UDF

2012, മാർച്ച് 1, വ്യാഴാഴ്‌ച

പാമോയില്‍ കേസില്‍ വി.എസ് അഞ്ചുകൊല്ലം എന്തുചെയ്തു?

പിറവം: തുടക്കം മുതലേ ആത്മവിശ്വാസമെന്ന് ഉമ്മന്‍ ചാണ്ടി


പാമോയില്‍ കേസില്‍ വി.എസ് അഞ്ചുകൊല്ലം എന്തുചെയ്തു? 

പിറവം ഉപതിരഞ്ഞെടുപ്പ് ഭരണത്തിന്റെ വിലയിരുത്തലാകുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ആവര്‍ത്തിച്ചു. പിറവത്തിന്റെ കാര്യത്തില്‍ തങ്ങള്‍ക്ക് തുടക്കം മുതലേ ആത്മവിശ്വാസമുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

പിറവം ഉപതിരഞ്ഞെടുപ്പ് നേരിടുന്നതില്‍ യു.ഡി.എഫ് ഒറ്റക്കെട്ടാണ്. തുടക്കം മുതല്‍ക്കേ ഞങ്ങള്‍ക്ക് ആത്മവിശ്വാസമുണ്ട്. അത് ഫലം പുറത്തുവരുമ്പോള്‍ നിങ്ങള്‍ക്ക് മനസ്സിലാകും. പിറവം, ഭരണത്തിന്റെ വിലയിരുത്തലാകുമെന്ന കാര്യം ഞാന്‍ ആവര്‍ത്തിക്കുന്നു-ഉമ്മന്‍ ചാണ്ടി പറഞ്ഞു. പിറവത്ത് യു.ഡി.എഫിന് യാതൊരു സഹതാപവും കിട്ടില്ലെന്ന പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്റെ പ്രസ്താവന ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍, അദ്ദേഹത്തിന് അങ്ങനെയല്ലാതെ പറയാന്‍ കഴിയുമോ എന്നായിരുന്നു മറുപടി. അങ്ങനെയല്ലാതെ പറഞ്ഞാല്‍ അദ്ദേഹം ആ സ്ഥാനത്ത് ഇരിക്കുമോയെന്നും മുഖ്യമന്ത്രി ചോദിച്ചു. പിറവത്തെ ചില പ്രചാരണ ബോര്‍ഡുകളില്‍ മുഖ്യമന്ത്രിയുടെ ഫോട്ടോയില്ലെന്ന ആരോപണത്തില്‍ അടിസ്ഥാനമില്ലെന്നും ബോര്‍ഡിലല്ല പെട്ടിയിലാണ് ജനം വോട്ടുചെയ്യുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. പിറവത്ത് വി.എസ്.പ്രചാരണത്തിന് ഇറങ്ങണോ വേണ്ടയോ എന്നകാര്യം അവരാണ് തീരുമാനിക്കേണ്ടതെന്നും മറ്റൊരു പാര്‍ട്ടിയുടെ ആഭ്യന്തര കാര്യത്തില്‍ താന്‍ ഇടപെടുന്നില്ലെന്നും ഉമ്മന്‍ ചാണ്ടി വ്യക്തമാക്കി.

പാമോയില്‍ കേസില്‍ കെ.കരുണാകരന്‍ മുഖ്യപ്രതി എന്ന പുസ്തകം വി.എസ്.തന്നെയാണ് എഴുതിയതെന്നും അതില്‍ തന്റെ പേര് ഒരിക്കലും പറഞ്ഞിട്ടില്ലെന്നും ഉമ്മന്‍ ചാണ്ടി ആവര്‍ത്തിച്ചു. ഈ പുസ്തകം താന്‍ എഴുതിയതല്ലെന്ന് വി.എസ്. ഇപ്പോള്‍ പറയുന്നതെന്തിനാണെന്ന് മനസ്സിലാകുന്നില്ല. വി.എസ്.എഴുതിയതാണെന്ന് തെളിയിക്കുന്ന രേഖകളെല്ലാമുണ്ട്. പ്രിന്ററിന്‍േറയും പബ്ലിഷറുടേയും വിശദാംശങ്ങളുമുണ്ട്. നിയമസഭയില്‍ അദ്ദേഹം ചെയ്ത പ്രസംഗങ്ങളുടെ പകര്‍പ്പുമുണ്ട്. ഇതിനുപുറമെ, അദ്ദേഹം അഞ്ചുവര്‍ഷം മുഖ്യമന്ത്രിയായിരുന്നപ്പോള്‍ തനിക്കെതിരെ കേസ് എടുക്കാത്തതെന്തുകൊണ്ടായിരുന്നുവെന്നും ഉമ്മന്‍ ചാണ്ടി ചോദിച്ചു. ''പാമോയില്‍കേസ് പിന്‍വലിച്ചത് ഞാന്‍ മുഖ്യമന്ത്രിയായ കാലത്താണ്. പിന്നീട് വി.എസ്. മുഖ്യമന്ത്രിയായപ്പോള്‍, ഈ കുറ്റത്തിന് എനിക്കെതിരെ കേസ് കൊടുക്കാമായിരുന്നല്ലോ. പാമോയില്‍ കേസില്‍ കൂട്ടുപ്രതിയായ ഉമ്മന്‍ ചാണ്ടിയാണ് കേസ് പിന്‍വലിക്കാന്‍ അപേക്ഷ നല്‍കിയതെന്ന കാര്യം വി.എസ്സിന് ചൂണ്ടിക്കാട്ടാമായിരുന്നില്ലേ? അന്ന് അതൊന്നും ചെയ്യാതെ ഇപ്പോള്‍ ഞാന്‍ പ്രതിയാണെന്ന് പറഞ്ഞുനടക്കുന്നത് വിചിത്രമായി തോന്നുന്നു'' -ഉമ്മന്‍ ചാണ്ടി പറഞ്ഞു.