UDF

2012, ഏപ്രിൽ 22, ഞായറാഴ്‌ച

കേരളത്തിന്റെ പദ്ധതിക്ക് 14,010 കോടി; 326 കോടിയുടെ അധികസഹായം

കേരളത്തിന്റെ പദ്ധതിക്ക് 14,010 കോടി; 326 കോടിയുടെ അധികസഹായം

 


 



ന്യൂഡല്‍ഹി: 14,010 കോടി രൂപയുടെ കേരളത്തിന്റെ വാര്‍ഷിക പദ്ധതിക്ക് കേന്ദ്ര ആസൂത്രണ കമ്മീഷന്റെ അംഗീകാരം. കേരളത്തിന് 326 കോടി രൂപയുടെ ഒറ്റത്തവണത്തെ കേന്ദ്ര സഹായവും ആസൂത്രണ കമ്മീഷന്‍ പ്രഖ്യാപിച്ചിട്ടുണ്ട്. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, ധനമന്ത്രി കെ.എം.മാണി, സംസ്ഥാന ആസൂത്രണക്കമ്മീഷന്‍ ഉപാധ്യക്ഷന്‍ കെ.എം. ചന്ദ്രശേഖരന്‍, സംസ്ഥാന ആസൂത്രണ മന്ത്രി കെ.സി. ജോസഫ് എന്നിവര്‍ ആസൂത്രണക്കമ്മീഷന്‍ ഉപാധ്യക്ഷന്‍ മൊണ്ടേക് സിങ് അലൂവാലിയയുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷമാണ് ഈ തീരുമാനങ്ങളുണ്ടായത്. 

കേരളത്തിന്റെ പദ്ധതിയിലും ധനകാര്യ ആസൂത്രണത്തിലും കേന്ദ്ര ആസൂത്രണകമ്മീഷന്‍ സംതൃപ്തി രേഖപ്പെടുത്തി. 12, 010 കോടിയായിരുന്നു കഴിഞ്ഞ വര്‍ഷത്തെ കേരളത്തിന്റെ പദ്ധതി വിഹിതം. 220 കോടി രൂപ അധിക സഹായം നല്‍കാമെന്നായിരുന്നു ആസൂത്രണ കമ്മീഷന്‍ ആദ്യം പറഞ്ഞതെന്നും കേരളത്തിന്റെ ശക്തമായ സമ്മര്‍ദംകൊണ്ടാണ് 326 കോടിയാക്കി നിലനിര്‍ത്തിയതെന്നും തീരുമാനങ്ങള്‍ വിശദീകരിച്ച ധനമന്ത്രി കെ.എം.മാണി ചൂണ്ടിക്കാട്ടി. 

അധിക സഹായത്തില്‍ 70 ശതമാനം കേന്ദ്ര വായ്പയും 30 ശതമാനം ധനസഹായവുമായിരിക്കും. ഇത് കൂടാതെ പ്രത്യേക പദ്ധതികള്‍ക്ക് 1109 കോടി രൂപയുടെ അധികസഹായവും കേരളത്തിന് ലഭിക്കും. സമഗ്ര ആരോഗ്യ പരിപാലനം സംബന്ധിച്ച പൈലറ്റ് പദ്ധതി ഒരു ജില്ലയില്‍ നടപ്പാക്കുന്നതിനുള്ള സഹായം, ദേശീയ ഗെയിംസിന് ആതിഥ്യം വഹിക്കുന്നതിനുള്ള സഹായം, വൈദഗ്ധ്യ വികസന പരിപാടികള്‍ നടത്തുന്നതിനുള്ള സഹായം എന്നിവ ഈ അധിക സഹായത്തിന്റെ പരിധിയില്‍പ്പെടും. 

