UDF

2011, ഡിസംബർ 14, ബുധനാഴ്‌ച

റബ്ബര്‍ ഉത്‌പാദക സംഘങ്ങള്‍ക്ക് പഞ്ചായത്തില്‍നിന്ന് ധനസഹായം പരിഗണിക്കും -ഉമ്മന്‍ചാണ്ടി



കോട്ടയം: റബ്ബര്‍ ഉത്പാദക സംഘങ്ങള്‍ക്ക് (ആര്‍.പി.എസ്.) തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പദ്ധതിവിഹിതത്തില്‍നിന്ന് ധനസഹായം അനുവദിക്കുന്ന കാര്യം സര്‍ക്കാര്‍ പരിഗണിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. ഇപ്പോള്‍ ഈ നിര്‍ദേശം ആസൂത്രണ ബോര്‍ഡിന്റെ പരിഗണനയിലാണ്. അനുകൂലമായ തീരുമാനമുണ്ടാകും -ഉമ്മന്‍ചാണ്ടി പറഞ്ഞു.

ചെറുകിട റബ്ബര്‍ കര്‍ഷകരുടെ കൂട്ടായ്മയായ റബ്ബറുത്പാദക സംഘങ്ങളുടെ രൂപവത്കരണത്തിന്റെ രജതജൂബിലിയാഘോഷം കോട്ടയത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.

സംഘങ്ങള്‍ക്ക് പഞ്ചായത്തുകള്‍ വഴി സഹായം നല്‍കുന്നത് 2005ല്‍ പ്ലാനിങ്‌ബോര്‍ഡ് അംഗീകരിച്ചിരുന്നു. എന്നാല്‍, അന്ന് തീരുമാനം നടപ്പായില്ല. പന്ത്രണ്ടാം പഞ്ചവത്സരപദ്ധതിയില്‍ റബ്ബര്‍ കര്‍ഷകര്‍ക്ക് സഹായകമായ ഒട്ടേറെ നിര്‍ദേശങ്ങള്‍ കേന്ദ്രസര്‍ക്കാരിന് സമര്‍പ്പിച്ചിട്ടുണ്ട്. ആവര്‍ത്തനക്കൃഷിക്ക് കര്‍ഷകര്‍ക്ക് നല്‍കുന്ന സബ്‌സിഡി 50,000 രൂപയാക്കണമെന്നാണ് പ്രധാന നിര്‍ദേശം. ഇത് സര്‍ക്കാരിന്റെ ആവശ്യമായി കേന്ദ്രത്തിന് സമര്‍പ്പിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

റബ്ബറിന് വില കുറയുമ്പോള്‍ മാത്രം ജാഗരൂകരായാല്‍ പോരാ. വില വര്‍ധിക്കുന്ന അവസരത്തിലും അതേ ജാഗ്രത കാട്ടണമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

രാജ്യത്തെ ഏറ്റവും മികച്ച റബ്ബറുത്പാദക സംഘത്തിന് റബ്ബര്‍ബോര്‍ഡ് നല്‍കുന്ന 'സുവര്‍ണ സംഘം' അവാര്‍ഡ് കോട്ടയം ചിറക്കടവ് സംഘത്തിന് മുഖ്യമന്ത്രി സമ്മാനിച്ചു. രണ്ടുലക്ഷം രൂപയും ശില്പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം.

റബ്ബര്‍ ബോര്‍ഡ് മുന്‍ ചെയര്‍മാന്‍ പി.സി.സറിയക്, മുന്‍ റബ്ബര്‍ പ്രൊഡക്ഷന്‍ കമ്മീഷണര്‍മാരായ പി.മുകുന്ദന്‍മേനോന്‍, ഡോ. എ.കെ. കൃഷ്ണകുമാര്‍ എന്നിവരെ മുഖ്യമന്ത്രി പുരസ്‌കാരം നല്‍കി ആദരിച്ചു. അന്തരിച്ച മുന്‍ റബ്ബര്‍ പ്രൊഡക്ഷന്‍ കമ്മീഷണര്‍ പി.കെ. നാരായണനുവേണ്ടി ഭാര്യ ശ്രീദേവി പുരസ്‌കാരം ഏറ്റുവാങ്ങി.

കോട്ടയം മാമ്മന്‍മാപ്പിള സ്മാരക മുനിസിപ്പല്‍ ഹാളില്‍ നടന്ന ചടങ്ങില്‍
റവന്യുമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ അധ്യക്ഷനായി. രജതജൂബിലി
ആഘോഷങ്ങളുടെ ലോഗോ പ്രകാശനവും തിരുവഞ്ചൂര്‍ നിര്‍വഹിച്ചു. ടാപ്പിങ് ഷേഡിന്റെ
കണ്ടുപിടിത്തത്തിനുള്ള 'ഫാര്‍മര്‍ ഇന്നോവേഷന്‍ അവാര്‍ഡ്' വാഴൂര്‍ ഈസ്റ്റ്
സ്വദേശി എബ്രഹാം അഞ്ചാനിക്ക് ജോസഫ് വാഴയ്ക്കന്‍ എം.എല്‍.എ. സമ്മാനിച്ചു.