UDF

2011, ഡിസംബർ 23, വെള്ളിയാഴ്‌ച

സാന്ത്വനത്തിന്റെ തൂവല്‍സ്പര്‍ശവുമായ്

ആലപ്പുഴ: പ്രതീക്ഷയുടെ പച്ചത്തുരുത്ത് തേടി, ആശ്വാസത്തിന്റെ തൂവല്‍സ്പര്‍ശമേല്‍ക്കാന്‍ ജില്ലയിലെ എല്ലാ ഊടുവഴികളും ഇന്നലെ തിക്കിത്തിരിക്കിയെത്തിയത് ജനനായകന്റെ മുന്നിലേയ്ക്കായിരുന്നു. ആള്‍ക്കൂട്ടത്തിനിടയില്‍ നിന്നും ഊര്‍ജ്ജം പകര്‍ന്നെടുക്കുന്ന മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ വിശ്രമമറിയാതെയുളള മറ്റൊരു ജനസമ്പര്‍ക്ക പരിപാടിയാണ് രാപ്പകലുകളെ മറികടന്ന് കിഴക്കിന്റെ വെനീസിലും നടന്നത്. പുലര്‍ച്ചെ മുതല്‍ തന്നെ ആലപ്പുഴ മുനിസിപ്പല്‍ സ്റ്റേഡിയത്തിലേയ്ക്ക് അണിമുറിയാതെ ഒഴുകിയെത്തിയ പതിനായിരങ്ങളെക്കൊണ്ട് പരിസരമാകെ നിറഞ്ഞു.

ഭൂമിശാസ്ത്രപരമായി സംസ്ഥാനത്തെ മറ്റ് ജില്ലകളില്‍ നിന്നും വ്യത്യസ്തമായ പശ്ചാത്തലമുളള ആലപ്പുഴയില്‍ പരമ്പരാഗത തൊഴില്‍ മേഖലയില്‍ നിന്നുളളവരാണ് പരാതിക്കാരായി എത്തിയവരിലേറേയും. കുട്ടനാട്ടിലെ കര്‍ഷകര്‍, തീരദേശ-കായല്‍ മേഖലയിലെ മത്സ്യത്തൊഴിലാളികള്‍, കയര്‍ഫാക്ടറി തൊഴിലാളികള്‍ തുടങ്ങിയ ജീവിതത്തിന്റെ നാനാതുറകളില്‍ നിന്നുമെത്തിയ പതിനായിരങ്ങള്‍ക്ക് ജനകീയ മുഖ്യമന്ത്രിയുടെ മുന്നില്‍ നിരത്താനുളളത് കണ്ണീര്‍ക്കഥകള്‍ മാത്രമായിരുന്നു. ഒരു പരാതിക്കാരനേയും വെറും കയ്യോടെ മടക്കില്ലെന്ന ഉമ്മന്‍ചാണ്ടിയുടെ ദൃഢനിശ്ചയമായിരുന്നു ആവലാതിക്കാരുടെ മനംനിറച്ചത്.

എല്ലാവര്‍ക്കും എല്ലാറ്റിനും പരിഹാരമേകി തളരാത്ത മനസോടെ ഊര്‍ജ്ജസ്വലനായി മണിക്കൂറുകളെ നിമിഷങ്ങള്‍പോലെ തളളി നീക്കുകയായിരുന്നു മുഖ്യമന്ത്രി. കേന്ദ്രമന്ത്രി കെ സി വേണുഗോപാലും ജില്ലയുടെ ചാര്‍ജ്ജുളള മന്ത്രി കെ ബി ഗണേഷ്‌കുമാറും കൊടിക്കുന്നില്‍ സുരേഷ് എം പിയും പി സി വിഷ്ണുനാഥും മുഖ്യമന്ത്രിയെ സഹായിക്കുന്നതിനായി ഒപ്പമുണ്ടായിരുന്നു. വികലാംഗര്‍ക്ക്, സ്ത്രീകള്‍ക്ക്, വൃദ്ധര്‍ക്ക് എന്നുവേണ്ട അവശതയനുഭവിക്കുന്നവര്‍ക്കെല്ലാം ആശ്വാസം പകര്‍ന്നാണ് മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടി ജില്ലയില്‍ നടന്നത്. ഇന്നലെ രാവിലെ 9.30 ന് പരിപാടിയ്ക്ക് തുടക്കമായി. ആദ്യം ആംബുലന്‍സുകളില്‍ കൊണ്ടുവന്ന രോഗികളുടേയും വികലാംഗരുടേയും പരാതികളാണ് പരിഹരിച്ചത്. ജോലികഴിഞ്ഞ് മടങ്ങുംവഴി കൊല്ലപ്പെട്ട കായംകുളം ഓലകെട്ടിയമ്പലം കൊയ്പ്പിളളിക്കാരാഴ്മ സ്മിതയുടെ കുടുംബത്തിനാണ് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ജനസമ്പര്‍ക്കപരിപാടിയില്‍ ആദ്യസഹായം നല്‍കിയത്. മകള്‍ക്ക് വിദ്യാഭ്യാസാവശ്യങ്ങള്‍ക്കായി 5,00,000 രൂപ ബാങ്കില്‍ നിക്ഷേപിക്കുന്നതിനും കുടുംബത്തിന് വീടു വയ്ക്കുന്നതിനായി 5,00,000 രൂപയുമാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്ന് അനുവദിച്ചത്.

സ്മിതയുടെ പിതാവ് കെ ആര്‍ നിവാസില്‍ രാമകൃഷ് ണനും അമ്മ രമണിയും മുഖ്യമന്ത്രിയില്‍ നിന്ന് സഹായം ഏറ്റു വാങ്ങി. ഇതോടൊപ്പം വിവിധ തരത്തില്‍ അപകടത്തില്‍ മരണപ്പെട്ട 10 പേരുടെ കുടുംബങ്ങള്‍ക്ക് അനുവദിച്ച ധനസഹായവും മുഖ്യമന്ത്രി നല്‍കി. 31,000ത്തിലേറേ അപേക്ഷകളാണ് ഇവിടെ ജനസമ്പര്‍ക്ക പരിപാടിയിലേയ്ക്ക് ലഭിച്ചത്. പാതിരാത്രി കഴിഞ്ഞിട്ടും അപേക്ഷകരെയും പരാതിക്കാരേയും മുഖ്യമന്ത്രി കണ്ടു തീര്‍ന്നിട്ടില്ല.