UDF

2012, മാർച്ച് 20, ചൊവ്വാഴ്ച

വനിതാ യാത്രക്കാരുടെ സുരക്ഷാകാര്യത്തില്‍ വിട്ടുവീഴ്ചയില്ല

വനിതാ യാത്രക്കാരുടെ സുരക്ഷാകാര്യത്തില്‍ വിട്ടുവീഴ്ചയില്ല


വനിതാ യാത്രക്കാരുടെ സുരക്ഷാകാര്യത്തില്‍ വിട്ടുവീഴ്ചയില്ല

കൊച്ചി: ട്രെയിനുകളിലെ വനിതാ യാത്രക്കാര്‍ക്ക് സുരക്ഷ ഉറപ്പാക്കാന്‍ പൊലീസിലെ 218 പേര്‍ക്ക് ഡ്യൂട്ടി പാസ് അനുവദിക്കണമെന്ന സംസ്ഥാന സര്‍ക്കാറിന്‍െറ ആവശ്യം റെയില്‍വേ അനുവദിച്ചില്ല. സുരക്ഷ ഉറപ്പാക്കുന്ന കാര്യത്തില്‍ വിട്ടുവീഴ്ചയില്ലെന്നും ഇതിനായി സീസണ്‍ ടിക്കറ്റെടുത്ത് പൊലീസിനെ ട്രെയിനുകളില്‍ വിന്യസിക്കുമെന്നും മുഖ്യമന്ത്രി. സൗത് റെയില്‍വേ സ്റ്റേഷനില്‍ മെമു ട്രെയിനുകളുടെ സര്‍വീസ് ഉദ്ഘാടനം ചെയ്ത ശേഷം സര്‍ക്കാറും ഡി.ജി.പിയും ഇതുസംബന്ധിച്ച് നല്‍കിയ കത്തില്‍ തീരുമാനം എന്തായെന്ന് മാധ്യമപ്രവര്‍ത്തകരുടെ സാന്നിധ്യത്തില്‍ റെയില്‍വേ ഡിവിഷനല്‍ മാനേജര്‍ രാജേഷ് അഗര്‍വാളിനോട് ആരാഞ്ഞെങ്കിലും അദ്ദേഹം മൗനം പാലിക്കുകയായിരുന്നു. ചോദ്യം ആവര്‍ത്തിച്ചപ്പോഴും മാനേജര്‍ മറുപടി നല്‍കിയില്ല. തുടര്‍ന്നാണ് മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കിയത്.

 പൊലീസുകാര്‍ക്ക് ഡ്യൂട്ടി പാസ് അനുവദിക്കണമെന്ന് കേന്ദ്ര റെയില്‍വേ മന്ത്രിയോടും ആവശ്യപ്പെട്ടിരുന്നു. ഡി.ജി.പി പല തവണ ഈ ആവശ്യം ഉന്നയിച്ച് റെയില്‍വേക്ക് കത്ത് നല്‍കി. എന്നിട്ടും ഇക്കാര്യത്തില്‍ തീരുമാനം ഉണ്ടായില്ല. സംസ്ഥാനത്തെ റെയില്‍വേ വികസനവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി ഉന്നയിച്ച ചോദ്യങ്ങള്‍ക്കും സംശയങ്ങള്‍ക്കും ഡിവിഷനല്‍ മാനേജര്‍ നല്‍കിയ മറുപടി തൃപ്തികരമായിരുന്നില്ല. അങ്കമാലി- ശബരി പാതയുടെ നിര്‍മാണജോലിയെക്കുറിച്ച ചോദ്യത്തിനും മറുപടി ഉണ്ടായില്ല. പിന്നീട്, മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മുഖ്യമന്ത്രി തന്നെ വിശദീകരണം നല്‍കി. അങ്കമാലി- ശബരി പാതയുടെ നിര്‍മാണജോലി കാലടി വരെ പൂര്‍ത്തിയായെന്നും കാലടി മുതല്‍ ഇടുക്കി, കോട്ടയം ജില്ലകള്‍ ഉള്‍പ്പെടുന്ന മേഖലകളില്‍ ഭൂമി ഏറ്റെടുക്കുന്നതിന് നടപടി പൂര്‍ത്തിയായിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. സ്ഥലം ഏറ്റെടുക്കുന്നതിനെതിരെ ഈ പ്രദേശത്തെ ജനങ്ങള്‍ എതിര്‍പ്പ് പ്രകടിപ്പിച്ചിട്ടുണ്ട്. നിര്‍മാണം വേഗത്തിലാക്കാന്‍ നടപടി ഉണ്ടാകുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. പാത ഇരട്ടിപ്പിക്കലുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്കും മറുപടി നല്‍കിയത് മുഖ്യമന്ത്രി തന്നെയായിരുന്നു. എറണാകുളം മുതല്‍ മുളന്തുരുത്തി വരെ രണ്ടുവരി പാത പൂര്‍ത്തിയായെന്നും ഇവിടെനിന്ന് പിറവം റോഡ് വരെ നിര്‍മാണം നടക്കുന്നുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. റെയില്‍വേയുടെ ചുമതലയുള്ള മന്ത്രി ആര്യാടന്‍ മുഹമ്മദിന്‍െറയും മന്ത്രി കെ. ബാബുവിന്‍െറയും എം.പി, എം.എല്‍.എമാരുടെയും സാന്നിധ്യത്തിലാണ് കേരളത്തിലെ റെയില്‍വേ വികസനത്തോടുള്ള ഡിവിഷനല്‍ മാനേജരുടെ അതൃപ്തി പുറത്തുവന്നത്.