UDF

2012, മാർച്ച് 12, തിങ്കളാഴ്‌ച

സിന്ധു ജോയിയെക്കുറിച്ചുള്ള പരാമര്‍ശം അപമാനകരം

സിന്ധു ജോയിയെക്കുറിച്ചുള്ള പരാമര്‍ശം അപമാനകരം

 

കൂത്താട്ടുകുളം: പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍, സിന്ധു ജോയിയെക്കുറിച്ച് നടത്തിയ പരാമര്‍ശം കേരളത്തിന് അപമാനമായെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കൂത്താട്ടുകുളത്ത് പറഞ്ഞു.

'കേരളത്തിന്റെ സംസ്‌കാരത്തിന് യോജിക്കാത്തതാണിത്. പരാമര്‍ശം പ്രതിഷേധാര്‍ഹമാണ്. വിഎസ് അത് പിന്‍വലിക്കണം' -അദ്ദേഹം പറഞ്ഞു.

അനൂപ് ജേക്കബിന്റെ സ്ഥാനാര്‍ഥിത്വവുമായി ബന്ധപ്പെട്ട് നിയമപരമായി യാതൊരു അപാകങ്ങളുമില്ലെന്ന് ഉമ്മന്‍ചാണ്ടി വ്യക്തമാക്കി. വിലകുറഞ്ഞ പ്രചാരണങ്ങളാണ് ഇടതുമുന്നണി നടത്തുന്നത്.

സെല്‍വരാജ് ഉയര്‍ത്തിയ ചോദ്യങ്ങള്‍ക്ക് മറുപടിയില്ലാതെ വിവാദങ്ങള്‍ സൃഷ്ടിച്ച് ജനശ്രദ്ധ പിടിച്ചുപറ്റാനുള്ള ശ്രമത്തിലാണ് സിപിഎം. പണം കൊടുത്താല്‍ കിട്ടുന്നവരാണ് സിപിഎമ്മിന്റെ എംഎല്‍എമാരെന്നു പറഞ്ഞ് പാര്‍ട്ടിയുടെ എംഎല്‍എമാരെത്തന്നെ അപകീര്‍ത്തിപ്പെടുത്തുകയാണ് അവര്‍ ചെയ്യുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഭരണ, പ്രതിപക്ഷ വ്യത്യാസം നോക്കാതെ കേരളമൊട്ടാകെയുള്ള വികസനമാണ് യുഡിഎഫ് ലക്ഷ്യമിടുന്നത്. സെല്‍വരാജ് സബ്മിഷനിലൂടെ ഉന്നയിച്ച പദ്ധതിക്ക് അനുമതി കൊടുക്കുക മാത്രമാണുണ്ടായിട്ടുള്ളതെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു.