UDF

2011, ഡിസംബർ 20, ചൊവ്വാഴ്ച

ഒരു രൂപയുടെ അരി വിലക്കയറ്റം പിടിച്ചുനിര്‍ത്തി - മുഖ്യമന്ത്രി

തിരുവനന്തപുരം: പാവപ്പെട്ടവര്‍ക്ക് ഒരു രൂപയ്ക്ക് അരി നല്‍കിയതോടെ പൊതു വിപണിയിലെ വിലക്കയറ്റം ഒരു പരിധിവരെ പിടിച്ചുനിര്‍ത്താന്‍ കഴിഞ്ഞതായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. സപ്ലൈകോയുടെ ആഭിമുഖ്യത്തില്‍ ക്രിസ്മസ്-ന്യൂഇയര്‍ മെട്രോ പീപ്പിള്‍സ് ബസാറിന്റെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

ജനങ്ങള്‍ക്ക് ന്യായമായ വിലയ്ക്ക് ഭക്ഷ്യസാധനങ്ങള്‍ ലഭ്യമാക്കുകയെന്നത് സര്‍ക്കാരിന്റെ ഔദാര്യമല്ല. മറിച്ച് കടമയാണ്. ഇത് വലിയ കാര്യമായി കാണേണ്ട ആവശ്യമില്ല. വിലക്കയറ്റം പിടിച്ചുനിര്‍ത്താന്‍ കഴിഞ്ഞില്ലെങ്കില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്നാണ് സൂചിപ്പിക്കുന്നത്. വിലക്കയറ്റം പിടിച്ചുനിര്‍ത്താന്‍ മനുഷ്യസാധ്യമായ എന്തും ചെയ്യും - മുഖ്യമന്ത്രി പറഞ്ഞു.

ചടങ്ങില്‍ ഭക്ഷ്യമന്ത്രി ഷിബുബേബിജോണ്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാനത്തെ അഞ്ച് കോര്‍പ്പറേഷനുകളിലും കോട്ടയത്തും ഉള്‍പ്പെടെ ആറിടങ്ങളില്‍ ബസാറുകള്‍ ഇതോടൊപ്പം പ്രവര്‍ത്തനം തുടങ്ങിയതായി മന്ത്രി പറഞ്ഞു. 13 ഇനം സാധനങ്ങള്‍ സബ്‌സിഡി നിരക്കില്‍ വിതരണംചെയ്യും. കഴിഞ്ഞ വര്‍ഷം 125 കോടി രൂപ സബ്‌സിഡിയിനത്തില്‍ സര്‍ക്കാരിന് ചെലവായി. ഇത്തവണ തുക ഇതിലും ഉയരും.

പച്ചക്കറിക്ഷാമം ഉണ്ടാകാതിരിക്കാന്‍ കര്‍ണാടകയുമായി ധാരണ ഉണ്ടാക്കിയിട്ടുണ്ട്. കര്‍ണാടക സര്‍ക്കാരിന്റെ കീഴിലുള്ള രണ്ട് ഏജന്‍സികളുമായി ഇക്കാര്യം ചര്‍ച്ച ചെയ്തുകഴിഞ്ഞതായും മന്ത്രി പറഞ്ഞു.