UDF

2011, ഡിസംബർ 20, ചൊവ്വാഴ്ച

തമിഴ്‌നാടും കേരളവുമായുള്ള സാഹോദര്യത്തിന് കോട്ടം തട്ടരുത്- ഉമ്മന്‍ചാണ്ടി

തമിഴ്‌നാടും കേരളവുമായുള്ള സാഹോദര്യത്തിന് കോട്ടം തട്ടരുത്- ഉമ്മന്‍ചാണ്ടി

ചെന്നൈ:തമിഴ്‌നാട്ടിലെയും കേരളത്തിലെയും ജനങ്ങള്‍ക്കിടയില്‍ നിലനില്‍ക്കുന്ന ദീര്‍ഘകാല സാഹോദര്യത്തിന് ഉലച്ചില്‍ തട്ടാന്‍ മുല്ലപ്പെരിയാര്‍ തര്‍ക്കം കാരണമാകരുതെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അഭ്യര്‍ഥിച്ചു. കേരളത്തിന്റെയും തമിഴ്‌നാടിന്റെയും ഉത്തമ താത്പര്യങ്ങള്‍ സംരക്ഷിച്ചുകൊണ്ട് മുല്ലപ്പെരിയാര്‍ പ്രശ്‌നത്തിന് ഫലപ്രദമായ പരിഹാരം കണ്ടെത്താനാകുമെന്നതില്‍ സംശയമില്ലെന്നും ഇതിനുള്ള ആത്മാര്‍ഥമായ ശ്രമമാണ് ആവശ്യമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. മുല്ലപ്പെരിയാര്‍ പ്രശ്‌നവുമായി ബന്ധപ്പെട്ട് തമിഴ്‌നാട്ടിലെ പ്രമുഖ ദിനപത്രങ്ങളില്‍ തിങ്കളാഴ്ച പ്രസിദ്ധീകരിച്ച അഭ്യര്‍ഥനയിലാണ് ഉമ്മന്‍ചാണ്ടി ഇക്കാര്യങ്ങള്‍ വിശദീകരിച്ചത്.

''വിദ്യാര്‍ഥികള്‍, തൊഴിലാളികള്‍, ഉദ്യോഗസ്ഥര്‍, വ്യാപാരികള്‍ തുടങ്ങി ഒട്ടേറെ മലയാളികള്‍ തമിഴ്‌നാട്ടിലും തിരിച്ച് ആയിരക്കണക്കിന് തമിഴ് കുടുംബങ്ങള്‍ കേരളത്തിലും സമാധാനപരമായി ജീവിതം നയിക്കുന്നുണ്ട്. ലക്ഷക്കണക്കിന് അയ്യപ്പഭക്തരാണ് തമിഴ്‌നാട്ടില്‍ നിന്ന് ശബരിമല തീര്‍ഥാടനത്തിനെത്തുന്നത്. മലയാളി, തമിഴ് ജനതകള്‍ക്കിടയിലുള്ള പരസ്​പര വിശ്വാസത്തിലധിഷ്ഠിതമായ ഈ ആത്മബന്ധത്തെ കേരളം ഏറെ വിലമതിക്കുന്നു. ഇതിന് കോട്ടംതട്ടും വിധമുള്ള അനിഷ്ടസംഭവങ്ങള്‍ ഉണ്ടാകാന്‍ പാടില്ല. കേരളത്തില്‍ താമസിക്കുന്ന തമിഴ് ജനവിഭാഗങ്ങളുടെ സുരക്ഷ ഉറപ്പാക്കാനാവശ്യമായ എല്ലാ നടപടികളും കേരള സര്‍ക്കാര്‍ സ്വീകരിച്ചിട്ടുണ്ട്. അതുപോലെ തമിഴ്‌നാട്ടിലെമ്പാടുമുള്ള മലയാളികളുടെ ജീവനും സ്വത്തിനും മതിയായ സംരക്ഷണം നല്‍കാന്‍ തമിഴ്‌നാട് ഗവണ്‍മെന്റ് അടിയന്തര നടപടി സ്വീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്''- ഉമ്മന്‍ ചാണ്ടി പറഞ്ഞു.

തമിഴ്‌നാട്ടിലെ അഞ്ച് ജില്ലകളുടെ ജലസേചന സ്രോത്രേസ്സായ മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സുരക്ഷിതത്വം കേരളത്തെ സംബന്ധിച്ചിടത്തോളം എറെ നിര്‍ണായകമാണെന്നും പുതിയ ഡാം നിര്‍മിച്ചുകൊണ്ടു മാത്രമേ ഇക്കാര്യത്തിലുള്ള ഭീതിയും ആശങ്കയും പരിഹരിക്കാനാകൂവെന്നും സംസ്ഥാന പബ്ലിക് റിലേഷന്‍സ് വകുപ്പ് മുഖേന പ്രസിദ്ധീകരിച്ച അഭ്യര്‍ഥനയില്‍ മുഖ്യമന്ത്രി ചൂണ്ടിക്കാണിച്ചു.

തമിഴ്‌നാടിന് ഇപ്പോള്‍ ലഭിക്കുന്നത്ര വെള്ളം ഉറപ്പുവരുത്തിക്കൊണ്ടായിരിക്കും പുതിയ ഡാം നിര്‍മിക്കുകയെന്ന് കേരളം സംശയത്തിനിടയില്ലാത്ത വിധം വ്യക്തമാക്കിയിട്ടുണ്ട്. സുപ്രീംകോടതി, ഉന്നതാധികാര സമിതി, കേന്ദ്ര ഗവണ്‍മെന്റ്, തമിഴ്‌നാട് സര്‍ക്കാര്‍ എന്നിവര്‍ക്കെല്ലാം ഇക്കാര്യത്തില്‍ രേഖാമൂലമുള്ള ഉറപ്പ് കേരളം ആവര്‍ത്തിച്ച് നല്‍കിയിട്ടുണ്ട്. ഇങ്ങനെ തമിഴ്‌നാടിന് വെള്ളവും കേരളത്തിന് സുരക്ഷയും ഉറപ്പാക്കിക്കൊണ്ട് മുല്ലപ്പെരിയാര്‍ പ്രശ്‌നത്തിന് രമ്യമായ പരിഹാരം കണ്ടെത്താനാകുമെന്ന് അദ്ദേഹം വ്യക്തമാക്കി.