UDF

2011, ഡിസംബർ 28, ബുധനാഴ്‌ച

കാലക്ഷരങ്ങളുടെ കരുത്തില്‍ ഷിജു ജോലി തുടങ്ങി


കാലക്ഷരങ്ങളുടെ കരുത്തില്‍ ഷിജു ജോലി തുടങ്ങി


               
പുനലൂര്‍: ജനസമ്പര്‍ക്ക പരിപാടിയില്‍ മുഖ്യമന്ത്രിക്കു കാല്‍കൊണ്ടു പരാതി എഴുതി നല്‍കിയ കുന്നിക്കോട് ബോബി ഹൗസില്‍ റഷീദാ ബീഗത്തിന്റെ മകന്‍ എ.ആര്‍. ഷിജു (32) ജോലിയില്‍ പ്രവേശിച്ചു. ഇനി സിവില്‍ സപ്ലൈസ് കോര്‍പറേഷന്റെ പുനലൂരിലുള്ള ഡിപ്പോയില്‍ ഡേറ്റാ എന്‍ട്രി ഓപ്പറേറ്ററാണു ഷിജു. മുഖ്യമന്ത്രിക്കു പരാതി എഴുതി നല്‍കിയ അതേ കാലുകള്‍ കംപ്യൂട്ടര്‍ കീ ബോര്‍ഡില്‍ അനായാസം ചലിപ്പിച്ചാണു ഷിജു ജോലി ചെയ്യുന്നത്.

ജന്‍മനാ ഇരു കൈകളുമില്ലാതിരുന്ന ഷിജുവിനു കാലുകള്‍ കൈകള്‍ക്കു സമമാണ്. സിപിഎം പത്തനാപുരം മുന്‍ ഏരിയ സെക്രട്ടറി പരേതനായ എ. ഹനീഫാകുഞ്ഞിന്റെ മകനായ ഷിജു ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനായിരുന്നു. പ്രീ ഡിഗ്രിയും കംപ്യൂട്ടര്‍ പരിജ്ഞാനവുമുള്ള ഷിജു ഒരു ജോലി തേടി മുട്ടാത്ത വാതിലുകളില്ല. 32-ാം വയസില്‍ ഏറെ പ്രതീക്ഷയോടെയാണു കൊല്ലത്ത് ജനസമ്പര്‍ക്ക പരിപാടിയില്‍ പങ്കെടുക്കാന്‍ ചെന്നത്.

അതിവേഗം ബഹുദൂരം ഓടുന്ന മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ഹൃദയത്തെ സ്പര്‍ശിക്കുന്നതായിരുന്നു ഷിജു കാല്‍കൊണ്ടെഴുതി നല്‍കിയ പരാതി. ഉടന്‍തന്നെ സപ്ലൈകോയില്‍ കംപ്യൂട്ടര്‍ ഓപ്പറേറ്ററായി ജോലി നല്‍കാന്‍ ഉത്തരവായി. കുന്നിക്കോട് ഔട്ട്‌ലറ്റില്‍ ജോലി നല്‍കാനായിരുന്നു ആദ്യ തീരുമാനമെങ്കിലും പിന്നീട് പുനലൂര്‍ ഡിപ്പോയിലേക്കു മാറ്റി നല്‍കുകയായിരുന്നു. ഏറെ നാളുകളായി കൊതിച്ചിരുന്ന സര്‍ക്കാര്‍ ജോലി എന്ന സ്വപ്നം മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടിയിലൂടെ സ്വന്തമായതിന്റെ ആഹ്ലാദത്തിലാണു ഷിജുവും സുഹൃത്തുക്കളും.