UDF

2012, മാർച്ച് 22, വ്യാഴാഴ്‌ച

പെന്‍ഷന്‍പ്രായം: നിര്‍ദേശങ്ങള്‍ പരിഗണിക്കും

പെന്‍ഷന്‍പ്രായം: നിര്‍ദേശങ്ങള്‍ പരിഗണിക്കും


 
തിരുവനന്തപുരം: പെന്‍ഷന്‍പ്രായം ഉയര്‍ത്തിയതിനെത്തുടര്‍ന്നുള്ള ഭരണ, പ്രതിപക്ഷ യുവജന സംഘടനകളുടെ പ്രതിഷേധം സര്‍ക്കാര്‍ പരിഗണിക്കുമെന്നും ഈ വിഷയത്തിലെ സര്‍ക്കാരിന്റെ തുറന്ന സമീപനം കണക്കിലെടുത്ത്‌ സമരത്തില്‍നിന്നു സംഘടനകള്‍ പിന്‍മാറണമെന്നും മുഖ്യമന്ത്രി. നിയമസഭയില്‍ ഇതുസംബന്ധിച്ച ടി.വി രാജേഷിന്റെ ശ്രദ്ധക്ഷണിക്കലിനു മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. 

വിരമിക്കല്‍ എകീകരിച്ചു ഫലത്തില്‍ പെന്‍ഷന്‍പ്രായം 56 ആക്കിയ എല്‍.ഡി.എഫ്‌ സര്‍ക്കാരിന്റെ നടപടിയിലൂടെയുണ്ടായ ബുദ്ധിമുട്ടുകള്‍ പരിഹരിക്കാന്‍ പരിധി 56 ആയി സ്‌ഥിരീകരിക്കുകയാണു ചെയ്‌തത്‌. ഇതുമൂലം ഒരാളുടെ പോലും തൊഴിലവസരം നഷ്‌ടമാവില്ല. ബജറ്റ്‌ ചര്‍ച്ചയ്‌ക്കുള്ള മറുപടി ഇന്നായതിനാല്‍ ഇതുസംബന്ധിച്ച പരാതികള്‍ നേരിട്ടോ രേഖാമൂലമോ മറ്റെന്തെങ്കിലും മാര്‍ഗത്തിലൂടെയോ സര്‍ക്കാരിനെ അറിയിക്കാം. ചെറുപ്പക്കാരുടെ ആവശ്യം പരിഗണിച്ചു പ്രത്യേക പാക്കേജ്‌ അംഗീകരിക്കും. 

യു.ഡി.എഫ്‌ സര്‍ക്കാര്‍ അധികാരമേറ്റെടുത്തശേഷം 43,084 പേര്‍ക്ക്‌ സര്‍ക്കാര്‍ സര്‍വീസില്‍ നിയമനം നല്‍കി. അധികാരത്തിലെത്തി ഒമ്പതുമാസത്തിനകം 29,142 പേരെ പി.എസ്‌.സി വഴി നിയമിച്ചു. കെ.എസ്‌.ആര്‍.ടി.സിയിലെ താല്‍ക്കാലിക ജീവനക്കാരെ സ്‌ഥിരപ്പെടുത്തിയതിലൂടെ 3386 പേര്‍ക്കു ജോലി ലഭിച്ചു. അധ്യാപക പാക്കേജ്‌ അംഗീകരിച്ചതിലൂടെ 10,556 പേര്‍ക്കു സര്‍ക്കാര്‍ സര്‍വീസില്‍ സ്‌ഥിരനിയമനം ലഭിച്ചു. 1036 തസ്‌തികകളില്‍ വികലാംഗരെ നിയമിച്ചു. തസ്‌തിക വെട്ടിക്കുറക്കാന്‍ തീരുമാനമെടുത്തിട്ടില്ല. നിയമന നിരോധനമെന്നതു പ്രതിപക്ഷം നടത്തുന്ന പ്രചാരണം മാത്രമാണ്‌. സര്‍ക്കാര്‍ വകുപ്പുകളില്‍ ആധുനിക സാങ്കേതിക വിദ്യകള്‍ നടപ്പാക്കുമ്പോള്‍ ജീവനക്കാരെ പുനര്‍വിന്യസിക്കുന്നത്‌ പരിശോധിക്കാനാണു പുതിയ കമ്മിറ്റിയെ നിയമിച്ചത്‌. 

മാര്‍ച്ച്‌ 31 നു വിരമിക്കുമ്പോഴുണ്ടാകുന്ന ഒഴിവുകള്‍ മുന്‍കൂട്ടിതന്നെ പി.എസ്‌.സിക്കു റിപ്പോര്‍ട്ട്‌ ചെയ്യും. പി.എസ്‌.സി നിയമന ശുപാര്‍ശ ലഭിക്കുന്ന മുറയ്‌ക്കു മുഴുവന്‍ പേരെയും നിയമിക്കും. സൂപ്പര്‍ ന്യൂമററി തസ്‌തിക സൃഷ്‌ടിച്ചു നിയമനം നല്‍കുന്നവര്‍ക്കു ഏപ്രില്‍ മുതലുള്ള ശമ്പളം നല്‍കും. അധ്യാപകരുടെ കാര്യത്തില്‍ എന്തുവേണമെന്ന്‌ ആലോചിച്ചു തീരുമാനിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.