UDF

2012, മേയ് 15, ചൊവ്വാഴ്ച

കേരളം നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നം മാലിന്യം: മുഖ്യമന്ത്രി

 

സംസ്ഥാനം നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നം സാമൂഹികശുചിത്വവും മാലിന്യസംസ്‌കരണവുമാണെന്നും ഇതു നേരിടാന്‍ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ജനങ്ങളും ചേര്‍ന്ന കൂട്ടായ്മ ഉണ്ടാകണമെന്നും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. നിര്‍മല്‍ ഗ്രാമ പുരസ്‌കാരം നേടിയ തദ്ദേശസ്ഥാപനങ്ങള്‍ക്കുള്ള സമ്മാനദാനവും ആദരിക്കല്‍ ചടങ്ങും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.ശുചിത്വത്തില്‍ മാതൃകകളായി നിര്‍മല്‍ പുരസ്‌കാരം നേടിയ പഞ്ചായത്തുകള്‍ ആ നേട്ടം നിലനിര്‍ത്താന്‍ പദ്ധതികളൊരുക്കണം. 

 

ചിലരെങ്കിലും ഇതില്‍ വിട്ടുവീഴ്ച വരുത്തിയതുകൊണ്ടാണു സംസ്ഥാനത്തെ ആറു ജില്ലാ പഞ്ചായത്തുകളും 33 ബ്ലോക്ക് പഞ്ചായത്തുകളും ഇപ്പോഴും നിര്‍മല്‍പുരസ്‌കാരം ലഭിക്കാതെ അവശേഷിക്കുന്നത്. 17നു സമ്പൂര്‍ണ ശുചിത്വ യജ്ഞത്തിനു തുടക്കം കുറിക്കുകയാണ്. അതിന് എല്ലാം മറന്നു കേരളം ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണം. ഇക്കാര്യത്തില്‍ വിട്ടുവീഴ്ച വരുത്തുന്നതു വന്‍ വിപത്തുകളെ ക്ഷണിച്ചുവരുത്തുന്നതിനു തുല്യമാണ്. മാലിന്യസംസ്‌കരണ രംഗത്ത് ഉയര്‍ത്തിക്കാട്ടാന്‍ ഒരു മാതൃക ഇല്ലാത്തതാണ് സംസ്ഥാനത്തിന്റെ പ്രശ്‌നം. ഉറവിടങ്ങളില്‍തന്നെ മാലിന്യസംസ്‌കരണ നവീന പദ്ധതികള്‍ക്ക് 90 % സബ്‌സിഡി നല്‍കി പ്രോല്‍സാഹനം നല്‍കും. തദ്ദേശസ്ഥാപനങ്ങള്‍ക്ക് ഇതു പ്രയോജനപ്പെടുത്താം. കേന്ദ്രീകൃത മാലിന്യസംസ്‌കരണ പദ്ധതി ആദ്യം തിരുവനന്തപുരം, കോഴിക്കോട്, കൊച്ചി നഗരങ്ങളിലാണു തുടങ്ങാനുദ്ദേശിക്കുന്നത്-  മുഖ്യമന്ത്രി പറഞ്ഞു. 

 

2011-12 വര്‍ഷത്തില്‍ നിര്‍മല്‍ പുരസ്‌കാരത്തിന് അര്‍ഹരായ എറണാകുളം, കാസര്‍കോഡ് ജില്ലാ പഞ്ചായത്തുകളുടെയും വണ്ടിപ്പെരിയാര്‍, മൂന്നാര്‍, നീണ്ടൂര്‍, പുതുശേരി, കൊടുമ്പ, പള്ളിക്കല്‍ എന്നീ ഗ്രാമപഞ്ചായത്തുകളുടെയും ഇടപ്പള്ളി, പള്ളുരുത്തി, ഇടുക്കി, കാഞ്ഞങ്ങാട്, കാസര്‍കോഡ്, മഞ്ചേശ്വരം, ളാലം പാമ്പാടി, തിരൂര്‍, നെന്മാറ എന്നീ ബ്ലോക്ക് പഞ്ചായത്തുകളുടെയും പ്രതിനിധികളാണ് മുഖ്യമന്ത്രിയില്‍നിന്നു സമ്മാനം ഏറ്റുവാങ്ങിയത്. 

 

പുരസ്‌കാര തുക ഒന്നാം ഗഡു മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ വിതരണം ചെയ്തു. മന്ത്രി കെ.സി. ജോസഫ് അധ്യക്ഷനായിരുന്നു. ശുചിത്വമിഷന്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. ജോര്‍ജ് ചാക്കച്ചേരി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമാരായ രാധാ.വി. നായര്‍, ശ്യാമളാദേവി, എല്‍ദോ കുന്നപ്പള്ളി, കലക്ടര്‍ മിനി ആന്റണി, നഗരസഭ കൗണ്‍സിലര്‍മാരായ വി.കെ. അനില്‍കുമാര്‍, അനീഷ തങ്കപ്പന്‍, ശുചിത്വമിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ഷാജി ജോര്‍ജ് എന്നിവര്‍ പ്രസംഗിച്ചു.