UDF

2012, ഫെബ്രുവരി 16, വ്യാഴാഴ്‌ച

ജലനിധി: രണ്ടാംഘട്ട കരാര്‍ ഒപ്പുവെച്ചു

ജലനിധി: രണ്ടാംഘട്ട കരാര്‍ ഒപ്പുവെച്ചു 




തിരുവനന്തപുരം: കേരള സര്‍ക്കാര്‍ ലോക ബാങ്ക് സഹായത്തോടെ നടപ്പാക്കുന്ന ജലനിധി രണ്ടാംഘട്ടത്തിന്റെ കരാര്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ സാന്നിദ്ധ്യത്തില്‍ ഒപ്പുവെച്ചു. 1022 കോടി രൂപ മുതല്‍മുടക്കില്‍ 200 ഓളം പഞ്ചായത്തുകളില്‍ ശുദ്ധജലവും ശുചിത്വ സംവിധാനവും ഏര്‍പ്പെടുത്തുന്ന പദ്ധതിയാണിത്.

കരാറില്‍ കേന്ദ്ര സര്‍ക്കാരിനുവേണ്ടി കേന്ദ്ര ധനമന്ത്രാലയത്തിലെ ജോയിന്റ് സെക്രട്ടറി വേണുരാജാമണിയും ലോകബാങ്കിനുവേണ്ടി ഓപ്പറേഷന്‍ അഡൈ്വസര്‍ ഹ്യൂബര്‍ട്ട് നോവെ ജൊസറാന്‍ദും സംസ്ഥാന സര്‍ക്കാരിനു വേണ്ടി ജലവിഭവകുപ്പ് സെക്രട്ടറി വി.ജെ. കുര്യനും പ്രോജക്ടിനു വേണ്ടി ജലനിധി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ അശോക്കുമാര്‍ സിങുമാണ് കരാറില്‍ ഒപ്പുവെച്ചത്.

ചടങ്ങില്‍ ലോകബാങ്കില്‍ നിന്നും ലീഗല്‍ അഡൈ്വസര്‍ ജെസ്റ്റീന, സീനിയര്‍ വാട്ടര്‍ ആന്റ് സാനിട്ടേഷന്‍ കണ്‍സള്‍ട്ടന്റ് ജി.വി. അഭയങ്കര്‍, ജലനിധി പ്രോജക്ട് ഡെപ്യൂട്ടി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ പ്രണവ്‌ജ്യോതിനാഥ് എന്നിവര്‍ പങ്കെടുത്തു. പദ്ധതിക്കുവേണ്ട സാമ്പത്തിക ഉറപ്പും ചെലവാകുന്ന മുറയ്ക്ക് തുക കേരള സര്‍ക്കാരിന് ലഭിക്കുന്നതിനുള്ള നിബന്ധനകളും പദ്ധതി നടത്തിപ്പില്‍ സര്‍ക്കാരിന്റെ ചുമതലയുമാണ് കരാറിലെ മുഖ്യ വ്യവസ്ഥകള്‍.

അഞ്ചരവര്‍ഷം കൊണ്ട് ലക്ഷ്യം കൈവരിച്ച് 20 ലക്ഷത്തോളം ഗുണഭോക്താക്കള്‍ക്ക് പ്രയോജനം ലഭിക്കത്തക്ക രീതിയിലാണ് വിഭാവനം ചെയ്തിട്ടുള്ളത്. 2000 ത്തില്‍ ആരംഭിച്ച ജലനിധി ഒന്നാംഘട്ടം വിജയകരമായി പൂര്‍ത്തിയാക്കി ലോകത്തിലെ രണ്ടാമത്തെ മികച്ച ഗ്രാമീണ കുടിവെള്ള പദ്ധതിയായി ലോക ബാങ്കിന്റെ അംഗീകാരം നേടിയിരുന്നു. ഒന്നാം ഘട്ടത്തേക്കാള്‍ ഗുണഭോക്താക്കള്‍ക്ക് കൂടുതല്‍ പ്രയോജനപ്രദമായ രീതിയിലാണ് രണ്ടാംഘട്ടം നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നത്. ആദ്യബാച്ചില്‍ 22 ഗ്രാമപ്പഞ്ചായത്തുകളില്‍ പദ്ധതി നടപ്പിലാക്കും. ഇവയില്‍ രണ്ടെണ്ണം പട്ടിക വര്‍ഗ ഗ്രാമപ്പഞ്ചായത്തുകളാണ്. ഇതിനകം പദ്ധതി പഞ്ചായത്തുകള്‍, സഹായ സംഘടനകള്‍, മറ്റ് പഠന ഏജന്‍സികള്‍ എന്നിവയെ നിയോഗിച്ചു.