UDF

2012, മാർച്ച് 29, വ്യാഴാഴ്‌ച

വിദ്യാഭ്യാസ വായ്പയുടെ റവന്യു റിക്കവറി നിര്‍ത്തും

വിദ്യാഭ്യാസ വായ്പയുടെ റവന്യു റിക്കവറി നിര്‍ത്തും 


വിദ്യാഭ്യാസ വായ്പയുടെ റവന്യു റിക്കവറി നിര്‍ത്തും -മുഖ്യമന്ത്രി

തിരുവനന്തപുരം: വിദ്യാഭ്യാസ വായ്പകളുടെ പലിശബാധ്യത ഏറ്റെടുക്കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ എല്ലാ റവന്യു റിക്കവറി നടപടികളും ആറുമാസത്തേക്ക് നിര്‍ത്തിവെക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. നടപടികള്‍ നിര്‍ത്താന്‍ ബാങ്കുകളോടും ആവശ്യപ്പെടുമെന്ന് മന്ത്രിസഭാ യോഗത്തിനുശേഷം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അറിയിച്ചു.  2003 മുതല്‍ ’09 വരെയുള്ള വിദ്യാഭ്യാസ വായ്പയുടെ പലിശബാധ്യത സര്‍ക്കാര്‍ ഏറ്റെടുക്കുമെന്ന് ബജറ്റ് ചര്‍ച്ചക്കുള്ള മറുപടിയില്‍ ധനമന്ത്രി കെ.എം. മാണി ഉറപ്പ് നല്‍കിയിരുന്നു. ഇതിനായി ബാങ്കുകളുടെ യോഗം വിളിക്കും. പിഴപ്പലിശ ബാങ്കുകള്‍ ഒഴിവാക്കണം. 2009നുശേഷമുള്ള വായ്പകളില്‍ കേന്ദ്രമാണ് പലിശ സബ്സിഡി നല്‍കുന്നത്.

 
മെറിറ്റ് സീറ്റുകളിലേക്ക് മാത്രമേ വായ്പ നല്‍കൂവെന്ന ബാങ്കുകളുടെ നിലപാട് ശരിയല്ല. കോളജിന് സര്‍ക്കാര്‍ അംഗീകാരമുണ്ടെങ്കില്‍ ജാമ്യമില്ലാതെ നാലുലക്ഷം വരെ വായ്പ നല്‍കണമെന്നായിരുന്നു കേന്ദ്ര നിര്‍ദേശം. ഇത് പാലിക്കാത്തതിനെതിരെ നിരവധി പരാതികള്‍ ലഭിക്കുന്നു. ചിലര്‍ അമിത പലിശ ഈടാക്കുന്നു. ബാങ്കുകളുടെ ഈ നിലപാടിനോട് യോജിപ്പില്ല. താന്‍ നേരത്തെ യോഗം വിളിച്ച് സര്‍ക്കാര്‍ നിലപാട് ബാങ്കുകളെ അറിയിച്ചിരുന്നു. കേന്ദ്ര ധനമന്ത്രി വിളിച്ച യോഗത്തില്‍ ഈ വിഷയം ഉന്നയിച്ചപ്പോള്‍ വീണ്ടും ബാങ്കുകളുടെ യോഗം വിളിക്കാന്‍ ധനമന്ത്രി നിര്‍ദേശിച്ചിട്ടുണ്ട്.

 
പെന്‍ഷന്‍ പ്രായം വര്‍ധിപ്പിച്ച സാഹചര്യത്തില്‍ ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് സംബന്ധിച്ച്  നല്‍കിയ ഉറപ്പുകള്‍ പാലിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. മാര്‍ച്ച്31ന്എത്ര  പേര്‍ വിരമിക്കുമായിരുന്നോ അത്രയും ഒഴിവുകളില്‍ സൂപ്പര്‍ ന്യൂമററിയായി നിയമനം നടത്തും. ഒഴിവുകള്‍ പി.എസ്.സിക്ക് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.  ചില ഉത്തരവുകള്‍ കൂടി പുറപ്പെടുവിക്കാനുണ്ട്. അത് ഉടനെയുണ്ടാകും. എല്ലാ ദിവസവും ഇതിന്‍െറ പുരോഗതി വിലയിരുത്തും.
നടപ്പുവര്‍ഷത്തെ പദ്ധതി വിനിയോഗം 90 ശതമാനം കടക്കുമെന്ന് മന്ത്രിസഭ വിലയിരുത്തി. ഫെബ്രുവരി 28 വരെ 60 ശതമാനമാണ് വിനിയോഗം. കഴിഞ്ഞ വര്‍ഷം ഇതേ സമയത്തെക്കാള്‍ രണ്ട് ശതമാനം കൂടുതലാണ്.
മത്സ്യത്തൊഴിലാളികളുടെ കടങ്ങള്‍ക്കുള്ള മോറട്ടോറിയം ഡിസംബര്‍ 31 വരെ നീട്ടാനും തീരുമാനിച്ചു. മാര്‍ച്ച് 31ന് കാലാവധി അവസാനിക്കാനിരിക്കെയാണ് നടപടി.  സഹകരണ റിസ്ക് ഫണ്ട് പ്രകാരമുള്ള ആനുകൂല്യം വായ്പാ തിരിച്ചടവ് സമയപരിധി കഴിഞ്ഞവര്‍ക്കും നല്‍കും. തിരിച്ചടവ് കൃത്യമായി നടത്തുന്നതിനിടെ മരിക്കുകയോ ഗുരുതരമായി രോഗം ബാധിക്കുകയോ ചെയ്യുന്ന ഘട്ടത്തിലാണ് ആനുകൂല്യം നല്‍കിയിരുന്നത്. ഇതില്‍ മാറ്റം വരുത്താന്‍ ചട്ടത്തില്‍ ഭേദഗതി കൊണ്ടുവരും.സുസ്ഥിര നഗരവികസന പദ്ധതിയുടെ സമയപരിധി മൂന്നുവര്‍ഷം കൂടി നീട്ടും. 1422.4 കോടിയുടെ പദ്ധതിയാണ്. ടെന്‍ഡറില്‍ വന്ന വര്‍ധനയുടെ തുക നല്‍കാന്‍ മുന്‍സര്‍ക്കാര്‍ തയാറായിരുന്നില്ല. യു.ഡി.എഫ്സര്‍ക്കാര്‍ അത് നല്‍കും.

 
പാലക്കാട് പുതുശ്ശേരി പഞ്ചായത്തില്‍ ചെറു ഇലക്ട്രോണിക്സ്പാര്‍ക്ക് സ്ഥാപിക്കാന്‍ വ്യവസായ വകുപ്പിന്‍െറ 30 ഏക്കര്‍ കെ.എസ്.ഐ.ഡി.സിക്ക് നല്‍കാനും മന്ത്രിസഭ തീരുമാനിച്ചു.