UDF

2012, ഏപ്രിൽ 12, വ്യാഴാഴ്‌ച

തീരുമാനങ്ങള്‍ ആഗ്രഹിക്കുന്ന തരത്തില്‍ ആകണമെന്നില്ല

തീരുമാനങ്ങള്‍ ആഗ്രഹിക്കുന്ന തരത്തില്‍ ആകണമെന്നില്ല


തിരുവനന്തപുരം: എല്ലാ തീരുമാനങ്ങളും എല്ലാ അവസരങ്ങളിലും നാം പൂര്‍ണമായി ആഗ്രഹിക്കുന്ന തരത്തിലായിരിക്കണമെന്നില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. ലീഗിന് അഞ്ചാം മന്ത്രിസ്ഥാനം നല്‍കുന്നത് സാമുദായിക സന്തുലനത്തെ ബാധിക്കില്ലേയെന്ന ചോദ്യത്തിന് മറുപടിയായാണ് മുഖ്യമന്ത്രി ഇങ്ങനെ പറഞ്ഞത്. രാഷ്ട്രീയ സാഹചര്യം കണക്കിലെടുത്താണ് തീരുമാനങ്ങള്‍ എടുക്കേണ്ടി വരിക. ഈ സര്‍ക്കാരിന്റെ പ്രവര്‍ത്തനം വിലയിരുത്തി ഏതെങ്കിലും സാമുദായിക വിഭാഗത്തോട് അനീതി ചെയ്തിട്ടുണ്ടോയെന്ന് പരിശോധിക്കുക. ഉണ്ടെന്ന് പറഞ്ഞാല്‍ അത് തിരുത്താന്‍ തയ്യാറാണ്. 

അഞ്ചാം മന്ത്രിസ്ഥാനം സംബന്ധിച്ച എന്‍.എസ്.എസ്സിന്റെ വിമര്‍ശം ചൂണ്ടിക്കാണിച്ചപ്പോള്‍ ഞങ്ങളെ സ്തുതിക്കുന്ന അഭിപ്രായം മാത്രമല്ല വിമര്‍ശങ്ങളും ഞങ്ങള്‍ സ്വീകരിച്ച് വിലയിരുത്തുമെന്നായിരുന്ന മറുപടി. കോണ്‍ഗ്രസിലെ എതിര്‍പ്പുകളോട് മുഖ്യമന്ത്രി ഇങ്ങനെ പ്രതികരിച്ചു. ഓരോ സാഹചര്യം വിലയിരുത്തണം. ഓവറോളായ ലക്ഷ്യം കണ്ട് രാഷ്ട്രീയ തീരുമാനങ്ങള്‍ എടുക്കേണ്ടിവരും. 

തീരുമാനം ഇതായിരുന്നെങ്കില്‍ ഇത്രയും ചര്‍ച്ച നടത്താതെ നേരത്തെയെടുക്കാമായിരുന്നില്ലേയെന്ന ചോദ്യത്തിന് എല്ലാ തീരുമാനങ്ങള്‍ക്കും ഒരു സമയമുണ്ട്. ഈ തീരുമാനത്തിനുള്ള സമയം ഇന്നായിരുന്നു. ഇത് കീഴടങ്ങലല്ല, അടിച്ചേല്പിക്കലുമല്ല. യു.ഡി.എഫില്‍ ആരും ആര്‍ക്കും കീഴടങ്ങുന്നില്ല. പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കുകയാണ് പതിവ്- മുഖ്യമന്ത്രി പറഞ്ഞു. 

ശക്തിയുള്ള പാര്‍ട്ടിക്കേ ജനാധിപത്യ രീതിയില്‍ പ്രതികരിക്കാന്‍ കഴിയൂ. ഇനിയും മന്ത്രിസ്ഥാനം ഒഴിച്ചിടുന്നില്ലേയെന്ന ചോദ്യത്തിന് ഒരു മന്ത്രിസ്ഥാനം ആവശ്യമായി വന്നാല്‍ രണ്ടൊഴിവുണ്ടാകുമെന്നായിരുന്നു മറുപടി.