UDF

2011, ഡിസംബർ 30, വെള്ളിയാഴ്‌ച

പ്രവാസി മലയാളികളുടെ ആഗോള സംഗമം തുടങ്ങി

തിരുവനന്തപുരം: വിദേശത്തുള്ള മലയാളികളെ നാട്ടിലെ വികസന പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാക്കാനും അവരുടെ പ്രശ്‌നങ്ങള്‍ മനസ്സിലാക്കാനുമായി നോര്‍ക്ക സംഘടിപ്പിക്കുന്ന രണ്ടു ദിവസത്തെ ആഗോള പ്രവാസി മലയാളി സംഗമത്തിന് തുടക്കമായി. സര്‍ക്കാരിലെ പ്രമുഖര്‍ അണിനിരന്ന ചടങ്ങില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാണ് സംഗമം ഉദ്ഘാടനം ചെയ്തത്. പ്രവാസികളെ കേരളം പ്രതീക്ഷയോടെ ഉറ്റുനോക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.

'മുമ്പ് വിദേശ മലയാളികളുടെ നിക്ഷേപം ബാങ്കുകളില്‍ മാത്രമായിരുന്നുവെങ്കില്‍ ഇപ്പോള്‍ അത് വികസന പ്രവര്‍ത്തനങ്ങളിലെ മൂലധന നിക്ഷേപമായിട്ടുണ്ട്. അതില്‍ എന്തെങ്കിലും കോട്ടമുണ്ടെങ്കില്‍ ആവശ്യമായ സൗകര്യം ഒരുക്കിക്കൊടുത്തില്ല എന്ന പേരില്‍ ഉത്തരവാദിത്വം സംസ്ഥാനത്തിനും സര്‍ക്കാരിനുമാണ്. കേരളത്തില്‍ വികസനത്തിന് അനുകൂലമായ സാഹചര്യം സൃഷ്ടിക്കുന്നതില്‍ പ്രവാസി മലയാളികള്‍ക്ക് വലിയ പങ്കുണ്ട്. ലോകത്തെ മാറ്റങ്ങള്‍ അടുത്തു കാണുന്ന പ്രവാസികള്‍ ആ മാറ്റങ്ങളില്‍ പങ്കാളികളുമാണ്. അതുപോലൊരു സാഹചര്യം നാട്ടില്‍ സൃഷ്ടിക്കാനും പ്രയോജനം ലഭ്യമാക്കാനും അനുഭവസ്ഥര്‍ എന്ന നിലയില്‍ പ്രവാസികള്‍ക്കു കഴിയും' - ഉമ്മന്‍ചാണ്ടി ചൂണ്ടിക്കാട്ടി.

പലവിധ കാരണങ്ങളാല്‍ വിദേശങ്ങളില്‍ ദുരിതമനുഭവിക്കുന്ന മലയാളികള്‍ക്ക് സഹായമെത്തിക്കാന്‍ പ്രവാസികള്‍ വഴിയൊരുക്കണമെന്ന് മുഖ്യമന്ത്രി അഭ്യര്‍ഥിച്ചു. 'നടപടിക്രമങ്ങളിലെ വീഴ്ചയോ ചട്ടലംഘനമോ നിമിത്തം വിദേശങ്ങളില്‍ നിയമത്തിന്റെ പിടിയില്‍ കഴിയുന്നവരുണ്ട്. നാട്ടില്‍ വെച്ചു വാഗ്ദാനം ചെയ്യപ്പെട്ട സേവനവ്യവസ്ഥകള്‍ വിദേശത്തു ലഭിക്കാതെ വഞ്ചിതരായി കഴിയുന്ന സ്ത്രീകളടക്കമുള്ളവരുണ്ട്. അതുപോലെ തന്നെ രോഗം ബാധിച്ചോ അപകടത്തില്‍പ്പെട്ടോ ദുരിതമനുഭവിക്കുന്നവരും നാട്ടിലെത്താനാവാതെ വലയുന്നുണ്ട്. സാങ്കേതിക തടസ്സങ്ങള്‍ നീക്കി ഇത്തരക്കാരെ നാട്ടിലെത്തിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാണ്. കേന്ദ്രത്തില്‍ നിന്ന് ആവശ്യത്തിനു സഹായം ലഭ്യമാക്കാനും ശ്രമിക്കാം. എന്നാല്‍, കേരളത്തില്‍ അറിയുന്ന കാര്യങ്ങളില്‍ മാത്രമേ സംസ്ഥാന സര്‍ക്കാരിന് നടപടിയെടുക്കാനാവൂ. അങ്ങനെയുള്ള കാര്യങ്ങള്‍ സര്‍ക്കാരിന്റെ ശ്രദ്ധയില്‍ കൊണ്ടുവരാനും മറ്റു നടപടികളില്‍ സര്‍ക്കാരിനെ സഹായിക്കാനും പ്രവാസികള്‍ തയ്യാറാവണം' - അദ്ദേഹം പറഞ്ഞു.

