UDF

2012, ഫെബ്രുവരി 15, ബുധനാഴ്‌ച

അടിസ്ഥാനവിശ്വാസങ്ങളില്‍ ഹദീസിന് നിര്‍ണായകസ്ഥാനം - മുഖ്യമന്ത്രി

ഇസ്‌ലാമിക ശരീഅത്തിന്റെ അടിസ്ഥാന വിശ്വാസങ്ങളില്‍ ഹദീസിന്റെ സ്ഥാനം വിശുദ്ധ ഖുര്‍ആന് തൊട്ടുപിന്നിലാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു.

കേരള സര്‍വകലാശാലയുടെ പ്ലാറ്റിനം ജൂബിലിയോടനുബന്ധിച്ച് അറബിക് വിഭാഗം സംഘടിപ്പിച്ച അന്താരാഷ്ട്ര ഹദീസ് സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.

ദൈനംദിനജീവിതത്തില്‍ ഖുര്‍ആന്‍ തത്വങ്ങള്‍ പാവനമായ നിലയില്‍ പ്രയോഗത്തില്‍ കൊണ്ടുവരുന്നതാണ് ഹദീസ്. പ്രവാചക ജീവിതത്തില്‍ പ്രവാചകന്‍ പറഞ്ഞതും പ്രവര്‍ത്തിച്ചതും അംഗീകരിച്ചതുമായ കാര്യങ്ങളടങ്ങുന്ന പവിത്രമായ പാഠങ്ങളാണ് ഹദീസ് . ആത്മീയതയുടെ കേന്ദ്രബിന്ദു മനുഷ്യമനസ്സാണെന്ന് ഹദീസ് വിളംബരം ചെയ്യുന്നു. നമ്മുടെ വികാരങ്ങളുടെയും ചിന്തകളുടെയും സംഭരണകേന്ദ്രം മനസ്സാകുന്നതിനാല്‍ അതിന്റെ ശുദ്ധീകരണം, ശാന്തവും നിയന്ത്രിതവുമായ ഒരു ജീവിതം നയിക്കുന്നതിനെ ആശ്രയിച്ചാണിരിക്കുന്നത്. - ഉമ്മന്‍ചാണ്ടി പറഞ്ഞു.

ഹദീസിന്റെ മഹത്തായ പാഠങ്ങള്‍ ലോകചരിത്രത്തില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ സൃഷ്ടിച്ചുവെന്നത് നിസ്സംശയം പറയാം. ഹദീസ് ഒരു സ്വതന്ത്രമായ പാഠ്യശാഖയാണ്. വിശുദ്ധഖുര്‍ആനിലെ നിരീക്ഷണങ്ങളെ കുറിച്ചുള്ള വ്യാഖ്യാനങ്ങളിലെ ചില അവ്യക്തതകള്‍ നീക്കാന്‍ ഇത് തീര്‍ച്ചയായും ഉപകരിക്കും. ധാര്‍മ്മിക, ആത്മീയ മൂല്യങ്ങള്‍ ദുഷിച്ചുക്കൊണ്ടിരിക്കുന്ന സമകാലിക ലോകത്ത് പ്രവാചകന്‍മാരുടെയും ആത്മീയനേതാക്കളുടെയും അധ്യാപനങ്ങള്‍ക്ക് വളരെയേറെ പ്രധാന്യമുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ.എ.ജയകൃഷ്ണന്‍ അധ്യക്ഷനായി. ശ്രീലങ്കന്‍ മന്ത്രി ബഷീര്‍ ഷേക്ക് ദാവൂദ് മുഖ്യാതിഥിയായി. സൗദി കള്‍ച്ചറല്‍ അറ്റാഷേ ഡോ. ഇബ്രാഹിം അല്‍ ബാത്ഷാന്‍, ജനശ്രീ ചെയര്‍മാന്‍ എം.എം.ഹസ്സന്‍, മുന്‍ മന്ത്രി എം.എ ബേബി, ടി.എ അഹമ്മദ് കബീര്‍ എം.എല്‍.എ, ബി.ജെ.പി ജില്ലാ പ്രസിഡന്റ് കരമന ജയന്‍, നൂറുല്‍ ഇസ്ലാം യൂണിവേഴ്‌സിറ്റി പ്രോ ചാന്‍സലര്‍ ഫൈസല്‍ഖാന്‍, ഏറം ഗ്രൂപ്പ് ചെയര്‍മാന്‍ സിദ്ധിഖ് അഹമ്മദ്, മുസ്‌ലീം വേള്‍ഡ്‌ലീഗ് പ്രതിനിധി അല്‍ ഗാമിഥി മിസ്ഫര്‍ ഷെഹീദ്, ഇ.എം.നജീബ് എന്നിവര്‍ സംസാരിച്ചു.