ജവാഹര്‍ലാല്‍ നെഹ്രു ദേശീയ നഗര വികസന പരിപാടിയുടെ സംസ്ഥാന വിഹിതം നൂറു കൂടി കൂട്ടുകയും ചെയ്തിട്ടുണ്ട.് ഇതോടെ ഈ പദ്ധതിക്കുള്ള കേന്ദ്ര സഹായം 550 കോടിയായി. എന്നാല്‍ കേരളത്തിന്റെ കടബാധ്യതയുടെ പലിശയിനത്തിലുള്ള 2924 കോടി രൂപ എഴുതിത്തള്ളണമെന്ന ആവശ്യം കേന്ദ്രം അംഗീകരിച്ചില്ല. ഊര്‍ജ രംഗത്തെ ഉദ്പാദനം കൂട്ടാനും വൈദ്യുതിനിരക്ക് വര്‍ധിപ്പിക്കാനും ആസൂത്രണക്കമ്മീഷന്‍ കേരളത്തോട് ആവശ്യപ്പെട്ടു. 

പൊതുസ്വകാര്യ പങ്കാളിത്തത്തോടെ പദ്ധതികള്‍ നടപ്പാക്കാന്‍ കേരളം കുറച്ചുകൂടി ശ്രദ്ധിക്കണം. തുറമുഖ വികസനമേഖലയില്‍ ഗുജറാത്തും ആന്ധ്രപ്രദേശും നടപ്പാക്കിയ മാതൃകയും റോഡ് വികസനത്തില്‍ മധ്യപ്രദേശ് നടപ്പാക്കിയ മാതൃകയും കേരളം ശ്രദ്ധിക്കണം- ആസൂത്രണകമ്മീഷന്‍ ചൂണ്ടിക്കാട്ടി. 

അതേസമയം കേന്ദ്രപദ്ധതികള്‍ നടപ്പാക്കുന്നതില്‍ കേരളത്തിന്റെ സവിശേഷ സാഹചര്യം പരിഗണിച്ച് മാറ്റം വരുത്താനുള്ള ബി.കെ. ചതുര്‍വേദി കമ്മീഷന്‍ ശുപാര്‍ശ നടപ്പാക്കണമെന്ന് ആസൂത്രണക്കമ്മീഷനോട് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. കേരളത്തിന്റെ സവിശേഷ സാഹചര്യങ്ങള്‍ക്ക് അനുസരിച്ച് കേന്ദ്ര പദ്ധതികള്‍ നടത്തിയാല്‍ മാത്രമേ പദ്ധതി ഫലപ്രദമായി നടപ്പാക്കാനും പദ്ധതി വിഹിതം പൂര്‍ണമായി ചെലവഴിക്കാനും സാധിക്കൂ എന്നാണ് കേരളത്തിന്റെ നിലപാട്. 

സമഗ്ര ആരോഗ്യപാലനത്തിലുള്ള പൈലറ്റ് പദ്ധതി കേരളത്തിലെ ഒരു ജില്ലയില്‍ നടപ്പാക്കാനാണ് നിര്‍ദേശം. പ്രാഥമിക ആരോഗ്യകേന്ദ്രങ്ങള്‍ കൂടുതലായി ആരംഭിക്കുക, പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളുടെയും ജില്ലാ ആസ്​പത്രികളുടെയും സൗകര്യം വര്‍ധിപ്പിക്കുക, കൂടുതല്‍ ആരോഗ്യ വിദഗ്ധരെ നിയമിക്കുക, സൗജന്യ വിദഗ്ധ ചികിത്സ നല്‍കുക, ശസ്ത്രക്രിയ മുതലായ വിദഗ്ദ്ധ ചികിത്സവേണ്ടവര്‍ക്ക് ഇന്‍ഷൂറന്‍സ് സംവിധാനം ഒരുക്കുക എന്നിവയാണ് ഇതില്‍ പ്രധാനം. മന്ത്രി കെ.സി.ജോസഫ്, ആസൂത്രണ ബോര്‍ഡ് ഉപാധ്യക്ഷന്‍ കെ.എം.ചന്ദ്രശേഖരന്‍, അംഗങ്ങളായ സി.പി.ജോണ്‍, ജി.വിജയരാഘവന്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.