UDF

2012, ഏപ്രിൽ 29, ഞായറാഴ്‌ച

തടവുകാരുടെ പുനരധിവാസം സമൂഹത്തിന്റെ ഉത്തരവാദിത്തം

തടവുകാരുടെ പുനരധിവാസം സമൂഹത്തിന്റെ ഉത്തരവാദിത്തം
Image
തൊടുപുഴ : ജയിലുകളില്‍ ശിക്ഷിക്കപ്പെട്ട് തടവനുഭവിക്കുന്നവരെ തിരികെക്കൊണ്ടുവന്ന് സമൂഹത്തിന്റെ ഭാഗമാക്കുക എന്നത് സമൂഹത്തിന്റെ ഉത്തരവാദിത്വമാണെന്നും അത്തരമൊരു സമീപനത്തിന്റെ പശ്ചാത്തലത്തില്‍ ജയിലുകളില്‍ പരിഷ്‌കാരങ്ങള്‍ നടപ്പാക്കിവരികയാണെന്നും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി വ്യക്തമാക്കി.
തൊടുപുഴ മുട്ടത്ത് ഇടുക്കി ജില്ലാ ജയിലിന്റെ ശിലാസ്ഥാപനം നിര്‍വ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഏതെങ്കിലും ഒരു പ്രതേ്യക സാഹചര്യത്തില്‍ കുറ്റം ചെയ്തതിന്റെ പേരില്‍ ശിക്ഷിക്കപ്പെട്ടവര്‍ എക്കാലത്തും കുറ്റവാളികളായി തുടരാന്‍ പാടില്ല. ശിക്ഷ കഴിഞ്ഞു പുറത്തിറങ്ങുമ്പോള്‍ പുനരധിവാസം ഉറപ്പാക്കാന്‍ കഴിഞ്ഞാല്‍  അത്തരം തടവുകാര്‍ക്ക് സമൂഹത്തിന്റെ ഭാഗമാകാന്‍ കഴിയും. അതിനുളള പ്രവര്‍ത്തനങ്ങള്‍ ഇപ്പോള്‍ ജയിലുകളില്‍ നടന്നുവരികയാണ്.
 
തിരുവനന്തപുരം സെന്‍ട്രല്‍ ജയിലിലെ ചപ്പാത്തി ഇപ്പോള്‍ പ്രശസ്തമാണ്. അതുണ്ടാക്കുന്നതുവഴി ജയിലിലെ വരുമാനം വര്‍ധിച്ചിട്ടുണ്ട്. പക്ഷേ വരുമാനത്തിനപ്പുറം അതിനൊരു സാമൂഹിക വശം കൂടിയുണ്ട്. ജയിലില്‍ ഇത്തരം തൊഴിലിലേര്‍പ്പെടുന്നവര്‍ പുറത്തുവരുമ്പോള്‍ നല്ല ശമ്പളത്തില്‍ ഹോട്ടലുകാര്‍ അവരെ കൊണ്ടുപോവുകയാണ്. തടവുകാര്‍ക്ക് പുറത്തുവരുമ്പോള്‍ത്തന്നെ തൊഴിലുറപ്പാക്കുന്ന ഒരു പുനരധിവാസ പ്രവര്‍ത്തനമായി അതുമാറുന്നു. ചപ്പാത്തിക്കു പുറമേ ഇനി ഇഡ്ഡലിയും ഉണ്ടാക്കി വില്‍ക്കുവാന്‍ തുടങ്ങുകയാണ്. അതുപോലെ  സൗരോര്‍ജ്ജമുപയോഗിച്ച്  വൈദ്യൂതി, വേസ്റ്റ് മാനേജ്‌മെന്റ് സ്‌കീം എന്നിവയൊക്കെ ജയിലുകളില്‍ നടക്കുന്ന സൃഷ്ടിപരമായ പ്രവര്‍ത്തനങ്ങളാണ്. ഇതിലെല്ലാം തടവുകാരെ പങ്കെടുപ്പിക്കുന്നതിലൂടെ അവരെ രാഷ്ട്ര പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ തടവുകാലത്തുതന്നെ പങ്കെടുപ്പിക്കുവാന്‍ കഴിയുന്നു. ഇത്തരം പ്രവര്‍ത്തനങ്ങള്‍ ജയിലുകളില്‍ കൂടുതലായി ആവിഷ്‌കരിക്കും.
 
സംസ്ഥാനത്ത് മലപ്പുറത്തെ തവന്നൂരിലും ഇപ്പോള്‍ തൊടുപുഴയിലെ മുട്ടത്തുമായി ജില്ലാ ജയിലുകള്‍ തുടങ്ങുകയാണ്. കാസര്‍കോട്, വയനാട്, പത്തനംതിട്ട തുടങ്ങി ജില്ലാ ജയിലുകളില്ലാത്ത മൂന്നു ജില്ലകള്‍ കൂടിയുണ്ട്. അവിടങ്ങളില്‍ ഏറ്റവും സൗകര്യമുളള ഒരു ജയിലിനെ ജില്ലാ ജയിലാക്കി മാറ്റുമെന്നും മുഖ്യമന്ത്രി പറഞ്ഞു. റിലീസ് കാലവധി പൂര്‍ത്തീകരിച്ചവരുടെ റിലീസ് വേഗത്തിലാക്കുന്നതിന് നയപരമായ തീരുമാനം കൈക്കൊണ്ടിട്ടുണ്ടെന്നും 75 വയസ് പ്രായം കഴിഞ്ഞ തടവുകാരെയും രോഗത്തിനു അടിമകളായിട്ടുളളവരും പുറത്തേക്ക് വന്നാല്‍ ഒരുതരത്തിലും സമൂഹത്തിനു ദോഷകരമായി പ്രവര്‍ത്തനമുണ്ടാവില്ല എന്നുറപ്പുളളവരെയും റിലീസ് ചെയ്യുന്നതിന് ആലോചിച്ചു വരികയാണെന്നും അദ്ദേഹം അറിയിച്ചു.