെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 
സി.പി.എമ്മിന്റെ പ്രതികാര രാഷ്ട്രീയം എവിടെയെത്തിയെന്നതിന്റെ അവസാന ഉദാഹരണമാണ് ടി.കെ. ഹംസയുടെ പ്രസംഗം. സി.പി.എമ്മിലെ ഇപ്പോഴത്തെ പ്രശ്നങ്ങള്‍ പാര്‍ട്ടിക്കപ്പുറത്താണ്. ടി.പി. ചന്ദ്രശേഖരന്റെ കൊലപാതകത്തില്‍ വി.എസ്.അച്യുതാനന്ദന്‍ എടുത്ത സമീപനവും പ്രതിപക്ഷ നേതൃസ്ഥാനത്ത് തുടരാന്‍ കഴിയില്ലെന്ന് പറഞ്ഞതും ഗൗരവമായി കാണണം. കേരളത്തിലെ മഹാഭൂരിപക്ഷവും സ്വൈരമായി ജീവിക്കണമെന്ന് ആഗ്രഹിക്കുന്നവരാണ്. അവരുടെ മനസ്സില്‍ ഭീതി പരത്തുന്നതാണ് ചന്ദ്രശേഖരന്‍ വധം. ഒരു രാഷ്ട്രീയവുമില്ലാത്ത മോഹന്‍ലാലിന്റെ പ്രതികരണവും ഇതാണ് വ്യക്തമാക്കുന്നത്. 

 
ടി.പി. ചന്ദ്രശേഖരന്‍ വധവുമായി ബന്ധപ്പെട്ട് ആരെയെങ്കിലും അനാവശ്യമായി ദ്രോഹിക്കുമെന്നോ ശിക്ഷിക്കുമെന്നോ ഉള്ള ആശങ്ക വേണ്ട. കേസ് അട്ടിമറിക്കാന്‍ ആരും ശ്രമിച്ചിട്ടില്ല. ഇങ്ങനെയൊരു പരാതി ആര്‍.എം.പിക്കാര്‍ തന്നോട് പറഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. കേസ് അന്വേഷണം ശരിയായ ദിശയിലാണ്. ഒരു രാഷ്ട്രീയ ഇടപെടലും ഉണ്ടാകില്ല. സര്‍ക്കാറിന്റെ മുഴുവന്‍ ശ്രദ്ധയും കുറ്റവാളികളെ നിയമത്തിന്റെ മുന്നില്‍ കൊണ്ട് വരികയെന്നതിലാണ്.
വി.എ. അരുണ്‍കുമാറിനെതിരെയുള്ള നടപടികളുടെ ഭാഗമാണ് വിജിലന്‍സ് അന്വേഷണം. സന്തോഷ് മാധവനുമായി ബന്ധപ്പെട്ട അരുണ്‍കുമാറിനെതിരായ കേസ് പിന്‍വലിച്ചത് തെളിവുകളുടെ അഭാവം മൂലമാണ്. അരുണ്‍കുമാര്‍ കേസ് സംബന്ധിച്ച് സി.പി.എം നേതാവ് എ.കെ.ബാലന് വിവരങ്ങള്‍ ആവശ്യമുള്ളപ്പോള്‍ നല്‍കാം. പുതിയ സാഹചര്യത്തില്‍ താങ്കള്‍ വി.എസിന്റെ പക്ഷത്താണോയെന്ന ചോദ്യത്തിന് താന്‍ സി.പി.എമ്മില്‍ അല്ലല്ലോയെന്നായിരുന്നു മറുപടി. സി.പി.എമ്മില്‍ ഇത്തരമൊരു ചോദ്യം ഉയരുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
ജനങ്ങളെ കാണാനാണ് നെയ്യാറ്റിന്‍കരയില്‍ പോകുന്നതെന്നും തെരഞ്ഞെടുപ്പ് ചട്ടങ്ങളെ കുറിച്ച് തനിക്ക് വ്യക്തമായി അറിയാമെന്നും അദ്ദേഹം പറഞ്ഞു. ഇതുവരെ തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചിട്ടില്ല. ഇനി ലംഘിക്കുകയുമില്ല. നെയ്യാറ്റിന്‍കരയില്‍ ആര്‍ക്കും ഒരു ആനുകൂല്യവും പ്രഖ്യാപിച്ചിട്ടില്ല. ഔദ്യോഗിക വാഹനവും സംവിധാനങ്ങളും ദുര്‍വിനിയോഗം ചെയ്തിട്ടില്ല. വേറെ ഒന്നും പറയാനാനില്ലാത്തതിനാല്‍ മുഖ്യമന്ത്രിയും മന്ത്രിമാരും തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചതായി ആരോപിക്കുന്നു. പി.ആര്‍.ഡി മീഡിയാ സെന്ററില്‍ മാധ്യമ പ്രവര്‍ത്തകരുമായി സംസാരിച്ചത് സംബന്ധിച്ച് തനിക്കെതിരെ ഒരു പരാതി നിലവിലുണ്ടെന്നും അദ്ദേഹം അറിയിച്ചു.