UDF

2011, ഡിസംബർ 17, ശനിയാഴ്‌ച

നല്ല അന്തരീക്ഷത്തില്‍ കേരളം ലക്ഷ്യം കൈവരിക്കും: മുഖ്യമന്ത്രി

നല്ല അന്തരീക്ഷത്തില്‍ കേരളം ലക്ഷ്യം കൈവരിക്കും: മുഖ്യമന്ത്രി



തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ ഡാം വിഷയത്തില്‍ നല്ല അന്തരീക്ഷത്തില്‍ ലക്ഷ്യം നേടാനാണ് കേരളം ആഗ്രഹിക്കുന്നതെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. കേരളത്തിന് ഒരൊറ്റ ശബ്ദമേ ഉണ്ടാകാവൂ. ജലനിരപ്പ് ഉടനെ 120 അടിയാക്കുക. തമിഴ്നാടിന് വെള്ളം ഉറപ്പാക്കി പുതിയ ഡാം കെട്ടുക എന്നതാണു കേരളത്തിന്റെ ലക്ഷ്യം. അതുമായി മുന്നോട്ടുപോകും. എല്ലാവരുടെയും സഹകരണവും ആത്മസംയമനവും ഇക്കാര്യത്തില്‍ ഉണ്ടാകണമെന്ന് ഇന്നലെ സര്‍വകക്ഷിയോഗത്തില്‍ മുഖ്യമന്ത്രി അഭ്യര്‍ഥിച്ചു.

പ്രതിഷേധം സ്വഭാവികമാണെങ്കിലും അതു പരിധിവിട്ടാല്‍ ലക്ഷ്യംനേടാന്‍ ബുദ്ധിമുട്ട് ഉണ്ടാക്കും. മുല്ലപ്പെരിയാര്‍ രണ്ടു സംസ്ഥാനങ്ങള്‍ തമ്മിലുള്ള ഒരു പ്രശ്നമായി വളരാതെ സൂക്ഷിക്കണം. ക്രമസമാധാന പ്രശ്നങ്ങള്‍ തീര്‍ക്കാന്‍ ചീഫ് സെക്രട്ടറിമാര്‍ തമ്മിലും ഡിജിപിമാര്‍ തമ്മിലും ആശയവിനിമയം നടത്തി കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നുണ്ട്. കുമളിയിലും കമ്പംമെട്ടിലും നിരോധനാജ്ഞ പുറപ്പെടുവിച്ചു. കേരളവുമായി ബന്ധപ്പെട്ട കേസുകളിലെ പ്രതികളെ അറസ്റു ചെയ്യുമെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

മുല്ലപ്പെരിയാര്‍ സംബന്ധിച്ച് സര്‍ക്കാരിനു പരിമിതികളുണ്ട്. രണ്ടു സംസ്ഥാനങ്ങളും കേന്ദ്രവും ഉള്‍പ്പെടുന്ന വിഷയമാണിത്. എന്നാല്‍, കേരളത്തിന് ഇപ്പോള്‍ ഓരോ മണിക്കൂറും പ്രധാനപ്പെട്ടതാണ്. കാരണം, ഭൂചലനം ബാധിക്കുക കേരളത്തെയാണ്. അത് എപ്പോള്‍ സംഭവിക്കുമെന്ന് ആര്‍ക്കും പ്രവചിക്കാനാവില്ല. യഥാര്‍ഥത്തില്‍ നമ്മള്‍ മുള്‍മുനയിലാണു നില്ക്കുന്നത്. അതിന്റെ ഗൌരവം ഉള്‍ക്കൊണ്ടു തന്നെയാണു സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നതെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

ഹൈക്കോടതി ഡാമിന്റെ സുരക്ഷാവിഷയത്തിലേക്കു കടന്നതേയില്ല. ഡാം തകര്‍ന്നാല്‍ സ്വീകരിക്കേണ്ട സുരക്ഷാ തയാറെടുപ്പിനെക്കുറിച്ചാണ് കോടതി ചോദിച്ചത്. മുല്ലപ്പെരിയാറിലെ വെള്ളം ഇടുക്കി ഡാമില്‍ ഉള്‍ക്കൊള്ളാനുള്ള സംവിധാനമാണ് ലക്ഷ്യമിടുന്നതെന്നു മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.