നേരത്തേ സംഘടിപ്പിച്ച ജിമ്മില്‍ നിന്നു വ്യത്യസ്തമായിരിക്കും അടുത്ത സപ്തംബറില്‍ നടക്കുന്ന എമര്‍ജിങ് കേരളയെന്ന് വ്യവസായ മന്ത്രി പി. കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു. മെഗാ മേള എന്നതില്‍ നിന്നു മാറി വ്യക്തമായ പദ്ധതികള്‍ നിശ്ചയിക്കുകയും അതു നടപ്പാക്കാന്‍ തയ്യാറാവുന്നവരുമായി നേരിട്ടു ചര്‍ച്ച ചെയ്യുകയുമാണ് ലക്ഷ്യം. പരമ്പരാഗത വ്യവസായങ്ങള്‍ക്ക് പരിമിതികളുള്ള സാഹചര്യത്തില്‍ പുതിയ സങ്കേതങ്ങള്‍ വികസിപ്പിക്കുകയോ മറ്റിടങ്ങളില്‍ നിന്ന് ഇവിടെയെത്തിച്ച് പ്രാവര്‍ത്തികമാക്കുകയോ ചെയ്യാനാണ് തീരുമാനം. കൂടുതലും അടിസ്ഥാന സൗകര്യ വികസന പദ്ധതികളായതിനാല്‍ സാധാരണക്കാര്‍ക്കും ഇതില്‍ പങ്കാളിത്ത സാധ്യതയുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.

പ്രവാസികളുമായി സഹകരിച്ച് ചെറുകിട സംരംഭങ്ങളും നിക്ഷേപങ്ങളും പ്രാവര്‍ത്തികമാക്കാനാണ് ധനവകുപ്പ് ശ്രമിക്കുന്നതെന്ന് ധനകാര്യ മന്ത്രി കെ.എം.മാണി പറഞ്ഞു. വിദേശത്ത് തൊഴില്‍ നേടാന്‍ ആവശ്യമായ വൈദഗ്ദ്ധ്യം തിരിച്ചറിഞ്ഞ് അതു പകരുന്ന അക്കാദമികള്‍ പ്രവാസികള്‍ തന്നെ സ്ഥാപിച്ചാല്‍ ഇവിടെയുള്ളവര്‍ക്ക് വലിയ സഹായമായിരിക്കുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

നോര്‍ക്ക -ഗ്രാമവികസന മന്ത്രി കെ.സി.ജോസഫ് അധ്യക്ഷനായിരുന്നു. ഗതാഗത മന്ത്രി വി.എസ്. ശിവകുമാര്‍, എകൈ്‌സസ് മന്ത്രി കെ.ബാബു, മുന്‍ മന്ത്രി എം.എം.ഹസ്സന്‍, അബ്ദുറഹ്മാന്‍ രണ്ടത്താണി എം.എല്‍. എ., നോര്‍ക്ക വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ടി.കെ. മനോജ് കുമാര്‍, നോര്‍ക്ക റൂട്ട്‌സ് വൈസ് ചെയര്‍മാന്‍ എം.എ.യൂസഫലി, ഡയറക്ടര്‍ സി.കെ.മേനോന്‍, സി. ഇ.ഒ. നോയല്‍ തോമസ് തുടങ്ങിയവര്‍ സംബന്ധിച്ചു.




Global NRK Meet-Thiruvananthapuram